5-സീറ്ററിന്റെ വില മാത്രമുള്ള ഫാമിലി എംപിവി മേക്കോവറുമായി എത്തുന്നു! ദേ ഈ തീയതി കുറിച്ചുവെച്ചോളൂ...
ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയെ കുറിച്ച് ഇന്ത്യക്കാര്‍ക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. ഇന്ത്യയില്‍ മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിന് തുടക്കം കുറിച്ച് പിന്നീട് പിന്‍വാങ്ങിയ റെനോ ഡസ്റ്ററിന്റെ ഗംഭീര മടങ്ങിവരവിനായി കണ്ണുംനട്ടിരിക്കുകയാണ് വാഹന പ്രേമികള്‍. ഡസ്റ്റര്‍ അടക്കമുള്ള പുത്തന്‍ മോഡലുകളുടെ കൂടെ നിലവില്‍ വില്‍പ്പനക്കെത്തുന്ന കാറുകള്‍ ഗംഭീര മേക്കോവറില്‍ കമ്പനി പുറത്തിറക്കാന്‍ പോകുകയാണ്. ഇന്ത്യന്‍ കുടുംബങ്ങള്‍ ഏറെ നാളായി കാത്തിരിക്കുന്ന ഒരു മള്‍ട്ടി പര്‍പ്പസ് വാഹനത്തിന്റെ (എംപിവി) ലോഞ്ച് തീയതി ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. അതിനെ കുറിച്ചാണ് ഈ ലേഖനത്തില്‍ നമ്മള്‍ പറയാന്‍ പോകുന്നത്.
തുടക്കത്തില്‍ പരാമര്‍ശിച്ച പോലെ ഡസ്റ്റര്‍ പോലുള്ള ജനപ്രിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയിട്ടുണ്ടെങ്കിലും റെനോക്ക് ഇതുവരെ ഇന്ത്യയില്‍ ഗംഭീര വില്‍പ്പന നേടാനായിട്ടില്ല. ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കള്‍ നിലവില്‍ മൂന്ന് കാറുകളാണ് വില്‍പ്പനക്കെത്തിക്കുന്നത്. ക്വിഡ്, ട്രൈബര്‍, കൈഗര്‍ എന്നീ മോഡലുകള്‍ വിവിധ സെഗ്‌മെന്റുകളിലായി മത്സരിക്കുന്നു. ഇതില്‍ തന്നെ ട്രൈബര്‍ നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ വാങ്ങാന്‍ പറ്റുന്ന 7 സീറ്റര്‍ കാര്‍ ആണ്.

വില്‍പ്പന മന്ദഗതിയിലായ കാറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഈ വര്‍ഷം തന്നെ കമ്പനി പുറത്തിറക്കുമെന്ന് ഞങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ ഇന്ത്യന്‍ നിരത്തുകളില്‍ തകൃതിയായി പരീക്ഷണയോട്ടം നടത്തുന്ന കാര്‍ ഈ മാസം 23-ന് വിപണിയിലെത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുക. ഈ എംപിവി ആദ്യമായി വിപണിയിലെത്തിയത് 2019-ലാണ്. അന്ന് ഏകദേശം 6.14 ലക്ഷം രൂപയ്ക്കാണ് ഈ വാഹനം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്.
ഫെയ്സ്ലിഫ്റ്റ് പതിപ്പില്‍ പുറത്തിറങ്ങുമ്പോള്‍ വിലയില്‍ നേരിയ വര്‍ധനവ് നമുക്ക് പ്രതീക്ഷിക്കാം. എന്നിരുന്നാലും ഇന്ത്യന്‍ വിപണിയില്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാകുന്ന 7 സീറ്റര്‍ കാറുകളുടെ പട്ടികയില്‍ റെനോ ട്രൈബര്‍ ഉറപ്പായും ഉണ്ടാകും. മുഖംമിനുക്കലിന്റെ ഭാഗമായി 2025 ട്രൈബറില്‍ നിരവധി മാറ്റങ്ങള്‍ നമുക്ക് പ്രതീക്ഷിക്കാം. പുതിയ ഫെയ്സ്ലിഫ്റ്റഡ് ട്രൈബറിന് കൂടുതല്‍ പരിഷ്‌കരിച്ച ഡിസൈന്‍ ലഭിക്കുമെന്ന് സ്‌പൈ ചിത്രങ്ങള്‍ വ്യക്തമാക്കിയതാണ്.

അടുത്തിടെ ഹൈദരാബാദില്‍ നിന്ന് പകര്‍ത്തപ്പെട്ട സ്‌പൈ ചിത്രങ്ങളില്‍ ട്രൈബര്‍ ഫെയ്‌സ്‌ലിഫ്റ്റിന് പുതിയ എല്‍ഇഡി ഡിആര്‍എല്ലുകളും പുതിയ ഹെഡ്ലൈറ്റും എല്‍ഇഡി ഡിആര്‍എല്‍ സെറ്റപ്പും ലഭിക്കുമെന്ന് കാണിച്ചിരുന്നു.വലിയ ലോവര്‍ ഗ്രില്ലും, അതില്‍ നല്‍കിയിട്ടുള്ള ബുള്‍-ബാര്‍ ശൈലിയിലുള്ള സറൗണ്ടും, ഫോക്‌സ് സ്‌കിഡ് പ്ലേറ്റുമെല്ലാം ട്രൈബറിന് എസ്യുവിഷ് ലുക്ക് നല്‍കുന്നു. പുതുക്കിയ ട്രൈബറിന്റെ മുകള്‍ ഭാഗത്തെ ഗ്രില്‍ ചെറുതോ ക്ലോസ്ഡ് ഓഫോ ആയി വരാന്‍ സാധ്യതയുണ്ട്. അതില്‍ 3D റെനോ ലോഗോ ഉണ്ടാകും.
ഹെഡ്ലൈറ്റ് ഹൗസിംഗ് പഴയത് പോലെ തോന്നുമെങ്കിലും പ്രൊജക്ടര്‍ സജ്ജീകരണത്തില്‍ മാറ്റങ്ങള്‍ വരുത്തിയേക്കാം. ബോണറ്റ് ചെറുതും മുന്‍വശത്തേക്ക് ചരിഞ്ഞതുമാണ്. മുന്‍ മോഡലുകളിലെ രൂപം നിലനിര്‍ത്തിക്കൊണ്ടുതന്നെ പുതിയ എല്‍ഇഡി ഡിആര്‍എല്ലുകള്‍ ഹെഡ്ലൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഇത് കൂടുതല്‍ ആകര്‍ഷകമാക്കുന്നു. മറ്റ് കാര്‍ നിര്‍മ്മാതാക്കള്‍ ഫോഗ് ലൈറ്റുകള്‍ ഒഴിവാക്കുമ്പോള്‍ റെനോ അത് കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്യുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. കൂടാതെ ഈ കാറിന്റെ അലോയ് വീലുകള്‍ക്ക് വ്യത്യസ്തമായ ഡിസൈന്‍ നല്‍കാന്‍ സാധ്യതയുണ്ട്.

ഔട്ട്‌ഗോയിംഗ് മോഡലില്‍ 8 ഇഞ്ച് ടച്ച് സ്‌ക്രീന്‍, ഡിജിറ്റല്‍ ക്ലസ്റ്റര്‍, വയര്‍ലെസ് ചാര്‍ജര്‍, സ്മാര്‍ട്ട് ഫോണ്‍ കണക്റ്റിവിറ്റി തുടങ്ങിയ ഫീച്ചറുകള്‍ ഉണ്ട്. പുതിയ കാറില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഓട്ടോമാറ്റിക് ഹെഡ്ലൈറ്റുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, ആറ് എയര്‍ബാഗുകള്‍ എന്നിവ അപ്‌ഡേറ്റഡ് മോഡലില്‍ കൂട്ടിച്ചേര്‍ത്തേക്കാം. കാറിന് മെക്കാനിക്കലായി മാറ്റങ്ങള്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല.
5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്ന 1.0 ലിറ്റര്‍ 3 സിലിണ്ടര്‍ നാചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ തന്നെയാകും ഉപയോഗിക്കുക. ഈ മാറ്റങ്ങളെല്ലാം ട്രൈബറിന്റെ ലുക്കും ഉപയോഗക്ഷമതയും വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. കുറഞ്ഞ വിലയില്‍ കുടുംബവുമായി യാത്ര ചെയ്യാന്‍ സാധിക്കുന്ന വാഹനങ്ങള്‍ക്ക് ആളുകള്‍ക്കിടയില്‍ നല്ല സ്വീകാര്യതയുണ്ട്. അതിനാല്‍ പുതിയ ഫീച്ചറുകളോടെ ട്രൈബര്‍ വിപണിയില്‍ എത്തിയാല്‍ തീര്‍ച്ചയായും വില്‍പ്പനയില്‍ മുന്നേറ്റം നടത്താന്‍ സാധിക്കും.


Click it and Unblock the Notifications








