എല്ലാവര്‍ക്കും ഇവി, നാനോ പോലെ തുച്ഛമായ വിലയില്‍ ഇലക്ട്രിക് കാറുമായി റെനോ
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഫോറിന്‍ കാര്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് റെനോ (Renault). ഫ്രഞ്ച് വാഹന നിര്‍മാതാക്കള്‍ നിലവില്‍ ക്വിഡ്, കൈഗര്‍, ട്രൈബര്‍ എന്നിങ്ങനെ മൂന്ന് കാറുകളാണ് വിപണിയില്‍ എത്തിക്കുന്നത്. ഇന്ത്യയിലെ തങ്ങളുടെ മോഡല്‍ നിര വിപുലീകരിക്കാന്‍ ഒരുങ്ങുന്ന റെനോയുടെ പ്ലാനുകളില്‍ ഇവികളും ഉണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. റെനോയുടെ സബ് ബ്രാന്‍ഡ് ആയ ഡാസിയ യൂറോപ്യന്‍ വിപണിയില്‍ സ്പ്രിംഗ് എന്ന പേരില്‍ വില്‍ക്കുന്ന ക്വിഡ് ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് പതിപ്പ് അധികം വൈകാതെ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ ഡാസിയ യൂറോപ്യന്‍ വിപണിയിലേക്ക് ഒരു പുതിയ ഇവി കൂടി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.
കുറഞ്ഞ വിലയില്‍ ഒരു ഫുള്‍ ഇലക്ട്രിക് കാര്‍ എന്ന ലക്ഷ്യത്തോടെയാണ് കമ്പനി മുന്നോട്ട് പോകുന്നത്. ഇതിന്റെ ഭാഗമായി ഈ പുതിയ ഇവി കാറിന്റെ കണ്‍സെപ്റ്റ് പതിപ്പ് ഡാസിയ പുറത്തിറക്കി. 'ഹിപ്സ്റ്റര്‍' (Dacia Hipster EV) എന്ന് പേരിട്ടിരിക്കുന്ന ഈ കണ്‍സെപ്റ്റ് മോഡല്‍ ഇതിനോടകം തന്നെ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. ഇതിന്റെ ആകര്‍ഷകമായ രൂപകല്‍പ്പനയും, ഒതുക്കമുള്ള വലുപ്പവും, വിശാലമായ ഇന്റീരിയറുമാണ് കൂടുതല്‍ ആളുകളെയും ആകര്‍ഷിക്കുന്നത്.

പലരും ഈ കാറിന്റെ പ്രൊഡക്ഷന്‍ മോഡല്‍ സ്വന്തമാക്കാന്‍ കാത്തിരിക്കുകയാണെന്ന് ഡാസിയ പറയുന്നു. നേരത്തെ സൂചിപ്പിച്ച പോലെ ഡാസിയ നിലവില്‍ യൂറോപ്യന്‍ വിപണിയില്‍ ഒരു ഫുള്‍ ഇലക്ട്രിക് കാര്‍ മാത്രമാണ് വില്‍ക്കുന്നത്. ബജറ്റ് ഇവിയായ ഡാസിയ സ്പ്രിംഗിനേക്കാള്‍ കുറഞ്ഞ വിലയിലായിരിക്കും ഹിപ്സ്റ്റര്‍ പുറത്തിറങ്ങുക. ഡാസിയ സ്പ്രിംഗിന് 3.7 മീറ്റര്‍ നീളമുണ്ട്. അതേസമയം ഹിപ്സ്റ്ററിന്റെ നീളം വെറും 3 മീറ്റര്‍ മാത്രമാണ്. 1550 മില്ലിമീറ്റര്‍ വീതിയും, 1530 മില്ലിമീറ്റര്‍ ഉയരവുമാണ് ഹിപ്സ്റ്ററിനുള്ളത്.
ഈ മിനി കാര്‍ വലിപ്പത്തില്‍ കുഞ്ഞനാണങ്കിലും 4 പേര്‍ക്ക് സുഖമായി യാത്ര ചെയ്യാന്‍ സാധിക്കും. നീളം മാത്രല്ല ഈ കാറിന് ഭാരവും കുറവാണ്്. 800 കിലോഗ്രാം മാത്രമാണ് ഈ കാറിന്റെ ആകെ ഭാരം. 70 ലിറ്റര്‍ ബൂട്ട് കപ്പാസിറ്റിയുള്ള ഈ കാറില്‍, പിന്‍സീറ്റുകള്‍ മടക്കിക്കഴിഞ്ഞാല്‍ 500 ലിറ്റര്‍ വരെ സ്റ്റോറേജ് ലഭിക്കും.
ഇന്ന് വിപണിയില്‍ തരംഗമായ സ്പോര്‍ട് യൂടിലിറ്റി വാഹനങ്ങള്‍ക്ക് (എസ്‌യുവി) സമാനമായ ഡിസൈനിലാണ് ഡാസിയ ഹിപ്സ്റ്ററിന്റെ കണ്‍സെപ്റ്റ് പതിപ്പിന്റെ ഡിസൈന്‍ കാണപ്പെടുന്നത്. ബോക്സി ഡിസൈനില്‍ വരുന്ന ഹിപസ്റ്റര്‍ ഡാസിയയുടെ ഇക്കോ സ്മാര്‍ട്ട് ഫിലോസഫിക്ക് അനുസൃതമായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഹൊറിസോണ്ടല്‍ ഹെഡ്ലാമ്പുകളാണ് ഇവിക്ക് വെളിച്ചം പകരുക. പിന്നില്‍ 2 പാര്‍ട് ടെയില്‍ലൈറ്റ് സെറ്റപ്പ് കാണാം.
റീസൈക്കിള്‍ ചെയ്ത ബോഡി പാനലുകളും സിംഗിള്‍ ബോഡി കളറുമാണ് ഇതിന് നല്‍കിയിരിക്കുന്നത്. ചെലവ് കുറയ്ക്കാനായി ഈ കാറിന്റെ ഡോര്‍ ഹാന്‍ഡിലുകള്‍ക്ക് പകരം സ്ട്രാപ്പുകളാണ് ഉപയോഗിച്ചിരിക്കുന്നത്.ലളിതമായ ഡിസൈനിലാണ് കാറിന്റെ ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. സ്ലൈഡിംഗ് വിന്‍ഡോകള്‍, മുന്‍വശത്തെ യാത്രക്കാര്‍ക്കായുള്ള ബെഞ്ച് സീറ്റുകള്‍, ഫ്യൂച്ചറിസ്റ്റിക് സ്റ്റിയറിംഗ് വീല്‍ എന്നിവ ഇതിലുണ്ട്.

ചെറിയ കാറാണെങ്കില്‍ കൂടി സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. ഡ്യുവല്‍ എയര്‍ബാഗുകള്‍, കരുത്തുറ്റ ഷാസി, ISOFIX ചൈല്‍ഡ് ആങ്കറേജുകള്‍ എന്നിവ ഇതില്‍ ലഭ്യമാണ്. ശ്രദ്ധേയമായ മറ്റൊരു സംഗതി ഈ കാറില്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ നല്‍കിയിട്ടില്ല എന്നതാണ്. പകരം ഉടമയുടെ സ്മാര്‍ട്ഫോണോ ബ്ലൂടൂത്ത് സ്പീക്കറോ ഉപയോഗിക്കാം. സ്മാര്‍ട്ട്‌ഫോണ്‍ ഡിജിറ്റല്‍ കാര്‍ കീയായും, മ്യൂസിക്കിനും മീഡിയയ്ക്കുമുള്ള ഡിസ്‌പ്ലേ സ്‌ക്രീനായും, ഓഡിയോ കണ്‍ട്രോള്‍ സെന്ററായും ഉപയോഗിക്കാം.
ഇവയെല്ലാം ഒരു പോര്‍ട്ടബിള്‍ ബ്ലൂടൂത്ത് സ്പീക്കറുമായി ബന്ധിപ്പിക്കാം. ചുരുക്കത്തില്‍ കാര്‍ അണ്‍ലോക്ക് ചെയ്യാനും, മ്യൂസിക് പ്ലേ ചെയ്യാനും, കണക്റ്റുചെയ്ത ബ്ലൂടൂത്ത് സ്പീക്കറിലൂടെ ഓഡിയോ കൈകാര്യം ചെയ്യാനുമുള്ള പ്രധാന കണ്‍ട്രോള്‍ ഡിവൈസ് ആയി ഫോണ്‍ പ്രവര്‍ത്തിക്കുന്നു. കപ്പ് ഹോള്‍ഡറുകളും ആംറെസ്റ്റുകളും അധിക ലൈറ്റുകളും നല്‍കാനുള്ള 'യൂക്ലിപ്പ്' ആക്സസറി മൗണ്ടുകളും ഹിപ്സ്റ്ററില്‍ ചേര്‍ത്തിട്ടുണ്ട്.

ഡാസിയ ഹിപ്സ്റ്ററിന്റെ ബാറ്ററി ശേഷിയും റേഞ്ച് കണക്കുകളുമൊന്നും കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും സിറ്റി, ദൈനംദിന ഉപയോഗങ്ങള്‍ക്ക് അനുയോജ്യമായ വാഹനത്തിന് 20kWh ബാറ്ററി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫുള്‍ ചാര്‍ജില്‍ 150 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ഇവിക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ റേഞ്ച് കണക്കുകള്‍ വെച്ച് ദൈനംദിന യാത്രകള്‍ക്കായി ആഴ്ചയില്‍ രണ്ടുതവണ ചാര്‍ജ് ചെയ്താല്‍ മതിയെന്നാണ് ഡാസിയയുടെ കണക്കുകൂട്ടല്‍.
ഈ വാഹനത്തിന്റെ ലോഞ്ച് ടൈംലൈന്‍ ഡാസിയ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 2026-27 കാലയളവില്‍ ഇത് നിര്‍മാണത്തിന് കയറുമെന്നാണ് സൂചന. ഏകദേശം 13,000 പൗണ്ട് ആണ് ഡാസിയ ഹിപസ്റ്റിന്റെ വില പ്രതീക്ഷിക്കുന്നത്. ഇത് ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 15.50 ലക്ഷം രൂപ വരും. അതേസമയം സ്പ്രിംഗിന് യുകെയില്‍ 15000 പൗണ്ടും (ഏകദേശം 17.86 ലക്ഷം രൂപ) ജര്‍മനിയില്‍ 17000 യൂറോയുമാണ് (17.57 ലക്ഷം രൂപ) പ്രാരംഭ വില.


Click it and Unblock the Notifications








