എർട്ടിഗയ്ക്ക് വെല്ലുവിളിയാകുമോ നിസാൻ്റെ 7 സീറ്റർ! 10 ലക്ഷത്തിന് ഫാമിലി കാർ വാങ്ങാൻ ഒരുങ്ങി ഉപഭോക്താക്കൾ
ഇന്ത്യൻ വിപണി ആകാംഷയോടെ കാത്തിരിക്കുന്ന 7 സീറ്റർ എംപിവി മോഡലാണ് നിസാൻ ഗ്രാവൈറ്റ്. കുറഞ്ഞ വിലയിൽ വരുന്ന വാഹനമെന്നതാണ് പ്രധാന ആകർഷണം. ജനുവരിയിൽ ഔദ്യോഗിക ലോഞ്ചും മാർച്ചോടെ ഗ്രാവൈറ്റ് വിൽപ്പനക്കെത്തും. ലോഞ്ചിന് മുന്നോടിയായി, തമിഴ്നാടിലെ റോഡുകളിൽ പരീക്ഷണയോട്ടം ഊർജ്ജിതമാണെന്ന് റഷ്‌ലൈൻ തങ്ങളുടെ വെബ്സൈറ്റിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഗ്രാവൈറ്റ് നിർമ്മിക്കുന്നത് ചെന്നൈയിലെ റെനോ നിസാൻ ഓട്ടോമോട്ടീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്ലാന്റിലാണ്. ഫ്രഞ്ച് റെനോയും ജാപ്പനീസ് നിസാനും ദീർഘകാല സഖ്യത്തിലാണ്. ഇന്ത്യൻ വിപണിയിൽ ജനപ്രിയമായ റെനോ ട്രൈബറിന്റെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഇത് ഒരുങ്ങുന്നത്.
നിസാൻ ഗ്രാവൈറ്റിൽ 1.0 ലിറ്റർ, 3 സിലിണ്ടർ പെട്രോൾ എഞ്ചിനാണ് പ്രതീക്ഷിക്കുന്നത്. 5 സ്പീഡ് മാനുവൽ, 5 സ്പീഡ് എഎംടി ഗിയർബോക്സ് ഓപ്ഷനുകൾ ലഭ്യമായേക്കും. സേഫ്റ്റിക്കായി എല്ലാ വേരിയന്റുകളിലും 6 എയർബാഗുകൾ സ്റ്റാൻഡേർഡായി നൽകുമെന്നാണ് പുതിയ വിവരങ്ങൾ. കൂടാതെ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ട്രാക്ഷൻ കൺട്രോൾ സിസ്റ്റം (TCS), ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, മുൻ-പിൻ പാർക്കിംഗ് സെൻസറുകൾ, ഫോളോ മി ഹോം ഹെഡ്‌ലൈറ്റുകൾ എന്നിവയും ഇതിലെ സുരക്ഷാ ഫീച്ചറുകളാണ്.

2026 ജനുവരിയിൽ വിപണിയിലെത്തുമെന്നും തുടർന്ന് 2026 മാർച്ചിൽ ഷോറൂമിൽ എത്തുമെന്നുമാണ് നിസാൻ അറിയിച്ചിരിക്കുന്നത്. CMF-A+ പ്ലാറ്റ്‌ഫോമിൽ പണികഴിപ്പിക്കുന്നതിനാൽ ടോപ്പ് എൻഡ് വേരിയൻ്റിന് പോലും 10 ലക്ഷത്തിൽ താഴെയായിരിക്കും എക്സ്ഷോറൂം വില വരിക. താങ്ങാനാവുന്ന വിലയിൽ കോംപാക്‌ട് 7 സീറ്റർ തിരയുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ട്രൈബറുമായി നേരിട്ട് മത്സരിക്കാനാണ് ഗ്രാവൈറ്റ് എത്തുന്നത്.
20.32 സെന്റീമീറ്റർ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം (ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ സഹിതം), ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റുകൾ, റെയിൻ വൈപ്പറുകൾ, ക്രൂയിസ് കൺട്രോൾ എന്നിവയും ഗ്രാവൈറ്റിലെ പ്രതീക്ഷിക്കുന്ന ഫീച്ചറുകളാണ്. നിസാൻ ഗ്രാവൈറ്റിന്റെ പ്രാരംഭ വില 5.75 ലക്ഷം മുതൽ 6 ലക്ഷം രൂപ വരെയായിരിക്കുമെന്നാണ് പ്രതീക്ഷ. 8.80 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ ആരംഭിക്കുന്ന മാരുതി സുസുക്കി എർട്ടിഗയ്ക്ക് ശക്തമായ വെല്ലുവിളി ഉയർത്തി, ഗ്രാവൈറ്റ് മികച്ച ബദലായി മാറാൻ സാധ്യതയുണ്ട്.

ട്രൈബറിന്റെ ആകൃതി തന്നെയാണ് ഹെഡ്‌ലാമ്പുകൾക്കുള്ളതെന്ന് ടീസർ ചിത്രങ്ങളിലൂടെ മനസിലാക്കാൻ സാധിക്കും. എന്നാൽ മോഡലിനെ വേറിട്ടു നിർത്താൻ നിസാൻ പുതിയ ലൈറ്റിംഗ് ഘടകങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. പിൻഭാഗത്ത് ഗ്രാവൈറ്റിൽ റീഡിസൈൻ ചെയ്‌ത ബമ്പറും പുതിയ ടെയിൽ-ലാമ്പ് സിഗ്നേച്ചറുകളും ഇടംപിടിച്ചിട്ടുണ്ട്. കൂടാതെ ടെയിൽഗേറ്റിൽ വ്യക്തമായി എഴുതിയിരിക്കുന്ന ഗ്രാവൈറ്റ് അക്ഷരങ്ങളും കാണാം.
76hp കരുത്തിൽ പരമാവധി 95 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ തന്നെയാവും ഗ്രാവൈറ്റിലും ഉപയോഗിക്കുക. റെനോ ട്രൈബറിലും നിസാൻ മാഗ്നൈറ്റിൻ്റെയും റെനോ കൈഗറിൻ്റെയും താഴ്ന്ന വകഭേദങ്ങളിൽ കാണപ്പെടുന്ന അതേ എഞ്ചിൻ ഓപ്ഷനാണിത്. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5-സ്പീഡ് മാനുവലും 5-സ്പീഡ് എഎംടിയും ഉൾപ്പെടും. ട്രൈബറിനെപ്പോലെ ഡീലർ ഫിറ്റഡ് സിഎൻജി കിറ്റും ഗ്രാവൈറ്റിൽ നൽകിയേക്കും.
ഇന്ത്യൻ വിപണിയിലെ ബ്രാൻഡിന്റെ പുതുക്കിയ ഉൽപ്പന്ന തന്ത്രത്തിൻ്റെ ഭാഗമായാണ് ഗ്രാവൈറ്റ് വിപണിയിലെത്തുക. മാഗ്നൈറ്റ് എന്ന ഒരൊറ്റ മോഡലിൻ്റെ ബലത്തിലാണ് കഴിഞ്ഞ 5 വർഷക്കാലം നിസാൻ ഇന്ത്യയിൽ പിടിച്ചുനിന്നത്. ഇടയ്ക്ക് X-ട്രെയിൽ എന്ന ഫുൾ-സൈസ് ഇംപോർട്ടഡ് എസ്‌യുവിയുമായി കമ്പനി ചൂടാട്ടം നടത്തിയിരുന്നെങ്കിലും വലിയ ബോംബായിരുന്നു ഇത്. എന്തായാലും പുതിയ ബജറ്റ് ഫ്രണ്ട്ലി 7-സീറ്റർ എംപിവിയുടെ വരവ് നിസാന് ഊർജമാവുമെന്നതിൽ തർക്കം വേണ്ട.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








