മൈലേജ് കൂട്ടാൻ മാഗ്‌നൈറ്റിൽ ആ തന്ത്രം നടപ്പാക്കി നിസാൻ! കുറഞ്ഞ ചെലവേയുള്ളൂ
ഇന്ത്യയിൽ കാറുകൾ വിൽപ്പനക്കെത്തിക്കുന്ന പ്രമുഖ ജപ്പാനീസ് ബ്രാൻഡ് ആണ് നിസാൻ. ഇതിനിടയിൽ കമ്പനി രാജ്യം വിടുമെന്ന കിംവദന്തികളും ഉയർന്നു കേൾക്കാൻ തുടങ്ങിയിരുന്നു. എന്നാൽ തങ്ങൾ എവിടെയും പോവുന്നില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് ആരാധകർക്ക് ആശ്വാസമാവാൻ നിസാൻ തയാറായിരുന്നു. ഇന്ത്യയിൽ ബ്രാൻഡ് ഇപ്പോൾ രണ്ട് കാറുകളാണ് വിൽക്കുന്നത്. അതിൽ നിസ്സാന്റെ അത്താണി ആയിട്ടുള്ളത് സബ് 4 മീറ്റർ എസ്‌യുവിയായ മാഗ്‌നൈറ്റ് ആണ്. X-ട്രെയിൽ എന്ന ഫുൾ സൈസ് എസ്‌യുവി പുറത്തിറക്കുന്നുണ്ടെങ്കിലും അത് വില്പന കണക്കുകളിൽ യാതൊരു സംഭാവനയും ചെയ്യുന്നില്ലതാണ് സത്യം.
ചില മാസങ്ങളിൽ X-ട്രെയിൽ തേടി ഒരാൾ പോലും ഷോറൂമിൽ എത്താറില്ല. ഈ സാഹചര്യത്തിൽ മാഗ്നൈറ്റിന്റെ വില്പന കൂട്ടാൻ വേണ്ടി പുത്തൻ സിഎൻജി പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് നിസാൻ. മാരുതി സുസുക്കി, ടാറ്റ മോട്ടോർസ്, ഹ്യുണ്ടായി എന്നീ ബ്രാൻഡുകൾ പുറത്തിറക്കുന്ന ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റിൽ നിന്നും വിഭിന്നമായി സർക്കാർ അംഗീകൃത റെട്രോഫിറ്റ് സിഎൻജി കിറ്റുകളാണ് മാഗ്നൈറ്റിൽ ഓഫർ ചെയ്യുന്നത്.

നിസാൻ വേണ്ടി ഈ കിറ്റുകൾ ഉത്പാദിപ്പിച്ച് നിർമ്മിച്ചിരിക്കുന്നത് മോട്ടോസൻ എന്ന തേർഡ് പാർട്ടി കമ്പനിയാണ്. പുതുതായി അവതരിപ്പിച്ച റെട്രോഫിറ്റ് സിഎൻജി കിറ്റിന്റെ വില 74,999 രൂപയാണ്. മാനുവൽ ഗിയർബോക്സുള്ള നിസാൻ മാഗ്നൈറ്റ് 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിൽ മാത്രമേ സിഎൻജി കിറ്റ് ഓപ്ഷൻ ലഭ്യമാകൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഇന്ധനക്ഷമത തന്നെയാണ് നച്ചുറലി അസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിൽ സിഎൻജി കിറ്റ് ഘടിപ്പിക്കാൻ കാരണം.
ഇന്ധന വില കുതിച്ചുയരുന്നതോടെ, ആളുകൾ സിഎൻജി പോലുള്ള ഇതര ഇന്ധന ഓപ്ഷനുകൾക്കായി തിരയാൻ തുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തിൽ കാറിൽ സിഎൻജി ഓപ്ഷൻ നൽകുന്നത് വിൽപ്പന ഉയർത്താൻ സഹായിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. പെട്രോൾ, ഡീസൽ വില ഉയർന്ന സാഹചര്യത്തിൽ പല ഉടമകളും ആഫ്റ്റർ മാർക്കറ്റ് സിഎൻജി കിറ്റുകളാണ് തിരഞ്ഞെടുക്കാൻ തുടങ്ങിയിരുന്നു.

വില കുറഞ്ഞ പല സിഎൻജി കിറ്റുകളും നിലവാരം കുറഞ്ഞതായിരിക്കും. മാത്രമല്ല ഇവ ഫിറ്റ് ചെയ്യാനും ബുദ്ധിമുട്ടായിരിക്കും. എന്തായാലും ഒറ്റ നീക്കം കൊണ്ട് ജാപ്പനീസ് കമ്പനി ഈ പ്രശ്നങ്ങൾക്ക് പരിഹാരം കൊണ്ടിരിക്കുകയാണ്. ചിലപ്പോൾ ഇവ വിലകുറഞ്ഞതുമാണ്. നിസാൻ സർക്കാർ അംഗീകൃത കിറ്റുകൾ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. സിഎൻജി പ്രേമികൾ കൂടി ഇനി മഗ്‌നൈറ്റ് പരിഗണിക്കും എന്നതിനാൽ നിസാൻ കമ്പനിക്ക് ഇനി അധികം പണമുണ്ടാക്കാം.
റിപ്പോർട്ടുകൾ പ്രകാരം മാഗ്നൈറ്റ് സിഎൻജിയുടെ ഇന്ധനക്ഷമത കണക്കുകൾ കിലോഗ്രാമിന് 18 മുതൽ 22 കിലോമീറ്റർ വരെയാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, സിഎൻജി മോഡിൽ പവർ, ടോർക്ക്, സർട്ടിഫൈഡ് മൈലേജ് എന്നിവയ്ക്കുള്ള ഔദ്യോഗിക കണക്കുകൾ നിസ്സാൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സിഎൻജി ഇന്ധനത്തിന്റെ സവിശേഷതകളും ടർബോ ഓപ്ഷന്റെ അഭാവവും കണക്കിലെടുക്കുമ്പോൾ പ്രകടനത്തിൽ വിട്ടുവീഴ്ചകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

മോട്ടോസെൻ നിർമ്മിക്കുന്ന നിസാൻ മാഗ്നൈറ്റിനുള്ള സിഎൻജി കിറ്റ് വാറണ്ടിയോടെയാണ് വാഗ്ദാനം ചെയ്യുന്നത്. വാസ്തവത്തിൽ, സിഎൻജി കിറ്റിന് നിസാൻ 3 വർഷം അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ വാറണ്ടി വാഗ്ദാനം ചെയ്യുന്നു, അതായത് ഇത് തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് മനസ്സമാധാനത്തോടെ ഏറെ കാലം വണ്ടി കൊണ്ട് നടക്കാം. ഉപഭോക്താക്കൾക്കുള്ള പരിസ്ഥിതി സൗഹൃദ സിഎൻജി കിറ്റ് ഫിറ്റ്മെന്റ് രാജ്യത്തുടനീളം ഘട്ടം ഘട്ടമായി ഓഫർ ചെയ്യുമെന്ന് നിസാൻ അറിയിച്ചു.
ആദ്യ ഘട്ടത്തിൽ ഡൽഹി-എൻസിആർ, ഹരിയാന, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, കേരളം, കർണാടക എന്നീ 7 സംസ്ഥാനങ്ങളിലെ നിസാൻ അംഗീകൃത ഡീലർഷിപ്പുകൾ വഴി നിസാൻ ഉപഭോക്താക്കൾക്ക് സിഎൻജി കിറ്റ് ഇൻസ്റ്റാളേഷൻ നടത്താം. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഇത് പിന്നീട് രാജ്യത്തുടനീളമുള്ള മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും. കഴിഞ്ഞ വർഷം നിസാൻ മാഗ്നൈറ്റിന് ഒരു അപ്‌ഡേറ്റ് സമ്മാനിച്ചിരുന്നു.

അപ്ഡേറ്റിന്റെ ഭാഗമായി പുതുക്കിയ എക്സ്റ്റീരിയർ ഡിസൈനും സവിശേഷതകളും എസ്‌യുവിക്ക് ലഭിച്ചിട്ടുണ്ട്. ഫെയ്‌സ്‌ലിഫ്റ്റ് മാഗ്നൈറ്റിൽ 20+ ഫസ്റ്റ്-ഇൻ-സെഗ്മെന്റ് സവിശേഷതകളും 55+ സുരക്ഷാ സവിശേഷതകളും ഉണ്ട്. രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്. 1.0 ലിറ്റർ, 3-സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 72 PS പവറും 96 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു.
മാനുവൽ, AMT ഗിയർബോക്സ് ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്. 1.0 ലിറ്റർ, 3-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 100 PS പവറും 152 Nm പീക്ക് ടോർക്കും സൃഷ്ടിക്കാൻ ശേഷിയുള്ളതാണ്. ടർബോ എഞ്ചിൻ മാനുവൽ, CVT ട്രാൻസ്‌മിഷൻ ഓഷനുകളിൽ ലഭ്യമാണ്. നിസാൻ മാഗ്നൈറ്റിന്റെ വില തുടങ്ങുന്നത്.6.14 ലക്ഷം മുതലാണ്. ടോപ് എൻഡ് വേരിയന്റിന് 11.92 ലക്ഷം രൂപയാണ് വില. എക്സ്ഷോറൂം വിലകളാണിത്.


Click it and Unblock the Notifications








