വില്‍പ്പന പൂജ്യം! ലോക തോല്‍വിയായി ഫോര്‍ച്യൂണറിനെ തോല്‍പ്പിക്കാനെത്തിയ ജാപ്പനീസ് യോദ്ധാവ്
ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാന്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഹോണ്ടയുമായി ലയിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറിയ ബ്രാന്‍ഡ് തുടര്‍ന്നും ഒറ്റക്ക് പ്രവര്‍ത്തിച്ച് പോരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ബ്രാന്‍ഡ് നിലവില്‍ രണ്ട് കാറുകളാണ് പുറത്തിറക്കുന്നത്. മാഗ്‌നൈറ്റും X-ട്രെയിലും. എന്നാല്‍ വില്‍പ്പന കണക്കുകള്‍ പുറത്ത് വരുമ്പോള്‍ ഒറ്റ മോഡല്‍ തന്നെ മതിയായിരുന്നുവെന്ന തോന്നലായിരിക്കാം വണ്ടിക്കമ്പനി മുതലാളിക്ക് ഉണ്ടായിരിക്കുക. 2024 ജനുവരിയില്‍ നിസാന്‍ ഇന്ത്യയില്‍ 2404 കാറുകളാണ് വില്‍പ്പന നടത്തിയത്. അതില്‍ 2404 യൂണിറ്റും മാഗ്‌നൈറ്റിന്റെ സംഭാവനയായിരുന്നു. അതായത് പോയമാസവും X-ട്രെയില്‍ വാങ്ങാന്‍ ഒരാളും നിസാന്‍ ഷോറൂമില്‍ എത്തിയില്ല.
ആഗോള തലത്തില്‍ തന്നെ വളരെ ജനപ്രിയമായ D1 സെഗ്‌മെന്റ് എസ്‌യുവിയാണ് നിസാന്‍ X-ട്രെയില്‍. ഇന്ത്യയില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ അടക്കമുള്ള വമ്പന്‍മാരുമായി മത്സരിക്കാനെത്തി ലോക പരാജയമാകുകയാണ് ഈ മോഡല്‍. വിപണിയിലെത്തി ആറ് മാസം കഴിഞ്ഞിട്ടും വിരലിലെണ്ണാവുന്ന യൂണിറ്റുകള്‍ മാത്രമാണ് വിറ്റുപോയത്. കഴിഞ്ഞ 6 മാസത്തിനുള്ളില്‍ ഈ എസ്‌യുവി ആകെ 22 യൂണിറ്റുകള്‍ വില്‍പ്പന നടത്തി.

2024 ഓഗസ്റ്റിലായിരുന്നു ഈ കാര്‍ പുറത്തിറക്കിയത്. ആ മാസം വെറും 6 യൂണിറ്റായിരുന്നു വില്‍പ്പന. ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന വില്‍പ്പന തൊട്ടടുത്ത മാസമായിരുന്നു. 2024 സെപ്റ്റംബറില്‍ 13 പുതിയ ഉപഭോക്താക്കളെ കാറിന് ലഭിച്ചു. പിന്നീട് ഇതുവരെ വില്‍പ്പന രണ്ടക്കം പോലും തൊട്ടിട്ടില്ല. ഒക്‌ടോബറില്‍ രണ്ട് യൂണിറ്റ് വിറ്റപ്പോള്‍ നവംബറില്‍ വില്‍പ്പന വട്ടപ്പൂജ്യമായി. അതുപോലെ തന്നെ ഡിസംബറില്‍ 1 യൂണിറ്റ് വിറ്റപ്പോള്‍ 2025 ജനുവരിയില്‍ വീണ്ടും കച്ചവടമൊന്നും നടന്നില്ല.
10 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലേക്ക് കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ് യൂണിറ്റായാണ് X-ട്രെയില്‍ മടങ്ങിയെത്തിയത്. സിബിയു ആയി വരുന്നതിനാല്‍ തന്നെ വില നല്ല കൂടുതലായിരുന്നു. ഇത് തന്നെയാണ് എസ്‌യുവിയെ ഇന്ത്യക്കാരില്‍ നിന്ന് അകറ്റിയതെന്ന് ഉറപ്പിച്ച് പറയാം. ഓഗസ്റ്റില്‍ ലോഞ്ച് സമയത്ത് ഉടനടി ഡെലിവറി ചെയ്യാനായി 150 കാറുകളാണ് ഇന്ത്യക്കായി നീക്കിവെച്ചത്.

എന്നാല്‍ 6 മാസമായിട്ടും ഇതിന്റെ നാലിലൊന്ന് പോലും വിറ്റ് തീര്‍ക്കാന്‍ കമ്പനിക്കായില്ലെന്നതാണ് സങ്കടം. ഒറ്റ വേരിയന്റില്‍ മാത്രം ലഭ്യമാകുന്ന ഫുള്‍സൈസ് എസ്‌യുവിയുടെ വില 49.92 ലക്ഷം രൂപയാണ്. എക്‌സ്‌ഷോറൂം വില മാത്രമാണിത്. നികുതിയും മറ്റ് ചെലവുകളും കൂടി ചേരുന്നതോടെ വില അരക്കോടി കടക്കും. നിസാന്‍ X-ട്രെയിലിന്റെ നാലാം തലമുറ മോഡല്‍ അടിസ്ഥാനപരമായി കമ്പനിയുടെ CMF-C പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.
ഇത് 2021 മുതല്‍ ആഗോള വിപണിയില്‍ ലഭ്യമാണ്. നിസാന്‍ X-ട്രെയില്‍ എസ്‌യുവി വിദേശ വിപണികളില്‍ 5 സീറ്റര്‍, 7 സീറ്റര്‍ സീറ്റിംഗ് ലേഔട്ടുകളില്‍ വാങ്ങാന്‍ സാധിക്കുമെങ്കിലും ഇന്ത്യയില്‍ മൂന്ന് വരി പതിപ്പില്‍ മാത്രമാണ് ലഭ്യമാകുക. ഡയമണ്ട് ബ്ലാക്ക്, പേള്‍ വൈറ്റ്, ഷാംപെയ്ന്‍ സില്‍വര്‍ എന്നീ മൂന്ന് നിറങ്ങളില്‍ തെരഞ്ഞെടുക്കാം.

ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ഡ്യുവല്‍-പേന്‍ പനോരമിക് സണ്‍റൂഫ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഓട്ടോ ഹോള്‍ഡ്, ക്രൂയിസ് കണ്‍ട്രോള്‍, സ്പീഡ് ലിമിറ്റര്‍, സ്പീഡ് ലിമിറ്റര്‍, 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് എന്നിങ്ങനെ സവിശേഷതകള്‍ ഈ കാറില്‍ ലഭ്യമാണ്.
ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്ന 8 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, കീലെസ് എന്‍ട്രി, വിവിധ ഡ്രൈവിംഗ് മോഡുകള്‍, വയര്‍ലെസ് ചാര്‍ജിംഗ് എന്നിവയാണ് അധിക ഫീച്ചറുകള്‍.
12V മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയ 1.5 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് X-ട്രെയിലിന് തുടിപ്പേകുന്നത്. 160 bhp പവറും 300 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. വേരിയബിള്‍ കംപ്രഷനും ടര്‍ബോചാര്‍ജറും ഉള്‍ക്കൊള്ളുന്ന ഈ എഞ്ചിന്‍ സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഇണചേര്‍ത്തിരിക്കുന്നു.
ഇന്ധനം ലാഭിക്കാനുള്ള ഓട്ടോ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സിസ്റ്റം പോലുള്ള സാങ്കേതികവിദ്യകള്‍ക്കൊപ്പം ഇക്കോ, സ്റ്റാന്‍ഡേര്‍ഡ്, സ്പോര്‍ട്ട് എന്നീ മൂന്ന് ഡ്രൈവ് മോഡുകളും നിസാന്‍ X-ട്രെയില്‍ എസ്‌യുവി വാഗ്ദാനം ചെയ്യുന്നു. ഫ്രണ്ട്-വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനില്‍ മാത്രമാണ് ലഭ്യമാകുക. ഫോര്‍ച്യൂണറിനെ കൂടാതെ എംജി ഗ്ലോസ്റ്റര്‍, സ്‌കോഡ കൊഡിയാക്, ജീപ്പ് മെറിഡിയന്‍ എന്നിവയാണ് എതിരാളികള്‍.


Click it and Unblock the Notifications








