NISSAN MAGNITE സിവിടി ടർബോയുടെ റിയൽ വേൾഡ് മൈലേജ് ടെസ്റ്റ്! ഹൈവേ മുതൽ ഹൈറേഞ്ച് വരെ
ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ബജറ്റ് ഓട്ടോമാറ്റിക് എസ്‌യുവികളിലൊന്നായ നിസാൻ മാഗ്നൈറ്റ് ടർബോ സിവിടി വേരിയൻ്റ് റിവ്യുവിന് വേണ്ടി ലഭിച്ചപ്പോൾ തന്നെ വിചാരിച്ച കാര്യമാണ് ഒരു റിയൽ വേൾഡ് മൈലേജ് ടെസ്റ്റ് നടത്തണമെന്നത്. കേരളത്തിലെ ഡ്രൈവിംഗ് സാഹചര്യങ്ങളിൽ എത്രമാത്രം മൈലേജ് കിട്ടും എന്നത് പല ഉപഭോക്താക്കൾക്കും അറിയാൻ താൽപ്പര്യമുള്ള കാര്യം കൂടിയാണല്ലോ. ഹൈറേഞ്ചുകളും സിറ്റി ട്രാഫിക്കും ഉൾപ്പെടുന്ന കേരളത്തിലെ റോഡുകളിൽ അല്ലാതെ റിയൽ വേൾഡ് മൈലേജ് ടെസ്റ്റ് വേറെ എവിടെ നടത്താനാണ്. മൈലേജ് എത്ര കിട്ടിയെന്നറിയാൻ നിങ്ങൾക്ക് ആകാംക്ഷ കാണുമെന്ന് അറിയാം. തുടർന്ന് വായിക്കണേ
ഈ റിയൽ വേൾഡ് മൈലേജ് ടെസ്റ്റ് നടത്തിയത് കോട്ടയത്തെ സിറ്റി ട്രാഫിക്കുകളിലും, ദേശീയപാതകൾ, ഗ്രാമീണ റോഡുകൾ എന്നിവയെല്ലാം കൂട്ടിചേർത്താണ് പരീക്ഷണം നടത്തിയത്. പൂർണ്ണമായിട്ടും സ്റ്റോക്ക് കണ്ടീഷനിലുളള നിസാൻ മാഗ്നൈറ്റ് ടർബോ സിവിടി വേരിയൻ്റ് ഉപയോഗിച്ച്, മുഴുവൻ സമയവും ഏസി ഓൺ ചെയ്ത് കൊണ്ട് സാധാരണ ഡ്രൈവിംഗ് ശൈലിയിലാണ് പരീക്ഷണം നടത്തിയത് എന്ന് പ്രത്യേകം ഓർമിപ്പിക്കുകയാണേ.

സിറ്റി ട്രാഫിക്കിലേക്ക് മാഗ്നൈറ്റുമായി ഇറങ്ങിയപ്പോൾ ട്രാഫിക് സ്റ്റോപ്പുകളും സിഗ്നലുകളും ഉൾപ്പെടുന്ന നഗരയാത്രയിൽ നിസാൻ മാഗ്നൈറ്റ് ടർബോ സിവിടി ശരാശരി 10.5 മുതൽ 11.5 kmpl വരെയാണ് മൈലേജ് നൽകിയത്. CVT ഗിയർബോക്സിന്റെ സ്മൂത്ത് ആയ പ്രകടനം ട്രാഫിക്കിൽ ഡ്രൈവിംഗ് എളുപ്പമാക്കുന്നുവെങ്കിലും, ടർബോ പെട്രോൾ എഞ്ചിൻ ആയത് കൊണ്ട് തന്നെ മൈലേജിൽ ചെറിയ കുറവ് കാണിക്കുന്നുണ്ട്.
മാഗ്നൈറ്റുമായി നേരെ ഹൈവേയിലേക്ക് ഇറങ്ങിയപ്പോൾ വളരെ മികച്ച പ്രകടനം തന്നെയാണ് കാഴ്ച്ചവച്ചത്. ഉളളിലെ മൈക്കിൾ ഷൂമാക്കറിൻ്റെ വേഷം അഴിച്ച് കോ-ഡ്രൈവർ സീറ്റിലേക്ക് വച്ചതിന് ശേഷം മാത്രമേ നിങ്ങൾ ഹൈവേയിലേക്ക് ഇറങ്ങാവു. എന്ന് കരുതി മെല്ലെ പിച്ച് വച്ച് പോകുന്ന അമ്മാവൻമാരെ പോലെ അല്ല കേട്ടോ. മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിച്ചത്.

ഹൈവേ യാത്രയിൽ എടുത്തു പറയേണ്ട ഒരു ഫീച്ചറാണ് ക്രൂയിസ് കൺട്രോൾ. വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്. 15 മുതൽ 16 kmpl വരെ മൈലേജ് ആണ് ഹൈവേയിൽ ലഭിച്ചത്. CVT ഗിയർബോക്സ് കുറഞ്ഞ RPM നിലനിർത്തുന്നതാണ് ഹൈവേയിൽ മെച്ചപ്പെട്ട ഇന്ധനക്ഷമത ലഭിക്കാനുളള പ്രധാന കാരണമായി തോന്നിയിട്ടുളളത്.
കേരളത്തിൻ്റെ മലയോര റോഡുകളും കയറ്റങ്ങളും വളവുകളിലേക്കും വണ്ടി തിരിച്ചപ്പോൾ കിട്ടിയത് ശരാശരി 12.5-13 kmpl മൈലേജ് ആണ്. ടർബോ എഞ്ചിന്റെ ടോർക്ക് ഡെലിവറി ഹൈറേഞ്ചിലെ റോഡുകളിൽ ആത്മവിശ്വാസം നൽകുന്നുണ്ടെങ്കിലും പെട്ടെന്നുള്ള ആക്സിലറേഷൻ നിങ്ങളുടെ മൈലേജ് കുറയ്ക്കാൻ കാരണമാകുന്നുണ്ട്.

നിസാൻ മാഗ്നൈറ്റിൽ ലഭിക്കുന്ന Eco Drive Assist, സ്മൂത്ത് ത്രോട്ടിൽ ഇൻപുട്ട്, സ്ഥിരമായ വേഗത എന്നിവ പാലിച്ചാൽ മൈലേജ് മെച്ചപ്പെടുത്താൻ സാധിക്കും. CVT-യുടെ ലീനിയർ പവർ ഡെലിവറി, വളരെ ശാന്തമായ ഡ്രൈവിംഗ് ശൈലി സ്വീകരിക്കുന്നവർക്ക് കൂടുതൽ ഇന്ധനക്ഷമത നേടാൻ സഹായകമായിരിക്കും. എന്ന് കരുതി 50 കിലോമീറ്റർ വേഗതയിൽ സ്ഥിരമായി പോകണമെന്നില്ല. അൽപ്പം സ്പീഡിൽ പോയാലും വളരെ മാന്യമായ മൈലേജ് തന്നെ നിങ്ങൾക്ക് ലഭിക്കും.
15 ദിവസം കൊണ്ട് ഞാൻ നിസാൻ മാഗ്നൈറ്റ് 1500 കിലോമീറ്ററോളം ഓടിച്ചു. കണക്ക് കൂട്ടലുകളിൽ നിന്ന് എനിക്ക് കിട്ടിയത് മൊത്തത്തിലുളള മൈലേജ് ലിറ്ററിന് 17 കിലോമീറ്ററാണ്. എപ്പോഴും മിതമായ വേഗതയിൽ മാത്രമല്ല ഓടിച്ചത്, 100 കിലോമീറ്ററിന് മുകളിൽ വേഗതയിലും, ബ്ലോക്കുകളിലും, സിഗ്നലുകളിലും എല്ലാം കൂടി സഞ്ചരിച്ചതിന് ശേഷം കിട്ടിയ മൈലേജാണ് ഇത്. പലർക്കും ലഭിക്കുന്ന മൈലേജ് വ്യത്യസ്തമാണ്. നിങ്ങൾ വാഹനമോടിക്കുന്ന രീതിയിൽ വരുന്ന വ്യത്യാസമാണ് ഇതിന് കാരണം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








