ടാറ്റ പഞ്ചിൻ്റെ ഫ്യൂസ് ഊരാൻ റെനോ കൈഗർ; പുതിയ മുഖം കാണാൻ മണിക്കൂറുകൾ മാത്രം
ഇന്ത്യൻ വാഹന വിപണിയിൽ ഇപ്പോൾ വലിയ മാറ്റങ്ങളുമായി അടിച്ചു കേറി വന്നുകൊണ്ടിരിക്കുകയാണ് റെനോ. 10 ലക്ഷത്തിൽ താഴെ കിടിലൻ എംപിവിയുടെ മുഖം മിനുക്കിയ പതിപ്പ് അവതരിപ്പിച്ചതിന് പിന്നാലെ ഹാച്ച്ബാക്ക് വേരിയൻ്റിലെ ജനപ്രിയ മോഡലായ കൈഗറിന് ഒരു പുതിയ മുഖം നൽകുകയാണ് ബ്രാൻഡ്. 2021-ൽ അരങ്ങേറ്റം കുറിച്ചതിന് ശേഷമുള്ള സബ്-4 മീറ്റർ എസ്‌യുവിയുടെ ആദ്യത്തെ മുഖം മിനുക്കലായത് കൊണ്ട് തന്നെ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. കുറഞ്ഞ ബജറ്റുള്ളവർക്കെല്ലാം ധൈര്യമായി വാങ്ങിക്കാവുന്ന വണ്ടിയാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോയുടെ പക്കലുള്ള ആയുധം. ക്വിഡിന്റെ എസ്‌യുവി ടൈപ്പ് എന്ന് പലരും കളിയാക്കുന്നുണ്ടെങ്കിലും നല്ല പ്രായോഗികമായ ചെറു എസ്‌യുവികളിൽ ഒന്നാണ് കൈഗർ.
ട്രൈബറിന് ശേഷം ഫോറിൻ ലുക്കിൽ കൈഗറും എത്തുന്നത് റെനോയ്ക്ക് പ്രതീക്ഷ നൽകുന്ന കാര്യമാണ്. പക്ഷേ വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കാനും കഴിയില്ല. പുതിയ ലൈം ഗ്രീൻ പെയിന്റ് ഷേഡാണ് ടീസറിലെ പ്രധാന ഹൈലൈറ്റ്. അതേസമയം മുൻവശത്ത് ബ്രാൻഡിന്റെ പുതുക്കിയ 2D ഡയമണ്ട് ലോഗോ കാണാം. നിസാൻ മാഗ്നൈറ്റിനെ പോലെ റീഡിസൈൻ ചെയ്ത ഗ്രിൽ, റീപ്രൊഫൈൽ ചെയ്ത ബമ്പറുകൾ, സ്ലിമ്മർ ഹെഡ്‌ലാമ്പുകൾ, കൂടുതൽ നേരായ നിലപാടിനായി ഹൈ-പൊസിഷൻ എൽഇഡി ഡിആർഎൽ സ്ട്രിപ്പ് എന്നിവയെല്ലാം കൈഗർ ഫെയ്‌സ്‌ലിഫ്റ്റിൽ പ്രതീക്ഷിക്കാം.

പിൻഭാഗത്തേക്ക് വന്നാൽ പുതിയ എൽഇഡി ഇന്റേണലുകളുള്ള പുതുക്കിയ C-ആകൃതിയിലുള്ള ടെയിൽ ലാമ്പുകൾ എന്നിവയിലൂടെ എസ്‌യുവിക്ക് കൂടുതൽ സമകാലിക രൂപം കൈവരിക്കാനാവും. ഇന്റീരിയറിലും കാര്യമായ പരിഷ്ക്കാരങ്ങൾ തന്നെ കമ്പനി ഒരുക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ, പുതിയ അപ്ഹോൾസ്റ്ററി ടോണുകൾ, ഡാഷ്‌ബോർഡ് ലേഔട്ടിൽ നേരിയ അപ്‌ഡേറ്റുകൾ എന്നിവ റെനോ ചേർക്കാനുളള സാധ്യത തളളിക്കളയാനാവില്ല.
പുതിയ ഫ്രീസ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7 ഇഞ്ച് റീകോൺഫിഗർ ചെയ്യാവുന്ന TFT ക്ലസ്റ്റർ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയോടുകൂടിയ വയർലെസ് സ്മാർട്ട്‌ഫോൺ റെപ്ലിക്കേഷൻ എന്നിവയായിരിക്കും ഹൈലൈറ്റ് ഫീച്ചറുകൾ. ഓട്ടോമാറ്റിക് എസി, വയർലെസ് ചാർജർ, സെമി-ലെതറെറ്റ് സീറ്റുകൾ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, കീയും ക്രൂയിസ് കൺട്രോൾ, റിമോട്ട് എഞ്ചിൻ സ്റ്റാർട്ട്, ആർക്കമിസ് സൗണ്ട് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, ഓട്ടോ ഡിമ്മിംഗ് IRVM, റിയർ എസി വെന്റുകൾ എന്നിവയാണ് റെനോ കൈഗറിലെ മറ്റ് ഫീച്ചറുകൾ.

സേഫ്റ്റിയും ഉഗ്രനായിരിക്കും. സേഫ്റ്റിയുടെ കാര്യത്തിലേക്ക് വന്നാൽ മുൻഗാമിയേക്കാൾ കേമനായിരിക്കുമെന്ന് ചുരുക്കം. പുതിയ റെനോ കൈഗർ ഫെയ്‌സ്‌ലിഫ്റ്റ്. നിലവിലുള്ള നാല് എയർബാഗ് സജ്ജീകരണത്തിന് പകരമായി ആറ് എയർബാഗുകൾ ശ്രേണിയിലുടനീളം സ്റ്റാൻഡേർഡായി വരും. ഒപ്പം മുമ്പത്തെ 4-സ്റ്റാർ സേഫ്റ്റി റേറ്റിംഗിന് പകരം 5-സ്റ്റാർ മാർക്ക് നേടാനും റെനോയുടെ കോംപാക്‌ട് എസ്‌യുവിക്കാവും.
ഫ്രണ്ട് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ബ്രേക്ക് അസിസ്റ്റുള്ള എബിഎസ്, ഇബിഡി, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, പെഡസ്ട്രിയൻ പ്രൊട്ടക്ഷൻ, സ്പീഡ് വാർണിംഗ് എന്നിവയുൾപ്പടെ എല്ലാ വേരിയന്റുകളിലും 17 സ്റ്റാൻഡേർഡ് സവിശേഷതകളുണ്ടാവുമെന്നാണ് റെനോ പറയുന്നത്. CMF-A+ പ്ലാറ്റ്‌ഫോമിൽ തന്നെയാവും വാഹനം നിർമിക്കുക.
റെനോ കൈഗറിലെ എഞ്ചിൻ ഓപ്ഷനുകൾ പഴയത് തന്നെയായിരിക്കും. പരിചിതമായ 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനുകൾ മാനുവൽ, എഎംടി, സിവിടി ട്രാൻസ്മിഷൻ ഓപ്ഷനുകളുമായി വാങ്ങാനാവും. മൈലേജ് കൊതിയൻമാർക്ക് ഡീലർ-ലെവൽ ഫിറ്റ്മെന്റ് വഴി ഒരു സിഎൻജി വേരിയന്റും വാഗ്‌ദാനം ചെയ്തേക്കും. 6.20 ലക്ഷം മുതൽ 11.50 ലക്ഷം വരെ എക്സ്ഷോറൂം വിലയും പ്രതീക്ഷിക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








