ഏറ്റവും വിലകുറഞ്ഞ 7 സീറ്റര്‍ എംപിവി ഫ്രഷ് ലുക്കില്‍! 6.50 ലക്ഷമാക്കിയാലും കുഴപ്പമില്ലെന്ന് ജനങ്ങള്‍
ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ തങ്ങളുടെ കുറഞ്ഞ വിലയുള്ള 7 സീറ്റര്‍ എംപിവിയായ ട്രൈബറിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്ന ഏക സബ് 4 മീറ്റര്‍ മോണോകോക്ക് 7-സീറ്റര്‍ എംപിവിയാണ് ട്രൈബര്‍. കൂടുതല്‍ ഉപഭോക്താക്കളെ ലഭിക്കാനും വില്‍പ്പന വര്‍ധിപ്പിക്കാനായി ഡിസൈനിംഗില്‍ മാറ്റങ്ങള്‍ വരുത്തിയും ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്തും കാറിനെ കൂടുതല്‍ ആകര്‍ഷകമാക്കുകയാണ് മുഖംമിനുക്കലിന്റെ ലക്ഷ്യം. ഇപ്പോള്‍ ട്രൈബര്‍ ഫെയ്സ്ലിഫ്റ്റ് പരീക്ഷണയോട്ടത്തിനിടെ ക്യാമറക്കണ്ണില്‍ പതിഞ്ഞിരിക്കുകയാണ്. അതിനെ കുറിച്ച് വിശദമായി വായിക്കാം.
പുതിയ ട്രൈബര്‍ ഫെയ്സ്ലിഫ്റ്റിന്റെ മുന്‍ഭാഗത്തെ രൂപകല്‍പ്പനയുടെ വിശദമായ വിവരങ്ങള്‍ യൂട്യൂബ് ചാനലായ ശങ്കര്‍ പങ്കുവെച്ച വീഡിയോയില്‍ നിന്നാണ് നമുക്ക് ലഭ്യമായത്. പുതിയ എല്‍ഇഡി ഡിആര്‍എല്ലുകള്‍ ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ മുന്‍ഭാഗത്തുണ്ടാകും. ഡാഷ്‌ക്യാമില്‍ നിന്നുള്ള ദൃശ്യങ്ങളാണിവ. ഇതില്‍ പുതിയ ഹെഡ്‌ലൈറ്റും എല്‍ഇഡി ഡിആര്‍എല്‍ സെറ്റപ്പും മുന്‍വശത്തെ ഗ്രില്ലുമെല്ലാം വ്യക്തമായി കാണാം.

വലിയ ലോവര്‍ ഗ്രില്ലും, അതില്‍ നല്‍കിയിട്ടുള്ള ബുള്‍-ബാര്‍ ശൈലിയിലുള്ള സറൗണ്ടും, ഫോക്സ് സ്‌കിഡ് പ്ലേറ്റുമെല്ലാം ട്രൈബറിന് എസ്‌യുവിഷ് ലുക്ക് നല്‍കുന്നു. പുതുക്കിയ ട്രൈബറിന്റെ മുകള്‍ ഭാഗത്തെ ഗ്രില്‍ ചെറുതോ ക്ലോസ്ഡ് ഓഫോ ആയി വരാന്‍ സാധ്യതയുണ്ട്. അതില്‍ 3D റെനോ ലോഗോ ഉണ്ടാകും. ഹെഡ്‌ലൈറ്റ് ഹൗസിംഗ് പഴയത് പോലെ തോന്നുമെങ്കിലും പ്രൊജക്ടര്‍ സജ്ജീകരണത്തില്‍ മാറ്റങ്ങള്‍ വരുത്തിയേക്കാം.
എല്‍ഇഡി ലൈറ്റുകള്‍ ഇത്തവണ പ്രതീക്ഷിക്കാം. ബോണറ്റ് ചെറുതും മുന്‍വശത്തേക്ക് ചരിഞ്ഞതുമാണ്. മുന്‍ മോഡലുകളിലെ രൂപം നിലനിര്‍ത്തിക്കൊണ്ടുതന്നെ പുതിയ എല്‍ഇഡി ഡിആര്‍എല്ലുകള്‍ ഹെഡ്‌ലൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഇത് കൂടുതല്‍ ആകര്‍ഷകമാക്കുന്നു. മറ്റ് കാര്‍ നിര്‍മ്മാതാക്കള്‍ ഫോഗ് ലൈറ്റുകള്‍ ഒഴിവാക്കുമ്പോള്‍ റെനോ അത് കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്യുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. വരാനിരിക്കുന്ന റെനോയുടെ കൈഗര്‍ ഫെയ്സ്ലിഫ്റ്റിലും ഈ ഫീച്ചര്‍ ഉണ്ടാകും.

ട്രൈബറിന്റെ ഫോഗ് ലൈറ്റുകള്‍ പുതിയ ബമ്പറില്‍ താഴെയായി സ്ഥാപിച്ചിരിക്കുന്നു. ഇതില്‍ എല്‍ഇഡി ബള്‍ബുകള്‍ക്ക് പകരം ഹാലൊജന്‍ ബള്‍ബുകളായിരിക്കും ഉപയോഗിക്കുക. ബോഡി ക്ലാഡിംഗ് വാഹനത്തിന് കൂടുതല്‍ കരുത്തുറ്റ രൂപം നല്‍കുന്നു.ഔട്ട്ഗോയിംഗ് മോഡലിനെ അപേക്ഷിച്ച് കൂടുതല്‍ ഫീച്ചറുകളും സൗകര്യങ്ങളും മുഖംമിനുക്കിയെത്തുന്ന ട്രൈബര്‍ വാഗ്ദാനം ചെയ്യും.
ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, ആറ് എയര്‍ബാഗുകള്‍ എന്നിവ ഇതില്‍ പ്രധാനമാണ്. അലോയ് വീലുകള്‍ ഉണ്ടാകാന്‍ സാധ്യതയില്ല. കാരണം, അടുത്ത കാലത്ത് നടന്ന പരീക്ഷണയോട്ടങ്ങളില്‍ സ്റ്റീല്‍ വീലുകളുള്ള മോഡലുകളാണ് കണ്ടത്. റെനോ ട്രൈബര്‍ ഫെയ്സ്ലിഫ്റ്റിന് മെക്കാനിക്കലായി മാറ്റങ്ങള്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല.
നിലവിലുള്ള 1.0 ലിറ്റര്‍ 3 സിലിണ്ടര്‍ നാചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ തന്നെയാകും ഇതിലും ഉപയോഗിക്കുക. 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ബോക്സുകളാണ് ഇതിലുണ്ടാവുക. ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഈ മോഡലില്‍ ഉണ്ടാകാന്‍ സാധ്യതയില്ല. ഈ മാറ്റങ്ങളെല്ലാം ട്രൈബറിന്റെ ലുക്കും ഉപയോഗക്ഷമതയും വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. താങ്ങാനാവുന്ന വിലയില്‍ കൂടുതല്‍ സ്ഥലസൗകര്യമുള്ള വാഹനം ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് ട്രൈബര്‍ ഒരു മികച്ച ചോയ്‌സ് ആയിരിക്കും.
ഇന്ത്യന്‍ വാഹന വിപണിയില്‍ സബ് 4 മീറ്റര്‍ സെഗ്മെന്റില്‍ കൂടുതലും ഹാച്ച്ബാക്കുകള്‍, ക്രോസ്ഓവറുകള്‍, എസ്‌യുവികള്‍ എന്നിവയാണ്. ഈ വിഭാഗത്തില്‍ 7 സീറ്റര്‍ എംപിവി വാഗ്ദാനം ചെയ്യുന്ന ഏക കമ്പനി റെനോയാണ്. അപ്‌ഡേറ്റുകള്‍ അവതരിപ്പിക്കുന്നതിലൂടെ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കഴിയും. ഉത്സവ സീസണോടനുബന്ധിച്ച് പുതിയ ട്രൈബര്‍ പുറത്തിറക്കാനാണ് റെനോയുടെ പദ്ധതി. ഈ സമയത്ത് ഉപഭോക്താക്കള്‍ കൂടുതലായി കാറുകളും വാഹനങ്ങളും വാങ്ങാന്‍ താല്‍പര്യപ്പെടുന്ന സമയമായതിനാല്‍ ഇത് വില്‍പ്പന ഉയര്‍ത്താന്‍ സഹായിക്കും.
ആകര്‍ഷകമായ രൂപകല്‍പ്പനയും ഫീച്ചറുകളും കൂട്ടിച്ചേര്‍ത്ത് താങ്ങാനാവുന്ന വിലയില്‍ വാഹനം ലഭ്യമാക്കുന്നതിലൂടെ ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്താന്‍ റെനോയ്ക്ക് സാധിക്കും. നിലവില്‍ 6.15 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ട്രൈബര്‍ വില്‍ക്കുന്നത്. പുത്തന്‍ മാറ്റങ്ങളോടെ വരുമ്പോള്‍ 6.50 ലക്ഷത്തിന് വിറ്റാലും കുഴപ്പമുണ്ടാകില്ലെന്നാണ് കരുതുന്നത്. റെനോ ട്രൈബറിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പിന്റെ ലോഞ്ച് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുക.


Click it and Unblock the Notifications








