2 കുടുംബങ്ങള്‍ക്ക് പാട്ടുംപാടി പോകാവുന്ന കാര്‍ ബൈക്കിന്റെ വിലയില്‍ വിറ്റഴിക്കുന്നു! പണംവാരി ഫ്രഞ്ച് എംപിവി
ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ഒരു 7 സീറ്റര്‍ എംപിവി വാങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന പേരാണ് റെനോ ട്രൈബര്‍ (Renault Triber). താങ്ങാനാവുന്ന വിലയും ഏഴ് യാത്രക്കാര്‍ക്ക് സുഖമായി യാത്ര ചെയ്യാനുള്ള സൗകര്യവുമാണ് ഈ മോഡലിനെ ജനപ്രിയമാക്കുന്ന പ്രധാന ഘടകങ്ങള്‍. ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ വിപണിയിലുള്ള ഈ ഫാമിലി എംപിവി അടുത്തിടെ മുഖംമിനുക്കലിന് വിധേയമായിരുന്നു. ഫെയ്‌സ്‌ലിഫ്റ്റിന് ശേഷം വിപണിയില്‍ നിന്ന് മികച്ച പ്രതികരണമാണ് റെനോ ട്രൈബര്‍ നേടുന്നത്. ട്രൈബറിന്റെ മികച്ച പ്രകടനത്തിന് നിലവിലെ വില്‍പ്പന റിപ്പോര്‍ട്ട് ഒരു തെളിവാണ്.
കാര്‍ ആന്‍ഡ് ബൈക്ക് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കപ്പെട്ട ട്രൈബറിന്റെ 2025 നവംബറിലെ വില്‍പ്പന കണക്കുകള്‍ നമുക്ക് പരിശോധിക്കാം.2025 നവംബറില്‍ ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ 2,064 ട്രൈബര്‍ യൂണിറ്റുകള്‍ വിറ്റഴിച്ചു. 2024 നവംബറില്‍ വെറും 1,486 യൂണിറ്റുകള്‍ മാത്രമായിരുന്നു വില്‍പ്പന. 12 മാസം കൊണ്ട് 578 യൂണിറ്റുകളുടെ ഗണ്യമായ വര്‍ധനവാണ് 7-സീറ്റര്‍ എംപിവി രേഖപ്പെടുത്തിയത്.

തുടക്കത്തില്‍ സൂചിപ്പിച്ച പോലെ ട്രൈബറിന്റെ വില്‍പ്പനയിലെ ഈ കുതിച്ചുചാട്ടത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് അടുത്തിടെ പുറത്തിറക്കിയ ഫെയ്സ്ലിഫ്റ്റ് മോഡലാണ്. കഴിഞ്ഞ ജൂലൈ മാസത്തിലാണ് പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. നിരവധി അപ്‌ഡേറ്റുകളുമായി എത്തിയ മോഡലിന് കാര്യമായ വിലവര്‍ധനവും ഉണ്ടായിരുന്നില്ല. ഒപ്പം 4 മീറ്ററില്‍ താഴെ നീളമുള്ള കാറുകളുടെ ചരക്കുസേവന നികുതി കുറക്കുക കൂടി ചെയ്തതോടെ ട്രൈബറിന്റെ വില 6 ലക്ഷം രൂപയില്‍ താഴെ എത്തി.
നിലവില്‍ ഈ മോഡലിന്റെ പ്രാരംഭ വില 5.76 ലക്ഷം രൂപ മാത്രമാണ്.ട്രൈബറിന്റെ ടോപ് വേരിയന്റ് പോലും 8.60 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്.റെനോയുടെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയ എക്‌സ്-ഷോറൂം വിലകളാണിത്. കുറഞ്ഞ വിലയിലും നിരവധി അത്യാധുനിക ഫീച്ചറുകള്‍ ഈ 7 സീറ്റര്‍ എംപിവി വാഗ്ദാനം ചെയ്യുന്നു.

20.32 സെന്റീമീറ്റര്‍ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, 17.78 സെന്റീമീറ്റര്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് വൈപ്പറുകള്‍, സ്വയം പ്രവര്‍ത്തിക്കുന്ന ഹെഡ്ലൈറ്റുകള്‍ എന്നിവയാണ് റെനോ ട്രൈബറിന്റെ പ്രധാന ഫീച്ചറുകള്‍. സുരക്ഷാ ഫീച്ചറുകളിലും ട്രൈബര്‍ മുന്നിട്ട് നില്‍ക്കുന്നു. ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ട്രാക്ഷന്‍ കണ്‍ട്രോള്‍ (TCS), ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP) എന്നിവ ലഭ്യമാണ്.
സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, എബിഎസ്, ബ്രേക്ക് അസിസ്റ്റോടുകൂടിയ ഇബിഡി, എല്ലാ വേരിയന്റുകളിലും 6 എയര്‍ബാഗുകള്‍ എന്നിവ സുരക്ഷ ഉറപ്പാക്കുന്നു. റെനോ ട്രൈബർ ഫെയ്‌സ്‌ലിഫ്റ്റ് ഇതുവരെ ഗ്ലോബൽ NCAP ക്രാഷ്-ടെസ്റ്റ് ചെയ്തിട്ടില്ല, എന്നാൽ പഴയ പ്രോട്ടോക്കോളുകൾക്ക് കീഴിൽ 2021 ൽ പരീക്ഷിച്ച അതിന്റെ മുൻ പതിപ്പിന് മുതിർന്ന യാത്രക്കാരുടെ സംരക്ഷണത്തിന് 4-സ്റ്റാർ റേറ്റിംഗും കുട്ടികളുടെ സംരക്ഷണത്തിന് 3-സ്റ്റാർ റേറ്റിംഗും ലഭിച്ചു.

71 bhp പവറും 96 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് 7 സീറ്റര്‍ എംപിവിക്ക് തുടിപ്പേകാന്‍ എത്തുന്നത്. ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്. കാറിന്റെ പെട്രോള്‍ മാനുവല്‍ വേരിയന്റുകള്‍ ലിറ്ററിന് 20 കിലോമീറ്ററും പെട്രോള്‍ ഓട്ടോമാറ്റിക് വേരിയന്റുകള്‍ ഏകദേശം 18.2 കിലോമീറ്ററും മൈലേജ് തരുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
ഇന്ത്യന്‍ വിപണിയില്‍ മാരുതി എര്‍ട്ടിഗയ്ക്ക്ട്രൈബര്‍ മികച്ചൊരു ബദലാണ്. എര്‍ട്ടിഗയുടെ പ്രാരംഭ വില 8.80 ലക്ഷം രൂപ വരുമ്പോൾ ട്രൈബറിന്റെ ടോപ് വേരിയന്റ് 8.60 ലക്ഷം രൂപയ്ക്ക് ലഭിക്കുന്നു. ചുരുക്കത്തില്‍, കുറഞ്ഞ വിലയില്‍ ഒരു 7 സീറ്റര്‍ എംപിവി ആഗ്രഹിക്കുന്നവര്‍ക്ക് റെനോ ട്രൈബര്‍ മികച്ച ഓപ്ഷനാണ്. ഇന്ത്യന്‍ വിപണിയിലെ ചില ഉയര്‍ന്ന വിലയുള്ള പ്രീമിയം ബൈക്കുകളെക്കാള്‍ കുറഞ്ഞ വിലയില്‍ ഈ കാര്‍ ലഭ്യമാണ് എന്നതും ഒരു നേട്ടമാണ്.


Click it and Unblock the Notifications








