ഓണം ഓഫര്‍ കണ്ട് കണ്ണ് 'മഞ്ഞളിക്കല്ലേ'! ഉത്സവ സീസണില്‍ വാഹനം വാങ്ങുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും

കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണം ലോകമെമ്പാടുമുള്ള മലയാളികള്‍ സമുചിതമായി ആഘോഷിക്കാറുണ്ട്. ചിങ്ങം പിറന്നതോടെ മലയാളികള്‍ ഓണാഘോഷങ്ങളുടെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഓണക്കാലം കളറാക്കാന്‍ വേണ്ടി പുതിയ അതിഥികളെ വീടുകളിലേക്ക് വരവേല്‍ക്കുന്ന ശീലവും ജനങ്ങള്‍ക്കുണ്ട്. ഓണം സീസണില്‍ കേരളത്തില്‍ നിന്ന് കാര്‍ വാങ്ങുമ്പോള്‍ നിരവധി നേട്ടങ്ങളുണ്ട്. ഡീലര്‍മാര്‍ നല്‍കുന്ന കിഴിവുകളും ഓഫറുകള്‍ക്കുമൊപ്പം ഉത്സവാന്തരീക്ഷത്തില്‍ കൂടുതല്‍ പണംപൊടിക്കാനുള്ള പ്രവണതയും കാര്‍ പര്‍ച്ചേസിന് പറ്റിയ സമയമായി ഓണക്കാലം മാറുന്നു. എന്നാല്‍ ഓണക്കാലത്ത് കാര്‍ വാങ്ങുന്നത് കൊണ്ട് ചില ദോഷങ്ങളുമുണ്ടെന്ന കാര്യം പലര്‍ക്കും അറിയില്ല.

ഈ ഓണക്കാലത്ത് ഒരു കാര്‍ വാങ്ങാന്‍ പ്ലാന്‍ ചെയ്യുന്ന വ്യക്തിയാണെങ്കില്‍ ഇത് വായിക്കുന്നതെങ്കില്‍ ഈ ലേഖനം നിങ്ങള്‍ക്കുള്ളതാണ്. ഓണം എന്ന് മാത്രമല്ല നവംബര്‍ വരെ നീണ്ടുനില്‍ക്കുന്ന ഉത്സവ സീസണില്‍ ഇന്ത്യയില്‍ കാര്‍ വാങ്ങുമ്പോള്‍ നിറയെ ഗുണങ്ങള്‍ക്കൊപ്പം ഏതാനും ചില ദോഷങ്ങളും ഉണ്ട്. ഓഫറുകളിലും ആനുകൂല്യങ്ങളിലും മതിമറക്കാതെ അവ കൂടി മനസ്സില്‍ വെച്ചായിരിക്കണം ഷോറൂമിലേക്ക് വെച്ചുപിടിക്കേണ്ടത്. ആദ്യം നമുക്ക് ഉത്സവ സീസണില്‍ വാഹനം വാങ്ങുമ്പോള്‍ ഉള്ള ഗുണങ്ങള്‍ തന്നെ നോക്കാം.

tata motors onam offer 2025

ആകര്‍ഷകമായ ഓഫറുകളും കിഴിവുകളും: എല്ലാ ഉപഭോക്താക്കളെയും ഓണക്കാലത്ത് കാര്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്ന ഒരു ഘടകം ഓഫറുകളും കിഴിവുകളും തന്നെയാണ്. ഉത്സവകാലത്തെ ഡിമാന്‍ഡ് പ്രയോജനപ്പെടുത്താന്‍ വാഹന നിര്‍മ്മാതാക്കളും ഡീലര്‍ഷിപ്പുകളും പ്രത്യേക ഓഫറുകള്‍, കിഴിവുകള്‍, ഫിനാന്‍സിംഗ് ഓപ്ഷനുകള്‍ എന്നിവ പ്രഖ്യാപിക്കാറുണ്ട്. പ്രധാനമായും കേരളത്തില്‍ മാത്രം ആഘോഷിക്കുന്ന ഉത്സവമായതിനാല്‍ സംസ്ഥാനത്തിന് മാത്രമായുള്ള ഓഫറുകള്‍ ഓണക്കാലത്താണ് പ്രഖ്യാപിക്കാറ്. ടാറ്റ മോട്ടോര്‍സ്, കിയ, ഹ്യുണ്ടായി തുടങ്ങിയ ബ്രാന്‍ഡുകള്‍ ഇതിനോടകം ഓണം ഓഫറുകള്‍ പ്രഖ്യാപിച്ച് കഴിഞ്ഞു.

പുതിയ ലോഞ്ചുകള്‍: ജനങ്ങള്‍ കൂടുതലായി കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന സമയമായതിനാല്‍ അത് ലക്ഷ്യം വെച്ച് വണ്ടിക്കമ്പനികള്‍ പുതിയ മോഡലുകള്‍ പുറത്തിറക്കാറുണ്ട്. ഈ മാസവും കഴിഞ്ഞ മാസവുമെല്ലാം അത്തരത്തില്‍ ചില പുതിയ ലോഞ്ചുകളും അപ്‌ഗ്രേഡുകളും ഉണ്ടായിരുന്നു. ഇത് ഉപഭോക്താക്കള്‍ക്ക് ഏറ്റവും പുതിയ ഫീച്ചറുകളും സാങ്കേതികവിദ്യകളും നിറഞ്ഞ വാഹനം സ്വന്തമാക്കാന്‍ അവസരം നല്‍കുന്നു.

volkswagen onam mega delivery kerala

ലഭ്യത: ഉത്സവകാലത്ത് പൊതുവേ വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് കൂടുതലായിരിക്കും. ഇത് കണ്ടറിഞ്ഞ് കമ്പനികള്‍ ഉത്പാദനം കൂട്ടും. ഉത്സവകാലത്ത് പരമാവധി വില്‍പ്പന വാരാന്‍ വേണ്ടി ഡീലര്‍ഷിപ്പുകള്‍ ജനപ്രിയ മോഡലുകള്‍ കൂടുതല്‍ സ്റ്റോക്ക് ചെയ്യാറുണ്ട്. ഇത് ഒരു ഉപഭോക്താവിന് തനിക്ക് ആവശ്യമുള്ള കാര്‍ കണ്ടെത്താനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. കാറിന്റെ ലഭ്യത ഉറപ്പാണെന്നതിനാല്‍ മറ്റ് തലവേദനകള്‍ ഒന്നുമില്ല.

ഉത്സവാന്തരീക്ഷവും പരിപാടികളും: ഓണക്കാലത്ത് പൊതുവേ ഡീലര്‍ഷിപ്പുകളില്‍ ഉത്സവാന്തരീക്ഷമായിരിക്കും. വില്‍പ്പന കൂടുന്ന 'ചാകര'ക്കാലമായതിനാല്‍ ഡീലര്‍ഷിപ്പുകള്‍ കാര്‍ പ്രദര്‍ശനങ്ങളും ടെസ്റ്റ് ഡ്രൈവ് ഇവന്റുകളും സംഘടിപ്പിക്കാറുണ്ട്. ഇത് മൊത്തത്തില്‍ ഒരു സെലിബ്രേഷന്‍ മൂഡ് സൃഷ്ടിക്കുന്നു. ഉത്സവസമാനമായ അന്തരീക്ഷത്തില്‍ വര്‍ണാഭമായ ഷോറൂമുകളില്‍ വളരെ സന്തോഷത്തോടെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ മനസ്സിനും ബജറ്റിനുമെല്ലാം ഇണങ്ങിയ കാര്‍ മോഡലുകള്‍ കണ്ടെത്താന്‍ സാധിക്കും.

ഓണം കേരളത്തിലെ ഒരു പ്രധാന ഉത്സവമാണ്. ഈ സമയത്ത് കാര്‍, ബൈക്ക് പോലുള്ള വാഹനങ്ങള്‍ ആയാലും ഗൃഹോപകരണങ്ങളായാലും വാങ്ങുന്നത് ശുഭകരമാണെന്ന് പലരും വിശ്വസിക്കുന്നു. അതായത് ഓണക്കാലത്ത് കാര്‍ വാങ്ങുന്നതിന് സാംസ്‌കാരികപരമായ ചില ഘടകങ്ങള്‍ കൂടി അനുകൂലമാകുന്നു. ഇനി നമുക്ക് ഓണക്കാലത്ത് കാര്‍ വാങ്ങുന്നതിന്റെ ചില പോരായ്മകള്‍ അല്ലെങ്കില്‍ ദോഷങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഇഷ്ട വാഹനങ്ങളുടെ സ്‌റ്റോക്ക് കുറയും: ഡിമാന്‍ഡ് കൂടുന്നത് ജനപ്രിയ മോഡലുകളുടെ സ്റ്റോക്ക് കുറയാന്‍ ഇടയാക്കും. മുകളില്‍ പറഞ്ഞ പോലെ കമ്പനി ഉത്പാദനം എത്ര കൂട്ടിയാലും ജനങ്ങള്‍ അവര്‍ക്ക് പ്രിയപ്പെട്ട മോഡല്‍ വാങ്ങിപ്പോകുന്നതിനാല്‍ അവ വേഗത്തില്‍ സ്‌റ്റോക്ക് ഔട്ട് ആകാന്‍ സാധ്യതയുണ്ട്. ഇത് ഉപഭോക്താക്കളെ അവര്‍ക്ക് ഇഷ്ടമില്ലാത്ത മോഡലുകള്‍ തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരാക്കും. അതുമല്ലെങ്കില്‍ വിചാരിച്ച സമയത്ത് കാര്‍ കിട്ടാതെ ഡെലിവറിക്കായി കൂടുതല്‍ സമയം കാത്തിരിക്കേണ്ട സാഹചര്യം വരും.

festival season car purchase

എടുത്തുചാടിയുള്ള തീരുമാനം: ഓണക്കാലത്തെ ഓഫര്‍ പരിമിതകാലത്തേക്ക് മാത്രമാണെന്ന് നമുക്കറിയാം. ഇത്തരത്തില്‍ ലിമിറ്റഡ് പീരിയഡ് ഓഫറുകള്‍ കാരണം വേണ്ടത്ര ഗവേഷണം നടത്താതെ എടുത്തുചാടിയുള്ള തീരുമാനങ്ങളിലേക്ക് ഒരാളെ നയിച്ചേക്കാം. ഇത് ഒരാള്‍ക്ക് ഏറ്റവും അനുയോജ്യമായ കാറോ മികച്ച ഡീലോ ലഭിക്കാത്ത സാഹചര്യത്തിലേക്ക് എത്തിച്ചേക്കാം. ഓണക്കാലത്ത് കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ കുറച്ച് നാളുകള്‍ക്ക് മുമ്പേ ഗവേണം നടത്തി ഒരു തീരുമാനത്തില്‍ എത്തിയാല്‍ ഇത് മറികടക്കാന്‍ സാധിക്കും.

ഫീച്ചറുകളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരും: ഡിമാന്‍ഡ് കൂടുന്നത് കാരണം ചിലപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ചില ഫീച്ചറുകളുടെയോ സ്‌പെസിഫിക്കേഷനുകളുടെയോ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നേക്കാം. ഉദാഹരണത്തിന് ഒരാള്‍ക്ക് സണ്‍റൂഫ് ഉള്ള ഒരു വേരിയന്റ് വേണമെന്ന് കരുതുക. നിലവില്‍ ട്രെന്‍ഡിംഗ് ആയ ഈ ഫീച്ചറുള്ള കാറുകള്‍ വേഗം വിറ്റുപോയാല്‍ അതില്ലാത്ത വേരിയന്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നേക്കാം. കാത്തിരുന്നാല്‍ വാഹനം കിട്ടുമെങ്കിലും ഓണത്തിന് വണ്ടി ഡെലിവറിയെടുക്കല്‍ ചിലപ്പോള്‍ നടന്നെന്ന് വരില്ല.

മെയിന്റനന്‍സ് & പുനര്‍വില്‍പ്പന മൂല്യം: ഉത്സവസീസണില്‍ വില്‍പ്പന കൂടുന്നത് കാരണം ഡീലര്‍ഷിപ്പുകള്‍ നല്ല സമ്മര്‍ദത്തിലായിരിക്കും. ഇത് മെയിന്റനന്‍സ് അടക്കമുള്ള വില്‍പ്പനാനന്തര സേവനങ്ങളെ ബാധിച്ചേക്കാം. മാത്രമല്ല ഇപ്പോള്‍ വര്‍ഷത്തിന്റെ രണ്ടാം പകുതി തുടങ്ങിക്കഴിഞ്ഞു. വര്‍ഷാവസാനം വാങ്ങുന്ന കാറുകള്‍ക്ക് പുനര്‍വില്‍പ്പന മൂല്യം കുറയാന്‍ സാധ്യതയുണ്ട്. പുതിയ വര്‍ഷത്തിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വാങ്ങിയതാണെങ്കില്‍ പോലും വര്‍ഷാവസാനം വാങ്ങിയ കാറുകള്‍ പഴയതായി കണക്കാക്കപ്പെടാം.

ഓണക്കാലത്ത് കാര്‍ വാങ്ങുമ്പോള്‍ ഓഫറുകള്‍, പുതിയ ലോഞ്ചുകള്‍ എന്നിവയടക്കം ഒത്തിരി ഗുണങ്ങളുണ്ട്. എന്നിരുന്നാലും ഡിമാന്‍ഡ് കൂടുമ്പോള്‍ വരാവുന്ന സ്‌റ്റോക്കില്ലായ്മ പോലുള്ള പ്രശ്‌നങ്ങളും എടുത്തുചാടിയുള്ള തീരുമാനങ്ങള്‍ എന്നിവ ഈ സമയത്ത് കാര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. നിങ്ങളോ അല്ലെങ്കില്‍ നിങ്ങളുടെ പരിചയത്തിലുള്ളവരോ ഓണക്കാലത്ത് കാര്‍ വാങ്ങാന്‍ പദ്ധതിയിട്ടിട്ടുണ്ടെങ്കില്‍ ഇക്കാര്യങ്ങള്‍ മനസ്സിലുണ്ടാവണേ.

More from DriveSpark

Article Published On: Wednesday, August 20, 2025, 10:00 [IST]
English summary
New car purchase during onam season pros and cons explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X