നിസാന്‍ ചതിച്ചാശാനേ..! ₹6 ലക്ഷം പോലും വിലയില്ലാത്ത ഈ എസ്‌യുവി വാങ്ങാനിരുന്നവര്‍ കൂടുതല്‍ പൈസ കരുതിക്കോളൂ
2026 ജനുവരി 1 മുതല്‍ വില വര്‍ധനവ് നടപ്പാക്കാന്‍ പോകുന്ന വാഹന നിര്‍മാതാക്കളുടെ കൂട്ടത്തില്‍ ചേരാന്‍ പോകുകയാണ് നിസാന്‍ മോട്ടോര്‍ ഇന്ത്യ. ഇതോടെ ഇന്ത്യയില്‍ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭ്യമാകുന്ന സബ് കോംപാക്റ്റ് എസ്‌യുവികളില്‍ ഒന്നായ നിസാന്‍ മാഗ്നൈറ്റ് (Nissan Magnite Price Hike) വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ ഇനി കൂടുതല്‍ പണം കൈയ്യില്‍ കരുതണം. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് വേരിയന്റിനെയും സവിശേഷതകളെയും ആശ്രയിച്ച് മാഗ്‌നൈറ്റിന് 3% വരെ വില വര്‍ധനവ് ലഭിക്കുമെന്നാണ് സൂചന. ഡോളറിനും യൂറോക്കുമെതിരെയുള്ള ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ചയാണ് വില വര്‍ധനവിന് പിന്നിലുള്ള പ്രധാന കാരണമായി പറയപ്പെടുന്നത്.
രൂപയുടെ മൂല്യത്തകര്‍ച്ച കാരണം അസംസ്‌കൃത വസ്തുക്കള്‍ക്ക് വില കൂടുകയും ചരക്കുനീക്കത്തിനുള്ള ചെലവ് വര്‍ധിക്കുകയും ചെയ്തു. ഈ വര്‍ഷം ഏഷ്യയില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കറന്‍സിയാണ് ഇന്ത്യന്‍ രൂപ. യുഎസ് ഡോളറിനെതിരെ 6% വരെ ഇടിഞ്ഞ് ഡിസംബറില്‍ ഇന്ത്യന്‍ രൂപ എക്കാലത്തെയും താഴ്ന്ന നിരക്കായ 91.01-ല്‍ എത്തിയിരുന്നു.

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് ഏര്‍പ്പെടുത്തിയ 50% ഇറക്കുമതി തീരുവ, വിദേശ നിക്ഷേപകരില്‍ നിന്നുള്ള ഫണ്ടുകളുടെ ഒഴുക്ക് എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങളാണ് ഇടിവിന് കാരണം. നിലവില്‍ കിടമത്സരം നടക്കുന്ന സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തിലാണ് നിസാന്‍ മാഗ്‌നൈറ്റ് മത്സരിക്കുന്നത്. ഈ വിഭാഗത്തില്‍ വിലയിലെ ചെറിയ മാറ്റങ്ങള്‍ പോലും ഉപഭോക്താക്കളുടെ തീരുമാനങ്ങളെ കാര്യമായി സ്വാധീനിക്കാന്‍ സാധ്യതയുണ്ട്.
വരും മാസങ്ങളില്‍ പുതിയ മോഡലുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നുണ്ടെങ്കിലും ജാപ്പനീസ് ബ്രാന്‍ഡിന്റെ ഏക അന്നദാതാവ് മാഗ്‌നൈറ്റാണ്. 2026-ന് മുമ്പ് വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് നിലവിലുള്ള വിലയ്ക്ക് മാഗ്നൈറ്റ് സ്വന്തമാക്കാന്‍ സാധിക്കും. മാത്രമല്ല സ്‌റ്റോക്ക് ക്ലിയര്‍ ചെയ്യുന്നതിന്റെ ഭാഗമായി ഇയര്‍ എന്‍ഡ്, ഡീലര്‍ കിഴിവുകളും സ്വന്തമാക്കാനാകും. നിലവില്‍ മാനുവല്‍ ഗിയര്‍ ബോക്‌സുമായി വരുന്ന മാഗ്‌നൈറ്റിന്റെ ബേസ് വിസിയ വേരിയന്റിന്റെ വില 5.62 ലക്ഷം രൂപയാണ്.
പരമാവധി 3% വര്‍ധനവ് ലഭിച്ചാല്‍ വില ഏകദേശം 17,000 രൂപ വര്‍ധിക്കും. അതോടെ മാഗ്‌നൈറ്റിന്റെ പ്രാരംഭ വില 5,78,492 രൂപയാകും. ടര്‍ബോ-സിവിടി കോമ്പിനേഷനില്‍ വരുന്ന ഏറ്റവും ഉയര്‍ന്ന വേരിയന്റായ ടെക്‌ന+ വേരിയന്റിന്റെ വില 10,75,721 രൂപയാണ്. 3% വര്‍ധനവ് ലഭിക്കുകയാണെങ്കില്‍ ഈ വേരിയന്റിന്റെ വില ഏകദേശം 32,000 രൂപ കൂടും. ഇതോടെ മാഗ്‌നൈറ്റിന്റെ റേഞ്ച് ടോപ്പിംഗ് വേരിയന്റിന്റെ വില 11,07,993 രൂപയായി ഉയരും. മുകളില്‍ പരാമര്‍ശിച്ചതെല്ലാം എക്‌സ്-ഷോറൂം വിലകളാണ്.
ഓരോ വേരിയന്റിന്റെയും കൃത്യമായ വില വര്‍ധനവ് വ്യത്യാസപ്പെട്ടേക്കാമെന്ന് ശ്രദ്ധിക്കുക. ഡിസംബര്‍ അവസാനമോ അല്ലെങ്കില്‍ ജനുവരിയുടെ തുടക്കത്തിലോ കമ്പനി പുതുക്കിയ വില വിവരപ്പട്ടിക പുറത്തുവിടും. നിസാന്‍ മാഗ്നൈറ്റിന്റെ വിലയില്‍ മാറ്റം വരുത്തുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ വര്‍ഷവും ചെറിയ വില വര്‍ധനവുകള്‍ നിസാന്‍ വരുത്തിയിട്ടുണ്ട്. ഏറ്റവും പുതിയ ഈ വര്‍ധനവ് വാഹനത്തിന്റെ ഫീച്ചറുകളിലോ ഉപകരണങ്ങളിലോ വരുത്തിയ അപ്‌ഡേറ്റ് കൊണ്ടല്ല, ഉത്പാദനച്ചെലവുകള്‍ വര്‍ധിച്ചത് കാരണമാണ്.

സാമ്പത്തിക വെല്ലുവിളികള്‍ കാരണം വാഹന നിര്‍മാതാക്കള്‍ കാലാകാലങ്ങളില്‍ വിലകള്‍ ക്രമീകരിക്കുന്നുണ്ട്. നിസാനെ കൂടാതെ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ, മെര്‍സിഡീസ് ബെന്‍സ്, ബിഎംഡബ്ല്യു മോട്ടോറാഡ് തുടങ്ങിയ വാഹന നിര്‍മ്മാതാക്കളും വിലവര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ സെപ്റ്റംബറില്‍ നടപ്പാക്കിയ ജിഎസ്ടി നികുതി ഇളവ് കാരണമുള്ള ഡിമാന്‍ഡ് നിലനിര്‍ത്തുന്നതിനായി ജനുവരിയില്‍ വില വര്‍ധിപ്പിക്കാനില്ലെന്നാണ് മാരുതി സുസുക്കിയും മഹീന്ദ്രയും തീരുമാനിച്ചിരിക്കുന്നത്.
അടുത്ത സാമ്പത്തിക വര്‍ഷാരംഭത്തില്‍ വില പരിഷ്‌കരിക്കാനാണ് ടാറ്റയുടെ പദ്ധതി. അതേസമയം ഹ്യുണ്ടായി ഇക്കാര്യത്തില്‍ ഇതുവരെ മനസുതുറന്നിട്ടില്ല. ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ മൂന്ന് മോഡലുകള്‍ പുറത്തിറക്കി തങ്ങളുടെ ശ്രേണി വിപുലീകരിക്കാന്‍ പോകുകയാണ് നിസാന്‍. ബി-സെഗ്മെന്റ് എംപിവി, പുതിയ മിഡ്സൈസ് എസ്‌യുവി, 7 സീറ്റര്‍ എസ്‌യുവി എന്നിവ ഉള്‍പ്പെടും.

നിസാന്‍ ഏറ്റവും പുതുതായി ഇന്ത്യയില്‍ എത്തിക്കാന്‍ പോകുന്ന കോംപാക്ട് എംപിവിക്ക് ഗ്രാവൈറ്റ് എന്നാണ് പേരിട്ടിരിക്കുന്നത്. അടുത്ത മാസം അവതരിപ്പിക്കുന്ന ഗ്രാവൈറ്റ് മാര്‍ച്ച് മാസം ഷോറൂമിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രാവൈറ്റിന് ശേഷം ടെക്‌ടോണും അത് കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പുതിയ 7 സീറ്റര്‍ എസ്‌യുവിയും പുറത്തിറക്കാനാണ് നിസാനിന്റെ പ്ലാന്‍.
നിലവില്‍ മാഗ്‌നൈറ്റിന് പുറമെ X-ട്രെയില്‍ ഫുള്‍സൈസ് എസ്‌യുവിയും കമ്പനിയുടെ മോഡല്‍നിരയില്‍ ഉണ്ടെങ്കിലും ഫോര്‍ച്യൂണര്‍ എതിരാളിക്ക് വില്‍പ്പന തീരേ കുറവാണ്. ഈ സാഹചര്യത്തില്‍ താങ്ങാവുന്ന വിലയില്‍ വരാന്‍ പോകുന്ന ഗ്രാവൈറ്റ് സബ് 4 മീറ്റര്‍ എസ്‌യുവി നിസാന്‍ ഷോറൂമിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ജനുവരിയില്‍ നടപ്പാക്കുമെന്ന് പറയപ്പെടുന്ന വില വര്‍ധനവ് മാഗ്‌നൈറ്റിന്റെ വില്‍പ്പനയെ ബാധിക്കുമോയെന്ന് കണ്ടറിയണം.


Click it and Unblock the Notifications








