ടാറ്റ കാറിനെ മുച്ചൂടും മുടിക്കണം! കുറഞ്ഞ വിലയും കൂടുതല്‍ റേഞ്ചുമായി ഹ്യുണ്ടായിയുടെ കുഞ്ഞന്‍ ഇവി വരുന്നു
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മാതാക്കളാണ് ഹ്യുണ്ടായി (Hyundai). 1998 സെപ്റ്റംബറില്‍ സാന്‍ട്രോയെന്ന ടോള്‍ ബോയ് ഹാച്ച്ബാക്കുമായി ഇന്ത്യന്‍ വിപണിയിലെത്തിയ കമ്പനി വളരെ പെട്ടെന്ന് ഫേവറിറ്റായി മാറി. ഹാച്ച്ബാക്ക്, എസ്‌യുവി, സെഡാന്‍, ഇവി എന്നീ വിഭാഗങ്ങളിലായി കൊറിയന്‍ കമ്പനി ഇപ്പോള്‍ ഒരു ഡസനിലേറെ കാര്‍ മോഡലുകള്‍ വില്‍ക്കുന്നു. നിലവില്‍ രണ്ട് ഇലക്ട്രിക് കാറുകളാണ് ഹ്യുണ്ടായി ഇന്ത്യയില്‍ ഓഫര്‍ ചെയ്യുന്നത്. ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, ഹ്യുണ്ടായി അയോണിക് 5 എന്നിവയാണ് അവ. ഈ രണ്ട് കാറുകളും താരതമ്യേന ഉയര്‍ന്ന വിലയിലാണ് വില്‍ക്കുന്നത്.
ഇതില്‍ മാസ് മാര്‍ക്കറ്റ് ഇവി എന്ന നിലയില്‍ പറയാന്‍ സാധിക്കുക ക്രെറ്റ ഇലക്ട്രിക് ആണ്. എന്നിരുന്നാലും ഈ ഇലക്ട്രിക് എസ്‌യുവിയുടെ പ്രാരംഭ വില 18.02 ലക്ഷം രൂപയാണ്. അതേസമയം, ഇതിന്റെ ടോപ് വേരിയന്റ് 24.70 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്. ഇത് സാധാരണക്കാരന് താങ്ങാന്‍ പറ്റുന്നതല്ല. അയോണിക് 5 ഒറ്റ വേരിയന്റില്‍ മാത്രമാണ് വിപണിയില്‍ എത്തുന്നത്. പ്രീമിയം ഇലക്ട്രിക് എസ്‌യുവിയായ അയോണിക് 5 വാങ്ങാന്‍ 46.05 ലക്ഷം രൂപ മുടക്കേണ്ടതുണ്ട്.

നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ എന്‍ട്രി ലെവല്‍ ഇവികള്‍ക്ക് ഡിമാന്‍ഡ് കൂടി വരുന്നുണ്ട്. അതിനാല്‍ ഇന്ത്യന്‍ വിപണിയിലേക്ക് ഒരു കുറഞ്ഞ വിലയുള്ള പുത്തന്‍ ഇലക്ട്രിക് കാര്‍ അവതരിപ്പിക്കാന്‍ ഹ്യുണ്ടായി പദ്ധതിയിടുന്നതായി ഗാഡിവാഡി റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ എന്‍ട്രി ലെവല്‍ ഇവി ടാറ്റ പഞ്ച് ഇവിയുമായിട്ടായിരിക്കും നേരിട്ട് ഏറ്റുമുട്ടുക.
പുതിയ ഇലക്ട്രിക് കാറില്‍ കൊറിയന്‍ കമ്പനി ഒന്നിലേറെ ബാറ്ററി പായ്ക്ക് ഓപ്ഷനുകള്‍ നല്‍കുമെന്നാണ് വിവരം. ഇതില്‍ ചെറിയ 42 kWh ബാറ്ററി ഫുള്‍ ചാര്‍ജില്‍ 300 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് അവകാശവാദം. അതേസമയം രണ്ടാമത്തെ 49 kWh ബാറ്ററി പായ്ക്ക് ഒന്നത്തവണ ചാര്‍ജ് ചെയ്താല്‍ 355 കിലോമീറ്റര്‍ ഓടാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. കുറഞ്ഞ വിലയുള്ള കാറുകളില്‍ വരെ ഹൈടെക് ഫീച്ചറുകള്‍ നല്‍കുന്നതില്‍ മിടുക്കന്‍മാരാണ് ഹ്യുണ്ടായി എന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്.

വരാന്‍ പോകുന്ന ഇവിയുടെ കാര്യത്തിലും മറിച്ച് സംഭവിക്കില്ല. ഈ പുതിയ ഇലക്ട്രിക് കാറില്‍ ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS), 360 ഡിഗ്രി ക്യാമറ, സണ്‍റൂഫ്, വെന്റിലേഷന്‍ സൗകര്യങ്ങളുള്ള സീറ്റുകള്‍, വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. നിലവില്‍ ഹ്യുണ്ടായിയുടെ പോര്‍ട്‌ഫോളിയോയിലുടനീളം 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആണ്.
അതുകൊണ്ട് പുതിയ ഇവിയുടെ ബേസ് വേരിയന്റില്‍ വരെ 6 എയര്‍ബാഗുകള്‍ മറ്റ് നൂതന സുരക്ഷാ സംവിധാനങ്ങളും നല്‍കിയേക്കാം. യൂറോപ്യന്‍ വിപണിയിലുള്ള ഹ്യുണ്ടായി ഇന്‍സ്റ്റര്‍ ഇവി (Hyundai Inster EV) അടിസ്ഥാനമാക്കിയാകും ഇന്ത്യയിലെത്താന്‍ പോകുന്ന പുതിയ ഇവി പണിയുക. ഈ കാര്‍ പൂര്‍ണമായും ഇന്ത്യയിലായിരിക്കും നിര്‍മിക്കുക. ഇന്ത്യയിലെ ഇവി പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ബജറ്റ് ഇവി 2027-ഓടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

നിലവില്‍ ടാറ്റ പഞ്ച് ഇവിക്ക് 9.99 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. ടോപ് വേരിയന്റിന് 14.44 ലക്ഷം രൂപയാണ് വില. എക്‌സ്‌ഷോറൂം വിലകളാണ് ഇത്. ഹ്യുണ്ടായിയുടെ പുതിയ ഇലക്ട്രിക് കാറും ഏതാണ്ട് ഇതേ വിലയില്‍ എത്താനാണ് സാധ്യത. ഇത് ഹ്യുണ്ടായിയുടെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാറായി മാറിയേക്കാം.
ഇന്‍സ്റ്റര്‍ ഇവിയെ അടിസ്ഥാനമാക്കിയുള്ള ഇവിക്ക് ശേഷം ഗ്രാന്‍ഡ് i10 നിയോസ്, വെന്യു കോംപാക്ട് എസ്‌യുവി എന്നിവയുടെ ഇലക്ട്രിക് പതിപ്പുകളും കമ്പനി പുറത്തിറക്കുമെന്നാണ് വിവരം. എക്‌സ്റ്റര്‍ മൈക്രോ എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പ് കൊണ്ടുവരാന്‍ കമ്പനിക്ക് പദ്ധതിയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും അതിന്റെ അപ്‌ഡേറ്റുകള്‍ ഒന്നും വന്നിട്ടില്ല. ഏതായാലും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാര്‍ വിഭാഗത്തില്‍ ഇറങ്ങാനുള്ള ഹ്യുണ്ടായിയുടെ പദ്ധതികള്‍ ഇവി പ്രേമികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്നു.


Click it and Unblock the Notifications








