സെല്‍റ്റോസ് പതുങ്ങിയത് കുതിക്കാന്‍ തന്നെ! സാമ്പിള്‍ വെടിക്കെട്ടായി ടീസര്‍, പൂരം ഡിസംബര്‍ 10-ന്

ഇന്ത്യയിലെ കോംപാക്ട് എസ്‌യുവി വിഭാഗത്തില്‍ മത്സരാര്‍ത്ഥികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് പോര് മുറുകിയിരിക്കുകയാണ്. കിടമത്സരത്തിനിടയില്‍ പിന്നിലായിപ്പോകാതിരിക്കാന്‍ ബ്രാന്‍ഡുകളെല്ലാം ശ്രദ്ധിക്കുന്നുണ്ട്. കോംപാക്ട് എസ്‌യുവി വിഭാഗത്തില്‍ എന്നും മുന്‍പന്തിയില്‍ കൃത്യമായി പറഞ്ഞാല്‍ ഹ്യുണ്ടായി ക്രെറ്റയുടെ പിന്നില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന സെല്‍റ്റോസ് സമീപകാലത്തായി പുതിയ എതിരാളികള്‍ വന്നപ്പോള്‍ അല്‍പ്പം പിന്നിലേക്ക് പോയിരുന്നു. എന്നാല്‍ പുലി പതുങ്ങുന്നത് കിതയ്ക്കാനല്ല കുതിക്കാനാണെന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്ന പോലെ വമ്പന്‍ അപ്‌ഡേറ്റുകളുമായി പുതിയ സെല്‍റ്റോസ് പുറത്തിറങ്ങാന്‍ പോകുകയാണ്. 2025 ഡിസംബര്‍ 10-ന് ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ പോകുന്ന പുതിയ തലമുറ സെല്‍റ്റോസിന്റെ ആദ്യ ഔദ്യോഗിക ടീസര്‍ കിയ പുറത്തിറക്കി.

സി-സെഗ്മെന്റ് എസ്‌യുവിയില്‍ വരുന്ന പ്രധാന ഡിസൈന്‍ മാറ്റങ്ങളെ കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ നല്‍കുന്നുണ്ട് പുതിയ ടീസര്‍. 2019-ല്‍ ആദ്യമായി അരങ്ങേറ്റം കുറിച്ച് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം വരുന്ന 2026 മോഡലിന് ഇപ്പോള്‍ കൂടുതല്‍ ബോള്‍ഡായ ഒരു എക്‌സ്റ്റീരിയറും മെച്ചപ്പെട്ട സുരക്ഷാ സവിശേഷതകള്‍ക്കൊപ്പം കൂടുതല്‍ ടെക്‌നോളജികളാല്‍ സമ്പന്നമായ ക്യാബിനും ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

kia seltos teaser

സ്‌ക്വയര്‍ഡ് ഓഫ് സിലൗറ്റ് സ്വീകരിക്കുന്ന സെല്‍റ്റോസിന് വെര്‍ട്ടിക്കല്‍ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ഫാസിയ ലഭിക്കുന്നു. ഇത് എസ്‌യുവിക്ക് പുതിയ സിഗ്‌നേച്ചര്‍ ലൈറ്റിംഗ് പാറ്റേണ്‍ സമ്മാനിക്കുന്നുണ്ട്. ഗ്രില്‍ ഏരിയ നിലവിലെ മോഡലിനേക്കാള്‍ വിശാലവും കൂടുതല്‍ പ്രാധാന്യമുള്ളതുമായി കാണപ്പെടുന്നു. ഇത് ശക്തവും കൂടുതല്‍ ബ്ലോക്ക് ലൈക്ക് ഡിസൈന്‍ ഭാഷയിലേക്കുള്ള മാറ്റത്തെ സൂചിപ്പിക്കുന്നു.

സോറെന്റോ, ടെല്ലുറൈഡ് പോലുള്ള അന്താരാഷ്ട്ര മോഡലുകളുമായി പൊരുത്തപ്പെടുന്ന ഫ്രണ്ട് ഫാസിയയാണ് സെല്‍റ്റോസിന് ലഭിക്കാന്‍ പോകുന്നത്. പരിഷ്‌കരിച്ച ബമ്പര്‍ കോണ്ടൂര്‍, ഷോള്‍ഡര്‍ ലൈന്‍, ഷാര്‍പ്പായ സെഡ് പ്രൊഫൈല്‍ എന്നിവയാണ് ദൃശ്യപരമായി കാറില്‍ വരുന്ന പ്രധാന മാറ്റങ്ങള്‍. പിന്‍ഭാഗത്ത്, പുതിയ എല്‍ഇഡി ടെയില്‍-ലാമ്പുകളും പുനര്‍നിര്‍മ്മിച്ച ടെയില്‍ഗേറ്റും നമുക്ക് കാണാന്‍ കഴിയും.

kia seltos teaser

ഔട്ട്‌ഗോയിംഗ് മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ ഡിസൈന്‍ വശം കാര്യമായ മാറ്റങ്ങള്‍ ന്യൂജെന്‍ സെല്‍റ്റോസില്‍ ദൃശ്യമാണ്. പുതിയ തലമുറ സെല്‍റ്റോസില്‍ നിലവിലുള്ള സ്‌റ്റൈലിംഗ് ടെംപ്ലേറ്റില്‍ നിന്ന് വ്യക്തമായ ഒരു മാറ്റം കൊണ്ടുവരാന്‍ കൊറിയന്‍ കമ്പനി ശ്രമിച്ചിട്ടുണ്ടെന്ന് ഇതില്‍ നിന്ന് നമുക്ക് മനസ്സിലാകും. ടീസര്‍ സെല്‍റ്റോസിന്റെ പുതുക്കിയ ക്യാബിന്‍ ലേഔട്ടിലേക്ക് വിരല്‍ ചൂണ്ടുന്നു.

ഡാഷ്ബോര്‍ഡില്‍ പുതിയ മെറ്റീരിയലുകള്‍, പുതുക്കിയ സര്‍ഫസ് ടെക്‌സ്ചറുകള്‍, റീപ്രൊഫൈല്‍ ചെയ്ത പാനലുകള്‍ എന്നിവ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലെ സെല്‍റ്റോസുമായി താരതമ്യപ്പെടുത്തുമ്പോള്‍ മെച്ചപ്പെട്ട എര്‍ഗണോമിക്‌സിനൊപ്പം മൊത്തത്തില്‍ ക്യാബിന്‍ നല്ല വൃത്തിയായി അലങ്കരിച്ചതായി തോന്നുന്നു. ഉയര്‍ന്ന നിലവാരമുള്ള മെറ്റീരിയലുകളും പുതുക്കിയ യൂസര്‍ ഇന്റര്‍ഫേസും ഉപയോഗിച്ച് സെല്‍റ്റോസിനെ കിയയുടെ ഗ്ലോബല്‍ എസ്‌യുവികളുമായി ചേര്‍ത്ത് നിര്‍ത്താനാണ് കമ്പനി ശ്രമിക്കുന്നത്.

kia seltos teaser

ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനും ഇന്‍ഫോടെയ്ന്‍മെന്റ് ഡ്യൂട്ടികള്‍ക്കുമായി സമര്‍പ്പിച്ചിരിക്കുന്ന ഇരട്ട ഡിജിറ്റല്‍ സ്‌ക്രീനുകളുടെ സാന്നിധ്യം സമീപകാല സ്‌പൈ ചിത്രങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പനോരമിക് സണ്‍റൂഫ്, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 360-ഡിഗ്രി ക്യാമറ സിസ്റ്റം എന്നിവയാണ് പ്രതീക്ഷിക്കുന്ന സവിശേഷതകള്‍. എസ്യുവിയുടെ ആക്ടീവ് സേഫ്റ്റി കഴിവുകള്‍ വിശാലമാക്കിക്കൊണ്ട് ലെവല്‍ 2+ ADAS എസ്‌യുവിയില്‍ ചേര്‍ക്കുമെന്ന് കരുതുന്നു.

വരാനിരിക്കുന്ന സെല്‍റ്റോസില്‍ നിലവിലുള്ള എഞ്ചിന്‍ നിര തന്നെ തുടര്‍ന്നും സേവനമനുഷ്ഠിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതില്‍ 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ യൂണിറ്റുകള്‍ ഉള്‍പ്പെടുന്നു. ഇവ മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. കൂടാതെ, ഹൈബ്രിഡ് എഞ്ചിന്‍ ഓപ്ഷന്‍ കൂടി ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഉള്‍പ്പെടെയുള്ള വൈദ്യുതീകരിച്ച വാഹനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പോകുന്നതായി അടുത്തിടെ നടന്ന 2025ലെ നിക്ഷേപക ദിനത്തില്‍ കമ്പനി അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു.

കോംപാക്റ്റ് മുതല്‍ ഫുള്‍സൈസ് മോഡലുകള്‍ വരെ, എല്ലാ സെഗ്മെന്റുകളിലും തങ്ങളുടെ ഹൈബ്രിഡ് നിര വൈവിധ്യവല്‍ക്കരിക്കുമെന്ന് കമ്പനി അറിയിച്ചു. ഹ്യുണ്ടായി ക്രെറ്റ, ടൊയോട്ട ഹൈറൈഡര്‍, മാരുതി ഗ്രാന്‍ഡ് വിറ്റാര, എംജി ആസ്റ്റര്‍, ഹോണ്ട എലിവേറ്റ്, ഫോക്സ്വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാഖ് എന്നീ മോഡലുകള്‍ക്കെതിരാണ് സെല്‍റ്റോസ് മത്സരിക്കുന്നത്. പുതിയ സെല്‍റ്റോസിന് വലിയ രീതിയിലുള്ള വില വര്‍ധനവ് പ്രതീക്ഷിക്കുന്നില്ല. നിലവില്‍ 10.79 ലക്ഷം രൂപ മുതലാണ് സെല്‍റ്റോസിന്റെ എക്‌സ്‌ഷോറൂം വില തുടങ്ങുന്നത്.

More from DriveSpark

Article Published On: Monday, December 1, 2025, 14:43 [IST]
English summary
New generation kia seltos teased ahead of 10 december global debut all details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X