'മൈലേജ് കാ ബാപ്പ്' ആയ കാറിന് 1 ലക്ഷം വരെ ഓഫർ; ലാഭിക്കുന്ന കാശിന് ഒരു ഇവി സ്കൂട്ടർ വാങ്ങാം
നിസാൻ എന്ന് പേര് കേൾക്കുമ്പോൾ എതിരാളികളോട് ഒറ്റയ്ക്ക് നിന്ന് പോരാടുന്ന മാഗ്നൈറ്റ് ആയിരിക്കും. ഒരു ഫാമിലി കാർ എന്ന് നിലയിൽ മാഗ്നൈറ്റിന് വിപണിയിൽ നിരവധി ആരാധകരുണ്ട്. അത് കൊണ്ട് തന്നെയാണ് ഒറ്റ മോഡൽ മാത്രമായി നിസാൻ തുടർന്നിട്ടും വിൽപ്പനയിൽ ഒട്ടും താഴെ പോകാത്തതിൻ്റെ കാരണം. ഇപ്പോഴിതാ കമ്പനി തങ്ങളുടെ ഉപഭോക്താക്കളെ ഞെട്ടിച്ച് കൊണ്ട് മോഡലിന് ഒരു ലക്ഷം രൂപ വരെ കിഴിവ് നൽകുന്നുവെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ക്യാഷ് ഡിസ്കൗണ്ടുകൾ, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ആനുകൂല്യങ്ങൾ എന്നിവയിലൂടെ ജൂൺ മാസം എത്ര രൂപ ലാഭിക്കാമെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
വേരിയൻ്റുകൾ അനുസരിച്ച് 55000 രൂപ മുതൽ ഒരു ലക്ഷത്തിനടുത്ത് വരെ നിസാൻ മാഗ്നൈറ്റിന് ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 20 കിലോമീറ്റർ മൈലേജ് വരെയാണ് നിസാൻ മാഗ്നൈറ്റിൻ്റെ സിഎൻജി മോഡലിന് ലഭിക്കുന്നത്. വിസിയ, വിസിയ പ്ലസ്, ആക്‌സെന്റ, എൻ-കണക്റ്റ, ടെക്‌ന, ടെക്‌ന പ്ലസ് എന്നിങ്ങനെ 6 വേരിയന്റുകളിലാണ് ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന കോംപാക്‌ട് എസ്‌യുവി വിപണനത്തിന് എത്തുന്നത്.

സ്റ്റാൻഡേർഡായി തന്നെ മൂന്ന് വർഷത്തെ അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ വാറണ്ടിയും എസ്‌യുവിക്കൊപ്പം നിസാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് അധിക ചിലവിൽ 6 വർഷം അല്ലെങ്കിൽ 1.50 ലക്ഷം കിലോമീറ്റർ വരെ വാറണ്ടി നീട്ടാനും ഉപഭോക്താക്കൾക്ക് സാധിക്കും. എക്സ്റ്റൻഡഡ് വാറണ്ടിയിൽ പാർട്‌സുകൾ, അറ്റകുറ്റപ്പണികൾ, മറ്റ് ചെലവുകൾ എന്നിവ ഉൾക്കൊള്ളുന്നുവെന്നാണ് ബ്രാൻഡ് അവകാശപ്പെടുന്നത്.
രാജ്യവ്യാപകമായി ക്യാഷ്‌ലെസ് റിപ്പയർ, പരിധികളില്ലാത്ത ക്ലെയിമുകൾ, രാജ്യത്തെ എല്ലാ അംഗീകൃത സേവന കേന്ദ്രങ്ങളിലും നാല് ലേബർ-ഫ്രീ സർവീസുകൾ എന്നിവയും നിസാൻ മാഗ്നൈറ്റിനുള്ള അധിക ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. അങ്ങനെ മൊത്തത്തിൽ ഹാച്ച്ബാക്കിന്റെ ചെലവിൽ ഈ കുഞ്ഞൻ എസ്‌യുവി കൊണ്ടുനടക്കാനാവുമെന്നത് ആശ്വാസം നൽകുന്ന വിഷയമാണ്.

ഡിസൈനിലേക്ക് നോക്കിയാൽ ഏറ്റവും പുതിയ നിസാൻ മാഗ്നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിന് ഹെക്‌സഗൺ പാറ്റേണുള്ള ബ്ലാക്ക്ഡ്-ഔട്ട് ഗ്രിൽ, M ആകൃതിയിലുള്ള എൽഇഡി ടെയിൽലാമ്പുകൾ, 16 ഇഞ്ച് അലോയ്കൾ തുടങ്ങിയ സംഗതികളെല്ലാം ലഭിക്കും. പുത്തൻ ത്രീ-ടോൺ കളർ ഓപ്ഷനുള്ള ഇന്റീരിയറും കിടിലമാണ്. നല്ല യാത്രാ സുഖം സമ്മാനിക്കുന്ന സീറ്റുകളും പുതിയ അപ്ഹോൾസ്റ്ററിയും സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളും ഉപയോഗിച്ചാണ് വാഹനം പണികഴിപ്പിച്ചിരിക്കുന്നത്.
ഒപ്പം ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ചാർജർ, TFT ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, എയർ പ്യൂരിഫയർ, ഫ്രെയിംലെസ്സ് ഓട്ടോ-ഡിം IRVM, 36-ഡിഗ്രി ക്യാമറ പോലുള്ള അത്യാധുനിക ഫീച്ചറുകളെല്ലാം ലഭിക്കുകയും ചെയ്യും. എസ്‌യുവിയിൽ ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി ലഭിക്കും. എഞ്ചിൻ ഓപ്ഷനുകളുടെ കാര്യത്തിലേക്ക് വന്നാൽ നിലവിലുള്ള 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ, ഗിയർബോക്‌സ് കോമ്പിനേഷൻ തന്നെയാണ് മാഗ്‌നൈറ്റ് തുടർന്നും നൽകുന്നത്.

മാഗ്നൈറ്റിൽ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് 71 bhp പവറിൽ 96 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം എസ്‌യുവിയുടെ ടർബോ മോഡലിന് 99 bhp കരുത്തിൽ 152 Nm torque വരെ നൽകാനാവും. 5-സ്പീഡ് മാനുവൽ, എഎംടി, സിവിടി ഓട്ടോമാറ്റിക് എന്നിവയാണ് ട്രാൻസ്മിഷൻ ഓപ്ഷനുകൾ. നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന് 5-സ്പീഡ് എഎംടി ലഭിക്കുമ്പോൾ ടർബോ-പെട്രോളിലാണ് സിവിടി ഓപ്ഷൻ തെരഞ്ഞെടുക്കാനാവുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








