ടീസർ കണ്ട് ഞെട്ടി ക്രെറ്റയും വിക്ടോറിസും; റിപബ്ലിക്ക് ദിനത്തിൽ പുത്തൻ റെനോ എത്തും
റെനോ ഡസ്റ്റർ ഇന്ത്യൻ വിപണിയിൽ വീണ്ടും എത്താനൊരുങ്ങുകയാണ്. ഏതാനും വർഷം മുമ്പ് വിൽപ്പന നിർത്തിയ ഈ ജനപ്രിയ മോഡലിന്റെ തിരിച്ചുവരവ് വലിയ ആകാംക്ഷയാണ് വിപണിയിൽ സൃഷ്ടിച്ചിച്ചിരിക്കുന്നത്. പുതിയ തലമുറ ഡസ്റ്റർ ജനുവരി 26-ന് റിപ്പബ്ലിക് ദിനത്തിൽ പൊതുജനങ്ങൾക്കായി അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി, റെനോ ഇന്ത്യയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ പുറത്തിറക്കിയ ടീസർ വീഡിയോ സമൂഹ മാധ്യമങ്ങളിൽ അതിവേഗം വൈറലായിരിക്കുകയാണ്. വാഹനത്തിൻ്റെ ഡിസൈൻ,പവർട്രെയിൻ,പുത്തൻ ഫീച്ചറുകൾ,സേഫ്റ്റി ഫീച്ചറുകളുടെ വിശദാംശങ്ങൾ അറിയുന്നതിന് വേണ്ടി ഈ ലേഖനംതുടർന്ന് വായിക്കാൻ മറക്കരുതേ.
അന്താരാഷ്ട്ര വിപണിയിൽ ലഭ്യമായ ഡസ്റ്റർ മോഡലിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യൻ പതിപ്പിൽ നിരവധി ഡിസൈൻ മാറ്റങ്ങൾ റെനോ വരുത്തിയിട്ടുണ്ട്. ഏറ്റവും പുതിയ ടീസർ വീഡിയോ ഈ വിവരങ്ങളെല്ലാം വ്യക്തമാക്കുന്നതാണ്. ഇന്ത്യക്കായി ഒരുക്കുന്ന ഡസ്റ്ററിന്റെ മുൻഭാഗത്ത് പുരികത്തിന്റെ ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ (DRLs) കാണാം. ഇവ ടേൺ ഇൻഡിക്കേറ്ററുകളായും പ്രവർത്തിക്കുമെന്നതാണ് ഹൈലൈറ്റ്. ആഗോള മോഡലിൽ ഇത് 'Y' ആകൃതിയിലാണ് നൽകിയിരിക്കുന്നത്.

റെനോയുടെ നിരവധി യൂറോപ്യൻ മോഡലുകൾക്ക് അടിസ്ഥാനമായ അതേ ആർക്കിടെക്ചർ തന്നെയാണിത്. തമിഴ്‌നാട്ടിലെ ചെന്നൈയ്ക്കടുത്തുള്ള ബ്രാൻഡിന്റെ ദീർഘകാലമായി പ്രവർത്തിക്കുന്ന ഒറഗഡം പ്ലാന്റിലായിരിക്കും എസ്‌യുവിയുടെ പണിയും നടക്കുക. 5-സീറ്റർ, 7-സീറ്റർ മോഡലുകളിലാവും ഇത്തവണ ജനപ്രിയനായ ഡസ്റ്റർ പുനരവതരിക്കുകയെന്നാണ് വിവരം. ഡിസൈൻ ആരേയും ആകർഷിക്കുന്ന വിധത്തിലാവും ഉണ്ടാവുക.
പുതിയ റെനോ ഡസ്റ്ററിന്റെ പിൻഭാഗത്ത് കണക്റ്റഡ് എൽഇഡി ടെയിൽലൈറ്റുകൾ നൽകിയിട്ടുണ്ട്. ആധുനിക എസ്‌യുവി മോഡലുകളിൽ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഫീച്ചറാണിത്, എന്നാൽ അന്താരാഷ്ട്ര മോഡലിൽ ഇത് ലഭിക്കുന്നില്ല. 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും, വയർലെസ് ഫോൺ ചാർജർ, പനോരമിക് സൺറൂഫ് തുടങ്ങിയ ആഢംബര സൗകര്യങ്ങളും വാഹനത്തിൽ പ്രതീക്ഷിക്കാം.

സുരക്ഷാ സവിശേഷതകളിൽ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ബ്ലൈൻഡ് സ്പോട്ട് മോണിറ്ററോടുകൂടിയ 360 ഡിഗ്രി ക്യാമറ, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, എല്ലാ വേരിയന്റുകളിലും 6 എയർബാഗുകൾ എന്നിവ എടുത്തു പറയേണ്ട കാര്യമാണ്. പെർഫോമൻസിൽ തിളങ്ങുന്നതിന് വേണ്ടി തുടക്കത്തിൽ 1.3 ലിറ്റർ ടർബോ പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ ലഭ്യമാകും. ഒരു വർഷത്തിനു ശേഷം 1.6 ലിറ്റർ സ്ട്രോങ്ങ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനും പ്രതീക്ഷിക്കാം.
പുതിയ തലമുറ റെനോ ഡസ്റ്ററിന്റെ പ്രാരംഭ വില ഏകദേശം 10 ലക്ഷം രൂപയായിരിക്കുമെന്നാണ് റിപ്പോർട്ടുകളിൽ നിന്ന് പ്രതീക്ഷിക്കാൻ സാധിക്കുന്നത്. ഈ വില മാരുതി സുസുക്കി വിക്റ്റോറിസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര തുടങ്ങിയ മോഡലുകൾക്ക് കടുത്ത വെല്ലുവിളി ഉയർത്തുമെന്ന കാര്യം നൂറ് ശതമാനം ഉറപ്പാണ്.
ഹ്യുണ്ടായ് ക്രെറ്റ, ടാറ്റ സിയറ, കിയ സെൽറ്റോസ്, ടൊയോട്ട അർബൻ ക്രൂസർ ഹൈറൈഡർ, സ്കോഡ കുഷാഖ്, ഫോക്സ്വാഗൺ ടൈഗൂൺ, എംജി ആസ്റ്റർ എന്നിവയുൾപ്പെടെയുള്ള സെഗ്‌മെന്റിലെ മറ്റ് ജനപ്രിയ എസ്.യു.വി.കൾക്കും റെനോയുടെ ഈ പുതിയ മോഡൽ ശക്തമായ മത്സരം നൽകാൻ സാധ്യതയുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








