നാനോയെ പോലെ കുറഞ്ഞ വിലയില്‍ ഇലക്ട്രിക് കാര്‍ വരുന്നു! പ്രീമിയം ബൈക്കിന് പകരമായാൽ 5 അംഗ കുടുംബത്തിന് പോകാം
ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ വിഭാഗം അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. കുറഞ്ഞ വിലയുള്ള ഇലക്ട്രിക് ഹാച്ച്ബാക്കുകള്‍ മുതല്‍ കോടികള്‍ വിലയുള്ള പ്രീമിയം ഇലക്ട്രിക് എസ്‌യുവികള്‍ വരെ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. എന്നാല്‍ ബഹുഭൂരിപക്ഷം സാധാരണക്കാരായ ജനങ്ങള്‍ വസിക്കുന്ന ഇന്ത്യ പോലെ ഒരു രാജ്യത്ത് ഇലക്ട്രിക് വിപ്ലവം സാധ്യമാക്കാന്‍ കുറഞ്ഞ വിലയില്‍ കൂടുതല്‍ മാസ് മാര്‍ക്കറ്റ് ഇവികള്‍ പുറത്തിറങ്ങിയേ മതിയാകൂ. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന രണ്ട് ഇലക്ട്രിക് കാറുകളാണ് ടാറ്റ ടിയാഗോ ഇവിയും എംജി കോമെറ്റ് ഇവിയും. ഇവ രണ്ടും തരക്കേടില്ലാത്ത വില്‍പ്പനയും നേടുന്നുണ്ട്.
താമസിയാതെ ഈ രണ്ട് ബജറ്റ് ഇലക്ട്രിക് കാറുകള്‍ക്കും വിപണിയില്‍ കടുത്ത മത്സരം നേരിടേണ്ടിവരുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഹാച്ച്ബാക്ക് കാറുകളില്‍ ഒന്നാണ് റെനോ ക്വിഡ്. യൂറോപ്യന്‍ വിപണിയില്‍ റെനോയുടെ ബജറ്റ് ബ്രാന്‍ഡ് ആയ ഡാസിയ ക്വിഡിന്റെ ഇലക്ട്രിക് പതിപ്പ് ഡാസിയ സ്പ്രിംഗ് ഇവി എന്ന പേരില്‍ വില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ 2020 മുതല്‍ റെനോ ക്വിഡ് ഇവി ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ പോകുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു.

എന്നാല്‍ ഇത്രയും വര്‍ഷങ്ങളായി സംഭവിക്കാത്ത ഈ കാര്യം വളരെ വേഗം സംഭവിക്കുമെന്ന് പറയപ്പെടുന്നു. കാര്‍ടോക് വെബ്സൈറ്റ് ഇത് സംബന്ധിച്ച് ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നതിന് മുന്നോടിയായി ഫ്രഞ്ച് വാഹന നിര്‍മാതാക്കള്‍ ക്വിഡ് ഇവിയുടെ (Renault Kwid EV) പരീക്ഷണയോട്ടം തകൃതിയായി നടത്തുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വളരെ കുറഞ്ഞ വിലയില്‍ പുതിയ ഇലക്ട്രിക് കാറിനായി കാത്തിരിക്കുന്ന ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഏറെ സന്തോഷം നല്‍കുന്നതാണ് ഈ വാര്‍ത്ത.
നിലവില്‍ ഇന്ത്യന്‍ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാര്‍ എംജി കോമെറ്റ് ഇവിയാണ്. ഈ കുഞ്ഞന്‍ ഇലക്ട്രിക് കാറിന്റെ പ്രാരംഭ വില വെറും 7.50 ലക്ഷം രൂപ മാത്രമാണ്. അതേസമയം, എംജി കോമെറ്റ് ഇവിയുടെ റേഞ്ച് ടോപ്പിംഗ് വേരിയന്റിന് 10 ലക്ഷം രൂപയാണ് വില.
നിലവില്‍ ടാറ്റ ടിയാഗോ ഇവി ഇലക്ട്രിക് കാറിന്റെ വില 7.99 ലക്ഷം രൂപയാണ്. അതേസമയം, ടാറ്റ ടിയാഗോ ഇവി ഇലക്ട്രിക് കാറിന്റെ ടോപ്പ് വേരിയന്റിന് 11.14 ലക്ഷം മുടക്കേണ്ടതായുണ്ട്. ഇതെല്ലാം എക്‌സ്-ഷോറൂം വിലകളാണ്. ഏറ്റവും പുതിയ ജിഎസ്ടി പരിഷ്‌കാരങ്ങളില്‍ ഇവികള്‍ ഉള്‍പ്പെട്ടിട്ടില്ല. ഇവികള്‍ക്ക് ഇപ്പോഴും 5 ശതമാനമാണ് ജിഎസ്ടി എന്നതിനാല്‍ ഈ കാറുകളുടെ വിലയില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല.
റെനോ ക്വിഡ് ഇവി ഇതിനേക്കാള്‍ വളരെ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. റെനോ ക്വിഡ് ഇവി 6 ലക്ഷം രൂപ പ്രാരംഭ വിലയില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, റെനോ ക്വിഡ് ഇവി ഇലക്ട്രിക് കാറിനെക്കുറിച്ചുള്ള സാങ്കേതിക വിവരങ്ങളൊന്നും ഇപ്പോള്‍ പുറത്തുവിട്ടിട്ടില്ല. റെനോ ക്വിഡ് ഇവി വളരെ താങ്ങാനാവുന്ന വിലയുള്ള ഒരു ഇലക്ട്രിക് കാര്‍ ആയതിനാല്‍ തന്നെ ചെറിയ ബാറ്ററി പായ്ക്ക് ആയിരിക്കും ഇതില്‍ ഘടിപ്പിക്കുക.

ആഗോള വിപണിയില്‍ ക്വിഡ് ഇവി രണ്ട് തരം ഇലക്ട്രിക് മോട്ടോര്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. വിലകുറഞ്ഞ വേരിയന്റില്‍ പരമാവധി 44 bhp പവര്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ഒരു ഇലക്ട്രിക് മോട്ടോര്‍ സജ്ജീകരിച്ചിരിക്കുന്നു. അതേസമയം കൂടുതല്‍ വിലയേറിയ വേരിയന്റില്‍ പരമാവധി 64 bhp പവര്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ഒരു ഇലക്ട്രിക് മോട്ടോര്‍ സജ്ജീകരിച്ചിരിക്കുന്നു.
രണ്ട് പതിപ്പുകളിലും 26.8 കിലോവാട്ട്സ് ബാറ്ററി പായ്ക്ക് ആണുള്ളത്. 220 കിലോമീറ്ററാണ് ഇതിന്റെ ക്ലെയിംഡ് റേഞ്ച്. ഈ വിലയ്ക്ക് ഇത് സാമാന്യം നല്ല ഡ്രൈവിംഗ് റേഞ്ച് ആയിരിക്കും. വില കുറവായതിനാല്‍ തന്നെ സിറ്റി ഡ്രൈവുകള്‍ക്ക് പറ്റിയ കുഞ്ഞന്‍ കാര്‍ തേടുന്നവര്‍ക്ക് ഇത് അനുയോജ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.
അതായത് ഒരു പ്രീമിയം ബൈക്ക് വാങ്ങുന്ന പണത്തിലേക്ക് അല്‍പ്പം കൂടി ചേര്‍ത്താല്‍ ഈ ഇവി സ്വന്തമാക്കാനായേക്കും. 5 പേര്‍ക്ക് ഇരിക്കാവുന്ന റെനോ ക്വിഡ് ഇവിയുടെ വരവ് ടാറ്റ ടിയാഗോ ഇവി, എംജി കോമറ്റ് ഇവി എന്നീ ഇലക്ട്രിക് കാറുകള്‍ക്ക് വെല്ലുവിളി സൃഷ്ടിക്കും. അതേസമയം ഇതിനെ കുറിച്ച് റെനോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ലോഞ്ച് അടുക്കുന്ന മുറയ്ക്ക് റെനോ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടുന്നതായിരിക്കും.


Click it and Unblock the Notifications








