വണ്‍ടൈം വണ്ടര്‍ അല്ല! തുടര്‍ച്ചയായി 3-ാം മാസം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇവി എംജി മോഡൽ
2025 ഓട്ടോ എക്‌സ്‌പോ കഴിയുന്നതോടെ ഇന്ത്യന്‍ ഇവി വിപണി ഒന്ന് കൂടി ഉഷാറാകാന്‍ പോകുകയാണ്. നിലവില്‍ ടാറ്റ മോട്ടോര്‍സും എംജി മോട്ടോറുമാണ് പ്രധാന മാസ് മാര്‍ക്കറ്റ് ഇവി ബ്രാന്‍ഡുകളായി കളംനിറയുന്നത്. എന്നാല്‍ ഓട്ടോ എക്‌സ്‌പോയിലൂടെ മാരുതി സുസുക്കിയും ഹ്യുണ്ടായിയും തങ്ങളുടെ പുത്തന്‍ ഉല്‍പ്പന്നം കൊണ്ടുവരാന്‍ പോകുകയാണ്. മാരുതി ഇവിറ്റാരയും ഹ്യണ്ടായി ക്രെറ്റ ഇവിയും പുറത്തിറങ്ങിയ ശേഷം ഇവി വാങ്ങാമെന്ന് കരുതുന്നവര്‍ ഒത്തിരിയാണ്. ഏതായാലും ഓട്ടോ എക്‌സ്‌പോ കഴിഞ്ഞാല്‍ ഇന്ത്യന്‍ പാസഞ്ചര്‍ ഇവി വിപണിയിലെ നേതൃസ്ഥാനം നിലനിര്‍ത്താന്‍ ടാറ്റ മോട്ടോര്‍സ് നന്നായി പണിയെടുക്കേണ്ടി വരും.
കാരണം എംജിയുടെ വിന്‍ഡ്‌സര്‍ ഇവി (MG Windsor EV) പുറത്തിറങ്ങിയതിന് ശേഷം രാജ്യത്തെ ബെസ്റ്റ സെല്ലറായി അത് മാറിയിരുന്നു. മുന്‍നിര ബ്രാന്‍ഡുകളുടെ ഏറെ പ്രതീക്ഷയുള്ള കാറുകള്‍ വരുന്നത് ടാറ്റക്ക് വെല്ലുവിളിയാണ്. ടാറ്റ നെക്‌സോണ്‍ ഇവി മാസങ്ങളായി കൈയ്യടക്കി വെച്ചിരുന്ന സ്ഥാനമാണ് രണ്ട് മാസം മുമ്പ് വിന്‍ഡ്‌സര്‍ ഇവി കൈയ്യടക്കിയത്. 2024 ഡിസംബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തു വരുമ്പോഴും വിന്‍ഡ്‌സര്‍ ഇവി തന്നെയാണ് ഒന്നാമത്.

ZS ഇവി, കോമെറ്റ് ഇവി എന്നിവക്ക് ശേഷം എംജി പുറത്തിറക്കിയ മൂന്നാമത്തെ ഓള്‍ ഇലക്ട്രിക് കാറാണ് വിന്‍ഡ്‌സര്‍ ഇവി. ബുക്കിംഗ് ആരംഭിച്ചത് മുതല്‍ തന്നെ തലക്കെട്ടുകള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയ കാറാണ് വിന്‍ഡ്‌സര്‍. ബുക്കിംഗ് തുടങ്ങി 24 മണിക്കൂറിനുള്ളില്‍ 15000-ത്തിലേറെ ബുക്കിംഗ് വാരിക്കൂട്ടി ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇവിയായിരുന്നു. കഴിഞ്ഞ രണ്ട് മാസങ്ങളില്‍ ഇന്ത്യന്‍ പാസഞ്ചര്‍ ഇവി വിഭാഗത്തിലെ രാജാവായ വിന്‍ഡ്‌സര്‍ ഡിസംബറില്‍ 3785 യൂണിറ്റ് വില്‍പ്പനയുമായി ഹാട്രിക്കടിച്ചു.
എംജിയുടെ മൊത്തം വില്‍പ്പനയുടെ പകുതിയും വിന്‍ഡ്‌സറാണ് സംഭാവന ചെയ്യുന്നത്. ബ്രാന്‍ഡിന്റെ വില്‍പ്പനയുടെ 70 ശതമാനവും ഇപ്പോള്‍ ഇലക്ട്രിക് വാഹനങ്ങളാണ്. രാജ്യത്തെ ജനപ്രിയ ഇവി ബ്രാന്‍ഡായി എംജി വളര്‍ന്ന് കൊണ്ടിരിക്കുകയാണെന്ന സൂചനയാണ് ഇത് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ഉത്സവ സീസണിലാണ് വിന്‍ഡ്സര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്.

നിര്‍മ്മാതാവിന്റെ പോര്‍ട്ട്ഫോളിയോയില്‍ കോമെറ്റിനും ZS ഇവിക്കും ഇടയില്‍ സ്ഥാനം പിടിക്കുന്ന ക്രോസ്ഓവര്‍ യൂടിലിറ്റി വാഹനത്തിന്റെ (സിയുവി) പ്രാരംഭ വില 13.50 ലക്ഷം (എക്‌സ്-ഷോറൂം) രൂപയാണ്. എംജിയുടെ സവിശേഷമായ ബാറ്ററി-ആസ്-എ-സര്‍വീസ് (BaaS)സ്‌കീമിന് കീഴില്‍ ഇതിന്റെ വില 9.99 ലക്ഷമായി കുറയുന്നു. എന്നാല്‍ വിന്‍ഡ്‌സറിന്റെ BaaS മോഡലിന് ഉടമ എല്ലാ മാസവും ബാറ്ററി വാടകയായി കിലോമീറ്ററിന് 3.5 രൂപ നല്‍കേണ്ടതുണ്ട്.
എംജി വിന്‍ഡ്‌സറിനെ ജനപ്രിയമാക്കുന്ന ഒന്നിലേറെ സംഗതികള്‍ ഉണ്ട്. ഒന്നാമതായി ഇത് അകത്തളത്തില്‍ ധാരാളം ഇടം വാഗ്ദാനം ചെയ്യുന്നു. ഒരു വലിയ ഹാച്ച്ബാക്ക് പോലെയാണ് കാണപ്പെടുന്നതെങ്കിലും ഒരു എംപിവിയുടെ സ്‌പേസും പ്രായോഗികതയുമാണ് എംജി വിന്‍ഡ്സറില്‍ ഒരുക്കിയിരിക്കുന്നത്. രണ്ട് നിര സീറ്റുകളും മികച്ച ലെഗ് റൂം, ഹെഡ്റൂം, നീ റും എന്നിവ വാഗ്ദാനം ചെയ്യുന്നു. അതുകൊണ്ട് തന്നെ ഫാമിലി കാര്‍ തിരയുന്നവര്‍ക്ക് ഇത് മികച്ച ചോയ്‌സ് ആയിരിക്കും.

ധാരാളം ഫീച്ചറുകള്‍, വിശാലവും പ്രായോഗികവുമായ ഇന്റീരിയര്‍, നല്ല പെര്‍ഫോമന്‍സും റേഞ്ചും എന്നിവയെല്ലാം ഒത്തിണങ്ങിയ ക്രോസ്ഓവര്‍ ഇലക്ട്രിക് കാറില്‍ 38 kWh ബാറ്ററി പായ്ക്കാണ് സജ്ജീകരിച്ചിരിക്കുന്നത്. ഫുള്‍ ചാര്‍ജില്‍ 331 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 136 hp പവറും 200 Nm ടോര്‍ക്കും നല്‍കുന്ന ഫ്രണ്ട് ആക്സില്‍ മൗണ്ടഡ് പെര്‍മനന്റ് മാഗ്‌നറ്റ് സിന്‍ക്രണസ് മോട്ടോറുമായാണ് ഇത് വരുന്നത്.
ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ളതിനാല്‍ 45kW ഡിസി ചാര്‍ജര്‍ വഴി 55 മിനിറ്റിനുള്ളില്‍ 10-80 ശതമാനം വരെ ബാറ്ററി ചാര്‍ജ് ചെയ്യാനുമാവും. ഈ പവര്‍ട്രെയിന്‍ പ്രവര്‍ത്തനച്ചെലവ് കുറയ്ക്കുമെന്ന് പറയപ്പെടുന്നു. ഒരു കിലോമീറ്ററിന് 1.15 രൂപയാണ് എംജി വിന്‍ഡ്സറിന് അവകാശപ്പെട്ട പ്രവര്‍ത്തന ചെലവ്. ഫീച്ചര്‍ റിച്ചായ കാറിന് വിമാനത്തിന് സമാനമായ യാത്രയാണ് സമ്മാനിക്കാനാവുക.
15 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, 9 സ്പീക്കര്‍ ഇന്‍ഫിനിറ്റി ഓഡിയോ സിസ്റ്റം, 8.8 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, ടില്‍റ്റ് ആന്‍ഡ് ടെലിസ്‌കോപ്പിക് അഡ്ജസ്റ്റബിള്‍ സ്റ്റിയറിംഗ് വീല്‍ എന്നിവയെല്ലാം ലഭിക്കും.
റിക്ലൈയിന്‍ ചെയ്യാവുന്ന റിയര്‍ സീറ്റ്, പനോരമിക് ഗ്ലാസ് റൂഫ്, വയര്‍ലെസ് ചാര്‍ജിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, എല്‍ഇഡി ലൈറ്റിംഗ്, 18 ഇഞ്ച് ക്രോം അലോയ് വീലുകള്‍, ഫ്‌ലോട്ടിംഗ് റൂഫ്ലൈന്‍, പോപ്പ്-ഔട്ട് ഡോര്‍ ഹാന്‍ഡിലുകള്‍ തുടങ്ങിയ ഫീച്ചറുകളും ലഭിക്കുന്നു. 6 എയര്‍ബാഗുകള്‍, ESC, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഓട്ടോ ഹോള്‍ഡുള്ള ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, TPMS, ISOFIX ആങ്കറേജുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകളുള്ള 360-ഡിഗ്രി ക്യാമറ എന്നീ സേഫ്റ്റി ഫീച്ചറുകളും വണ്ടിയിലുണ്ട്.


Click it and Unblock the Notifications








