ഡിക്കി കുറയുമെന്ന ടെന്‍ഷനുമില്ല 27 കിലോമീറ്റര്‍ മൈലേജും! ഇരട്ട-സിലിണ്ടറുള്ള വില കുറഞ്ഞ സിഎന്‍ജി കാറുകൾ
കംപ്രസ്ഡ് നാചുറല്‍ ഗ്യാസ് എന്ന ഇന്ധനത്തെ കുറിച്ച് ഇന്ന് എല്ലാവര്‍ക്കും അറിയാമായിരിക്കും. 1850-ലാണ് ആദ്യമായി ഒരു ഇന്റേണല്‍ കംബഷനില്‍ സിഎന്‍ജി പരീക്ഷിച്ചത്. വാഹനങ്ങളില്‍ സിഎന്‍ജി ഒരു ഇന്ധനം എന്ന നിലയില്‍ ഉപയോഗിച്ചു തുടങ്ങിയത് ഒന്നാം ലോക യുദ്ധകാലത്താണ്. 1960 -കളില്‍ കപ്പലുകളിലും സിഎന്‍ജി ഉപയോഗിക്കാന്‍ ആരംഭിച്ച് തുടങ്ങിയതോടെ കാലക്രമേണ സിഎന്‍ജിയുടെ ഉപയോഗം കൂടി. നിലവില്‍ ലോകമെമ്പാടും 1.40 കോടിയില്‍പരം സിഎന്‍ജി വാഹനങ്ങള്‍ ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. കാറുകളില്‍ സാധാരണയായി സിഎന്‍ജി ടാങ്കുകള്‍ നല്‍കുന്നതി അതിന്റെ ബൂട്ടിലായിരിക്കും. 60 ലിറ്ററോളം ശേഷിയുള്ള സിഎന്‍ജി ടാങ്ക് ബൂട്ട് സ്‌പെയ്‌സിന്റെ സിംഹഭാഗവും കവരും.
അതുകൊണ്ട് പെട്രോള്‍, ഡീസല്‍ കാറുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ബൂട്ട് സ്പെയ്സ് മാത്രമേ വാഗ്ദാനം ചെയ്യാന്‍ കഴിയൂ എന്നതായിരുന്നു സിഎന്‍ജി കാറുകളുടെ പ്രധാന ന്യൂനതകളില്‍ ഒന്ന്. എന്നാല്‍ അടുത്ത കാലത്തായി ടാറ്റ മോട്ടോര്‍സ് ഇതിനുള്ള പരിഹാരം കണ്ടെത്തിയിരുന്നു. മൊത്തത്തിലുള്ള 60 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് 30 ലിറ്റര്‍ വീതം കപ്പാസിറ്റിയുള്ള രണ്ട് ടാങ്കുകളായി സ്പ്ലിറ്റ് ചെയ്യുന്ന ട്വിന്റ സിലിണ്ടര്‍ സാങ്കേതികവിദ്യയായിരുന്നു അത്.

വമ്പന്‍ ടാങ്കിനു പകരം കുട്ടി ടാങ്കുകളായതിനാല്‍ ഇവ ബൂട്ട് ഏരിയയുടെ താഴെ സ്പെയര്‍ വീലിനൊപ്പം സജ്ജീകരിക്കാന്‍ കഴിയും. സിഎന്‍ജി മോഡലുകളില്‍ സ്പെയര്‍ വീല്‍ എടുത്തുമാറ്റി ഇവിടെ ട്വിന്‍ സിലണ്ടര്‍ സെറ്റ് ചെയ്യുകയാണ് ചെയ്യുക. സ്‌പെയര്‍ വീല്‍ നേരെ അണ്ടര്‍ബോഡിയില്‍ ഘടിപ്പിക്കും. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ സിഎന്‍ജി കാറുകള്‍ക്ക് നല്ല ഡിമാന്‍ഡ് ആണ്. മാരുതി സുസുക്കി കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിറ്റ മൂന്ന് കാറുകളില്‍ ഒന്ന് സിഎന്‍ജി ആണെന്നത് ഇതിനുള്ള തെളിവാണ്.
സിഎന്‍ജി കാര്‍ വാങ്ങുന്നവരെ ആശങ്കപ്പെടുത്തിയിരുന്ന ബൂട്ട് സ്‌പെയ്‌സ് കുറവാണെന്ന വിഷയവും ഇപ്പോള്‍ പരിഹരിക്കപ്പെട്ടിട്ടുണ്ട്. ഇന്ന് ആഭ്യന്തര വിപണിയില്‍ ഡ്യുവല്‍ സിലിണ്ടര്‍ സാങ്കേതികവിദ്യയുമായി വരുന്ന കുറഞ്ഞ വിലയുള്ള കാറുകള്‍ ഉണ്ട്. ഇന്ന് താങ്ങാനാവുന്ന വിലയുള്ള വാഹനങ്ങള്‍ ലഭ്യമാണെന്ന് നിങ്ങള്‍ക്കറിയാമോ. ടാറ്റ ടിയാഗോ മുതല്‍ ഹ്യുണ്ടായി എക്സ്റ്റര്‍ വരെ ട്വിന്റ സിലിണ്ടര്‍ ടെക്‌നോളജിയുമായജ വരുന്ന കുറഞ്ഞ വിലയുള്ള കാറുകള്‍ പരിചയപ്പെടാം.

1. ടാറ്റ ടിയാഗോ സിഎന്‍ജി: ഡ്യുവല്‍ സിലിണ്ടര്‍ സിഎന്‍ജിയില്‍ വരുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള കാറാണ് ടാറ്റ ടിയാഗോ സിഎന്‍ജി. ഇന്ത്യന്‍ വിപണിയില്‍ ടിയാഗോ ഹാച്ച്ബാക്കിന്റെ XE CNG മോഡലിന്റെ വില വെറും 6 ലക്ഷം രൂപയാണ് (എക്‌സ്‌ഷോറൂം). ടിയാഗോയില്‍ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് സിഎന്‍ജി മോഡില്‍ 73.5 PS പവറും 95 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.
ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ ലഭിക്കുന്ന രാജ്യത്തെ ഏക സിഎന്‍ജി ഹാച്ച്ബാക്കാണ് ടിയാഗോ. സിഎന്‍ജി മോഡില്‍ ടിയാഗോയ്ക്ക് കിലോഗ്രാമിന് 28 കിലോമീറ്റര്‍ പരമാവധി മൈലേജ് ലഭിക്കുമെന്ന് ടാറ്റ മോട്ടോര്‍സ് അവകാശപ്പെടുന്നു. 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍ തുടങ്ങിയ സവിശേഷതകളും ഇതില്‍ കമ്പനി സജ്ജീകരിച്ചിട്ടുണ്ട്.

2. ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ്: ഹ്യുണ്ടായിയുടെ ഈ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കില്‍ ഡ്യുവല്‍ സിലിണ്ടര്‍ സിഎന്‍ജി സാങ്കേതികവിദ്യയും ഉണ്ട്. ആഭ്യന്തര വിപണിയില്‍ ഹ്യുണ്ടായി ഗ്രാന്‍ഡ് I10 മാഗ്‌ന സിഎന്‍ജി വേരിയന്റിന് 7.84 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. ഇത് 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഇതിന്റെ ഹൃദയം. സിഎന്‍ജി മോഡില്‍ ഈ കാര്‍ 69 PS പവറും 95 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.
5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ഇണചേരുന്നു. സിഎന്‍ജി ഗ്രാന്‍ഡ് i10 നിയോസ് കിലോഗ്രാമിന് 27 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്ന് ഹ്യുണ്ടായി അവകാശപ്പെടുന്നു. യാത്രക്കാരുടെ സുരക്ഷയ്ക്കായി 6 എയര്‍ബാഗുകള്‍ കാറില്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കുന്നു. കൂടെ റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ്, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, ടിഎംപിഎസ് തുടങ്ങിയ സവിശേഷതകള്‍ ഇതിലുണ്ട്.
3. ഹ്യുണ്ടായി ഓറ സിഎന്‍ജി: മാരുതി ഡിസയറിനോട് മത്സരിക്കുന്ന സബ് കോംപാക്ട് സെഡാനായ ഹ്യുണ്ടായി ഓറയും ഡ്യുവല്‍ സിഎന്‍ജി സിലിണ്ടറുകളുമായാണ് വരുന്നത്. ആഭ്യന്തര വിപണിയില്‍ ഓറ സിഎന്‍ജിയുടെ വില 8.37 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു (എക്‌സ്-ഷോറൂം). ഇതിന് 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ലഭിക്കുന്നു. സിഎന്‍ജി മോഡില്‍ എഞ്ചിന്‍ 69 PS പവറും 95 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.
എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായാണ് ജോടിയാക്കുന്നത്. ഈ ഹ്യുണ്ടായി കാര്‍ മോഡലിന്റെയും ബേസ് മോഡലില്‍ വരെ 6 എയര്‍ബാഗുകള്‍ ലഭിക്കുന്നു. ഇബിഡിയുള്ള എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നല്‍, ISOFIX സീറ്റ് ആങ്കര്‍ തുടങ്ങിയ സവിശേഷതകളോടെയാണ് ഹ്യുണ്ടായി ഓറ സെഡാന്‍ വരുന്നത്.
4. ടാറ്റ പഞ്ച് സിഎന്‍ജി: ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ പുറത്തിറക്കുന്ന ജനപ്രിയ മൈക്രോ എസ്‌യുവിയായ പഞ്ചും സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനില്‍ വാങ്ങാം. പഞ്ച് സിഎന്‍ജിയുടെ പ്യുവര്‍ വേരിയന്റിന് 7.30 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. സിഎന്‍ജി മോഡില്‍ പഞ്ചിലെ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചി 73.5 bhp പവറും 103 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനാണ് ഇതില്‍ ലഭ്യമാകുക.
ടാറ്റ പഞ്ച് സിഎന്‍ജി കിലോഗ്രാമിന് 26.99 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. GNCAP ക്രാഷ് ടെസ്റ്റില്‍ 5-സ്റ്റാര്‍ റേറ്റിംഗ് ലഭിച്ച ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്ന് കൂടിയാണ് ടാറ്റ പഞ്ച്. ഡ്യുവല്‍ എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, കോര്‍ണര്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, സെന്‍ട്രല്‍ ലോക്കിംഗ്, സണ്‍റൂഫ് തുടങ്ങിയ സവിശേഷതകളും ഇതില്‍ വരുന്നു.

5. ഹ്യുണ്ടായി എക്സ്റ്റര്‍ സിഎന്‍ജി: ഡ്യുവല്‍ സിലിണ്ടര്‍ സാങ്കേതികവിദ്യയുമായി വരുന്ന കുറഞ്ഞ വിലയുള്ള സിഎന്‍ജി കാറുകളില്‍ ഒന്നാണ് ഹ്യുണ്ടായി എക്‌സ്റ്റര്‍. കഴിഞ്ഞ ദിവസമാണ് ഇതില്‍ പുതിയ എന്‍ട്രി ലെവല്‍ EX വേരിയന്റ് കൊറിയന്‍ കമ്പനി അവതരിപ്പിച്ചത്. എക്‌സ്റ്റര്‍ സിഎന്‍ജി EX വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില 7.51 ലക്ഷം രൂപയാണ്. 391 ലിറ്റര്‍ ബൂട്ട് സ്‌പേസും ഈ മൈക്രോ എസ്‌യുവി വാഗ്ദാനം ചെയ്യുന്നു.
എക്‌സ്റ്റര്‍ സിഎന്‍ജിയിലെ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ സിഎന്‍ജി മോഡില്‍ 69 bhp പവറും 95.2 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. സിഎന്‍ജി വേരിയന്റ് 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാത്രമേ വാങ്ങാന്‍ സാധിക്കൂ. കിലോഗ്രാമിന് 27 കിലോമീറ്റര്‍ വരെയാണ് എക്‌സ്റ്റര്‍ സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ്. 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആയി വരുന്ന ഈ കാറില്‍ മറ്റ് നിരവധി ഫീച്ചറുകളും ഹ്യുണ്ടായി സജ്ജീകരിച്ചിട്ടുണ്ട്.


Click it and Unblock the Notifications








