പഴയ മോഡൽ ഡസ്റ്റർ കൈയിലുണ്ടെങ്കിൽ ഇത് അറിയണം! പുത്തനുമായി ഒന്ന് മാറ്റുരച്ച് നോക്കിയാലോ
ഇന്ത്യൻ എസ്‌യുവി വിപണിയിൽ ഏറ്റവും ജനപ്രിയമായ മോഡലുകളിൽ ഒന്നായിരുന്നു റെനോ ഡസ്റ്റർ. വർഷങ്ങൾക്കുശേഷം ഈ ഐകോണിക് എസ്‌യുവി തിരിച്ച് വരവിൻ്റെ പാതയിൽ. പുതിയ ഡിസൈൻ, ഹൈബ്രിഡ് ടെക്നോളജി, ആധുനിക ഫീച്ചറുകൾ എന്നിവയോടെ തിരിച്ചെത്തുമ്പോൾ, പഴയ ഡസ്റ്ററുമായുള്ള താരതമ്യം കാറ് പ്രേമികളുടെ പ്രധാന ചർച്ചയായി മാറിയിരിക്കുകയാണ്. ഡിസൈൻ മുതൽ എഞ്ചിൻ വരെ എന്തെല്ലാം മാറ്റങ്ങളാണ് സംഭവിച്ചതെന്ന് വിശദമായി തന്നെ നോക്കിയാലോ. നിങ്ങൾ ഒരു റെനോ ഡസ്റ്റർ ഉടമയാണെങ്കിൽ തീർച്ചയായും ഇത് വായിച്ചിരിക്കണം. വാഹനപ്രേമികൾ ഏറെ കാത്തിരിക്കുന്ന റെനോ ഡസ്റ്ററിൻ്റെ വിശദാംശങ്ങൾ പങ്കുവച്ചാലോ.
കോംപാക്ട് എസ്‌യുവി രംഗത്തേക്ക് ഫോർഡ് ഇക്കോസ്പോർട് എത്തിയപ്പോൾ റെനോ തങ്ങളുടെ എതിരാളികൾക്ക് ഒരു മുന്നറിയിപ്പുമായി എത്തിയ മോഡലാണ് റെനോ ഡസ്റ്റർ. കട്ടിയുള്ള ബോഡി പാനലുകൾ, മികച്ച ഹെഡ്‌ലാംപ് ഡിസൈൻ, എന്നിവയൊക്കെയായിരുന്നു പഴയ ഡസ്റ്ററിൻ്റെ പ്രധാന ആകർഷണമായി പറയാനുളളത്. ഗ്രൗണ്ട് ക്ലിയറൻസ് 205 mm ആയത് കൊണ്ട് തന്നെ ഓഫ്‌റോഡിങ്ങിനും മികച്ച ഓപ്ഷൻ തന്നെ ആയിരുന്നു റെനോ ഡസ്റ്റർ.

പുത്തൻ ഡസ്റ്ററിലേക്ക് നോക്കിയാൽ Y ആകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റ് യൂണിറ്റ്, പുതിയ രൂപത്തിലുള്ള ഗ്രിൽ, എൽഇഡി ഡിആർഎല്ലുകൾ, പുതിയ ബമ്പർ, പുതിയ എയർ ഇൻടേക്കുകൾ എന്നിവയാണ് മുൻവശത്തെ കിടിലമാക്കാനായി എത്തിയിരിക്കുന്നത്. അതേസമയം വശക്കാഴ്ച്ചയിൽ പരുക്കൻ സ്റ്റൈൽ പിടിക്കാനായി റൂഫ് റെയിലുകളും പ്ലാസ്റ്റിക് വീൽ ആർച്ചുകളും റെനോ സമ്മാനിച്ചിട്ടുണ്ട്. പുതിയ ബ്ലാക്ക്-ഔട്ട് അലോയ് വീലാണ് ശ്രദ്ധേയമായ മറ്റൊരു വശം.
പഴയ മോഡൽ ഡസ്റ്ററിൻ്റെ ഇൻ്റീരിയറിലേക്ക് നോക്കിയാൽ സിമ്പിൾ ഡാഷ്ബോർഡ് ലേഔട്ട്, മീഡിയ നാവിഗേഷൻ ടച്ച്സ്ക്രീൻ, ഹാർഡ് പ്ലാസ്റ്റിക് ഫിനിഷ്, സെഗ്മെൻ്റിലെ തന്നെ മികച്ച ബൂട്ട്സ്പേസ് (475 ലിറ്റർ) ഉണ്ട്. പുതിയ ഇൻ്റീരിയറുമായി നോക്കിയാൽ പഴയ മോഡലിന് ആഡംബരം അൽപ്പം കുറവാണെന്ന് പറയാം. പുതിയ മോഡലിൽ വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 10.1 ഇഞ്ച് ഓപ്പൺആർ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേ, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ആണ് ലഭിക്കുന്നത്.

എയർ വെന്റുകളിലും ഡോർ പാനലുകളിലും വ്യത്യസ്തമായ Y-ആകൃതിയിലുള്ള പാറ്റേണുകൾ, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ്, ടൈപ്പ്-സി പോർട്ടുകൾ, 360-ഡിഗ്രി ക്യാമറ എന്നിവ പോലുള്ള മോഡേൺ ഫീച്ചറുകളും എസ്‌യുവിയുടെ ഭാഗമാവും.ഇനി സേഫ്റ്റിയുടെ കാര്യത്തിലേക്ക് നോക്കിയാൽ പുതിയ മോഡലിൽ ഒരു വിട്ടുവീഴ്ച്ചയും വരുത്തിയിട്ടില്ല എന്ന് തന്നെ പറയേണ്ടി വരും.
പഴയ മോഡലിൽ ഡ്യുവൽ എയർബാഗുകൾ, ABS+EBD, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് തുടങ്ങിയ അടിസ്ഥാന സുരക്ഷാ ഫീച്ചറുകൾ ലഭിക്കുന്നുണ്ടായിരുന്നു. അതിനൊപ്പം തന്നെ ചില വേരിയൻ്റുകളിൽ ഓഫ്റോഡ് സംവിധാനവും ലഭിക്കുന്നുണ്ട്. പുതിയ ഡസ്റ്ററിൽ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ലെയ്ൻ-കീപ്പിംഗ് അസിസ്റ്റ്, ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് എന്നിവ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

എഞ്ചിൻ ഭാഗത്തേക്ക് വന്നാൽ 106 PS പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിനും 85 PS / 110 PS പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ ഡീസൽ എൻജിനുകളായിരുന്നു പഴയ മോഡൽ ഡസ്റ്ററിൽ ലഭിച്ചിരുന്നത്. 5-സ്പീഡ് അല്ലെങ്കിൽ 6-സ്പീഡ് മാനുവൽ, CVT ഓപ്ഷനുകളുമായിട്ടാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. എഞ്ചിൻ വിശദാംശങ്ങൾ റെനോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളുള്ള ഒരു ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനാവും ഡസ്റ്ററിനുണ്ടാവുക.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








