എല്ലാവര്‍ക്കും ഇലക്ട്രിക് കാര്‍ വാങ്ങാം, ഓലയുടെ കുഞ്ഞന്‍ ഇവിക്ക് പേറ്റന്റ്! ടിയാഗോയും കോമെറ്റും കരുതിയിരുന്നോ
S1 സീരീസ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വെച്ച് സമീപകാലത്ത് വരെ ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗം അടക്കി ഭരിച്ചിരുന്ന കമ്പനിയാണ് ഓല ഇലക്ട്രിക്. എന്നാല്‍ വില്‍പ്പനാനന്തര സേവനങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികള്‍ ഓലയോടുള്ള വിശ്വാസ്യത ഇടിയാനും അതുവഴി വലിയ വില്‍പ്പന ഇടിവിനും കാരണമായി. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരു മാസം അരലക്ഷത്തില്‍ കൂടുതല്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റ് ഇലക്ട്രിക് ടൂവീലര്‍ വിഭാഗത്തിലെ മാരുതിയായി ഓല വിലസിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ടിവിഎസ്, ബജാജ്, ഏഥര്‍ എന്നിവയ്ക്ക് പിന്നില്‍ നാലാമത് മാത്രമാണ് ഓലയുടെ സ്ഥാനം.
ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ കൊണ്ടുവന്ന് പോര്‍ട്‌ഫോളിയോ വിപുലീകരിച്ചെങ്കിലും ബ്രാന്‍ഡിന് ഇപ്പോഴും പഴയ ഫോമിലേക്ക് തിരിച്ചെത്താന്‍ സാധിച്ചിട്ടില്ല. ഇരുചക്രവാഹന വിപണിയില്‍ വില്‍പ്പന ഇടിവ് നേരിടുന്ന ഓല ഇലക്ട്രിക് തങ്ങളുടെ പ്രതിസന്ധികള്‍ മറികടക്കാന്‍ പുതിയ പദ്ധതികളുമായി മുന്നോട്ട് വരികയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി വില്‍പ്പനയില്‍ തുടര്‍ച്ചയായ ഇടിവ് നേരിടുന്നതിനിടെ മാസ്-മാര്‍ക്കറ്റ് സ്‌കൂട്ടറുകള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനായി താല്‍ക്കാലികമായി മാറ്റിവച്ച ഇലക്ട്രിക് കാര്‍ പദ്ധതി വീണ്ടും പൊടിതട്ടിയെടുക്കുകയാണ് കമ്പനി.

ഇതിന്റെ ഭാഗമായി ഇപ്പോള്‍ ഒരു ചെറിയ ഇലക്ട്രിക് കാറിനായുള്ള പേറ്റന്റ് ഓല ഇലക്ട്രിക് ഫയല്‍ ചെയ്‌തതായി കാർവാലേയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ഇത് ഇലക്ട്രിക് ഫോര്‍വീലര്‍ വിഭാഗത്തിലേക്കുള്ള കമ്പനിയുടെ എന്‍ട്രിയെ കുറിച്ചുള്ള സൂചന നല്‍കുന്നു.ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന സങ്കല്‍പ്പ് 2025 ഇവന്റില്‍ ഓല ഇലക്ട്രിക് തങ്ങളുടെ ജെന്‍ 4 മോഡുലാര്‍ പ്ലാറ്റ്‌ഫോം പ്രദര്‍ശിപ്പിച്ചിരുന്നു.
സ്‌കൂട്ടറുകള്‍, ത്രീ-വീലറുകള്‍, കാറുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് അനുയോജ്യമായ രീതിയിലാണ് ഈ പ്ലാറ്റ്‌ഫോം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പേറ്റന്റ് അപേക്ഷയില്‍ ഒരു 5-ഡോര്‍ ഹാച്ച്ബാക്കാണ് ചിത്രീകരിച്ചിരിക്കുന്നത്. എംജി കോമെറ്റ് ഇവി, ടാറ്റ ടിയാഗോ ഇവി, വിന്‍ഫാസ്റ്റ് മിനിയോ ഗ്രീന്‍ തുടങ്ങിയ കാറുകളുമായി മത്സരിക്കാന്‍ ശേഷിയുള്ള ഒരു കോംപാക്ട് വാഹനമായിരിക്കും ഇത്.

ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണി ദീര്‍ഘകാലമായി നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് തദ്ദേശീയമായ ഇവി ബാറ്ററി സെല്ലുകളുടെ ലഭ്യതക്കുറവ്. എന്നാല്‍, ഈ പ്രശ്‌നത്തിന് ഒരു പരിഹാരം കണ്ടെത്താന്‍ ഓലയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് സൂചന.കമ്പനി സങ്കല്‍പ്പ് ഇവന്റില്‍ പ്രദര്‍ശിപ്പിച്ച പ്രാദേശികമായി നിര്‍മ്മിച്ച 4680 സീരീസ് സെല്ലുകള്‍ ഈ പ്രതിസന്ധിക്ക് അറുതി വരുത്തിയേക്കും. ഈ സെല്ലുകളില്‍ NMC ഘടകങ്ങളുണ്ടായിരിക്കാനാണ് സാധ്യത.
S1 സീരീസ് സ്‌കൂട്ടറുകളിലൂടെ ഇലക്ട്രിക് ഇരുചക്രവാഹന വിപണിയില്‍ തരംഗം സൃഷ്ടിച്ച ഓലയ്ക്ക് വില്‍പ്പന വര്‍ധിച്ചപ്പോള്‍ വില്‍പനാനന്തര സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിഞ്ഞില്ല എന്നതാണ് തിരിച്ചടിയായത്. വില്‍പനാനന്തര സേവനങ്ങളിലെ ഈ പ്രശ്‌നങ്ങള്‍ കാലക്രമേണ പരിഹരിക്കപ്പെട്ടാല്‍ പോലും, ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കാന്‍ ഇനിയും ഒരുപാട് ദൂരം ഓലയ്ക്ക് സഞ്ചരിക്കേണ്ടതായി വരും.ഇതിനോട്കം പേറ്റന്റ് നേടിയ മിനിയോ ഗ്രീന്‍ മോഡലുമായി വിന്‍ഫാസ്റ്റ് ഇലക്ട്രിക് ഫോര്‍വീലര്‍ വിഭാഗത്തിലേക്ക് കടന്നു വരികയാണെങ്കില്‍ ഓലയ്ക്ക് മത്സരം കടുപ്പമായിരിക്കും.
വിയറ്റ്‌നാമീസ് ബ്രാന്‍ഡ് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലെ പ്ലാന്റില്‍ ഇവികള്‍ നിര്‍മിക്കുന്നതിനാല്‍ മത്സരാധിഷ്ഠിത വിലയില്‍ അത് ലഭ്യമാക്കാന്‍ സാധിക്കും. നിലവില്‍ 10 ലക്ഷം രൂപയില്‍ താഴെ വിലയില്‍ ലഭ്യമാകുന്ന ഇവികളില്‍ എംജി കോമെറ്റ് ഇവിയും ടാറ്റ ടിയാഗോ ഇവിയുമാണ് നിറഞ്ഞ് നില്‍ക്കുന്നത്. ഈ വിഭാഗത്തില്‍ കുറഞ്ഞ വിലയില്‍ ഓലയുടെ ഇലക്ട്രിക് കാര്‍ വരികയാണെങ്കില്‍ അത് മികച്ച മുന്നേറ്റമായിരിക്കും. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ജനകീയമാക്കിയ പോലെ ഓല ഇലക്ട്രിക് കാറുകളും രാജ്യത്ത് വ്യാപകമാക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








