യാത്രാസുഖമുള്ള 7-സീറ്റര്‍ എസ്‌യുവിക്ക് 14.86Km മൈലേജ്! വില അറിയാന്‍ 2 ദിവസം കൂടി കാത്തിരുന്നാല്‍ മതി
ചെക്ക് റിപബ്ലിക്കന്‍ വാഹന നിര്‍മാതാക്കളായ സ്‌കോഡ തങ്ങളുടെ ഫ്‌ലാഗ്ഷിപ്പ് എസ്യുവി ഇന്ത്യയില്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. 2025 ഭാരത് മൊബിലിറ്റി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച സ്‌കോഡ കൊഡിയാക്കിനെക്കുറിച്ചാണ് നമ്മള്‍ പറഞ്ഞ് വരുന്നത്. ഓട്ടോ എക്‌സ്‌പോ കഴിഞ്ഞ് രണ്ട് മാസങ്ങള്‍ക്ക് ശേഷം കമ്പനി കൊഡിയാക്കിനെ ഇന്ത്യന്‍ വിപണിയിലെത്തിക്കുകയാണ്. ഏപ്രില്‍ 17-നാണ് കൊഡിയാക്ക് പ്രീമിയം എസ്‌യുവിയുടെ രണ്ടാം തലമുറ പതിപ്പിന്റെ വില പ്രഖ്യാപിക്കുക. മുന്‍ മോഡലിനെ പോലെ തന്നെ സ്‌കോഡ CBU റൂട്ട് വഴിയാണ് കൊഡിയാക്ക് ഇന്ത്യയില്‍ എത്തിക്കുക. മുമ്പ് സ്‌റ്റൈല്‍, സ്പോര്‍ട്ലൈന്‍, എല്‍ & കെ എന്നീ മൂന്ന് വേരിയന്റുകളിലാണ് കൊഡിയാക്ക് ഓഫര്‍ ചെയ്തിരുന്നത്.
45.72 ലക്ഷം രൂപ മുതല്‍ 49.01 ലക്ഷം രൂപ വരെയായിരുന്നു ഓണ്‍-റോഡ് വില. 2025 സ്‌കോഡ കൊഡിയാക് സ്പോര്‍ട്ലൈന്‍, എല്‍ & കെ എന്നീ രണ്ട് വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. 2025 സ്‌കോഡ കൊഡിയാക്ക് വമ്പന്‍ നവീകരണത്തിന് പാത്രമായിട്ടുണ്ട്. ഇതിന് നിരവധി പുതിയ സവിശേഷതകള്‍, പുതിയ ഡിസൈന്‍, മികച്ച നിലവാരമുള്ള ഇന്റീരിയര്‍ എന്നിവയടക്കം ലഭിക്കുന്നു. മറുവശത്ത്, ഡൈനാമിക് ഷാസിസ് കണ്‍ട്രോള്‍ പോലുള്ള ചില സവിശേഷതകള്‍ ഒഴിവാക്കിയിട്ടുണ്ട്.

വെല്‍വെറ്റ് റെഡ് മെറ്റാലിക്, റേസ് ബ്ലൂ മെറ്റാലിക്, ഗ്രാഫൈറ്റ് ഗ്രേ മെറ്റാലിക്, മാജിക് ബ്ലാക്ക് മെറ്റാലിക്, മൂണ്‍ വൈറ്റ് മെറ്റാലിക്, ബ്രോങ്ക്‌സ് ഗോള്‍ഡ് മെറ്റാലിക്, സ്റ്റീല്‍ ഗ്രേ എന്നിങ്ങനെ ഏഴ് വ്യത്യസ്ത എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ രണ്ടാം തലമുറ കൊഡിയാക്ക് വാങ്ങാം. എന്‍ട്രി ലെവല്‍ സ്പോര്‍ട്ലൈന്‍, ടോപ്പ്-സ്‌പെക്ക് എല്‍ & കെ വേരിയന്റുകള്‍ക്ക് എക്‌സ്‌ക്ലൂസീവ് ബ്രോങ്ക്‌സ് ഗോള്‍ഡ് മെറ്റാലിക്, സ്റ്റീല്‍ ഗ്രേ നിറങ്ങള്‍ ലഭിക്കും.
സ്‌കോഡയുടെ കണ്ടംപററി മോഡേണ്‍ സോളിഡ് ഡിസൈന്‍ ഫിലോസഫിയിലാണ് പുതിയ കൊഡിയാക്ക് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ബട്ടര്‍ഫ്‌ലൈ ഗ്രില്‍, ഫോഗ് ലൈറ്റുകളുമായി ജോടിയാക്കിയ സ്ലീക്കര്‍ ആംഗുലര്‍ ഹെഡ്ലൈറ്റുകള്‍, ടെയില്‍ഗേറ്റില്‍ വ്യാപിച്ചുകിടക്കുന്ന ഒരു സവിശേഷ ലൈറ്റ് സ്ട്രിപ്പ് ഉള്‍ക്കൊള്ളുന്ന പുനര്‍രൂപകല്‍പ്പന ചെയ്ത റിയര്‍ ലൈറ്റുകള്‍ എന്നിവയാണ് എസ്‌യുവിയുടെ പ്രധാന എക്‌സ്റ്റീരിയര്‍ ഡിസൈന്‍ ഹൈലൈറ്റുകള്‍.

വലിപ്പം നോക്കിയാല്‍ 2025 സ്‌കോഡ കൊഡിയാക്കിന്റെ 4,758 mm. മുന്‍ മോഡലിനെ അപേക്ഷിച്ച് 61 mm നീളം കൂടിയിട്ടുണ്ട്. വീതി 1,864 mm ആയും ഉയരം 1,659 mm ആയും കുറച്ചിട്ടുണ്ട്. എന്നിരുന്നാലും, വീല്‍ബേസ് 2,971 mm ആക്കി നിലനിര്‍ത്തിയിട്ടുണ്ട്. 2025 കൊഡിയാക്കില്‍ പുതുതായി രൂപകല്‍പ്പന ചെയ്ത അലോയ് വീലുകള്‍ കമ്പനി നല്‍കിയിട്ടുണ്ട്. 17 മുതല്‍ 20 ഇഞ്ച് വരെ സൈസുകളില്‍ ഇവ വാഗ്ദാനം ചെയ്യുന്നു.
തുടക്കത്തില്‍ പറഞ്ഞ പോലെ പുതിയ കൊഡിയാക്കില്‍ നിരവധി നൂതന ഫീച്ചറുകള്‍ സ്‌കോഡ കുത്തിനിറച്ചിട്ടുണ്ട്. 13 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ എന്നിവയാണ് ഇവയില്‍ ശ്രദ്ധേയ സവിശേഷതകള്‍. ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനിന് താഴെ സ്ഥിതിചെയ്യുന്ന മൂന്ന് റോട്ടറി നോബുകള്‍ ഉള്‍പ്പെടുന്ന സ്‌കോഡയുടെ നൂതന സ്മാര്‍ട്ട് ഡയല്‍ സജ്ജീകരണം വിവിധ ഫംഗ്ഷനുകള്‍ നിയന്ത്രിക്കാന്‍ അനുവദിക്കുന്നു.

വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, 14-സ്പീക്കര്‍ കാന്റണ്‍ ഓഡിയോ സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, ഹീറ്റിംഗ്, കൂളിംഗ് ഓപ്ഷനുകളുള്ള പവര്‍-അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജിംഗ്, ഒന്നിലധികം യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടുകള്‍ എന്നിവയാണ് എസ്‌യുവിയില്‍ സജ്ജീകരിച്ചിരിക്കുന്ന മറ്റ് പ്രീമിയം ഫീച്ചറുകള്‍. സേഫ്റ്റിയുടെ കാര്യത്തില്‍ മറ്റ് സ്‌കോഡ മോഡലുകളെ പോലെ കൊഡിയാക്കും മികച്ച് നില്‍ക്കുന്നു.
ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റന്‍സ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്ന അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) ഈ കാറില്‍ വരുന്നു. ഒമ്പത് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഡിസന്റ് അസിസ്റ്റ് എന്നിവയാണ് മറ്റ് സേഫ്റ്റി ഫീച്ചറുകള്‍.
201 bhp പവറും 320 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 2.0 ലിറ്റര്‍ ടര്‍ബോര്‍ഡ് പെട്രോള്‍ എഞ്ചിനാണ് പുത്തന്‍ കൊഡിയാക്കിന്റെ ഹൃദയം. അതായത് ഈ എഞ്ചിന്‍ നിലവിലുള്ള കൊഡിയാക്കിനെക്കാള്‍ 14 bhp അധിക പവര്‍ ഔട്ട്പുട്ട് നല്‍കുന്നു. എഞ്ചിന്‍ 7 സ്പീഡ് DSG ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. എസ്‌യുവിയില്‍ സ്റ്റാന്‍ഡേര്‍ഡായി 4x4 ഡ്രൈവ്ട്രെയിന്‍ ഉണ്ടാകും.
പുതിയ തലമുറ കൊഡിയാക്ക് ലിറ്ററിന് 14.86 കിലോമീറ്റര്‍ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുമെന്ന് സ്‌കോഡ വ്യക്തമാക്കിയിട്ടുണ്ട്. വേരിയന്റുകളെ ആശ്രയിച്ച് രണ്ടാം തലമുറ കൊഡിയാക്കിന് 5 ലക്ഷം രൂപ വരെ കൂടിയേക്കാം. 50 ലക്ഷം മുതല്‍ 55 ലക്ഷം രൂപ വരെയാണ് എസ്‌യുവിയുടെ വില പ്രതീക്ഷിക്കുന്നത്. ഇന്ന് ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ R-ലൈന്‍ 49 ലക്ഷം രൂപയ്ക്കാണ് വിപണിയില്‍ എത്തിയത്. 2025 ഏപ്രില്‍ 17 വരെ കാത്തിരുന്നാല്‍ കൃത്യമായ വില നമുക്ക് ലഭിക്കും.


Click it and Unblock the Notifications








