E2O അടിച്ചാല്‍ ഞങ്ങള്‍ അറിയൂലെന്ന് മറ്റൊരു കമ്പനിയും! 3 കൊല്ലം പഴക്കമുള്ള കാറുടമകളും 'പെടും'
കാര്‍ബണ്‍ പുറന്തള്ളലും അസംസ്‌കൃത എണ്ണ ഇറക്കുമതിയും കുറയ്ക്കാനായി എഥനോള്‍ കലര്‍ത്തില E20 ഇന്ധനം രാജ്യവ്യാപകമാക്കുന്ന തിരക്കിലാണ് കേന്ദ്ര സര്‍ക്കാര്‍. സുസ്ഥിരത ലക്ഷ്യമിട്ടാണ് ഈ സംരംഭ്െമങ്കിലും E20 ഔദ്യോഗികമായി പുറത്തിറക്കുന്നതിന് മുമ്പ് നിര്‍മ്മിച്ച വാഹനങ്ങളുടെ ഉടമകള്‍ ആശങ്കയിലാണ്. നിരവധി നിര്‍മ്മാതാക്കള്‍ 2023 ഏപ്രില്‍ മുതലുള്ള മോഡലുകള്‍ മാത്രമേ E20 ഇന്ധനം ഉപയോഗിക്കാന്‍ അനുയോജ്യമായതെന്ന് പ്രമുഖ വാഹന നിര്‍മാതാക്കള്‍ വ്യക്തമാക്കിയിരുന്നു. വലിയ പഴക്കമില്ലാത്ത വേണമെങ്കില്‍ പുതിയയത് എന്ന് തന്നെ പറയാവുന്ന ഓന്നോ രണ്ടോ വര്‍ഷങ്ങള്‍ക്ക് മുമ്പ് വാങ്ങിയ ദശലക്ഷക്കണക്കിന് വാഹനങ്ങളെ പ്രതിസന്ധിയിലാക്കുന്നു. ഫ്യുവല്‍ സ്റ്റേഷനുകളില്‍ E10 നിര്‍ത്തലാക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ E20 ഇന്ധനം നിറയ്ക്കാന്‍ നിര്‍ബന്ധിതരാകുന്നു.
ഇതാണ് പലരുടെയും ആശങ്കക്ക് കാരണം. E20 പെട്രോള്‍ കൂടുതല്‍ ശുദ്ധവും പരിസ്ഥിതി സൗഹൃദവുമാണെങ്കിലും ഇത് തുരുമ്പിന് കാരണമാകുമെന്നാണ് പറയപ്പെടുന്നത്. എഥനോള്‍ കലര്‍ന്ന ഇന്ധനം പഴയ കാറുകളുടെ ഫ്യുവല്‍ ലൈനുകള്‍, സീലുകള്‍, ഇന്‍ജക്റ്ററുകള്‍ എന്നിവ തകരാറിലാക്കുമെന്നും ഊര്‍ജ്ജ സാന്ദ്രത കുറവായതുകൊണ്ട് E20 കംപ്ലയിന്റ് അല്ലാത്ത കാറുകളുടെ മൈലേജ് ചെറിയ തോതില്‍ കുറയുന്നതായി ചില ഉപഭോക്താക്കള്‍ പറയുന്നു. വിദഗ്ധരും ഇത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോള്‍ E20 പെട്രോളിനെ കുറിച്ച് ഒരു ഉടമയുടെ സംശയത്തിന് റെനോ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നു. തന്റെ ട്രൈബര്‍ കാര്‍ പുതിയ ഇന്ധനവുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ വേണ്ടിയാണ് ഉടമയായ അങ്കൂര്‍ താക്കൂര്‍ കമ്പനിയുടെ ഇന്ത്യയിലെ കസ്റ്റമര്‍ കെയര്‍ ടീമിന് കത്തെഴുതിയത്. 2022 ഏപ്രിലില്‍ റെനോ ട്രൈബര്‍ വാങ്ങിയ താക്കൂര്‍ വെറും 13,000 കിലോമീറ്റര്‍ മാത്രമേ ഓടിയിട്ടുള്ളൂ. പെട്രോളില്‍ 10% എഥനോള്‍ കലര്‍ത്തി E10 ആയിരുന്നു സ്റ്റാന്‍ഡേര്‍ഡ്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 24-നാണ് ഈ കാറില്‍ E20 ഇന്ധനം നിറയ്ക്കാന്‍ പറ്റുമോ എന്ന കാര്യത്തില്‍ വ്യക്തത തേടി അദ്ദേഹം റെനോയ്ക്ക് കത്തെഴുതിയത്. കഴിഞ്ഞ ദിവസം കമ്പനി അദ്ദേഹത്തിന് മറുപടി നല്‍കി. 2022 റെനോ ട്രൈബര്‍ E20 ഇന്ധനവുമായി പൊരുത്തപ്പെടുന്നില്ലെന്ന് കമ്പനി വ്യക്തമാക്കി. വാഹനത്തില്‍ E20 ഇന്ധനം ഉപയോഗിക്കുന്നത് ഉചിതമല്ല എന്നാണ് കമ്പനി പറയുന്നത്.

ഈ മാസം ആദ്യം മറ്റൊരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ എഥനോള്‍ രഹിത പെട്രോള്‍ തേടി താന്‍ ആറ് പെട്രോള്‍ പമ്പുകള്‍ സന്ദര്‍ശിച്ചതായി താക്കൂര്‍ അവകാശപ്പെട്ടു. പെട്രോള്‍ പമ്പുകളിലെ മിക്ക ജീവനക്കാര്‍ക്കും എഥനോള്‍ മിശ്രിതത്തെക്കുറിച്ച് വലിയ ധാരണയൊന്നുമില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഒരു ഇന്ത്യന്‍ ഓയില്‍ പമ്പില്‍ E10, E20 എന്നിവയെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത ഒരു ജീവനക്കാരനെ കണ്ടുമുട്ടിയപ്പോള്‍ കേള്‍ക്കാനിടയായ രസകരമായ മറുപടിയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
എഥനോള്‍ കലര്‍ത്തിയ ഇന്ധനത്തെ കുറിച്ച് എനിക്കറിയാമായിരുന്നെങ്കില്‍, ഈ പെട്രോള്‍ പമ്പിന് പകരം ഞാന്‍ ഇന്ത്യന്‍ ഓയില്‍ ആസ്ഥാനത്ത് ജോലി ചെയ്യുമായിരുന്നു എന്നായിരുന്നു ജീവനക്കാരന്റെ മറുപടി. എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും നെറ്റ് സീറോ 2070 ലക്ഷ്യത്തിലേക്ക് അടുക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ E20 ഇന്ധനം അവതരിപ്പിച്ചത്. കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്നാണ് എഥനോള്‍ ഉല്‍പാദിപ്പിക്കുന്നത് എന്നതിനാല്‍ കര്‍ഷകരെ പിന്തുണയ്ക്കുക എന്ന ലക്ഷ്യം കൂടി ഈ സംരംഭത്തിനുണ്ട്.

കര്‍ഷകര്‍ 'അന്നദാതാക്കള്‍' എന്നതിന് പകരം 'ഊര്‍ജ്ജ ദാതാക്കള്‍' ആയി മാറുകയാണെന്ന് ഇത് സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. E20 ഇന്ധനത്തെ കുറിച്ച് ആശങ്കകള്‍ ഉയരുമ്പോള്‍ ഇവ വാഹനങ്ങളുടെ ആക്‌സിലറേഷനും യാത്രാസുഖവും മെച്ചപ്പെടുത്തുന്നുവെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍ പറയുന്നത്. മാത്രമല്ല, ഇത് E10 നെ അപേക്ഷിച്ച് കാര്‍ബണ്‍ പുറംതള്ളല്‍ 30% കുറയ്ക്കുകയും ചെയ്യുന്നു.
പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്നത് വഴി ഇതിനകം 1.44 ലക്ഷം കോടി രൂപയുടെ വിദേശനാണ്യം ലാഭിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. 245 ലക്ഷം മെട്രിക് ടണ്‍ അസംസ്‌കൃത എണ്ണ ഇറക്കുമതി കുറയ്ക്കാനാണ് സാധിച്ചത്. CO2 പുറംതള്ളല്‍ ഏകദേശം 736 ലക്ഷം മെട്രിക് ടണ്‍ കുറയ്ക്കാനായി. 30 കോടി മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിന് തുല്യമാണ് ഇതെന്ന് പറയപ്പെടുന്നു.
20% എഥനോള്‍ കലര്‍ന്ന ഇന്ധനത്തിലൂടെ ഈ വര്‍ഷം കര്‍ഷകര്‍ 40,000 കോടി രൂപ സമ്പാദിക്കുമെന്ന് സര്‍ക്കാര്‍ കണക്കാക്കുന്നു. അതേസമയം വിദേശനാണ്യ ലാഭം 43,000 കോടി രൂപയിലെത്തും. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും പഴയ വാഹന ഉടമകളുടെ ആശങ്കല്‍ ദൂരീകരിക്കാന്‍ സര്‍ക്കാറും വാഹന നിര്‍മാതാക്കളും എന്തുചെയ്യുമെന്നാണ് അറിയേണ്ടത്.


Click it and Unblock the Notifications








