അറബിനാട്ടിലെ റോഡുകൾ ഭരിക്കാൻ മെയ്ഡ് ഇൻ ഇന്ത്യ വണ്ടി; ഹബീബി മാഗ്നൈറ്റ് എത്തിപോയി
ഇന്ത്യയിൽ നിസാൻ്റെ ഒരു മോഡൽ മാത്രമാണ് വിൽപ്പനയ്ക്കുളളത്. മാഗ്നൈറ്റ് എന്ന മോഡൽ കൊണ്ട് വിപണിയിൽ പിടിച്ചു നിൽക്കാൻ നിസാൻ കാണിക്കുന്ന ധൈര്യം അത് ചെറുതായി കാണേണ്ട ഒന്നല്ല. വൺ കാർ വൺ വേൾഡ് എന്നതാണ് നിസാൻ്റെ ടാഗ്‌ലൈൻ. ഇന്ത്യയിൽ നിർമിച്ച് ലോകത്തിൻ്റെ പല ഭാഗത്തേക്ക് വാഹനങ്ങൾ കയറ്റി അയക്കുകയാണ് നിസാൻ ഇപ്പോൾ ചെയ്യുന്നത്. അത്തരത്തിൽ നിസാൻ മാഗ്നൈറ്റിൻ്റെ ഫെയ്സ്‌ലിഫ്റ്റ് പതിപ്പ് സൗദി അറേബ്യയിൽ എത്തിച്ചിരിക്കുകയാണ് കമ്പനി. കഴിഞ്ഞ വർഷമാണ് കമ്പനി മാഗ്നൈറ്റിന് ഒരു പുതുക്കിയ മുഖം നൽകിയത്. വിൽപ്പന കണക്കുകളിൽ നിസാൻ എതിരാളികളെ ഭയപ്പെടുത്തുന്നില്ല എങ്കിലും നഷ്ടമില്ലാതെ മാന്യമായി തന്നെ പോകുന്നുണ്ട്.
2020 ഡിസംബറിലായിരുന്നു എസ്‌യുവിയുടെ വരവ്. പുതിയ ഫെയ്‌സ്‌ലിഫ്റ്റിൻ്റെ വിശേഷങ്ങളിലേക്ക് നോക്കിയാൽ ആദ്യ കാഴ്ച്ചയിൽ ഇതിൽ എന്ത് മാറ്റമിരിക്കുന്നുവെന്ന് വിചാരിക്കുന്നവരായിരിക്കും ഭൂരിഭാഗം ആളുകളും. അത് സത്യമാണെങ്കിലും കാര്യങ്ങൾ കൂടുതൽ പുതുമയുള്ളതാക്കാനുള്ള ശ്രമങ്ങൾ കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്.

ക്രോം, ഗ്ലോസ്-ബ്ലാക്ക് ഘടകങ്ങൾ ഉള്ള വിശാലവും വലുതുമായ പുതിയ ഗ്രില്ലാണ് അതിൽ ഏറ്റവും ശ്രദ്ധേയം. പഴയ രൂപമാണെങ്കിലും അതിലെ പാറ്റേണിലാണ് നവീകരണം കൊണ്ടുവന്നിരിക്കുന്നത്. ഫോഗ് ലാമ്പുകളോട് കൂടിയ കൂടുതൽ പൊമിനന്റായ ഫോക്സ് സ്കിഡ് പ്ലേറ്റുകളും മനോഹരമായിട്ടുണ്ട്. എന്നാൽ എൽഇഡി ഹെഡ്‌ലൈറ്റുകളും ഡിആർഎല്ലുകളും പുതിയ സിഗ്നേച്ചർ ശൈലി സ്വീകരിച്ചിട്ടുമുണ്ടെന്നാണ് നിസാൻ അവകാശപ്പെടുന്നത്.
വശങ്ങളിലേക്ക് നീങ്ങിയാലും കാര്യമായ നവീകരണങ്ങളൊന്നും കാണാനില്ല. പുതിയ ഡിസൈനിലൊരുക്കിയ 16 ഇഞ്ച് അലോയ് വീലുകളിൽ മാറ്റങ്ങൾ ഒതുക്കിയിരിക്കുകയാണ്. പിന്നിൽ ടെയിൽ ലാമ്പുകളുടെ ആകൃതി ഒന്നാണെങ്കിലും ലൈറ്റിംഗിൽ പുതുമയുണ്ട്. ഇതിന് പുതിയ സൺറൈസ് കൂപ്പർ കളർ ഷേഡും ലഭിക്കുന്നു. ഇനി ഇന്റീരിയറിലേക്ക് കയറിയാൽ ഡാഷ്‌ബോർഡ്, ഡോർ പാഡുകൾ, സീറ്റ് അപ്‌ഹോൾസ്റ്ററി എന്നിവയ്‌ക്കായി പഴയ മാഗ്‌നൈറ്റിൻ്റെ ഓൾ-ബ്ലാക്ക് തീമിന് പകരം ഡ്യുവൽ-ടോൺ കോപ്പർ, ബ്ലാക്ക് ലേഔട്ടാണ് ലഭിക്കുന്നത്.

സ്റ്റിയറിംഗ് വീലിലെ ബ്ലാക്ക് ആൻഡ് സിൽവർ ഫിനിഷ് ഇപ്പോൾ പൂർണമായും കറുപ്പിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഡോർ പാഡുകളിൽ പുതിയ ടെക്സ്ചർഡ് പാനലുകൾ, ഡ്യുവൽ-ടോൺ ലെതർട്ടെ അപ്ഹോൾസ്റ്ററി, ഡാഷ്ബോർഡിലും ഡോർ പാഡുകളിലും പുതിയ 4-കളർ ആംബിയൻ്റ് ലൈറ്റിംഗ് എന്നിവയും കമ്പനി കൊടുത്തിട്ടുണ്ട്.
8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, റിയർ എസി വെൻ്റുകൾ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, 360 ഡിഗ്രി ക്യാമറ, വയർലെസ് ചാർജർ തുടങ്ങിയ കിടിലൻ ഫീച്ചറുകളെല്ലാം മുമ്പോട്ട് കൊണ്ടുപോവാനും നിസാൻ തയാറായിട്ടുണ്ട്. പുതുക്കിയ ഗ്രാഫിക്‌സ്, പുതിയ ഓട്ടോ ഹെഡ്‌ലാമ്പുകൾ, ഓട്ടോ ഡിമ്മിംഗ് ഐആർവിഎം, പുതിയ ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ, റിമോട്ട് സ്റ്റാർട്ടോടുകൂടിയ പുതിയ കീ ഫോബ്, അപ്‌ഡേറ്റ് ചെയ്‌ത 7.0 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും മാഗ്നൈറ്റിന് ലഭിക്കുന്നുണ്ട്.
ആറ് എയർബാഗുകൾ, ഇഎസ്‌സി, ത്രീ-പോയിൻ്റ് സീറ്റ്ബെൽറ്റുകൾ, എല്ലാ സീറ്റുകൾക്കും സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ എന്നീ സേഫ്റ്റി ഫീച്ചറുകളും മാഗ്നൈറ്റിൽ സ്റ്റാൻഡേർഡായി കിട്ടും. എഞ്ചിൻ ഓപ്ഷനുകളുടെ കാര്യത്തിലേക്ക് വന്നാൽ നിലവിലുള്ള 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ, ഗിയർബോക്‌സ് കോമ്പിനേഷൻ തന്നെയാണ് മാഗ്‌നൈറ്റ് തുടർന്നും നൽകുന്നത്.
ഇതിലെ ആദ്യത്തെ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് 71 bhp കരുത്തിൽ 96 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം മാഗ്നൈറ്റിന്റെ ടർബോ പതിപ്പ് 99 bhp പവറിൽ 152 Nm torque വരെയാണ് നൽകുന്നത്. മൈലേജിന്റെ കാര്യത്തിലേക്ക് വന്നാൽ മാനുവലിൽ 20 കിലോമീറ്ററും സിവിടി ടർബോ വേരിയൻ്റുകൾക്ക് 17.4 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് നിസാൻ അവകാശപ്പെടുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








