നവംബര്‍ നാലിന് പുറത്തിറങ്ങുന്ന പുതിയ ഹ്യുണ്ടായി കാര്‍ ഇങ്ങനെയിരിക്കും; ആവേശമുണര്‍ത്തി ടീസര്‍
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി 2019-ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ച് സബ് 4 മീറ്റര്‍ എസ്‌യുവിയാണ് വെന്യു. ടാറ്റ നെക്‌സോണ്‍, മാരുതി ബ്രെസ, കിയ സോനെറ്റ് എന്നീ മോഡലുകളുമായി എതിരിട്ട് സെഗ്‌മെന്റില്‍ മേല്‍വിലാസം സ്ഥാപിക്കാന്‍ വെന്യുവിന് സാധിച്ചിരുന്നു. കമ്പനി അടുത്ത മാസം നാലാം തീയതി വെന്യുവിന്റെ രണ്ടാം തലമുറ പതിപ്പ് അവതരിപ്പിക്കാന്‍ പോകുകയാണ്. പുതിയ എസ്‌യുവിയുടെ രൂപകല്‍പ്പനയിലും ഇന്റീരിയറിലും വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു. ആദ്യ ഘട്ടത്തില്‍ പുതിയ വെന്യൂവിനെ കുറിച്ചുള്ള എല്ലാ വിവരവങ്ങളും ഹ്യുണ്ടായി രഹസ്യമാക്കി വെച്ചിരുന്നെങ്കിലും, അടുത്തിടെ പുറത്തുവന്ന സ്‌പൈ ചിത്രങ്ങള്‍ പല വിശദാംശങ്ങളും വെളിപ്പെടുത്തി.
ഇപ്പോള്‍ നവംബര്‍ നാലിന് നടക്കാന്‍ പോകുന്ന ലോഞ്ചിന് മുന്നോടിയായി പുതിയ തലമുറ ഹ്യുണ്ടായി വെന്യുവിന്റെ ആദ്യ ടീസര്‍ വീഡിയോ പുറത്തുവിട്ടു. കോംപാകട് എസ്‌യുവിയുടെ ഫ്രണ്ട് ഡിസൈനുമായി ബന്ധപ്പെട്ട പ്രധാന സൂചനകള്‍ ടീസര്‍ നല്‍കുന്നു. പുതിയ വെന്യുവിന്റെ മുന്‍ഭാഗത്തെ രൂപകല്‍പ്പനയും പരിഷ്‌കരിച്ച ലൈറ്റിംഗ് പാറ്റേണുകളും ടീസറില്‍ കാണാം.

പുതിയ മോഡലിന് മുന്നില്‍ കൂടുതല്‍ ആകര്‍ഷകമായ ലൈറ്റിംഗ് ഡിസൈന്‍ ഉണ്ടാകും. ഇരുവശത്തുമുള്ള എല്‍ഇഡി ഡിആര്‍എല്ലുകളെ ബന്ധിപ്പിക്കുന്ന ഒരു ഫുള്‍-വിഡ്ത്ത് എല്‍ഇഡി ലൈറ്റ് ബാറും ഇതില്‍ ഉള്‍പ്പെടും. ഫ്രണ്ട് ബമ്പറില്‍ സവിശേഷമായ രൂപകല്‍പ്പനയോടുകൂടിയ ലൈറ്റിംഗ് ഘടകങ്ങളും ദൃശ്യമാണ്.
വീഡിയോയില്‍ വ്യക്തമായി കാണിക്കുന്നില്ലെങ്കിലും ഇവയില്‍ ചിലത് ഇന്‍ഡിക്കേറ്ററുകളായി പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്.
ഓരോന്നിനും നാല് ഐസ്-ക്യൂബ് പോലുള്ള എല്‍ഇഡി ഘടകങ്ങളുള്ള ചതുരാകൃതിയിലുള്ള ഹെഡ്ലാമ്പുകള്‍ വാഹനത്തിനുണ്ടാകും. പുതിയ വെന്യുവിന്റെ ഫ്രണ്ട് ഗ്രില്‍ രൂപകല്‍പ്പനയും ഈ ടീസറില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പൂര്‍ണമായും പുതിയ രൂപത്തിലായിരിക്കും പുത്തന്‍ വെന്യുവിന്റെ ഗ്രില്‍. സാധാരണവും സ്‌റ്റൈലിഷുമായ ക്രോം പതിച്ച ഗ്രില്ലാണ് ഔട്ട്‌ഗോയിംഗ് മോഡലില്‍ ഉള്ളത്. പുതിയ മോഡലിന് നേര്‍ത്ത ക്രോം ഹൈലൈറ്റുകളോട് കൂടിയ ചതുരാകൃതിയിലുള്ള ഗ്രില്‍ ലഭിക്കും.
ഈ ക്രോം ഘടകങ്ങളുള്ള മൂന്ന് ഹൊറിസോണ്ടല്‍ ലൈനുകളും ഇതില്‍ കാണാം. മുമ്പ് പുറത്തുവന്ന സ്‌പൈ ചിത്രങ്ങളില്‍ വ്യക്തമല്ലായിരുന്ന ഈ ഭാഗം ടീസറില്‍ പുറത്തായി. മുഴുവനായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഫ്രണ്ട് ബമ്പറിന്റെ രൂപവും ടീസറില്‍ കാണിക്കുന്നുണ്ട്.
പുതിയ വെന്യുവിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നിര്‍മ്മാതാക്കള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കാം.
മുകളില്‍ സൂചിപ്പിച്ച ഡിസൈന്‍ വിശദാംശങ്ങള്‍ക്ക് പുറമെ, പുതിയ എസ്‌യുവിക്ക് കണക്റ്റഡ് ടെയില്‍ ലാമ്പുകള്‍, പുതിയ ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, പുതിയ അലോയ് വീലുകള്‍, കട്ടിയുള്ള സൈഡ് ക്ലാഡിംഗുകള്‍, ചതുരാകൃതിയിലുള്ള വീല്‍ ആര്‍ച്ചുകള്‍, റൂഫ് റെയിലുകള്‍ എന്നിവയും ലഭിക്കും.
പുതിയ വെന്യൂവിന്റെ അകത്തളത്തിലും സമൂലമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഇന്‍ഫോടെയ്ന്‍മെന്റിനും ഇന്‍സ്ട്രുമെന്റേഷനുമായി 12.3 ഇഞ്ച് ഡ്യുവല്‍ കണക്റ്റഡ് സ്‌ക്രീനുകള്‍ ഇതിന് ലഭിക്കും. മെച്ചപ്പെട്ട UI/UX, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, 360 ക്യാമറ, വോയിസ് കണ്‍ട്രോള്‍, OTA അപ്ഡേറ്റുകള്‍, സണ്‍റൂഫ് എന്നിവ ഫീച്ചര്‍ ലിസ്റ്റില്‍ ഉള്‍പ്പെടും. ക്രെറ്റയിലും അല്‍കസാറിലുമുള്ള ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) സേഫ്റ്റി കിറ്റില്‍ ഉണ്ടാകും.
പുതിയ വെന്യുവിന് മെക്കാനിക്കലായി മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നീ മൂന്ന് എഞ്ചിനുകള്‍ തന്നെയാകും എസ്‌യുവിക്ക് തുടിപ്പേകുക. ടര്‍ബോ-പെട്രോള്‍ വേരിയന്റുകളില്‍ മാനുവല്‍ കൂടാതെ 7 സ്്പീഡ് DCT ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനും ലഭ്യമാകും. ഡീസല്‍-എടി കോമ്പിനേഷന്‍ ഉണ്ടാകുമോ എന്ന് കണ്ടറിയണം.
നിലവില്‍ 8.48 ലക്ഷം രൂപ മുതല്‍ 12.18 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പോകുന്നത്. നിരവധി മാറ്റങ്ങളുമായി വരുന്ന വെന്യുവിന് അല്‍പ്പം വില കൂടുതല്‍ കൊടുക്കേണ്ടി വരും. അത്യന്തം മത്സരം നിറഞ്ഞ സെഗ്‌മെന്റ് ആയതിനാല്‍ കൂടുതല്‍ പ്രീമിയം പ്രതീക്ഷിക്കേണ്ട്. പുതിയ മോഡലിന് ഏകദേശം 8.5 ലക്ഷം രൂപ മുതല്‍ 13 ലക്ഷം രൂപ വരെ പ്രതീക്ഷിക്കാം. വിലകള്‍ എല്ലാം എക്‌സ്-ഷോറൂം ആണ്.


Click it and Unblock the Notifications








