ക്വിഡ് ഇ-ടെക്ക് പുറത്തിറക്കി റെനോ! ഇനി കളി കാര്യമാകും
ലോകത്തെ വാഹന വിപണികള്‍ എല്ലാം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പിന്നാലെ കുതിച്ചോടിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഫോറിന്‍ ബ്രാന്‍ഡുകളില്‍ ഒന്നായ റെനോയും ഇതിന് ചൂട്ടുപിടിച്ചുകൊണ്ട് മുന്നില്‍ തന്നെയുണ്ട്. ഫ്രഞ്ച് ബ്രാന്‍ഡ് ഇന്ത്യന്‍ വിപണിയില്‍ ഇതുവരെ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കിയിട്ടില്ലെങ്കിലും ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ ഇവികള്‍ വില്‍പ്പനക്കെത്തിക്കുന്നുണ്ട്. ഇപ്പോള്‍ ജനപ്രിയ ഹാച്ച്ബാക്കായ ക്വിഡിന്റെ ഇലക്ട്രിക് പതിപ്പായ ക്വിഡ് ഇ-ടെക് ബ്രസീലില്‍ അവതരിപ്പിച്ചു. പരിഷ്‌കാരങ്ങളോടെ വിപണിയില്‍ എത്തിയ ഇവിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ തുടര്‍ന്ന് വായിക്കൂ.
ക്വിഡ് ഇ-ടെക്കിന്റെ പ്രായോഗികതയെ ആധുനിക ഇലക്ട്രിക് വാഹന സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ചുകൊണ്ട് ഈ ഫുള്‍-ഇലക്ട്രിക് ഹാച്ച്ബാക്ക് ഒരു പുതിയ അധ്യായം രചിക്കുകയാണ്. കിടിലന്‍ ഡിസൈനും, മികച്ച പ്രകടനവും, ഉത്തമ സുരക്ഷാസംവിധാനങ്ങളും ഇണചേര്‍ന്ന ക്വിഡ് ഇ-ടെക്കിന്റെ കൂടുതല്‍ വിശേഷങ്ങളും സവിശേഷതകളും എന്തെല്ലാമാണെന്ന് ഒന്ന് അറിഞ്ഞാലോ?

റെനോ ക്വിഡ് ഇ-ടെക് സ്റ്റാന്‍ഡേര്‍ഡ് ക്വിഡിന്റെ കരുത്തുറ്റ സ്‌റ്റൈലിംഗിനൊപ്പം അതിന്റെ ഇലക്ട്രിക് ഐഡന്റിറ്റിയും എടുത്തുകാണിക്കുന്നുണ്ട്. ക്വിഡ് ഇ-ടെക്കിന്റെ സ്ലീക്ക് റെനോ ലോഗോയും, സിഗ്‌നേച്ചര്‍ ഇ-ടെക് ബാഡ്ജിംഗും ഉള്ള ഗ്രില്‍ ഇലക്ട്രിക് ഐഡന്റിറ്റിയെ നിലനിര്‍ത്തുന്നതിനോടൊപ്പം നിരവധി സവിശേഷതകൾ നിറഞ്ഞ ഡിസൈന്‍ ഘടകങ്ങള്‍ എടുത്തുകാണിക്കുന്നു.
സ്‌റ്റൈലിഷ് എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും പ്രൊജക്ടര്‍ ഹെഡ്ലാമ്പുകളും ഉള്ള സ്പ്ലിറ്റ് ഹെഡ്ലാമ്പ് സജ്ജീകരണം ഇ-ടെക്കിന് ആധുനികവും ആകര്‍ഷണവുമായ ഒരു രൂപം നല്‍കുന്നു. ഇതിനോടെപ്പം കറുത്ത ബോഡി ക്ലാഡിംഗ്, ഡ്യുവല്‍-ടോണ്‍ 14-ഇഞ്ച് അലോയ് വീലുകള്‍ എന്നിവ ഒരു സ്പോര്‍ട്ടിയര്‍ ടച്ചും നല്‍കുന്നുണ്ട്.

പിന്‍വശത്ത് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, റൂഫ് സ്പോയിലര്‍, ബമ്പര്‍ എന്നിവയും ഉള്‍പ്പെടുന്നു. കൂടാതെ 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍, 7-ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, റോട്ടറി ഇ-ഷിഫ്റ്റര്‍ എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ട് ക്യാബിന്‍ അലങ്കരിച്ചിരിക്കുന്നു. ഇവയെല്ലാംകൂടി അണിനിരക്കുമ്പോള്‍ ക്വിഡ് ഇ-ടെക്കിന്റെ ആകര്‍ഷണം വര്‍ധിക്കുകയും ചെയ്യുന്നുണ്ട്.
റെനോ ക്വിഡ് ഇ-ടെക് ഒരു ചെറിയ ഇലക്ട്രിക് ഹാച്ച്ബാക്ക് ആണെങ്കില്‍പ്പോലും വലുപ്പത്തിനും ഊര്‍ജ്ജ കാര്യക്ഷമതയിലും ആളൊരു കില്ലാടി തന്നെയാണ്. 26.8 kWh ലിഥിയം-അയണ്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ക്വിഡ് ഇ-ടെക് ഫുള്‍ ചാര്‍ജില്‍ ഏകദേശം 265 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. മിക്‌സഡ് സൈക്കിളിലെ റേഞ്ച് കണക്കുകളാണ് ഇത്. അതേസമയം സിറ്റി ഡ്രൈവില്‍ ഇത് ഏകദേശം 298 കിലോമീറ്റര്‍ വരെ (ബ്രസീലിയന്‍ സ്റ്റാന്‍ഡേര്‍ഡ്) ലഭിക്കുമെന്ന് പറയപ്പെടുന്നു.
65hp പവറുള്ള ഇലക്ട്രിക് മോട്ടോറാണ് ക്വിഡ് ഇ-ടെക്കിന് കരുത്ത് പകരുന്നത്. വെറും 4.1 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയും 14.6 സെക്കന്‍ഡില്‍ 100 kmph വേഗതയും കൈവരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. മണിക്കൂറില്‍ 130 കിലോമീറ്ററാണ് പരമാവധി വേഗത.
കൂടാതെ 30 kW ഡിസി ഫാസ്റ്റ് ചാര്‍ജിംഗിനെയും ക്വിഡ് ഇ-ടെക് പിന്തുണയ്ക്കുന്നു. ഇത് ഏകദേശം 40 മിനിറ്റിനുള്ളില്‍ 15% മുതല്‍ 80% വരെ റീചാര്‍ജ് ചെയ്യാന്‍ അനുവദിക്കുന്നു. അതേസമയം 7.4 kW വാള്‍ബോക്‌സ് വഴിയുള്ള എസി ചാര്‍ജിംഗിന് ഏകദേശം 2 മണിക്കൂറും 54 മിനിറ്റും എടുക്കും. ഇതെല്ലാം കൂടിയാകുമ്പോള്‍ ക്വിഡ് ഇ-ടെക് എല്ലാവിധ യാത്രകള്‍ക്കും പ്രകടനത്തിനും അനുയോജ്യനായ ഒരു കിടിലന്‍ ഇലക്ട്രിക് ഹാച്ച്ബാക്കായി മാറുന്നു.
ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരമാവധി സംരക്ഷണം ഉറപ്പാക്കുന്ന ശ്രദ്ധേയമായ സുരക്ഷാ സവിശേഷതകളോടെയാണ് റെനോ ക്വിഡ് ഇ-ടെക് വരുന്നത്. ഫ്രണ്ട്, സൈഡ്, കര്‍ട്ടന്‍ ഉള്‍പ്പെടെ 6 എയര്‍ബാഗുകള്‍ ഈ കാറില്‍ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് പോലുള്ള സേഫ്റ്റി ഫീച്ചറുകളും സുരക്ഷയ്ക്കായുണ്ട്.
സ്മാര്‍ട്ട് അലേര്‍ട്ടുകള്‍ വഴി സുരക്ഷ വര്‍ധിപ്പിക്കുന്ന 11 അഡ്വാന്‍സ്ഡ് ഡ്രൈവര്‍-അസിസ്റ്റ് ഫംഗ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്ന ലെവല്‍ 1 ADAS ഈ കാറിന്റെ പ്രത്യേകതയാണ്. ഈ സവിശേഷതകള്‍ ക്വിഡ് ഇ-ടെക്കിനെ സുരക്ഷിതമായ ഇലക്ട്രിക് കാറുകളില്‍ ഒന്നാക്കി മാറ്റുന്നു. ഇനി ക്വിഡ് ഇവി ഇന്ത്യയിലേക്ക് വരുമോ എന്ന് മാത്രം അറിഞ്ഞാല്‍ മതി. ഈയിടെ ഇലക്ട്രിക് ഹാച്ചിന്റെ ടെസ്റ്റ് മ്യൂളുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടതിനാല്‍ അത് ഉടനെ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








