കയറിയാല്‍ പിന്നെ ഇറങ്ങാന്‍ തോന്നൂല! കിടിലന്‍ ലുക്കും ഫീച്ചറുകളുമായി ബിഎംഡബ്ല്യു X3 പുറത്തിറങ്ങി
ഡല്‍ഹിയില്‍ നടന്ന് കൊണ്ടിരിക്കുന്ന 2025 ഓട്ടോ എക്‌സ്‌പോയില്‍ ആഡംബര കാര്‍ പ്രേമികള്‍ക്കും സന്തോഷിക്കാന്‍ ഏറെയുണ്ട്. മെര്‍സിഡീസ് ബെന്‍സ്, പോര്‍ഷ എന്നീ ബ്രാന്‍ഡുകള്‍ വെള്ളിയാഴ്ച പുത്തന്‍ കാര്‍ മോഡലുകള്‍ പുറത്തിറക്കിയിരുന്നു. ആദ്യ ദിനം തദ്ദേശീയമായി നിര്‍മിക്കുന്ന ആദ്യത്തെ ഇവിയായ iX1 LWB പുറത്തിറക്കിയ ബിഎംഡബ്ല്യു ഇന്ന് പുതിയ X3 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പെട്രോള്‍ വേരിയന്റിന് 75.80 ലക്ഷം രൂപയും ഡീസല്‍ മോഡലിന് 77.80 ലക്ഷം രൂപ മുതലുമാണ് വില ആരംഭിക്കുന്നത്. എക്‌സ്‌ഷോറൂം വിലകളാണിത്. എക്സ്റ്റീരിയര്‍ ഡിസൈന്‍, ഇന്റീരിയര്‍, പവര്‍ട്രെയിന്‍ എന്നിവയില്‍ നിരവധി മാറ്റങ്ങളുമായാണ് നാലാം തലമുറ X3 പുറത്തിറങ്ങുന്നത്.
പുത്തന്‍ പ്ലാറ്റ്‌ഫോമില്‍ വരുന്ന നാലാം തലമുറ ബിഎംഡബ്ല്യു X3 കഴിഞ്ഞ വര്‍ഷം ആഗോള മാര്‍ക്കറ്റിലെത്തിയിരുന്നു. വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന പുതിയ ഡിസൈന്‍ ഭാഷയാണ് കാറില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. പുതിയ ആങ്കുലാര്‍ L പാറ്റേണ്‍ ഡേടൈം ഡ്രൈവിംഗ് ലൈറ്റുകളും ഹെഡ്ലൈറ്റുകളും ചേരുന്ന വലിയ കിഡ്നി ഗ്രില്ലാണ് കാറിന്റെ മുന്‍വശത്തെ പ്രധാന ആകര്‍ഷണം. സ്വെപ്റ്റ്-അപ്പ് ബെല്‍റ്റ്ലൈന്‍, ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകള്‍, പുതിയ സ്പോര്‍ട്ടി അലോയ് വീലുകള്‍ എന്നിവയാണ് വശങ്ങളിലെ പ്രധാന ആകര്‍ഷണം.

സ്ലീക്ക് Y- പാറ്റേണ്‍ ടെയില്‍ലൈറ്റുകള്‍, റൂഫ് മൗണ്ടഡ് സ്പോയിലര്‍, ഷാര്‍പ്പായ കട്ട്‌സ് ആന്‍ഡ് ക്രീസ്, ബമ്പറിലെ കോണ്‍ട്രാസ്റ്റിംഗ് ട്രീറ്റ്മെന്റും എന്നിവ വരുന്ന സ്‌പോര്‍ട്ടി റിയര്‍ പ്രൊഫൈല്‍ നിലനിര്‍ത്തിയിരിക്കുന്നു. നമ്പര്‍ പ്ലേറ്റ് ഹൗസിംഗും പിന്നിലെ ബമ്പറിലേക്ക് മാറിയിട്ടുണ്ട്. അകത്ത് ബിഎംഡബ്ല്യു X3 പുതിയ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഹീറ്റഡ്, വെന്റിലേറ്റഡ് സ്പോര്‍ട്സ് സീറ്റുകളും മൂന്ന് വ്യത്യസ്ത ഇന്റീരിയര്‍ അപ്ഹോള്‍സ്റ്ററി ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു.
അകത്ത് ഘടിപ്പിച്ച എല്‍ഇഡി സ്ട്രിപ്പുകള്‍ ക്യാബിനിലുടനീളം U- ആകൃതിയിലുള്ള പാറ്റേണുകള്‍ രൂപപ്പെടുത്തുകയും വ്യത്യസ്ത നിറങ്ങള്‍ കാണിക്കുകയും ചെയ്യും. ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേയെ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററുമായി സമന്വയിപ്പിക്കുന്ന കര്‍വ്ഡ് പനോരമിക് ഡിസ്പ്ലേയാണ് ബിഎംഡബ്ല്യു X3 എസ്‌യുവിയുടെ അകത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. ബിഎംഡബ്ല്യു ഓപ്പറേറ്റിംഗ് സിസ്റ്റം 9-ല്‍ ഇത് പ്രവര്‍ത്തിക്കുന്നു.

പേഴ്‌സണല്‍, സ്‌പോര്‍ട്, എഫിഷ്യന്റ് എന്നീ മൂന്ന് മൈ മോഡുകള്‍ ഉപയോഗിച്ച് കസ്റ്റമൈസ്് ചെയ്യാവുന്ന ആംബിയറ്റ് ലൈറ്റിംഗ് സജ്ജീകരണവും കാറിന് ലഭിക്കുന്നു. സബ്സ്‌ക്രിപ്ഷന്‍ അടിസ്ഥാനമാക്കിയുള്ള ബിഎംഡബ്ല്യു ഡിജിറ്റല്‍ പ്രീമിയം സേര്‍വീസും ബിഎംഡബ്ല്യു കാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് നാവിഗേഷനും ഇന്റഗ്രേറ്റഡ് വോയ്സ് അസിസ്റ്റന്റ് ശേഷിയും മെച്ചപ്പെടുത്തും. ബിഎംഡബ്ല്യു X3 ഒരു ഓപ്ഷണല്‍ ഡ്രൈവിംഗ് അസിസ്റ്റന്റ് പ്രൊഫഷണല്‍ പാക്കേജ് വാഗ്ദാനം ചെയ്യുന്നു.
ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റന്റ്, സൈഡ് കൊളിഷന്‍ പ്രൊട്ടക്ഷന്‍, ആക്റ്റീവ് ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റക്ഷന്‍, ഡിസ്റ്റന്‍സ് കണ്‍ട്രോള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കാറില്‍ ട്രാഫിക് ജാം അസിസ്റ്റന്റ് ഉള്‍പ്പെടുന്നു. ഇത് വഴി മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ഹാന്‍ഡ്സ് ഫ്രീ ഡ്രൈവിംഗ് അനുഭവിച്ചറിയാം.

ബാക്കപ്പ് അസിസ്റ്റന്റ്, റിയര്‍വ്യൂ ക്യാമറ എന്നിവയ്ക്കൊപ്പം പാര്‍ക്കിംഗ് അസിസ്റ്റന്റ് സ്റ്റാന്‍ഡേര്‍ഡായി ബിഎംഡബ്ല്യു ഉള്‍പ്പെടുത്തിയിട്ടുണ്ട്. പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ X3 എസ്‌യുവി 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് 4 സിലിണ്ടര്‍ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാം. ടര്‍ബോ പെട്രോള്‍ യൂണിറ്റ് 206 bhp പവറും 320 Nm ടോര്‍ക്കും നല്‍കുന്നു.
ഈ എഞ്ചിന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഇണചേര്‍ത്തിരിക്കുന്നു. അതേസമയം, 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ 197 bhp പവറും 400 Nm ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഡീസല്‍ മില്ലിനൊപ്പം വരുന്നത്.
2025 ബിഎംഡബ്ല്യു X3 കമ്പനിയുടെ ചെന്നൈ പ്ലാന്റില്‍ പ്രാദേശികമായി നിര്‍മ്മിക്കും. 2025 ബിഎംഡബ്ല്യു X3 യുടെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ വെബ്സൈറ്റ് വഴിയോ ഡീലര്‍ഷിപ്പുകള്‍ വഴിയോ വാഹനം ബുക്ക് ചെയ്യാം. ഡെലിവറി ഏപ്രിലില്‍ ആരംഭിക്കും. മെര്‍സിഡീസ് ബെന്‍സ് GLC, ഓഡി Q5, വോള്‍വോ XC60, റേഞ്ച് റോവര്‍ ഇവോക്ക് എന്നിവയാണ് പുതിയ ബിഎംഡബ്ല്യു X3-യുടെ എതിരാളികള്‍.


Click it and Unblock the Notifications








