എസ്‌യുവി പ്രേമികളുടെ ഇഷ്ടതാരം എന്നും ഇവൻ തന്നെ, ഡസ്റ്ററിന്റെ അടുത്ത വരവിന് മുമ്പേ ചിലത് അറിയാനുണ്ട്
ഒരു ഫാമിലി ട്രിപ്പ് ആസൂത്രണം ചെയ്ത് കുറഞ്ഞ വിലയുള്ള 7 സീറ്ററിന് വേണ്ടി അലയുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങളെ സംതൃപ്തനാക്കാനും എക്കാലത്തും നിങ്ങളുടെ ബെസ്റ്റ് ചോയ്സായി മാറാനും വരാനിരിക്കുന്ന റെനോ ഡസ്റ്ററിന് സാധിക്കും. അതെങ്ങനെയെന്ന് ചിന്തിച്ച് തല പുകയ്ക്കണ്ട! നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഈ ലേഖനത്തിലുണ്ട്. താങ്ങാവുന്ന വിലയിൽ വൈവിധ്യമാർന്ന പ്രകനം കാഴ്ച്ചവെച്ച് ജനഹൃദയങ്ങളിൽ ഇടംപിടിച്ച എസ്‌യുവികളിൽ ഒരാളാണ് റെനോ ഡസ്റ്റർ. ശരിക്കും പറഞ്ഞാൽ ഇന്ത്യയിലെ ആദ്യത്തെ മിഡ്-സൈസ് എസ്‌യുവി കൂടിയാണിത്. കുടുംബമൊത്തുള്ള നിമിഷങ്ങൾ കൂടുതൽ ആനന്ദകരമാക്കാൻ ഡസ്റ്ററിനോളം വരില്ല മറ്റൊന്നും.
വൈവിധ്യമാർന്ന പെർഫോമൻസ്, ബോൾഡ് സ്റ്റൈലിംഗ്, കരുത്തുറ്റ നിർമാണ നിലവാരം എന്നിവ താങ്ങാനാവുന്ന വിലയിൽ സംയോജിപ്പിച്ചുകൊണ്ട് ഇന്ത്യൻ വിപണിയിൽ തരംഗമായ എസ്‌യുവിയായിരുന്നു റെനോ ഡസ്റ്റർ. ഫാമിലി കാറിൻ്റെ പ്രായോഗികത എന്നതിലപ്പുറം സിറ്റി ഡ്രൈവുകൾക്കും പരുക്കൻ റോഡ് സാഹചര്യങ്ങൾക്കും വരെ അനുയോജ്യമായിരുന്നു എന്നതാണ് ഡസ്റ്ററിൻ്റെ പ്രധാന ഹൈലൈറ്റ്.

മോഡേൺ എതിരാളികൾക്ക് മുന്നിൽ അടിപതറി പോയെങ്കിലും രണ്ടാമതൊരു വരവിന് കൂടി ബാല്യം ബാക്കി വെച്ചിട്ടാണ് ഡസ്റ്റർ ഇന്ത്യയോട് ഗുഡ്ബൈ പറഞ്ഞിറങ്ങിയത്. യൂറോപ്പിൽ ഇതിനകം വിപണത്തിനെത്തിയ മോഡൽ വൻഹിറ്റാണ് അവിടെ. പുതിയ മോഡൽ അകത്ത് പോലും പരുക്കൻ ശൈലിയാണ് പിന്തുടർന്നിരിക്കുന്നത്. എന്നാൽ ആധുനികമായ ഡിസൈൻ കൈവിടാതെയാണ് പുത്തൻ ഡസ്റ്ററിനെ പണിതെടുത്തിരിക്കുന്നതും. രണ്ടാംവരവിന് മുന്നോടിയായി നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ പറഞ്ഞുതരാം.
ഡിസൈൻ: ആരേയും മയക്കുന്ന രൂപഭംഗിയാണ് റെനോ ഡസ്റ്ററിന്റെ പുത്തൻ മോഡലിനുണ്ടാവുക. മുൻവശത്തായി വീതിയേറിയ ഗ്രിൽ, എൽഇഡി ലൈറ്റുകൾ, ബോൾഡ് ബമ്പർ എന്നിവ ഒരു സ്മാർട്ട്-ലുക്ക് നൽകാൻ സാഹായിച്ചിട്ടുണ്ട്. ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, കട്ടിയുള്ള ബോഡി ക്ലാഡിംഗ്, വലിയ അലോയ് വീലുകൾ, റൂഫ് റെയിലുകൾ എന്നിവയാൽ വശക്കാഴ്ച്ചയും വേറിട്ടുനിന്നേക്കും. പിന്നിലാണെങ്കിൽ Y-ആകൃതിയിലുള്ള എൽഇഡി ടെയിൽലൈറ്റാണ് മനംമയക്കാനായി ഒരുക്കുക.
എഞ്ചിൻ: മൈൽഡ്-ഹൈബ്രിഡ്, സ്ട്രോംഗ്-ഹൈബ്രിഡ് വേരിയൻ്റുകളിൽ റെനോ ഡസ്റ്റർ അന്താരാഷ്ട്രതലത്തിൽ ലഭ്യമാണ്. പക്ഷേ ഇന്ത്യയിൽ ഇതൊന്നും കൊണ്ടുവരാൻ ഫ്രഞ്ച് പടയ്ക്ക് ഉദ്ദേശമില്ലായിരിക്കും. ഡീസൽ എഞ്ചിൻ കൂടി ഡസ്റ്റർ കൈവിടുമോ എന്നത് കൂടി ഇനി കണ്ടറിയണം. കൈഗറിലെ 1.0 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനും 154 bhp നിർമിക്കാൻ കഴിവുള്ള 1.3 ലിറ്റർ ടർബോചാർജ്ഡ് പെട്രോളും മൂന്നാം തലമുറ ഡസ്റ്ററിന് തുടിപ്പേകാൻ എത്തിയേക്കാം.
ഈ എഞ്ചിനുകൾ യഥാക്രമം 5-സ്പീഡ് മാനുവൽ, 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ചോയ്‌സുകളുമായിട്ടാവും ജോടിയാക്കുക. ഓട്ടോമാറ്റിക് വേണ്ടവർക്കായി സിവിടി ഓപ്ഷണലായി ലഭ്യമാണ്. വില വളരെ മത്സരാധിഷ്ഠിതമായി നിലനിർത്തുന്നതിന് 1.0 ലിറ്റർ ടർബോചാർജ്ഡ് യൂണിറ്റിന് പകരം 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ ഉപയോഗിക്കുന്നത് റെനോ പരിഗണിച്ചേക്കാം. ഈ എഞ്ചിൻ 5-സ്പീഡ് മാനുവൽ സിവിടി ട്രാൻസ്മിഷൻ ചോയിസുകളുമായും വന്നേക്കാം.
സേഫ്റ്റി: മറ്റെല്ലാക്കാര്യത്തിലും ഒരു കുറവും വരുത്താത്ത ഡസ്റ്റർ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച്ച വരുത്തുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? ഒരിക്കലുമില്ല! 5 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ എന്നിവയെല്ലാം എസ്‌യുവിയിലുണ്ടാവും. ടോപ്പ് വേരിയന്റുകളിൽ ലെയ്ൻ-കീപ്പ് അസിസ്റ്റ്, ട്രാഫിക് സൈൻ റെക്കഗ്നിഷൻ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് എന്നിവയുള്ള ADAS ടെക്കും റെനോ വാഗ്‌ദാനം ചെയ്തേക്കാം.
മറ്റ് കഴിവുകൾ: വിവിധ സാഹചര്യങ്ങളെ കൈകാര്യം ചെയ്യാൻ ഡസ്റ്ററിനെപ്പോലെ ഈ സെഗ്മെന്റിൽ മറ്റൊരു എസ്‌യുവിക്കും കഴിയുമെന്ന് തോന്നുന്നില്ല. 217 mm ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസുള്ളതിനാൽ മൈൽഡ് ഓഫ്-റോഡിംഗിന് വരെ ഇറക്കിയാലും അടിയൊന്നും തട്ടില്ല. മാത്രവുമല്ല ഏകദേശം 31°, 36° കുത്തനെയുള്ള ചരിവുകൾ, ഇറക്കം എന്നിവ വരെ എളുപ്പവും സുരക്ഷിതവുമായ രീതിയിൽ മറികടക്കാൻ ഡസ്റ്ററിനാകും. ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസെന്റ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളും പെർഫോമൻസിനെ സഹായിക്കും.
വില: എസ്‌യുവി വിഭാഗത്തിൽ മത്സരാധിഷ്ഠിതമായ വില നിലനിർത്താൻ തന്നെയാവും റെനോ ഡസ്റ്റർ ശ്രമിക്കുക. ഏകദേശം 10 ലക്ഷം രൂപ മുതൽ വാഹനത്തിന് എക്സ്ഷോറൂം വില പ്രതീക്ഷിക്കാം. ഇന്ത്യയിലെ എസ്‌യുവി പ്രേമികൾക്ക് എന്നും ആക്‌സസ് ചെയ്യാൻ കഴിയുന്ന ഒന്നാണ് റെനോ ഡസ്റ്റർ. സ്റ്റൈലിഷും, കഴിവുള്ള മികച്ച ഫീച്ചറുകളും നിറഞ്ഞ ഒരു എസ്‌യുവി തിരയുന്നവർക്കും ആകർഷകമായ ഓപ്ഷനായി അങ്ങനെ ഡസ്റ്റർ മാറിയേക്കും.


Click it and Unblock the Notifications








