1 കൊല്ലം കൊണ്ട് 40000 കുടുംബങ്ങളിലെത്തി വിന്‍ഡ്‌സര്‍ ഇവി! വാർഷികത്തിന് സ്പെഷ്യൽ എഡിഷൻ സമ്മാനം
ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ വിപണിയിലെത്തിക്കുന്ന ക്രോസ്ഓവര്‍ യൂടിലിറ്റി വാഹനമാണ് വിന്‍ഡ്‌സര്‍ ഇവി. നിലവില്‍ എംജിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലാണ് വിന്‍ഡ്‌സര്‍ ഇവി. മാത്രമല്ല, പുറത്തിറങ്ങിയത് മുതല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാര്‍ കൂടിയാണ് എംജി വിന്‍ഡ്‌സര്‍ ഇവി. വിശാലമായ ഇന്റീരിയര്‍, പ്രായോഗികത, മികച്ച ഡ്രൈവിംഗ് റേഞ്ച്, പണത്തിനൊത്ത മൂല്യം എന്നീ ഘടകങ്ങളാണ് എംജി വിന്‍ഡ്‌സര്‍ ഇവി ഇന്ത്യന്‍ വിപണിയില്‍ വമ്പന്‍ ഹിറ്റാകാന്‍ കാരണം. ഇതിനോടകം 40000-ത്തിലേറെ ഇന്ത്യന്‍ കുടുംബങ്ങളാണ് വിന്‍ഡ്‌സര്‍ ഇവി സ്വന്തമാക്കിയത്.
ഇപ്പോള്‍ ഇന്ത്യന്‍ വിപണിയിലെത്തിയതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി കമ്പനി ഇലക്ട്രിക് കാറിന് സ്‌പെഷ്യല്‍ എഡിഷന്‍ സമ്മാനിക്കുകയാണ്. എംജി വിന്‍ഡ്‌സര്‍ ഇവി ഇന്‍സ്പയര്‍ എഡിഷന്‍ (MG Windsor EV Inspire Edition) എന്ന് പേരിട്ടിരിക്കുന്ന പ്രത്യേക പതിപ്പിന്റെ ടീസര്‍ കമ്പനി തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്തുവിട്ടു. 'ബിസിനസ് ക്ലാസ് ഗോസ് ബിയോണ്ട്' എന്ന ടാഗ്ലൈനോടുകൂടിയാണ് എംജി വിന്‍ഡ്‌സര്‍ ഇവി ഇന്‍സ്പയര്‍ എഡിഷന്‍ എത്തുന്നത്.

ചെറിയ ഡിസൈന്‍ മാറ്റങ്ങള്‍ കോസ്‌മെറ്റിക് പരിഷ്‌കാരങ്ങളും കാറില്‍ വരുത്തുമെന്നുള്ള സൂചനകള്‍ ടീസറില്‍ നല്‍കുന്നുണ്ട്. ഫൈറ്റര്‍ ജെറ്റിന്റെ പശ്ചാത്തലത്തില്‍ വിന്‍ഡ്‌സറിന്റെ സില്‍ഹൗട്ട് ആണ് ടീസര്‍ ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്. ചിത്രത്തില്‍ കാണുന്നതിന് സമാനമായി ഗോള്‍ഡ് ആക്‌സന്റുകളും 'ഇന്‍സ്പയര്‍' ബാഡ്ജും ഈ പ്രത്യേക പതിപ്പില്‍ കാണാന്‍ സാധിച്ചേക്കും.
വെളുത്ത നിറത്തില്‍ ക്ലീന്‍ ഷേഡില്‍ പൂര്‍ത്തിയാക്കിയ ഒരു വിന്‍ഡ്സര്‍ ഇവിക്ക് പുതിയ ഗ്ലോസ് ബ്ലാക്ക് അലോയ് വീലുകളും കൂടുതല്‍ പ്രീമിയം ലുക്കും നല്‍കുന്നതായി ടീസര്‍ വെളിപ്പെടുത്തുന്നു. ചിത്രത്തില്‍ കൂടുതലൊന്നും വെളിപ്പെടുത്തുന്നില്ലെങ്കിലും സ്റ്റാന്‍ഡേര്‍ഡ് പതിപ്പില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ ഇന്‍സ്പയര്‍ എഡിഷനില്‍ പ്രത്യേക ബാഡ്ജിംഗും മറ്റ് ചില എക്‌സ്റ്റീരിയര്‍ ടച്ചുകളും നല്‍കാന്‍ സാധ്യതയുണ്ട്.
സ്‌പെഷ്യല്‍ എഡിഷനിന്റെ എക്റ്റീരിയറില്‍ മാത്രമല്ല ഉള്‍ഭാഗത്തും ആകര്‍ഷകമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. അകത്തളത്തില്‍, പുതിയ അപ്‌ഹോള്‍സ്റ്ററി മെറ്റീരിയലുകള്‍, കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗ് അല്ലെങ്കില്‍ പ്രത്യേക കളര്‍ തീം പോലുള്ള സൂക്ഷ്മമായ ഇന്റീരിയര്‍ പരിഷ്‌കാരങ്ങള്‍ എംജി അവതരിപ്പിച്ചേക്കാം. ഡിസൈന്‍, ഫീച്ചര്‍ വശം വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.
ഹാർഡ്‌വെയർ അപ്ഗ്രേഡുകളേക്കാള്‍ ഇവിയുടെ മൊഞ്ച് കൂട്ടുന്ന പ്രവര്‍ത്തികളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് തോന്നുന്നു. സാധാരണയായി സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പുകള്‍ ഏറ്റവും ഉയര്‍ന്ന വേരിയന്റുകളെ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിക്കപ്പെടുന്നത്. അതുകൊണ്ട് എസെന്‍സ് പ്രോ വേരിയന്റിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ വിന്‍ഡ്‌സര്‍ ഇവി ഇന്‍സ്പയര്‍ പതിപ്പ് എംജി പണികഴിപ്പിക്കുക.
കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ അല്ലാതെ ഇവിക്ക് മെക്കാനിക്കലായി മാറ്റങ്ങള്‍ ഉണ്ടാവില്ല. നിലവില്‍ വിന്‍ഡ്സര്‍ ഇവി 38 kWh , 52.9 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ഓഫര്‍ ചെയ്യുന്നത്. ചെറിയ ബാറ്ററി പായ്ക്കിന് ഫുള്‍ ചാര്‍ജില്‍ 332 കിലോമീറ്ററും വലിയ ബാറ്ററി പായ്ക്കിന് 449 കിലോമീറ്ററുമാണ് ക്ലെയിംഡ് റേഞ്ച്. രണ്ട് വേരിയന്റുകളിലും 136 bhp പവറും 200 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഫ്രണ്ട്-മൗണ്ടഡ് ഇലക്ട്രിക് മോട്ടോറാണ് കരുത്തേകുന്നത്.
38 kWh ബാറ്ററി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഏകദേശം 45 മിനിറ്റിനുള്ളില്‍ 20 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും. അതേസമയം വലിയ ബാറ്ററിക്ക് ഏകദേശം 50 മിനിറ്റ് എടുക്കും. ലെവല്‍ 2 ADAS, V2V, V2L സവിശേഷതകള്‍, പവര്‍ഡ് ടെയില്‍ഗേറ്റ്, 60kW DC ഫാസ്റ്റ് ചാര്‍ജിംഗ് ശേഷി എന്നിവ വിന്‍ഡ്‌സര്‍ ഇവി പ്രോ മോഡലില്‍ ലഭിക്കുന്നുണ്ട്. ഈ സവിശേഷതകള്‍ സ്‌പെഷ്യല്‍ എഡിഷനിലും ലഭ്യമാകും.
വിന്‍ഡ്‌സറിന്റെ സുഗമമായ പവര്‍ ഡെലിവറിയും സിറ്റി ഫ്രണ്ട്‌ലി പെര്‍ഫോമന്‍സും ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. വിന്‍ഡ്സര്‍ ഇവിയെ വിപണിയില്‍ പുതുമയോടെ നിലനിര്‍ത്തുന്നതിനും ഇന്ത്യയിലെത്തിയതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നതിനുമായ്ാണ് എംജി വിന്‍ഡ്‌സര്‍ ഇവി ഇന്‍സ്പയര്‍ എഡിഷന്‍ പുറത്തിറക്കുന്നത്. പ്രത്യേക പതിപ്പിന്റെ വിലയും ലഭ്യതയും സംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ വരും ആഴ്ചകളില്‍ കമ്പനി വെളിപ്പെടുത്തും. സ്‌പെഷ്യല്‍ എഡിഷനിലൂടെ ഉത്സവകാലത്ത് വില്‍പ്പന ഉയര്‍ത്താനും കൂടി എംജി ലക്ഷ്യമിടുന്നുണ്ട്.


Click it and Unblock the Notifications








