ദിവസം ബുക്ക് ചെയ്യുന്നത് 200+ ആളുകള്‍! ഇന്ത്യന്‍ ഇവികളിലെ പുതിയ ഹീറോ പുത്തന്‍ നാഴികക്കല്ല് പിന്നിട്ടു
ഇന്ത്യയിലെ ഇലക്ട്രിക് പാസഞ്ചര്‍ കാര്‍ വിപണിയില്‍ ഏറെ നാളായി ടാറ്റ ഇവികള്‍ കൈയ്യടക്കി വെച്ചിരുന്ന ഒന്നാം സ്ഥാനം ഒരു എംജി മോഡല്‍ കരസ്ഥമാക്കിയിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ഇന്റലിജന്റ് ക്രോസ്ഓവര്‍ യൂടിലിറ്റി വാഹനമെന്ന വിശേഷണവുമായി വന്ന എംജി വിന്‍ഡ്‌സര്‍ ഇവിയാണ് ടാറ്റ നെക്‌സോണ്‍ ഇവി, പഞ്ച് ഇവി എന്നിവയെ പിന്തള്ളി ഇന്ത്യയില്‍ നമ്പര്‍ 1 ആയത്. വിപണിയിലെത്തിയ 2024 ഒക്‌ടോബര്‍ മുതല്‍ 2025 ജനുവരി തുടര്‍ച്ചയായി നാല് മാസം ഇന്ത്യയിലെ ബെസ്റ്റ് സെല്ലര്‍ ഇവിയെന്ന പട്ടം അലങ്കരിക്കുകയാണ് ഈ മോഡല്‍.
ബുക്കിംഗ് ആരംഭിച്ചത് മുതലേ എംജിയുടെ ഈ മോഡല്‍ തലക്കെട്ടുകള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയതാണ്. റിസര്‍വേഷന്‍ തുടങ്ങിയ ആദ്യ ദിനം തന്നെ 15000-ത്തിലധികം ബുക്കിംഗ് നേടുന്ന ആദ്യ കാറായി വിന്‍ഡ്‌സര്‍ മാറിയിരുന്നു. അടുത്തിടെ മഹീന്ദ്ര XUV 9e വന്നതോടെ ഈ റെക്കോഡ് പഴങ്കഥയായി. എന്നിരുന്നാലും ദിവസം ചെല്ലുംതോറും വിന്‍ഡ്‌സര്‍ ഓരോ നാഴികക്കല്ലുകള്‍ പിന്നിടുകയാണ്. ഇപ്പോള്‍ എംജി വിന്‍ഡ്‌സര്‍ 15000 യൂണിറ്റ് ഉത്പാദനമെന്ന സുപ്രധാന നാഴികക്കല്ലാണ് താണ്ടിയിരിക്കുന്നത്.

എംജി വിന്‍ഡ്‌സറിന് ദിവസേന ഏകദേശം 200 ബുക്കിംഗുകള്‍ സ്ഥിരമായി ലഭിക്കുന്നതിനാല്‍ ഡിമാന്‍ഡ് നിലനിര്‍ത്തിപ്പോരാന്‍ സാധിക്കുന്നുണ്ട്. എന്നിരുന്നാലും, ഹാലോള്‍ പ്ലാന്റില്‍ നടന്നുകൊണ്ടിരിക്കുന്ന നവീകരണ പ്രവര്‍ത്തികള്‍ കാരണം 2025 ഫെബ്രുവരിയിലെ ഉല്‍പാദനത്തെ ബാധിക്കുമെന്ന് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ സ്ഥിരീകരിച്ചു. കമ്പനിയുടെ ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പുതിയ എംജി സെലക്ട് ബ്രാന്‍ഡിന് കീഴില്‍ വരാനിരിക്കുന്ന പുത്തന്‍ കാറുകളുടെ നിര്‍മാണത്തിന് സൗകര്യം ഒരുക്കുന്നതിനുമായാണ് ഈ നവീകരണം.
ഇന്ത്യയിലെ പ്രമുഖ കമ്പനിയായ ജെഎസ്ഡബ്ല്യു സഹ ഉടമകളായി എത്തിയതോടെ എംജി മോട്ടോര്‍ ഇന്ത്യയുടെ വളര്‍ച്ചാ പദ്ധതികള്‍ക്ക് പുതിയ ചിറക് മുളച്ചിരുന്നു. ആക്‌സസ് ചെയ്യാവുന്ന ആഡംബര ബ്രാന്‍ഡ് ചാനല്‍ എന്ന നിലയില്‍ കമ്പനി അവതരിപ്പിക്കുന്ന എംജി സെലക്ടിന് കീഴില്‍ എംജി സൈബര്‍സ്റ്റര്‍, എംജി M9 എന്നീ രണ്ട് പുതിയ മോഡലുകള്‍ ഉടന്‍ അവതരിപ്പിക്കാന്‍ പോകുകയാണ്. ഈ കാറുകള്‍ ജനുവരിയില്‍ നടന്ന 2025 ഓട്ടോ എക്‌സ്‌പോയില്‍ എംജി പ്രദര്‍ശിപ്പിച്ചിരുന്നു.
ഇന്ത്യയില്‍ ഇവി പോര്‍ട്ട്ഫോളിയോ വിപുലീകരിക്കുന്നതിനൊപ്പം താങ്ങാവുന്ന വിലയില്‍ പ്രീമിയം ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനുമുള്ള കമ്പനിയുടെ പ്രതിബദ്ധതയാണ് ഈ വരാനിരിക്കുന്ന ലോഞ്ചുകളിലൂടെ പ്രതിഫലിപ്പിക്കുന്നത്. 15,000 എംജി വിന്‍ഡ്സര്‍ യൂണിറ്റുകള്‍ ഉല്‍പാദിപ്പിക്കുകയും ശക്തമായ ഓര്‍ഡറുകള്‍ നേടുകയും ചെയ്തുകൊണ്ട് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ രാജ്യത്തിന്റെ ഇലക്ട്രിക് വാഹന വിപ്ലവത്തിലെ ഒരു പ്രധാന പങ്കാളിയെന്ന നിലയില്‍ പ്രവര്‍ത്തിച്ച് വരുന്നു.
പ്രീമിയം ഇന്റീരിയറുകള്‍, സെഗ്മെന്റിലെ ഏറ്റവും മികച്ച സ്ഥലസൗകര്യം, സുഖസൗകര്യങ്ങള്‍ എന്നിവയ്‌ക്കൊപ്പം ആരെയും വശീകരിക്കുന്ന സവിശേഷതകളുമായാണ് എംജി വിന്‍ഡ്സര്‍ ഇവി വരുന്നത്. മികച്ച റേഞ്ച്, പെര്‍ഫോമന്‍സ് എന്നിവയ്‌ക്കൊപ്പം വിപ്ലവകരമായ വിലനിര്‍ണയം കൂടിയാണ് എംജി വിന്‍ഡ്സര്‍ ഇവിയെ വേറിട്ടുനിര്‍ത്തുന്നത്. മത്സരാധിഷ്ഠിത വിലനിര്‍ണ്ണയം മാത്രമല്ല ഇലക്ട്രിക് കാറുകളുമായി ബന്ധപ്പെട്ട ഉയര്‍ന്ന മുന്‍കൂര്‍ ചെലവുകള്‍ ഗണ്യമായി കുറയ്ക്കുന്ന സെഗ്മെന്റ്-ഫസ്റ്റ് ബാറ്ററി ആസ് എ സര്‍വീസ് (BaaS) പ്രോഗ്രോമും എംജി വാഗ്ദാനം ചെയ്യുന്നു.

എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ്, എസെന്‍സ് ട്രിമ്മുകളിലാണ് കാര്‍ ഓഫര്‍ ചെയ്യുന്നത്. കിലോമീറ്ററിന് 3.9 രൂപ വാടക നിരക്കില്‍ 9,99,800 രൂപയ്ക്ക് വിന്‍ഡ്‌സര്‍ എക്‌സൈറ്റ് ബാസ് പ്രോഗ്രാമിന് കീഴില്‍ വാങ്ങാം. എക്‌സ്‌ക്ലൂസീവ് ട്രിമ്മിന് 10,99,800 രൂപയും എസെന്‍സ് ട്രിമ്മിന് 11,99,800 രൂപയുമാണ് വില. ബാറ്ററി വാടക എല്ലാ ട്രിമ്മിനും സമമാണ്.
അതേസമയം ബാറ്ററി ഉള്‍പ്പെടെ പൂര്‍ണ്ണ ഉടമസ്ഥാവകാശം ആഗ്രഹിക്കുന്നവര്‍ അടുത്തിടെ വരുത്തിയ വില പരിഷ്‌കരണത്തിന് ശേഷം 13,99,800 രൂപ നല്‍കേണ്ടിവരും. ഈ വാഹനങ്ങളുടെ വില 50,000 രൂപ വര്‍ദ്ധിപ്പിച്ചു. മിഡ്-ലെവല്‍ എക്‌സ്‌ക്ലൂസീവ് വേരിയന്റിന് 14,99,800 രൂപയും ടോപ്പ്-സ്‌പെക്ക് എസെന്‍സിന് 15,99,800 ലക്ഷം രൂപയുമാണ് വില. ഇവയെല്ലാം എക്‌സ്‌ഷോറൂം വിലകളാണ്.

134 hp പവറും 200 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറാണ് എംജി വിന്‍ഡ്സര്‍ ഇവിക്ക് കരുത്ത് പകരുന്നത്. 38kWh ബാറ്ററി പായ്ക്കുമായി ഇത് ജോടിയാക്കിയിരിക്കുന്നു. ഇവി ഫുള്‍ ചാര്‍ജില്‍ 332 കിലോമീറ്റര്‍ ഓടുമെന്നാണ് എംജി അവകാശപ്പെടുന്നത്. എയ്റോഗ്ലൈഡ് ഡിസൈനില്‍ വരുന്ന എംജി വിന്‍ഡ്സര്‍ വളരെ ഫ്യൂച്ചറിസ്റ്റിക് ആയാണ് കാണപ്പെടുന്നത്.
ഇല്യൂമിനേറ്റഡ് ഫ്രണ്ട് ലോഗോ, എല്‍ഇഡി ലൈറ്റുകള്‍, ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകള്‍, 18 ഇഞ്ച് അലോയ് വീലുകള്‍, എയ്റോ-ലോഞ്ച് സീറ്റുകള്‍, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകള്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുള്ള 15.6 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പവര്‍ഡ് ടെയില്‍ഗേറ്റ്, പനോരമിക് സണ്‍റൂഫ് തുടങ്ങിയ സവിശേഷതകള്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു. 36-ലധികം സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ സവിശേഷതകളും 80-ലധികം കണക്റ്റഡ് സവിശേഷതകളുള്ള iSmart കണക്റ്റിവിറ്റി സാങ്കേതികവിദ്യയും ലഭിക്കുന്നു.


Click it and Unblock the Notifications








