കുറഞ്ഞ വിലയിൽ 7-സീറ്റർ ഡീസൽ എസ്‌യുവിയാണോ നോക്കുന്നേ, ധൈര്യമായി വാങ്ങിക്കാവുന്ന മോഡലുകൾ ഇതൊക്കെ
ഫാമാലിയായോ അല്ലെങ്കിൽ ഫ്രണ്ട്സ് ഗ്യാങുമായോ ഒന്ന് യാത്ര പോവണമെന്ന് വിചാരിച്ചാൽ ഒരു 7-സീറ്റർ വാഹനം കൈയിലുണ്ടെങ്കിൽ പിന്നെ വേറൊന്ന് ചിന്തിക്കാനില്ല. പ്രായോഗികത, മൈലേജ്, മോഡേൺ ഫീച്ചറുകൾ എന്നിവ താങ്ങാനാവുന്ന വിലയിൽ സംയോജിപ്പിക്കുന്ന ഒരുപാട് മോഡലുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ആയതിനാൽ ഒന്ന് വാങ്ങുകയെന്നത് ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണ്. എസ്‌യുവികൾ ട്രെൻഡായതിനാൽ ചെറിയ വിലയിൽ സ്വന്തമാക്കാനാവുന്ന ചില ഡീസൽ സെവൻ സീറ്റർ സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളെ നമുക്കൊന്ന് പരിചയപ്പെട്ടാലോ? ഒരു 7 സീറ്റർ വാങ്ങണമെന്ന് കാലങ്ങളായി ആഗ്രഹിക്കുന്നവരാണെങ്കിൽ ഇനി പറയുന്ന മോഡലുകൾ പരിഗണിക്കാം.
ടാറ്റ സഫാരി: ബോൾഡ് ഡിസൈൻ, വിശാലമായ ഇൻ്റീരിയർ, നല്ല പെർഫോമൻസ് എന്നിവയാൽ പേരുകേട്ട ടാറ്റ സഫാരി ഒരു പ്രീമിയം 6/7 സീറ്റർ എസ്‌യുവിയാണ്. 170 bhp പവറിൽ 350 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ക്രയോടെക് ടർബോ-ഡീസൽ എഞ്ചിനുമായാണ് ഇവൻ വിപണിയിൽ എത്തുന്നത്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഗിയർബോക്‌സ് ചോയ്‌സുകൾ.

6 എയർബാഗുകൾ, ESP, ഹിൽ-ഹോൾഡ് അസിസ്റ്റ്, റോൾഓവർ മിറ്റിഗേഷൻ തുടങ്ങിയ നൂതന സുരക്ഷാ സവിശേഷതകളും സഫാരിയിൽ ഒരുക്കിയിട്ടുണ്ട്. ആഡംബരവും സുരക്ഷയും സന്തുലിതമാക്കുന്ന 7-സീറ്റർ ഡീസൽ എസ്‌യുവി നോക്കുന്നവർക്ക് ഇത് അനുയോജ്യമാണ്. 14.65 ലക്ഷം രൂപ മുതൽ 25.15 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയുള്ള ടാറ്റ സഫാരി ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ഫാമിലി എസ്‌യുവികളിൽ ഒന്നാണ്.
മഹീന്ദ്ര XUV700: 5, 7 സീറ്റർ ലേഔട്ടുകളിൽ ലഭ്യമായ മഹീന്ദ്ര XUV700 നിങ്ങളുടെ ഹൃദയത്തിൽ ഇടം പിടിക്കുമെന്നുള്ളതിൽ യാതൊരു തർക്കവുമില്ല. ബോൾഡ് ഡിസൈൻ, പവർഫുള്ളായ എഞ്ചിനുകൾ, ആധുനിക സാങ്കേതികവിദ്യ എന്നിവ സംയോജിപ്പിച്ച് വിപണിയിലെത്തുന്ന വണ്ടിക്ക് 14.17 ലക്ഷം രൂപ മുതൽ 23.78 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. 2.2-ലിറ്റർ ഡീസൽ എഞ്ചിനാണ് ഇതിൽ കിട്ടുന്നത്.

7 എയർബാഗുകൾ, ഇഎസ്പി, ഹിൽ-ഹോൾഡ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ-കീപ്പ് അസിസ്റ്റ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് തുടങ്ങിയ അഡ്വാൻസ്ഡ് സുരക്ഷാ സന്നാഹങ്ങളെല്ലാം അടങ്ങിയ ADAS സ്യൂട്ട് പോലുള്ള ഗംഭീര ഫീച്ചറുകളാണ് വാഹനത്തിൽ ലഭിക്കുന്നത്. ആഡംബരം, പ്രകടനം, അഡ്വാസ്ഡ് സേഫ്റ്റി എന്നിവയോടെ വരുന്ന മോഡൽ മികച്ചൊരു ഫാമിലി എസ്‌യുവിയാണ്.
മഹീന്ദ്ര സ്കോർപിയോ N: പ്രത്യേകിച്ച് ആമുഖം ഒന്നും ആവശ്യമില്ലാത്ത പേരാണ് സ്കോർപിയോ. 13.71 ലക്ഷം രൂപ മുതൽ 24.24 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയുള്ള എസ്‌യുവി പെട്രോളിന് പുറമെ വ്യത്യസ്‌ത ട്യൂണിംഗിലുള്ള 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിനുമായിട്ടാണ് വിപണിയിൽ എത്തുന്നത്. 6-സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുകളും എസ്‌യുവിയിലുണ്ട്.
മഹീന്ദ്ര സ്കോർപിയോ ക്ലാസിക്: മറ്റ് എസ്‌യുവികളെപ്പോലെത്തന്നെ കരുത്തിലും സവിശേഷതകളിലും ഒട്ടും കുറവുവരുത്താതെയാണ് സ്കോർപിയോ ക്ലാസിക്കും നിരത്തിലേക്ക് എത്തുന്നത്. 2.2 ലിറ്റർ എംബോക്ക് ഡീസൽ എഞ്ചിൻ തന്നെയാണ് ഇതിന്റെ ഹൃദയവും. വലിയ കുടുംബങ്ങൾക്ക് പോലും അനുയോജ്യമായ വിശാലമായ 7- അല്ലെങ്കിൽ 9-സീറ്റർ ക്യാബിൻ ലേഔട്ടിൽ വാഗ്ദാനം ചെയ്യുന്ന മോഡലിന് 13.03 ലക്ഷം രൂപ മുതൽ 16.76 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില വരുന്നത്.
മഹീന്ദ്ര ബൊലേറോ: കരുത്തുറ്റതും വിശ്വസനീയവും പ്രായോഗികവുമായ എസ്‌യുവിയാണ് മഹീന്ദ്ര ബൊലേറോ. 1.5 ലിറ്റർ ഡീസൽ എഞ്ചിനോടെ വരുന്ന മോഡലിന് 9.29 ലക്ഷം രൂപ മുതൽ 11.50 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. താങ്ങാനാവുന്ന വിലയായതുകൊണ്ടുതന്നെ ആഡംബരത്തേക്കാൾ കരുത്ത്, കുറഞ്ഞ അറ്റകുറ്റപ്പണി, വിശ്വസനീയമായ പ്രകടനം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു.


Click it and Unblock the Notifications








