20 കി.മീ മൈലേജുള്ള എസ്‌യുവി 5.99 ലക്ഷത്തിന്! 2024-ല്‍ വാങ്ങിക്കൂട്ടിയത് 91,184 പേര്‍
കച്ചവടമുള്ള ഒറ്റ മോഡല്‍ വെച്ച് ഒരു രാജ്യത്ത് നിലനില്‍ക്കാന്‍ പറ്റുമോ എന്ന് ചോദിച്ചാല്‍ എന്ന് ചോദിച്ചാല്‍ നിസാന്‍ മുതലാളി യെസ് എന്ന് പറയും. ഹാച്ച്ബാക്കിന്റെ വിലയില്‍ കുഞ്ഞന്‍ എസ്‌യുവി വില്‍പ്പനക്കെത്തിച്ചാണ് നിസാന്‍ ഇന്ത്യയില്‍ വേരോട്ടമുണ്ടാക്കിയത്. കഴിഞ്ഞ വര്‍ഷം X-ട്രെയില്‍ എന്ന എസ്‌യുവി കൊണ്ടുവന്നെങ്കിലും ഉയര്‍ന്ന വില കാരണം വില്‍പ്പന നന്നേ കുറവാണ്. എന്നാല്‍ ഏക അത്താണിയായ മാഗ്‌നൈറ്റ് മോശമാക്കിയില്ല. 2024 വര്‍ഷത്തെ വില്‍പ്പന കണക്കുകള്‍ പുറത്ത് വരുമ്പോള്‍ 1 ലക്ഷത്തിനടുത്ത് യൂണിറ്റ് വില്‍പ്പനയാണ് സബ് 4 മീറ്റര്‍ എസ്‌യുവി നേടിയത്. ജാപ്പനീസ് കാര്‍ നിര്‍മാതാക്കളുടെ വില്‍പ്പന കണക്കുകള്‍ വിശദമായി ചുവടെ നോക്കാം.
2024 ഒക്‌ടോബറില്‍ ജാപ്പനീസ് കമ്പനി മാഗ്‌നൈറ്റിന്റെ ഫെയ്‌സ്‌ലിഫ്റ്റ് (Nissan Magnite Facelift) പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരുന്നു. ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ ജനപ്രിയ മോഡല്‍ 10,000 യൂണിറ്റ് ബുക്കിംഗ് നാഴികക്കല്ല് താണ്ടി. 2024 കലണ്ടര്‍ വര്‍ഷത്തില്‍ 91,184 യൂണിറ്റുകള്‍ വിറ്റു. കഴിഞ്ഞ മാസം അതായത് 2024 ഡിസംബറില്‍ 11,676 യൂണിറ്റായിരുന്നു വില്‍പ്പന.

അടുത്തിടെ നിസാന്‍ ഇന്ത്യന്‍ നിര്‍മിത മാഗ്‌നൈറ്റിന്റെ കയറ്റുമതിയും ആരംഭിച്ചു. ഇത് മൊത്തം കയറ്റുമതി കണക്കുകളിലും പ്രതിഫലിച്ചു. 2024 ഡിസംബറിലെ 9,558 യൂണിറ്റുകളാണ് കപ്പല്‍ കയറ്റി അയച്ചത്. കയറ്റുമതി മൊത്തവ്യാപാരത്തില്‍ 2023 ഡിസംബറില്‍ വിറ്റ 5,561 യൂണിറ്റുകളെ അപേക്ഷിച്ച് 72 ശതമാനം വാര്‍ഷിക വര്‍ധന രേഖപ്പെടുത്തി. 2024 നവംബറിലെ കയറ്റുമതിയായ 6,698 യൂണിറ്റുകളെ അപേക്ഷിച്ച് 43 ശതമാനം വളര്‍ച്ച നേടി.
2024 നിസാന്‍ മാഗ്നൈറ്റ് 5.99 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് വിപണിയില്‍ എത്തിയത്. അതായത് ആമുഖ വിലയെന്ന നിലയില്‍ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ അതേ വിലയില്‍ കാര്‍ ലഭ്യമാക്കുകയായിരുന്നു. ആദ്യത്തെ 10,000 കസ്റ്റമേഴ്‌സിനായിരുന്നു ഈ പ്രത്യേക വില. 2024 നിസാന്‍ മാഗ്‌നൈറ്റിന്റെ ബുക്കിംഗ് 10000 കടന്നതിനാല്‍ ഈ മാസം മുതല്‍ കാറിന്റെ വില രണ്ട് ശതമാനം കൂടിയിട്ടുണ്ട്.

2020-ല്‍ പുറത്തിറങ്ങി നാല് വര്‍ഷത്തിന് ശേഷം ആദ്യമായി മുഖംമിനുക്കലിന് വിധേയമായ മാഗ്‌നൈറ്റിന്റെ വേരിയന്റ് ലിസ്റ്റും കമ്പനി പരിഷ്‌കരിച്ചിട്ടുണ്ട്. ഇപ്പോള്‍ 6 വേരിയന്റുകളില്‍ മാഗ്‌നൈറ്റ് വാങ്ങാം. വിസിയ, വിസിയ+, അസെന്റ, എന്‍-കണക്റ്റ, ടെക്ന, ടെക്ന+ എന്നിവയാണവ. അപ്‌ഡേറ്റഡ് മാഗ്നൈറ്റിന് പുത്തന്‍ ഡിസൈനിലുള്ള ഫ്രണ്ട് ബമ്പറും പുതിയ ഫ്രണ്ട് ഗ്രില്ലും ലഭിക്കുന്നു. ഈ പരിഷ്‌കാരം മുന്‍ഗാമിയെ അപേക്ഷിച്ച് മാഗ്‌നൈറ്റ് ഫെയ്‌സലിഫ്റ്റിന്റെ ലുക്ക് ഷാര്‍പ്പാക്കി മാറ്റുന്നു.
ബമ്പറിന്റെ താഴത്തെ ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ബൂമറാംഗ് ശൈലിയിലുള്ള ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍ (ഡിആര്‍എല്‍) അവിടെ തന്നെ തുടരുന്നു. അതേസമയം എല്‍ഇഡി ഹെഡ്ലൈറ്റുകള്‍ ഒരു ഓട്ടോമാറ്റിക് ഫംഗ്ഷനിലേക്ക് അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഒരു ബൈ-ഫംഗ്ഷണല്‍ പ്രൊജക്ടറും ഉള്‍പ്പെടുന്നു.
വശക്കാഴ്ചയില്‍ 2024 നിസാന്‍ മാഗ്‌നൈറ്റ് മുന്‍ഗാമിയെ അനുസ്മരിപ്പിക്കും. എന്നാല്‍ ഒരു പുതിയ സെറ്റ് 16 ഇഞ്ച് അലോയ് വീലുകളുടെ സാന്നിധ്യം മൊഞ്ച് കൂട്ടുന്നു.
റിയര്‍ സെക്ഷനില്‍ സ്‌മോക്ക്ഡ് ഇഫക്റ്റുള്ള ഉള്ള പുതുക്കിയ ടെയില്‍ ലാമ്പുകള്‍ നല്‍കിയിട്ടുണ്ട്. മാത്രമല്ല പുനര്‍രൂപകല്‍പ്പന ചെയ്ത റിയര്‍ ബമ്പറാണ് പിന്‍വശത്തെ മറ്റൊരു മാറ്റം. പിന്നില്‍ ടെയില്‍ ലാമ്പുകളുടെ ആകൃതി ഒന്നാണെങ്കിലും ലൈറ്റിംഗില്‍ പുതുമയുണ്ട്. ഇതിന് പുതിയ സണ്‍റൈസ് കൂപ്പര്‍ കളര്‍ ഷേഡും ലഭിക്കുന്നു. ഇനി ഇന്റീരിയറിലേക്ക് കയറിയാല്‍ എന്നിവയ്ക്കായി പഴയ മാഗ്നൈറ്റിന്റെ ഓള്‍-ബ്ലാക്ക് തീമിന് പകരം ഡ്യുവല്‍-ടോണ്‍ കോപ്പര്‍, ബ്ലാക്ക് ലേഔട്ടാണ് ഇത്തവണ നിസാന്‍ സമ്മാനിച്ചിരിക്കുന്നത്.
സ്റ്റിയറിംഗ് വീലിലെ ബ്ലാക്ക് ആന്‍ഡ് സില്‍വര്‍ ഫിനിഷ് ഇപ്പോള്‍ പൂര്‍ണമായും കറുപ്പിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഡോര്‍ പാഡുകളില്‍ പുതിയ ടെക്‌സ്ചര്‍ഡ് പാനലുകള്‍, ഡ്യുവല്‍-ടോണ്‍ ലെതര്‍ട്ടെ അപ്‌ഹോള്‍സ്റ്ററി, ഡാഷ്‌ബോര്‍ഡിലും ഡോര്‍ പാഡുകളിലും പുതിയ 4-കളര്‍ ആംബിയന്റ് ലൈറ്റിംഗ് എന്നിവയും വരുന്നുണ്ട്. 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍, റിയര്‍ എസി വെന്റുകള്‍, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, 360 ഡിഗ്രി ക്യാമറ, വയര്‍ലെസ് ചാര്‍ജര്‍ തുടങ്ങിയ കിടിലന്‍ ഫീച്ചറുകളും കാണാം.

പുതുക്കിയ ഗ്രാഫിക്സ്, പുതിയ ഓട്ടോ ഹെഡ്ലാമ്പുകള്‍, ഓട്ടോ ഡിമ്മിംഗ് ഐആര്‍വിഎം, പുതിയ ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ടുകള്‍, റിമോട്ട് സ്റ്റാര്‍ട്ടോടുകൂടിയ പുതിയ കീ ഫോബ്, അപ്ഡേറ്റ് ചെയ്ത 7.0 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും മാഗ്‌നൈറ്റിന്റെ ഫീച്ചര്‍ ലിസ്റ്റില്‍ ഉണ്ട്. ആറ് എയര്‍ബാഗുകള്‍, ഇഎസ്സി, ത്രീ-പോയിന്റ് സീറ്റ്‌ബെല്‍റ്റുകള്‍, എല്ലാ സീറ്റുകള്‍ക്കും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍ എന്നീ സേഫ്റ്റി ഫീച്ചറുകളും മാഗ്‌നൈറ്റില്‍ സ്റ്റാന്‍ഡേര്‍ഡായി കിട്ടും.
2024 നിസാന്‍ മാഗ്നൈറ്റിന് പവര്‍ട്രെയിന്‍ വശം മാറ്റങ്ങള്‍ ഒന്നുമില്ല. ആദ്യത്തെ 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 71 bhp പവറും 96 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 99 bhp പവറില്‍ 152 Nm ടോര്‍ക്ക് വരെ നല്‍കുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് രണ്ടാമത്തെ ഓപ്ഷന്‍.
5-സ്പീഡ് മാനുവല്‍, എഎംടി, സിവിടി ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. NA പെട്രോള്‍ എഞ്ചിന് 5-സ്പീഡ് എഎംടി ലഭിക്കുമ്പോള്‍ ടര്‍ബോ-പെട്രോളിലാണ് സിവിടി ഓപ്ഷന്‍ തെരഞ്ഞെടുക്കാനാവുന്നത്. 2024 നിസാന്‍ മാഗ്‌നൈറ്റിന്റെ പെട്രോള്‍ മാനുവല്‍ പതിപ്പുകള്‍ ലിറ്ററിന് 20 കിലോമീറ്ററും സിവിടി ടര്‍ബോ വേരിയന്റുകള്‍ക്ക് 17.4 കിലോമീറ്റര്‍ ഇന്ധനക്ഷമതയുമാണ് കമ്പനി പറയുന്നത്.


Click it and Unblock the Notifications








