പുതിയ കളികൾ പഠിപ്പിക്കാൻ ടൊയോട്ടയുടെ കൊറോള കൺസെപ്റ്റ്; ഇനി ചെറിയ കളികളില്ല
ലോകത്തിലെ ഓട്ടോമോട്ടീവ് ചരിത്രത്തിൽ തൻ്റേതായ സ്ഥാനം നിലനിർത്തിക്കൊണ്ടുപ്പോകുന്ന ജാപ്പനീസ് വാഹന നിർമ്മാതാക്കളാണ് ടൊയോട്ട. ഇപ്പോൾ ടൊയോട്ട പടുത്തുയർത്തിയ വിപ്ലവത്തിൻ്റെ ചുവടുപിടിച്ച് പുതിയ അതിഥി കൂടി വന്നിരിക്കുകയാണ്. ടൊയോട്ടയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന നെയിംപ്ലേറ്റുകളിൽ ഒന്നിലേക്കുള്ള വിപ്ലവകരമായ കുതിച്ചുചാട്ടത്തിന് പുതിയ ടൊയോട്ട കൊറോള കൺസെപ്റ്റ് ഒരുങ്ങുകയാണ്. ടോക്കിയോയിൽ നടന്ന 2025 ജപ്പാൻ മൊബിലിറ്റി ഷോയിൽ വെളിപ്പെടുത്തിയ ഈ കൺസെപ്റ്റ് കാർ വരാനിരിക്കുന്ന ടൊയോട്ട ആതിപത്യത്തിൻ്റെ തെളിവാണ്. ഈ വാർത്തയുടെ കൂടുതൽ വിവരങ്ങളറിയുന്നതിന് തുടർന്ന് വായിക്കാൻ മറക്കരുതേ.
പുതിയ ടൊയോട്ട കൊറോള കൺസെപ്റ്റ് ടൊയോട്ട മോഡലുകളിലെ ഏറ്റവും മികച്ച ഒന്നിനെയാണ് എടുത്ത് കാണിക്കുന്നത്. ഒപ്പം ഫ്യൂച്ചറിസ്റ്റിക് സാങ്കേതികവിദ്യ, സുഖസൗകര്യങ്ങൾ എന്നിവയെല്ലാം കൊണ്ട് പുതിയ ടൊയോട്ട കൊറോള കൺസെപ്റ്റിന്റെ ഇന്റീരിയറിലും ഡിസൈനിലും മികച്ച് നിൽക്കുന്നു. കാറിൻ്റെ മുൻവശത്തായി ഒരു വീതിയുള്ള എൽഇഡി ലൈറ്റ് ബാർ നൽകിയിട്ടുണ്ട്. ഇത് കാറിന് ഏറ്റവും മികച്ച ലുക്ക് ലഭിക്കാനുളള പ്രധാന കാരണമായി പറയാൻ സാധിക്കും.

പിൻവശത്തായി സമാനമായ ഒരു ലൈറ്റ് സ്ട്രിപ്പും ഒരു സ്പോർട്ടി ടച്ചിനായി ഒരു ചെറിയ ബിൽറ്റ്-ഇൻ സ്‌പോയിലറും ഉണ്ട്. കൂടാതെ സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളും, സൂക്ഷ്മമായ ആംബിയന്റ് ലൈറ്റിംഗും, മെറ്റാലിക് ആക്സന്റുകളും ഉപയോഗിച്ച് ക്യാബിനിലുടനീളം ആഡംബര അനുഭവം വർദ്ധിപ്പിക്കുന്നു. പനോരമിക് ഗ്ലാസ് ക്യാബിനിൽ വെളിച്ചം നൽകുന്നതിനോടൊപ്പം കാറിനുള്ളിൽ വായുസഞ്ചാരമുളള അന്തരീക്ഷം നൽകാനും സഹായിക്കുന്നു.
ഇന്ധനക്ഷമതയുടെ കാര്യത്തിൽ ഔദ്യോഗിക കണക്കുകളൊന്നും പുതിയ ടൊയോട്ട കൊറോള കൺസെപ്റ്റിനെ കുറിച്ച് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും വരാനിരിക്കുന്ന എല്ലാ പവർട്രെയിൻ ഓപ്ഷനുകളിലും പെർഫോമൻസും മൈലേജും മെച്ചപ്പെടുത്തുന്നതിനായി ടൊയോട്ട ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പെട്രോൾ, ഹൈബ്രിഡ്, പ്ലഗ്-ഇൻ ഹൈബ്രിഡ്, പൂർണ്ണമായും ഇലക്ട്രിക് എന്നിവയെ പിന്തുണയ്ക്കാൻ കഴിയുന്ന ഒരു ഫ്ലെക്സിബിൾ മൾട്ടി-എനർജി പ്ലാറ്റ്‌ഫോമിലാണ് ഈ കൺസെപ്റ്റ് നിർമ്മിച്ചിരിക്കുന്നത്.
അത് കൊണ്ട് തന്നെ വേരിയന്റിനെ ആശ്രയിച്ച് അതിന്റെ ഇന്ധനക്ഷമത വ്യത്യാസപ്പെട്ടിരിക്കും. പെട്രോൾ മാത്രമുള്ള പതിപ്പുകൾ ഏകദേശം 16-18 കിലോമീറ്റർ/ലിറ്റർ വാഗ്ദാനം ചെയ്തേക്കാം. അതേസമയം പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡലുകൾ ഇലക്ട്രിക് പവറിൽ മാത്രം ഓടുന്നത് കാരണം ഉയർന്ന കാര്യക്ഷമത കൈവരിക്കും. ഒപ്പം1.5 ലിറ്റർ, 2.0 ലിറ്റർ എഞ്ചിനുകളുടെ പുതിയ ശ്രേണി വികസിപ്പിക്കുന്നതിനെക്കുറിച്ചും ടൊയോട്ട പരാമർശിച്ചിട്ടുണ്ട്.
ഡ്രൈവർമാരെയും യാത്രക്കാരെയും സംരക്ഷിക്കുന്നതിനുള്ള നൂതന സുരക്ഷാ സവിശേഷതകളോടെയാണ് പുതിയ ടൊയോട്ട കൊറോള കൺസെപ്റ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഉയർന്ന നിലവാരമുള്ള സ്റ്റീൽ കൊണ്ട് നിർമ്മിച്ച ശക്തമായ ബോഡിയാണ് ഈ കൺസെപ്റ്റിൻ്റെ എടുത്തു പറയേണ്ട പ്രത്യേകത. ഇത് അപകടങ്ങളിൽ ഉണ്ടാകുന്ന ആഘാതങ്ങളെ ആഗിരണം ചെയ്യാനും ക്യാബിൻ സുരക്ഷിതമായി തന്നെ നിലനിർത്താനും സഹായിക്കുന്നു.
അകത്ത് ഫ്രണ്ട്, സൈഡ്, കർട്ടൻ എന്നിവയുൾപ്പെടെ ഒന്നിലധികം എയർബാഗുകൾ സജ്ജീകരിച്ചിരിക്കുന്നു. അപകടങ്ങൾ തടയാൻ ക്യാമറകളും സെൻസറുകളും ഉപയോഗിക്കുന്ന ഏറ്റവും പുതിയ ടൊയോട്ട സേഫ്റ്റി സെൻസ് സിസ്റ്റവും ടൊയോട്ട ചേർത്തിട്ടുണ്ട്. കൂടാതെ
ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകുകയും എമർജൻസി ബ്രേക്കുകളുളള പ്രീ-കൊളിഷൻ സിസ്റ്റം, ലെയ്ൻ ഡിപ്പാർച്ചർ അലേർട്ട് എന്നിവയും പ്രധാന സുരക്ഷയിൽ ഉൾപ്പെടുന്നവയാണ്.
മാത്രവുമല്ല മുന്നിലുള്ള കാറിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുന്ന അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവയും ഉണ്ടാകും. ഓട്ടോമാറ്റിക് ഹൈ ബീംസ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, റിയർ ക്രോസ്-ട്രാഫിക് അലേർട്ട് തുടങ്ങിയ മറ്റ് സവിശേഷതകൾ എല്ലാ സാഹചര്യങ്ങളിലും ഡ്രൈവിംഗ് എളുപ്പവും സുരക്ഷിതവുമാക്കും. ചുരുക്കി പറഞ്ഞാൽ യാത്രക്കാർക്ക് ഉയർന്ന തലത്തിലുള്ള സുരക്ഷ പ്രദാനം ചെയ്യുന്നതിനാണ് പുതിയ ടൊയോട്ട കൊറോള കൺസെപ്റ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications








