ജിഎസ്ടി കട്ട് വഴി 1 ലക്ഷം കുറഞ്ഞതോടെ വില 5.61 ലക്ഷത്തിലെത്തി! ഒറ്റയടിക്ക് 58% വില്‍പ്പന വളര്‍ച്ച
ലോകോത്തര കാര്‍ നിര്‍മാതാക്കളാണെങ്കിലും വില്‍പ്പനയുടെ കാര്യത്തില്‍ ഇന്ത്യയില്‍ 12-ാം സ്ഥാനത്താണ് നിസാന്‍. നിലവില്‍ നിസാനിന്റെ ഇന്ത്യയിലെ വിപണി വിഹിതം വെറും 0.6 ശതമാനം മാത്രമാണ്. നിലവില്‍ മാഗ്‌നൈറ്റ് (Nissan Magnite) സബ് കോംപാക്ട് എസ്‌യുവിയുടെ വില്‍പ്പനയെ മാത്രം ആശ്രയിച്ചാണ് ജാപ്പനീസ് ഭീമന്‍ മുന്നോട്ട് നീങ്ങുന്നത്. 2026 രണ്ടാം പാദത്തില്‍ നിസാന്‍ ടെക്‌റ്റോണ്‍ പുറത്തിറങ്ങുന്നതോടെ ഈ സ്ഥിതിക്ക് മാറ്റം വരുമെന്ന് പ്രതീക്ഷിക്കാം. ഇപ്പോള്‍ നിസാനിന്റെ 2025 ഒക്‌ടോബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. അത് നമുക്ക് വിശദമായി നോക്കാം.
2024 ഒക്‌ടോബറില്‍ 2 പേര്‍ വാങ്ങിയിരുന്ന X-ട്രെയില്‍ വീണ്ടും വട്ടപൂജ്യമായതിനാല്‍ നമുക്ക് മാഗ്‌നൈറ്റിന്റെ കാര്യം മാത്രം നോക്കിയാല്‍ മതി. 2025 ഒക്ടോബറിലെ വില്‍പ്പന കണക്കുകള്‍ പ്രകാരം നിസാന്‍ മാഗ്‌നൈറ്റിന് 2,615 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. എന്നിരുന്നാലും, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ 16.16% ഇടിവ് രേഖപ്പെടുത്തി. 2024 ഒക്‌ടോബറില്‍ 3119 യൂണിറ്റായിരുന്നു മാഗ്‌നൈറ്റിന്റെ വില്‍പ്പന. 504 യൂണിറ്റുകളുടെ കുറവാണ് രേഖപ്പെടുത്തിയത്.

അതേസമയം ജിഎസ്ടി പരിഷ്‌കാരങ്ങളുടെ ആനുകൂല്യങ്ങള്‍ ലഭ്യമായി തുടങ്ങിയതിനാല്‍ 2025 സെപ്റ്റംബറിനെ അപേക്ഷിച്ച് വില്‍പ്പന വളരെയധികം മെച്ചപ്പെട്ടു. സെപ്റ്റംബറിലെ 1652 യൂണിറ്റില്‍ നിന്ന് 58 ശതമാനം വളര്‍ച്ചയോടെയാണ് ഒക്‌ടോബറില്‍ 2615 യൂണിറ്റ് വില്‍പ്പനയിലെത്തിയത്. ജിഎസ്ടി ഇളവുകള്‍ക്കൊപ്പം ദീപാവലി ഓഫറുകളും കൂടുതല്‍ വില്‍പ്പന നേടാന്‍ സഹായകമായിട്ടുണ്ട്.
പുതിയ ജിഎസ്ടി സ്ലാബുകള്‍ പ്രകാരം മാഗ്‌നൈറ്റ് ശ്രേണിയിലുടനീളം ഗണ്യമായ വിലക്കുറവാണ് സംഭവിച്ചിരിക്കുന്നത്. നവരാത്രിയുടെ ആദ്യ ദിവസമായ 2025 സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വന്ന മാറ്റത്തിലൂടെ 1 ലക്ഷം രൂപ വരെയാണ് എസ്‌യുവിക്ക് വിലക്കുറവ് ലഭിച്ചിരിക്കുന്നത്. മാഗ്‌നൈറ്റിന്റെ ഏറ്റവും ബേസ് മോഡലായ വിസിയ മാനുവലിന്റെ വില 6 ലക്ഷത്തില്‍ താഴെ എത്തി.
ഇപ്പോള്‍ വിസിയ മാനുവലിന്റെ എക്‌സ്‌ഷോറൂം വില 5.61 ലക്ഷം രൂപയാണ്. ഓട്ടോമാറ്റിക് സൗകര്യത്തോടെ മിഡ്-റേഞ്ച് ഓപ്ഷനുകളായി സ്ഥാപിച്ചിരിക്കുന്ന എന്‍-കണക്റ്റ സിവിടി, കുറോ സിവിടി വകഭേദങ്ങള്‍ ഇപ്പോള്‍ 10 ലക്ഷത്തിന് താഴെയാണ്. ഉയര്‍ന്ന വകഭേദങ്ങളായ സിവിടി ടെക്ന, സിവിടി ടെക്ന പ്ലസ് എന്നിവയ്ക്കാണ് കൂടുതല്‍ വിലക്കുറവുണ്ടായിരിക്കുന്നത്. ഇവ ഇപ്പോള്‍ യഥാക്രമം 97,000 രൂപയും 1 ലക്ഷം രൂപയും വിലകുറഞ്ഞതായി മാറിയിട്ടുണ്ട്.
നിലവില്‍ നിസാന്‍ മാഗ്‌നൈറ്റിന്റെ എക്‌സ്‌ഷോറൂം വില 5.61 ലക്ഷം മുതല്‍ 9.93 ലക്ഷം രൂപ വരെ പോകുന്നു. മാത്രമല്ല സിഎന്‍ജി റിട്രോഫിറ്റ്മെന്റ് കിറ്റിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. 74,999 രൂപയ്ക്ക് വിറ്റിരുന്ന കിറ്റിന് ഇപ്പോള്‍ 3,000 രൂപ കുറഞ്ഞിട്ടുണ്ട്. മാത്രമല്ല ഇപ്പോള്‍ നിസാന്‍ മാഗ്‌നൈറ്റ് സിഎന്‍ജിക്ക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനും കമ്പനി സമ്മാനിച്ചിട്ടുണ്ട്. സ്റ്റാന്‍ഡേര്‍ഡ് മാഗ്‌നൈറ്റ് രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്.

72bhp പവറും 96Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ആദ്യത്തേത്. രണ്ടാമത്തെ എഞ്ചിന്‍ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ യൂണിറ്റാണ്. ഇത് 100bhp പവറും 160Nm ടോര്‍ക്കും സൃഷ്ടിക്കുന്നു. നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ബോക്‌സുകളുമായി ബന്ധിപ്പിക്കുന്നു.
അതേസമയം ടര്‍ബോ പതിപ്പ് 5-സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയോടൊപ്പം ലഭ്യമാണ്. മാഗ്‌നൈറ്റിന്റെ പെട്രോള്‍ വേരിയന്റുകള്‍ക്ക് 19.5 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. അതേസമയം റെട്രോഫിറ്റ് സിഎന്‍ജി കിറ്റ് ഫിറ്റ് ചെയ്താല്‍ മാഗ്‌നൈറ്റ് ഒരു കിലോഗ്രാമിന് 24 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ചാര്‍ജര്‍, TFT ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എയര്‍ പ്യൂരിഫയര്‍, ഫ്രെയിംലെസ് ഓട്ടോ-ഡിം IRVM, 360-ഡിഗ്രി ക്യാമറ, ഓട്ടോ ലോക്ക്, അപ്രോച്ച് അണ്‍ലോക്ക്, റിമോട്ട് സ്റ്റാര്‍ട്ട് എന്നിവയാണ് പ്രധാന പധാന ഫീച്ചറുകള്‍. 6 എയര്‍ബാഗുകള്‍ അടക്കം നിരവധി സേഫ്റ്റി ഫീച്ചറുകള്‍ യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കാനായി കാറില്‍ സജ്ജീകരിച്ചിട്ടുണ്ട്.

ടാറ്റ നെക്‌സോണ്‍, മാരുതി ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ് തുടങ്ങിയ മോഡലുകളുമായാണ് മാഗ്നൈറ്റ് പ്രധാനമായും മത്സരിക്കുന്നത്. ആധുനിക സവിശേഷതകളും ആകര്‍ഷകമായ രൂപകല്‍പ്പനയും മാഗ്നൈറ്റിനെ വിപണിയില്‍ പ്രിയങ്കരമാക്കുന്നു. പുതുവര്‍ഷം പിറന്നാല്‍ കമ്പനിയുടെ നിലനില്‍പ്പിനായി മാഗ്‌നൈറ്റിന് ഒറ്റക്ക് കഷ്ടപ്പെടേണ്ടി വരില്ല. എസ്‌യുവി, എംപിവി വിഭാഗങ്ങളിലായി പുത്തന്‍ മോഡലുകള്‍ കൊണ്ടുവരാനിരിക്കുകയാണ് കമ്പനി.


Click it and Unblock the Notifications








