കുടുംബമൊത്തുള്ള നിമിഷങ്ങൾ ഉല്ലാസകരമാക്കാം! നല്ല മൈലേജുള്ള 7-സീറ്ററുകൾ വാങ്ങിയാലോ, അതും പെട്രോൾ.
കുടുംബവുമായുള്ള ആനന്ദകരമായ നിമിഷങ്ങൾ എപ്പോഴും ആസ്വദിക്കുന്നവരാണ് നമ്മൾ. അത്തരം നല്ല നിമിഷങ്ങൾക്ക് പ്രാധാന്യം നൽകാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഫാമിലിയുമായി ഒന്നിച്ച് യാത്ര പോവുന്നതെല്ലാം പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സുന്ദരമായ നിമിഷങ്ങളാണ്. ഇന്ന് എല്ലാ വീടുകളിലും കാർ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ടെങ്കിലും എല്ലാവരേയും ഒന്നിച്ച് കൊണ്ടുപോവാൻ പറ്റുന്ന 7-സീറ്ററുകൾ എല്ലാവർക്കും സ്വന്തമായി ഉണ്ടാകില്ല. നിലവിലെ കാർ കൊടുത്ത് ഒരു വലിയ ഫാമിലി കാർ വാങ്ങണമെന്ന് ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ ചിലവിലുള്ള സീറ്റർ മോഡലുകൾ പരിചയപ്പെട്ടാലോ?
എംജി ഹെക്‌ടർ പ്ലസ്:രാജ്യത്തെ 7 സീറ്റർ മോഡലുകളിലെ സ്റ്റൈലിഷും ഫീച്ചർ റിച്ചുമായ കിടിലൻ എസ്‌യുവിയാണിത്. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുമായി വരുന്ന പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് ഹെക്ടർ പ്ലസ് വരുന്നത്. വലിയ ഗ്രിൽ, എൽഇഡി ലൈറ്റിംഗ്, പോലെയുള്ള ആകർഷകമായ ഡിസൈൻ കൂടിച്ചേരുന്നതോടെ ബെസ്റ്റ് ഫാമിലി കാറായി ഇതിനെ പരിഗണിക്കാം. ഒപ്പം മാനുവലിന് 13.80 KM മൈലേജും കിട്ടും.

പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, ഐ-സ്മാർട്ട് കണക്റ്റഡ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം എന്നീ ഫീച്ചറുകൾക്ക് പുറമെ 6 എയർബാഗുകൾ, എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ADAS തുടങ്ങിയ സുരക്ഷാ സന്നാഹങ്ങളുടെ അകമ്പടി കൂടിയാവുമ്പോൾ കൊടുക്ക കാശിന് എസ്‌യുവി മുതലാവും. 17.35 ലക്ഷം മുതലാണ് ഹെക്‌ടർ പ്ലസിന് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.
കിയ കാരെൻസ് ക്ലാവിസ്: സ്റ്റൈൽ, സാങ്കേതികവിദ്യ, സുഖസൗകര്യങ്ങൾ എന്നിവയെല്ലാം ഒന്നിച്ച് കിട്ടുന്നതരത്തിലാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ കാരെൻസ് പണിതിറക്കിയിരിക്കുന്നത്. എംപിവിയുടെ പ്രീമിയം പതിപ്പിനെയാണ് ക്ലാവിസ് എന്നുവിളിക്കുന്നത്. 6, 7 എന്നീ സീറ്റർ ഓപ്ഷനുകളിലായി ലഭ്യമായ മോഡൽ 1.5-ലിറ്റർ പെട്രോൾ, 1.5-ലിറ്റർ ടർബോ-പെട്രോൾ എന്നിവയുൾപ്പെടെ ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഡ്യുവൽ-പാനൽ ഡിജിറ്റൽ ഡിസ്‌പ്ലേ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ബോസ് 8-സ്പീക്കർ ഓഡിയോ, ആംബിയൻ്റ് ലൈറ്റിംഗ്, പനോരമിക് സൺറൂഫ് എന്നിവയാണ് ഇൻ്റീരിയറിലെ പ്രധാന ഫീച്ചറുകൾ. ഒപ്പം 6 എയർബാഗുകൾ, ESC, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ അസിസ്റ്റ്, ADAS ടെക്കുകൾ എന്നിവയുമുള്ളതിനാൽ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴച്ചയും കിയ കാരെൻസ് ക്ലാവിനില്ല. 11.49 ലക്ഷം രൂപ മുതലാണ് എംപിവിക്ക് മുടക്കേണ്ടി വരുന്ന വിലയെങ്കിലും 16.66 KM വരെ മൈലേജാണ് കമ്പനി പറയുന്നത്.
റെനോ ട്രൈബർ: കുറഞ്ഞ വിലയിൽ ഒരു 7-സീറ്റർ വാങ്ങാൻ കൊതിച്ചിരിക്കുന്നവർക്ക് കണ്ണുംപൂട്ടി വാങ്ങിക്കാവുന്ന എംപിവിയാണ് ട്രൈബർ. ഇന്ത്യയിലെ ഇടത്തരം കുടുംബങ്ങൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതിനാൽ ഒതുക്കമുള്ള രൂപവും എന്നാൽ വിശാലമായ ഇൻ്റീരിയറുമാണ് വാഹനത്തിലുള്ളത്. മാനുവൽ, എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളുള്ള 1.0 ലിറ്റർ പെട്രോൾ എഞ്ചിനോടെയാണ് വിപണനത്തിന് എത്തുന്നത്. 19.59 KM മൈലേജും കിട്ടുമെന്നതിനാൽ ടെൻഷനൊന്നും വേണ്ട.

മോഡുലാർ സീറ്റിംഗിലൂടെ വേറിട്ടുനിൽക്കുന്ന ട്രൈബർ, സ്ലൈഡിംഗ്, ഫോൾഡിംഗ് എന്നീ സവിശേഷതകളും പിൻനിരയിലെ സീറ്റുകളിൽ ഒരുക്കിയിട്ടുണ്ട്. 6 എയർബാഗുകൾ, ESC, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, 4-സ്റ്റാർ ഗ്ലോബൽ NCAP റേറ്റിംഗ് എന്നിവ ഉപയോഗിച്ച് സേഫ്റ്റിയും മറ്റൊരു തലത്തിലെത്തിക്കാൻ ട്രൈബറിനായിട്ടുണ്ട്. സ്പേസ്, ഒരുപാട് വേരിയൻ്റുകൾ എന്നിവ സന്തുലിതമായ റെനോ ട്രൈബറിന് 6.29 ലക്ഷം രുപയാണ് എക്സ്ഷോറൂം വില വരുന്നത്.
ടൊയോട്ട റൂമിയോൺ: മാരുതി എർട്ടിഗയുടെ റീബാഡ്‌ജ് മോഡലാണിതെങ്കിലും തനതായ ശൈലിയിൽ വേറിട്ടുനിൽക്കാൻ റൂമിയോണിന് സാധിച്ചിട്ടുണ്ട്. സ്റ്റൈലിഷും പ്രായോഗികവുമായ 7 സീറ്റർ എംപിവി തിരയുന്നവർക്ക് ധൈര്യമായി വാങ്ങിക്കാം. 103 bhp ഉത്പാദിപ്പിക്കാൻ കഴിയുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. കൂടുതൽ മൈലേജ് വേണ്ടവർക്ക് ടൊയോട്ട സിഎൻജി ഓപ്ഷനും നൽകുന്നുണ്ട്. ഇതിൽ 26.11 KM മൈലേജ് വരെയാണ് കമ്പനി പറയുന്നത്.
ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, റിയർ എസി വെൻ്റുകൾ, 6 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ് എന്നീ ഫീച്ചറുകളെല്ലാം കോർത്തിണക്കിയിരിക്കുന്ന ടൊയോട്ട റൂമിയോണിന് 10.29 ലക്ഷം രൂപ മുതലാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. എല്ലാത്തരം കുടുംബങ്ങൾക്കും ദീർഘദൂര യാത്രക്കാർക്കും ആകർഷകമായ തെരഞ്ഞെടുപ്പ് കൂടിയാണ് മോഡൽ.
മാരുതി എർട്ടിഗ: ഇന്ത്യയിലെ നമ്പർ വൺ കാറായി പലമാസങ്ങളിലും വിറ്റഴിക്കുന്ന വാഹനമാണ് എർട്ടിഗ. സുഖസൗകര്യങ്ങൾക്കും, ഇന്ധനക്ഷമതക്കും പേരുകേട്ട എംപിവി 103 bhp പവറിൽ 137 Nm ടോർക്കും നൽകുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഒപ്പം സിഎൻജിയും ഉള്ളതിനാൽ 26.11 KM വരെ ലഭിക്കും. എർട്ടിഗയിലെ അതിവിശാലമായ ക്യാബിനിൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ്, റിയർ എസി വെൻ്റുകൾ, 6-എയർബാഗുകൾ, എബിഎസ് പോലുള്ള ഫീച്ചറുകളുമുണ്ട്. 8.80 ലക്ഷം മുതലാണ് വില ആരംഭിക്കുന്നത്.


Click it and Unblock the Notifications








