സാക്ഷാല്‍ എആര്‍ റഹ്‌മാന്‍ വരെ ബുക്ക് ചെയ്തു! മഹീന്ദ്ര ഇലക്ട്രിക് എസ്‌യുവികള്‍ ധൈര്യമായി വാങ്ങാം
ഏതൊരു ബ്രാന്‍ഡും അല്ലെങ്കില്‍ ഉല്‍പ്പന്നവും ജനങ്ങളിലേക്ക് കൃത്യമായി എത്തിക്കാനുള്ള മാര്‍ഗമാണ് അതിന്റെ മുഖമായി ജനങ്ങള്‍ക്ക് അത്രയും ഇഷ്ടമുള്ള ഏതെങ്കിലും സെലിബ്രിറ്റിയെ കൊണ്ടുവരികയെന്നത്. അതുകൊണ്ടാണ് ഇന്ത്യയിലെ മുന്‍നിര ബ്രാന്‍ഡുകള്‍ അവരുടെ അംബാസഡര്‍മാരായി സിനിമാ താരങ്ങളെയും ക്രിക്കറ്റ് താരങ്ങളെയുമെല്ലാം കൊണ്ടുവരുന്നത്. സിനിമയും ക്രിക്കറ്റും പോലെ തന്നെ ഇന്ത്യക്കാര്‍ക്ക് വളരെ പ്രിയപ്പെട്ട ഒന്നാണ് സംഗീതം. മികച്ച സംഗീതജ്ഞരെയും ഗായകരെയും നെഞ്ചേറ്റുന്ന പാരമ്പര്യമാണ് ഇന്ത്യക്കാര്‍ക്കുള്ളത്. ഇന്ത്യയുടെ യശസ്സ് ഓസ്‌കാര്‍ വേദി വരെയെത്തിച്ച സംഗീത മാന്ത്രികനാണ് എആര്‍ റഹ്‌മാന്‍. നിരവധി ബ്രാന്‍ഡുകളുമായി മദ്രാസ് മൊസാര്‍ട്ട് സഹകരിച്ച് പ്രവര്‍ത്തിച്ച് വരുന്നു.
എആര്‍ റഹ്‌മാന്‍ അസോസിയേറ്റ് ചെയ്യുന്ന പ്രമുഖ വാഹന നിര്‍മാതാക്കളാണ് മഹീന്ദ്ര. ഒരു കാര്‍ രൂപകല്‍പ്പന ചെയ്യുമ്പോള്‍ അതിന്റെ ശബ്ദ സംവിധാനങ്ങളുടെ രൂപകല്‍പ്പന വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. കാറിലെ സ്പീക്കറുകള്‍ മാത്രമല്ല, ഇന്‍ഡിക്കേറ്റര്‍ ഓണാക്കുമ്പോഴുള്ള ശബ്ദം, ഹോണ്‍, കാറിനുള്ളിലെ അനൗണ്‍സ്മെന്റുകള്‍, കാറിലെ ഇന്‍ഫോടെയ്ന്‍മെന്റ് ബട്ടണുകള്‍ അമര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം എന്നിവ വളരെ വരെ പരിഗണിക്കണം.

മഹീന്ദ്ര ഏറ്റവും പുതുതായി പുറത്തിറക്കുന്ന ബോണ്‍ ഇലക്ട്രിക് കാറുകളുടെ ഇത്തരം ശബ്ദങ്ങളുടെ രൂപകല്‍പ്പന ചെയ്യാനുള്ള ഉത്തരവാദിത്തം കമ്പനി 'ഇസൈ പുഴലി'നെയാണ് ഏല്‍പ്പിച്ചിരുന്നത്. മഹീന്ദ്രയുടെ ഏറ്റവും പുതിയ BE 6, XEV 9e എന്നീ കാറുകളുടെ സൗണ്ട് ഡിസൈന്‍ എആര്‍ റഹ്‌മാനാണ് നിര്‍വഹിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശക്തമായ റോഡ് പ്രസന്‍സ്, പുതിയ സാങ്കേതികവിദ്യ, സൗകര്യങ്ങള്‍, നൂതന സവിശേഷതകള്‍ എന്നിവയുമായി വരുന്ന ഇലക്ട്രിക് എസ്‌യുവികള്‍ ഇതിനോടകം തന്നെ വിപണിയില്‍ വലിയ ഓളം സൃഷ്ടിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ നിന്ന് ലോകവിപണിക്കായി നിര്‍മിച്ച കാറുകള്‍ എന്നാണ് ഇവയെ മഹീന്ദ്ര വിശേഷിപ്പിക്കുന്നത്. ഇന്ന് വലന്‍ൈറന്‍സ് ദിനത്തില്‍ ഇവികളുടെ ബുക്കിഗ് ജാലകം മഹീന്ദ്ര ഔദ്യോഗികമായി തുറന്നിരിക്കുകയാണ്. വാഹനം റിസര്‍വ് ചെയ്യാനൊരുങ്ങുന്നവര്‍ക്ക് ആത്മവിശ്വാസം സമ്മാനിച്ച് വാഹനത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച എആര്‍ റഹ്‌മാന്‍ തന്നെ ഇവയില്‍ ഒരെണ്ണം ബുക്ക് ചെയ്തതായാണ് മഹീന്ദ്ര അറിയിക്കുന്നത്. അദ്ദേഹം തിരഞ്ഞെടുത്തത് BE6 ആണോ അതോ XEV 9e ആണോ എന്ന് വ്യക്തമല്ല.

മഹീന്ദ്ര ഇലക്ട്രിക് എസ്‌യുവിസ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച പോസ്റ്റില്‍ മഹീന്ദ്രയിലെ ഉന്നത ഉദ്യോഗസ്ഥരുമായി എആര്‍ റഹ്‌മാന്റെ ആശയവിനിമയം നടത്തുന്നത് കാണാം. എആര്‍ റഹ്‌മാന്‍ ഈ ഇലക്ട്രിക് എസ്യുവികള്‍ക്കായി സൗണ്ട്സ്‌കേപ്പ് സൃഷ്ടിച്ചുവെന്ന് ഇതില്‍ വ്യക്തമായി പരാമര്‍ശിക്കുന്നു. താന്‍ കൂടി ഭാഗവാക്കായ ഒരു ഉല്‍പ്പന്നത്തിന് കൂടുതല്‍ വിശ്വാസ്യത കൈവരാന്‍ വേണ്ടി മാത്രമല്ല അത് ഓടിച്ച് നോക്കിയ ശേഷം മാത്രമാണ് എആര്‍ റഹ്‌മാന്‍ ഇവയില്‍ ഒരെണ്ണം സ്വന്തമാക്കാന്‍ തീരുമാനിച്ചത്.
XEV 9e ഇലക്ട്രിക് എസ്‌യുവി ടെസ്റ്റംഗ് ട്രാക്കില്‍ ഇറക്കിയ ശേഷം വളരെ ഉത്സാഹത്തോടെയും ഊര്‍ജ്ജസ്വലതയോടെയും അദ്ദേഹം വാഹനം ഓടിക്കുന്നത് കാണാം. ഡ്രൈവിംഗ് പ്രക്രിയ പ്രചോദനാത്മകമാണെന്നും ഉചിതമായ ഒരു സംഗീത ശകലം കണ്ടെത്താന്‍ സഹായിക്കുന്നതായും പറയുന്നു. വിശദമായ ടെസ്റ്റ് ഡ്രൈവിന് ശേഷം താന്‍ എസ്‌യുവി ബുക്ക് ചെയ്യുകയാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

BE 6, XEV 9e മോഡലുകള്‍ INGLO പ്ലാറ്റ്‌ഫോം, ബാറ്ററി പായ്ക്ക് ഓപ്ഷനുകള്‍, ഇലക്ട്രിക് മോട്ടോര്‍ എന്നിവ പങ്കിടുന്നു. BE 6 ന് പാക്ക് വണ്‍, പാക്ക് വണ്‍ എബോവ്, പാക്ക് ടു, പാക്ക് ത്രീ സെലക്ട്, പാക്ക് ത്രീ എന്നീ വേരിയന്റുകളിലായാണ് ഓഫര്‍ ചെയ്യുന്നത്. XEV 9e-ന് പാക്ക് വണ്‍, പാക്ക് ടു, പാക്ക് ത്രീ സെലക്ട്, പാക്ക് ത്രീ എന്നീ നാല് വേരിയന്റുകളുണ്ട്.
മഹീന്ദ്ര XEV 9e എസ്‌യുവിയെ കുറിച്ച് പറയുമ്പോള്‍ ഇതിന് 59kWh ബാറ്ററി പായ്ക്കാണുള്ളത്. ഇതിന് 231hp/380Nm മോട്ടോര്‍ ലഭിക്കും. ഇത് RWD ഡ്രൈവുമായി വരുന്നു. ഇതിന്റെ MIDC റേഞ്ച് 542 കിലോമീറ്ററാണ്. 140kW ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 20 മിനിറ്റിനുള്ളില്‍ ഇത് ചാര്‍ജ് ചെയ്യാം. അതേസമയം 7.2kW ചാര്‍ജറാണ് പ്ലഗ് ചെയ്യുന്നതെങ്കില്‍ ചാര്‍ജാകാന്‍ 8.7 മണിക്കൂറും 11kW ചാര്‍ജറില്‍ 6 മണിക്കൂറുമാകും.
79kWh ബാറ്ററി പായ്ക്കിനൊപ്പം 286hp/380Nm ഇലക്ട്രിക് മോട്ടോര്‍ ആണ് വരുന്നത്. ഇത് 6.8 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കും. RWD ഡ്രൈവുമായി വരുന്ന ഈ പതിപ്പിന്റെ MIDC റേഞ്ച് 656 കിലോമീറ്ററാണ്. 170kW ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 20 മിനിറ്റിനുള്ളില്‍ ഇത് ചാര്‍ജ് ചെയ്യാം. 7.2kW ചാര്‍ജറില്‍ 11.7 മണിക്കൂറും 11kW ചാര്‍ജറില്‍ 8 മണിക്കൂറും ചാര്‍ജ് ചെയ്യാന്‍ എടുക്കും. സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കും.
BE 6 ഇലക്ട്രിക് എസ്‌യുവിയില്‍ ഡ്യുവല്‍ ഇന്റഗ്രേറ്റഡ് സ്‌ക്രീനുകള്‍, ഡ്യുവല്‍ സ്‌പോക്ക് സ്റ്റിയറിംഗ് വീല്‍, വലിയ ഗ്ലാസ് റൂഫ് എന്നിവ BE 6-ന്റെ സവിശേഷതകളാണ്. എയര്‍ക്രാഫ്റ്റ് ത്രസ്റ്റര്‍ പോലുള്ള ഡ്രൈവ് ഷിഫ്റ്ററും സെന്റര്‍ കണ്‍സോളിന് മുകളിലുള്ള ഒരു സെന്‍ട്രല്‍ സ്പാറും ചില ഹൈലൈറ്റുകളാണ്.
വയര്‍ലെസ് ചാര്‍ജിംഗ്, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS) തുടങ്ങിയ സവിശേഷതകള്‍ ലഭ്യമാണ്. ഇലക്ട്രിക് എസ്‌യുവി 59kWh, 79kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ ഓഫര്‍ ചെയ്യുന്നു. ഫുള്‍ ചാര്‍ജില്‍ 682 കിലോമീറ്റര്‍ വരെയാണ് റേഞ്ച് വാഗ്ദാനം ചെയ്യുന്നത്. ഇത് 175kW DC ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു.


Click it and Unblock the Notifications








