ട്രാഫിക് ചലാനുകൾ ഇനി ഒറ്റ തവണ അടച്ച് തീർപ്പാക്കാം! വാഹനയുടമകൾ ഈ അവസരം പാഴാക്കരുതേ
ഒരിക്കലെങ്കിലും ട്രാഫിക് ചലാനുകൾ ലഭിക്കാത്തവരായി ആരും തന്നെ കാണില്ല. ചിലർ ചലാൻ അടയ്ക്കാൻ മറക്കുകയും ഭീമമായ തുക അടയ്ക്കേണ്ടി വരികയും ചെയ്യാറുണ്ട്. എന്നാൽ ഇപ്പോഴിതാ ചലാനുകളെല്ലാം അടച്ച് തീർക്കാനൊരു സുവർണാവസരം കൈവന്നിരിക്കുകയാണ്. 2025 ഡിസംബർ 13-ന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ദേശീയ ലോക് അദാലത്ത് നടക്കാൻ പദ്ധതിയിടുകയാണ്. ഒറ്റദിവസം കൊണ്ട് വാഹനയുടമകൾക്ക് അവരുടെ കുടിശ്ശികയുള്ള ട്രാഫിക് ചെല്ലാനുകൾ കുറഞ്ഞ പിഴയോടെ തീർപ്പാക്കാൻ ഇതുവഴി സാധിക്കും. പതിനായിരക്കണക്കിന് കോമ്പൗണ്ടബിൾ ഗതാഗത കേസുകൾ പരിഗണിക്കുന്ന ഈ അദാലത്ത്, സാധാരണ കോടതി നടപടികളിലൂടെ മാസങ്ങൾ എടുക്കുന്ന തീർപ്പാക്കലുകൾ അവസാനിപ്പിക്കുക എന്നതാണ് ഉദ്ദേശം.
ഗതാഗത ചെല്ലാനുകളുടെ കുടിശിക തീർക്കുകയും ഉയർന്ന പിഴകളോ നിയമ നടപടികളോ ഒഴിവാക്കാൻ ഉടമകളെ സഹായിക്കുകയുമാണ് ദേശീയ ലോക് അദാലത്തിന്റെ ലക്ഷ്യം. ലോക് അദാലത്തിൽ പങ്കെടുക്കുന്ന സംസ്ഥാനങ്ങളിലെ ഡ്രൈവർമാർക്ക് ചെറിയ ഗതാഗത നിയമലംഘനങ്ങൾ കൈകാര്യം ചെയ്യുന്ന ബെഞ്ചുകൾക്ക് മുന്നിൽ നേരിട്ട് യോഗ്യമായ ചെല്ലാനുകൾ സമർപ്പിക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത.

സിഗ്നൽ ജമ്പിംഗ്, കോമ്പൗണ്ടബിൾ പരിധിയിലുള്ള അമിത വേഗത, തെറ്റായ പാർക്കിംഗ്, പി.യു.സി (PUC) സർട്ടിഫിക്കറ്റില്ലായ്മ, നമ്പർ പ്ലേറ്റ് സംബന്ധിച്ച നിയമലംഘനങ്ങൾ, സീറ്റ്ബെൽറ്റ് അല്ലെങ്കിൽ ഹെൽമറ്റ് ധരിക്കാതെയുള്ള യാത്ര എന്നിവ പോലുള്ള നിസ്സാര ട്രാഫിക് നിയമ ലംഘനങ്ങൾ ഇതിൽപ്പെടും. എന്നാൽ അപകടങ്ങൾ, മദ്യപിച്ച് വാഹനമോടിക്കൽ, അല്ലെങ്കിൽ കോമ്പൗണ്ടബിൾ അല്ലാത്ത മറ്റ് ഗുരുതരമായ കുറ്റകൃത്യങ്ങൾ എന്നിവയ്ക്ക് ഈ നടപടിക്രമം ബാധകമല്ല. അത്തരം കേസുകൾ സാധാരണ കോടതികളിലൂടെ തന്നെ തുടരും.
കുടിശ്ശികയുള്ള ചെല്ലാനുകൾ ഉണ്ടോ എന്ന് പരിശോധിക്കുന്നതാണ് ഉടമകൾ ചെയ്യേണ്ട ആദ്യപടി. കേന്ദ്ര സർക്കാരിൻ്റെ പരിവാഹൻ ഇ-ചെല്ലാൻ പോർട്ടൽ വഴിയോ അതത് സംസ്ഥാനങ്ങളിലെ ഔദ്യോഗിക ട്രാഫിക് പോലീസ് വെബ്സൈറ്റ് വഴിയോ ഇത് പരിശോധിക്കാൻ സാധിക്കുന്നതാണ്. ചെല്ലാൻ നമ്പറുകൾ രേഖപ്പെടുത്തുകയും വിശദാംശങ്ങൾ ഡൗൺലോഡ് ചെയ്യുകയോ സ്ക്രീൻഷോട്ട് എടുക്കുകയോ ചെയ്യണം.

ചെല്ലാൻ വിവരങ്ങളുടെ പ്രിൻ്റൗട്ട്, വാഹനത്തിൻ്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (RC), ഡ്രൈവിംഗ് ലൈസൻസ്, സാധുവായ തിരിച്ചറിയൽ കാർഡ്, മുമ്പ് ലഭിച്ച ഏതെങ്കിലും ഔദ്യോഗിക അറിയിപ്പുകൾ എന്നിവ കൈവശം കരുതുന്നത് നല്ലതായിരിക്കും. ലോക് അദാലത്ത് ദിവസം പിഴ കുറയ്ക്കുന്നതിനായി, വാഹനയുടമകൾ അവരുടെ ചല്ലാൻ രേഖകൾ നിശ്ചയിക്കപ്പെട്ട കോടതിയിലോ തീർപ്പാക്കൽ കേന്ദ്രത്തിലോ ഹാജരാക്കണം.
ഒരു ഉയർന്ന ഉദ്യോഗസ്ഥൻ നിങ്ങളുടെ ചല്ലാൻ പരിശോധിച്ച്, പ്രസ്തുത നിയമലംഘനം ഒത്തുതീർപ്പിന് യോഗ്യമാണോ എന്ന് ഉറപ്പുവരുത്തും. യോഗ്യമാണെങ്കിൽ, സംസ്ഥാന തലത്തിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ച് കോൺസിലിയേറ്റർ കുറഞ്ഞ പിഴ ചുമത്തും. പല സംസ്ഥാനങ്ങളിലും, കുറ്റകൃത്യത്തിൻ്റെ സ്വഭാവവും ചെല്ലാൻ ലഭിച്ച തീയതിയും അനുസരിച്ച് 30 ശതമാനം മുതൽ 75 ശതമാനം വരെ പിഴയിളവ് ലഭിക്കാറുണ്ട്.

പുതുക്കിയ തുക അപേക്ഷകന് അടയ്ക്കുന്നതിനായി നൽകും. അദാലത്ത് കേന്ദ്രങ്ങളിൽ ലഭ്യമായ സൗകര്യം അനുസരിച്ച് ഡിജിറ്റലായോ പണമായോ പിഴ തുക ഉടൻ അടയ്ക്കാവുന്നതാണ്. പണമടച്ചതിന് ശേഷം, കേസ് സ്ഥിരമായി തീർപ്പാക്കിയതായി സ്ഥിരീകരിക്കുന്ന ഒരു അന്തിമ സെറ്റിൽമെൻ്റ് ഓർഡർ കോൺസിലിയേറ്റർ നൽകും. ഭാവിയിലെ പോലീസ് രേഖകളിൽ ചെല്ലാൻ രേഖപ്പെടുത്തപ്പെടാതിരിക്കാനും നിയമനടപടികളിലേയ്ക്ക് നീങ്ങുന്നത് ഒഴിവാക്കാനും ഇത് ഉടമകളെ സഹായിക്കും.
ഈ വർഷം നടക്കുന്ന ഏറ്റവും വലിയ ഗതാഗത സംബന്ധമായ ലോക് അദാലത്തുകളിൽ ഒന്നായിരിക്കും ഡിസംബർ 13-ലെ ഈ സെഷൻ. പഴയ ചെല്ലാനുകളുള്ള ഉടമകൾ ഈ അവസരം വിനിയോഗിക്കണമെന്ന് അധികൃതർ പ്രത്യേകം അഭ്യർത്ഥിച്ചിട്ടുണ്ട്. പിഴ അടയ്ക്കാതെ വെച്ചാൽ തുക ഗണ്യമായി വർധിക്കാമെന്നും, പല സംസ്ഥാനങ്ങളും ഇൻഷുറൻസുമായും വാഹന ഫിറ്റ്നസ് പരിശോധനകളുമായും ചെല്ലാൻ ഡാറ്റാബേസുകൾ ബന്ധിപ്പിച്ചിരിക്കുന്നത് കൊണ്ട് തന്നെ നാളെ ഉടമകൾക്ക് ഒരു ബുദ്ധിമുട്ടുണ്ടാകരുതെന്നും അറിയിച്ചിട്ടുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








