220 Km റേഞ്ച് സാധാരണക്കാര്‍ക്ക് പറ്റിയ ഇലക്ട്രിക് കാര്‍ ഇന്ത്യയില്‍! ഒന്നിങ്ങോട്ട് പുറത്തിറക്ക് റെനോ മാമാ...
നമ്മുടെ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇനിയും കുറയുമെന്ന സൂചനകള്‍ ഒന്നും തന്നെ ഇല്ലാത്തതിനാല്‍ ബദല്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്ക് വില്‍പ്പന കൂടുന്നുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇലക്ട്രിക് വാഹനങ്ങള്‍ മഷിയിട്ട് നോക്കിയാല്‍ കാണാന്‍ പറ്റാതിരുന്ന ഇന്ത്യന്‍ നിരത്തുകളില്‍ ഇപ്പോള്‍ പച്ച നമ്പര്‍പ്ലേറ്റുള്ള വാഹനങ്ങള്‍ ധാരാളമുണ്ട്. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ വാങ്ങാന്‍ പറ്റുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാറുകളില്‍ ഒന്നാണ് ടാറ്റ ടിയാഗോ ഇവി (Tata Tiago EV). തരക്കേടില്ലാത്ത വില്‍പ്പനയും ഈ മോഡല്‍ ആസ്വദിക്കുന്നുണ്ട്.
ഇന്ത്യയില്‍ ഇവി വിപണി വികാസം പ്രാപിക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പുത്തന്‍ മോഡലുകള്‍ പുറത്തിറങ്ങും. അതില്‍ ടിയാഗോ ഇവിക്ക് ഒരു എതിരാളിയുണ്ട്. അത് മറ്റൊന്നുമല്ല ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ ക്വിഡ് ഇവിയാണ്. നിലവില്‍ ക്വിഡ്, ട്രൈബര്‍, കൈഗര്‍ എന്നിങ്ങനെ മൂന്ന് കാറുകളാണ് റെനോ ഇന്ത്യയില്‍ വില്‍ക്കുന്നത്. ഇതില്‍ ഏറ്റവും കുറഞ്ഞ വിലയുള്ള കാര്‍ ആണ് ക്വിഡ്.

ഈ കാറിന്റെ ഇലക്ട്രിക് ഡെറിവേറ്റീവ് ഡാസിയ സ്പ്രിംഗ് ഇവി എന്ന പേരില്‍ യൂറോപ്യന്‍ വിപണികളില്‍ വില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് പതിപ്പ് ഇന്ത്യയിലെത്തുമെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. കാര്‍ ലോഞ്ച് ചെയ്യുന്നതിന് മുമ്പായുള്ള ടെസ്റ്റിംഗ് മാസങ്ങള്‍ക്ക് മുമ്പേ തുടങ്ങിയിരുന്നു. യൂറോപ്യന്‍ ശൈലിയിലുള്ള ഈ ഇവി ഇന്ത്യന്‍ നിരത്തുകളില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് അറിയാനാണ് പരീക്ഷണയോട്ടം.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ പരീക്ഷണ ഓട്ടങ്ങള്‍ ആരംഭിച്ചിരുന്നു. ഇപ്പോള്‍ ചെന്നൈയില്‍ വെച്ച് ക്യാമറക്കണ്ണുകളില്‍ പതിഞ്ഞ റെനോ ക്വിഡ് ഇവിയുടെ ചിത്രങ്ങള്‍ ടീം ബിഎച്ച്പി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചെന്നൈ വിമാനത്താവളത്തിന് സമീപം ഫ്‌ലാറ്റ്‌ബെഡ് ട്രക്കിലാണ് കാര്‍ കാണപ്പെട്ടത്. പൂര്‍ണമായി മറച്ചിരിക്കുന്നുവെങ്കിലും മുന്‍ സ്‌പൈ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ക്വിഡ് ഇവിയുടെ ടെയില്‍ ലൈറ്റുകള്‍ ഇപ്പോള്‍ കൂടുതല്‍ വ്യക്തമായി കാണാന്‍ പറ്റുന്നുണ്ട്.

ക്വിഡ് ഇവി ഇലക്ട്രിക് കാറിന്റെ വിലകുറഞ്ഞ വേരിയന്റ് ആയിരിക്കാം ഇത്. കാരണം കാറില്‍ അലോയ് വീലുകള്‍ക്ക് പകരം സ്റ്റീല്‍ വീലുകളാണ് ഉള്ളത്. അതുപോലെ, കാറിന്റെ പിന്‍വശത്തെ വിന്‍ഡ്ഷീല്‍ഡില്‍ നല്‍കിയിരിക്കുന്ന വൈപ്പറുകളും നിങ്ങള്‍ക്ക് കാണാന്‍ കഴിയും. . രണ്ട് തരം ഇലക്ട്രിക് മോട്ടോര്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്.
വിലകുറഞ്ഞ വേരിയന്റില്‍ പരമാവധി 44 bhp പവര്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ഒരു ഇലക്ട്രിക് മോട്ടോര്‍ സജ്ജീകരിച്ചിരിക്കുന്നു. അതേസമയം കൂടുതല്‍ വിലയേറിയ വേരിയന്റില്‍ പരമാവധി 64 bhp പവര്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ഒരു ഇലക്ട്രിക് മോട്ടോര്‍ സജ്ജീകരിച്ചിരിക്കുന്നു. രണ്ട് പതിപ്പുകളിലും 26.8 കിലോവാട്ട്‌സ് ബാറ്ററി പായ്ക്ക് ആണുള്ളത്. 220 കിലോമീറ്ററാണ് ഇതിന്റെ ക്ലെയിംഡ് റേഞ്ച്.

ചെന്നൈയ്ക്കടുത്ത് റെനോക്ക് കാര്‍ നിര്‍മ്മാണ പ്ലാന്റ് ഉണ്ടെങ്കിലും ഈ ക്വിഡ് ഇവി വിമാനത്താവളത്തിന് സമീപത്ത് ട്രക്കില്‍ കണ്ടതിനാല്‍ പരീക്ഷണത്തിനായി വിദേശത്ത് നിന്ന് കൊണ്ടുവന്നതായിരിക്കാം. വരും ദിവസങ്ങളില്‍ ഈ കാര്‍ ചെന്നൈ നിരത്തുകളില്‍ കണ്ടേക്കാം. ബജറ്റ് ഇവിയാണെങ്കിലും ക്വിഡ് ഇവി ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ റെനോ മടിക്കുന്നതിനുള്ള കാരണങ്ങളില്‍ ഒന്ന് അതിന്റെ റേഞ്ച് ആയിരിക്കാം. നിലവിലെ ബാറ്ററി വെച്ച് എംജി കോമെറ്റ്, ടിയാഗോ ഇവി എന്നിവക്ക് ക്വിഡ് ഇവിയേക്കാള്‍ ട്രൂ റേഞ്ച് ഉണ്ടായിരിക്കും.
റേഞ്ച് കൂട്ടാന്‍ വേണ്ടി വലിയ ബാറ്ററി പായ്ക്ക് സജ്ജീകരിക്കാമെന്ന് വെച്ചാല്‍ അത് വിലയെ ബാധിക്കും. അതുകൊണ്ടാണ് അനുകൂലമായ സാഹചര്യമായിട്ടും ക്വിഡ് ഇവി എളുപ്പമിങ്ങ് ഇന്ത്യയിലേക്ക് എത്താത്തത്. ഏതായാലും രാജ്യത്തെ വാഹന നിര വലുതാക്കാന്‍ പ്ലാന്‍ ഉള്ള റെനോ പുറത്തിറക്കാന്‍ പോകുന്ന ഒരു മോഡല്‍ ക്വിഡ് ഇവിയായിരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. വെല്ലുവിളികളെ മറികടക്കാനുള്ള കൃത്യമായ പ്ലാന്‍ ഒരുപക്ഷേ കമ്പനി തയാറാക്കിയിരിക്കണം.


Click it and Unblock the Notifications








