6 ലക്ഷത്തിന് 7 പേര്‍ക്ക് സഞ്ചരിക്കാവുന്ന കാര്‍! തുച്ഛമായ വിലയ്ക്ക് വിറ്റിട്ടും ആളുകള്‍ അടുക്കാത്തതിന് കാരണം
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയില്‍ 7 സീറ്റര്‍ ഫാമിലി കാറുകള്‍ക്ക് ഉയര്‍ന്ന ഡിമാന്‍ഡ് ആണുള്ളത്. എംപിവി, എസ്‌യുവി ബോഡിടൈപ്പില്‍ 7 സീറ്റര്‍ കാറുകള്‍ ഇന്ന് വിപണിയില്‍ ധാരാളം ലഭ്യമാണ്. പല മുന്‍നിര കമ്പനികളും 7 മീറ്റര്‍ കാറുകള്‍ വില്‍പ്പനക്കെത്തിക്കുന്നുണ്ട്. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ വാങ്ങാനാകുന്ന 7 സീറ്റര്‍ കാറാണ് റെനോ ട്രൈബര്‍. ഇത് ഒരു എംപിവിയാണ്. കുറഞ്ഞ വിലയില്‍ ലഭ്യമാകുന്നതിനാല്‍ ഈ കാര്‍ ബജറ്റ് അവബോധമുള്ള ഉപഭോക്താക്കള്‍ക്കിടയില്‍ ജനപ്രിയമാണ്. ഈ കാറിന്റെ 2025 ജനുവരി മാസത്തെ വില്‍പ്പന കണക്കുകള്‍ ഇപ്പോള്‍ ഞങ്ങളുടെ പക്കലുണ്ട്. അത് വിശദമായി നോക്കാം.
2025 മാര്‍ച്ചില്‍ റെനോ ട്രൈബര്‍ എംപിവിയുടെ വില്‍പ്പനയില്‍ വലിയ ഇടിവ് ഉണ്ടായി. 2024 മാര്‍ച്ചില്‍ റെനോ 2,247 ട്രൈബര്‍ വിറ്റിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം ട്രൈബറിന് 1,552 പുതിയ ഉപഭോക്താക്കളെ മാത്രമാണ് ലഭിച്ചത്. വാര്‍ഷികാടിസ്ഥാനത്തില്‍ വില്‍പ്പന 37 ശതമാനം ഇടിഞ്ഞു. 2025 ഫെബ്രുവരിയിലെ 1545 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 0.45 ശതമാനം വളര്‍ച്ചയുണ്ട്.

കഴിഞ്ഞ ആറ് മാസത്തെ കണക്കുകള്‍ എടുക്കുമ്പോള്‍ 2,111 യൂണിറ്റുകള്‍ വിറ്റ 2024 ഒക്ടോബറായിരുന്നു മികച്ച വില്‍പ്പന നടന്ന മാസം. ഒക്ടോബര്‍ മാസത്തിലാണ് ഉത്സവ സീസണ്‍ എന്നതിനാല്‍ പൊതുവേ ആ സമയത്ത് വില്‍പ്പന കൂടാറുണ്ട്. 2025 മാര്‍ച്ചില്‍ ഇടിവ് നേരിട്ടതോടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട 7 സീറ്റര്‍ കാറുകളുടെ പട്ടികയില്‍ റെനോ ട്രൈബറിന് പത്താം സ്ഥാനം മാത്രമേ ലഭിച്ചുള്ളൂ.
റെനോ അധികം വൈകാതെ തന്നെ ട്രൈബര്‍ കാറിന്റെ പുതിയ തലമുറ പതിപ്പ് പുറത്തിറക്കാന്‍ പോകുകയാണ്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പുതുതലമുറ റെനോ ട്രൈബര്‍ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തലമുറമാറ്റത്തിന് തൊട്ടുമുമ്പ് കാര്‍ വാങ്ങാന്‍ പൊതുവേ ഉപഭോക്താക്കള്‍ താല്‍പര്യപ്പെടാറില്ല. ഒരുപക്ഷേ അതുകൊണ്ടാകും റെനോ ട്രൈബറിന്റെ വില്‍പ്പന കുറഞ്ഞത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നവീകരണത്തിന് വിധേയമായ കാര്‍ കിട്ടുമെന്നതിനാല്‍ ഉപഭോക്താക്കള്‍ അല്‍പ്പം കാത്തിരിക്കാന്‍ തീരുമാനിച്ചതാകാന്‍ സാധ്യതയുണ്ട്.

ഒരു പുതിയ തലമുറ കാര്‍ മോഡല്‍ പുറത്തിറങ്ങുന്നതിന് മുമ്പ് വില്‍പ്പന കുറയുന്നത് സാധാരണമാണ്. പുതുമയുള്ള ഡിസൈന്‍, പുത്തന്‍ ഫീച്ചറുകള്‍ എന്നിവയെല്ലാം വരുന്നതിനാല്‍ ഔട്ട്ഗോയിംഗ് മോഡലിനേക്കാള്‍ പുതിയ മോഡല്‍ വാങ്ങുന്നതിലായിരിക്കും ഉപഭോക്താക്കള്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുക. അത്തരമൊരു സാഹചര്യത്തില്‍ വില്‍പ്പന കുറയാന്‍ സാധ്യതയുള്ളതിനാല്‍ വണ്ടിക്കമ്പനികള്‍ ഉല്‍പാദനവും കുറയ്ക്കാറുണ്ട്. അഥവാ യാര്‍ഡില്‍ അധികം സ്റ്റോക്ക് വന്നാല്‍ അത് ഓഫറില്‍ വിറ്റഴിക്കാറാണ് പതിവ്.
നിലവില്‍ 6.10 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് റെനോ ട്രൈബര്‍ വിറ്റഴിക്കുന്നത്. റെനോ ട്രൈബറിന്റെ റേഞ്ച് ടോപ്പിംഗ് വേരിയന്റിന്റെ വില 8.98 ലക്ഷം രൂപയാണ്. എക്സ്-ഷോറൂം വിലകളാണ് ഇത്. RXE, RXL, RXT, RXZ എന്നിങ്ങനെ നാല് ട്രിമ്മുകളില്‍ ലഭ്യമാണ്. ഇവയെല്ലാം 7 സീറ്റര്‍ കോണ്‍ഫിഗറേഷനില്‍ വാങ്ങാം. ഇനി 5 സീറ്ററായി ഉപയോഗിക്കുകയാണെങ്കില്‍ ബൂട്ട് സ്‌പേസ് 84 ലിറ്ററില്‍ നിന്ന് 625 ലിറ്ററായി വര്‍ദ്ധിപ്പിക്കാം.

72 PS പവറും 96 Nm ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള 1.0 ലിറ്റര്‍ 3-സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ട്രൈബറിന്റെ ഹൃദയം. 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കുന്നു. ഫാമിലി കാര്‍ ലിറ്ററിന് 20 കിലോമീറ്റര്‍ മൈജേലും നല്‍കുമെന്ന് റെനോ അവകാശപ്പെടുന്നു. മാന്യമായ ഫീച്ചര്‍ ലിസ്റ്റും കാറിലുണ്ട്.
7 ഇഞ്ച് TFT ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ഡ്രൈവര്‍ സീറ്റില്‍ ഒരു ആംറെസ്റ്റ് എന്നിവയടക്കമുള്ള ഫീച്ചറുകള്‍ ഫ്രഞ്ച് കമ്പനി കാറില്‍ സജ്ജീകരിച്ചിട്ടുണ്ട്. 4 എയര്‍ബാഗുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, എബിഎസ്, ഇബിഡി, ഇഎസ്പി എന്നിവയാണ് ട്രൈബറില്‍ വരുന്ന സേഫ്റ്റി ഫീച്ചറുകള്‍.
റെനോ ട്രൈബറിന്റെ പുതുതലമുറ മോഡല്‍ 2025 കലണ്ടര്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ വില്‍പ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. മിക്കവാറും ഈ വരുന്ന ജൂണില്‍ കാര്‍ വിപണിക്ക് പരിചയപ്പെടുത്തിയേക്കാം. തലമുറമാറ്റം സംഭവിക്കുന്നതിനാല്‍ ട്രൈബറിന്റെ വിലയില്‍ ചെറിയ വ്യത്യാസം വരാന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന 7-സീറ്റര്‍ കാര്‍ എന്ന ഖ്യാതി ട്രൈബര്‍ വിട്ടുകളയാന്‍ സാധ്യതയില്ല. ന്യൂജെന്‍ ട്രൈബറിന് പിന്നാലെ ഈ കാറിനെ അടിസ്ഥാനപ്പെടുത്തിയുള്ള റെനോ മോഡലും പുറത്തിറങ്ങും.


Click it and Unblock the Notifications








