6 ലക്ഷം മുടക്കിയാല്‍ 2 കുടുംബങ്ങള്‍ക്ക് പോകാം! മൈലേജും സേഫ്റ്റിയുമുണ്ടായിട്ടും ഫാമിലിമാന്റെ വില്‍പ്പന മന്ദതയിൽ
ഇന്ന് ഒരു കുടുംബം കാര്‍ വാങ്ങുമ്പോള്‍ ചെറുകാറുകള്‍ മാറ്റിവെച്ച് കൂടുതല്‍ പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ഫാമിലി കാറുകള്‍ പരിഗണിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എസ്‌യുവി, എംപിവി ബോഡിശൈലികളില്‍ എല്ലാം ഈ കാറുകള്‍ ലഭിക്കും. വലിപ്പം കൂടുന്നതിന് അനുസരിച്ച് കാറുകള്‍ക്ക് വില കൂടുക സ്വാഭാവികമാണ്. എന്നാല്‍ ഒരു ഹാച്ച്ബാക്കിന്റെ അല്ലെങ്കില്‍ കോംപാക്ട് എസ്‌യുവിയേക്കാള്‍ കുറഞ്ഞ വിലയില്‍ ഒരു 7 സീറ്റര്‍ കാര്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്നുണ്ട്. ഇന്ത്യയില്‍ ഏറ്റവും താങ്ങാനാകുന്ന വിലയില്‍ ഒരു 7 സീറ്റര്‍ എംപിവി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ഈ കാറിന്റെ പേര് റെനോ ട്രൈബര്‍ എന്നാണ്.
വെറും 6.15 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ഈ കാര്‍ ഫ്രഞ്ച് കമ്പനി പുറത്തിറക്കുന്നത്. റേഞ്ച് ടോപിംഗ് വേരിയന്റിന് 8.98 ലക്ഷം രൂപ മാത്രമാണ് വില. മാരുതിയുടെ ഹാച്ച്ബാക്കിന്റെ വിലയില്‍ കിട്ടുന്ന ഈ കാറിന് മികച്ച വില്‍പ്പന ലഭിക്കുന്നുണ്ടാകും എന്നായിരിക്കും പലരുടെയും ധാരണ. ഏതായാലും പോയ മാസത്തെ റെനോ ട്രൈബറിന്റെ വില്‍പ്പന കണക്കുകള്‍ ഞങ്ങളുടെ പക്കലുണ്ട്. അത് വിശദമായി വായിക്കാം.

മുകളില്‍ പറഞ്ഞ പോലെ കുറഞ്ഞ വിലയുള്ള കാര്‍ ആണെങ്കിലും റെനോ ട്രൈബര്‍ വാങ്ങാന്‍ ജനങ്ങള്‍ ഇരച്ചെത്തുന്ന സാഹചര്യം ഇപ്പോള്‍ ഇല്ല. നിലവില്‍ ശരാശരി ഓരോ മാസവും 1500 യൂണിറ്റ് ആണ് റെനോ എംപിവിയുടെ വില്‍പ്പന. കഴിഞ്ഞ മാസം റെനോ ട്രൈബറിന് കാര്യമായ നേട്ടമുണ്ടാക്കാനായിട്ടില്ല. അടുത്തിടെ പുറത്തിറങ്ങിയ സെയില്‍സ് റിപ്പോര്‍ട്ട് അനുസരിച്ച് 2025 മെയ് മാസത്തില്‍ റെനോ ട്രൈബറിന് 1,411 പുതിയ ഉപഭോക്താക്കളെ മാത്രമാണ് നേടാനായത്.
അതേസമയം ഒരു വര്‍ഷം മുമ്പ് 2024 മെയ് മാസത്തില്‍ വില്‍പ്പന 2,116 യൂണിറ്റായിരുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ വില്‍പ്പന 33 ശതമാനം ഇടിവ് രേഖപ്പെടുത്തി. എന്നാല്‍ മുന്‍ മാസമായ 2025 ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോള്‍ നേരിയ വളര്‍ച്ചയുണ്ട്. 2025 ഏപ്രിലില്‍ ട്രൈബറിന്റെ വില്‍പ്പന 1,401 യൂണിറ്റായിരുന്നു. നമ്മള്‍ ഇതിനകം സൂചിപ്പിച്ചതുപോലെ മെയില്‍ 1,411 യൂണിറ്റ് വിറ്റ് 0.71 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇത്പക്ഷേ ആശാവഹമായ വളര്‍ച്ചയാണെന്ന് പറയാന്‍ സാധിക്കില്ല.

റെനോ ട്രൈബറിനെ കുറിച്ച് പറയുമ്പോള്‍ ഇത് RXE, RXL, RXT, RXZ എന്നിങ്ങനെ നാല് ട്രിമ്മുകളില്‍ ലഭ്യമാണ്. ഇവയെല്ലാം 7 സീറ്റര്‍ കോണ്‍ഫിഗറേഷനില്‍ വാങ്ങാം. മാത്രമല്ല സീറ്റുകള്‍ മടക്കി 5 സീറ്ററായി ഉപയോഗിക്കാനും പറ്റും. അങ്ങനെ ചെയ്യുമ്പോള്‍ ബൂട്ട് സ്പേസ് 84 ലിറ്ററില്‍ നിന്ന് 625 ലിറ്ററായി കൂടുന്നു.
1.0 ലിറ്റര്‍ 3-സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ട്രൈബറിന് തുടിപ്പേകുന്നത്. 72 PS പവറും 96 Nm ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. മൈലേജിന്റെ കാര്യത്തിലും ഈ ഫാമിലി മാന്‍ ഒട്ടും മോശമല്ല. ലിറ്ററിന് 20 കിലോമീറ്ററാണ് ട്രൈബറിന്റെ റെനോ അവകാശപ്പെടുന്ന മൈലേജ്. അകത്തളത്തില്‍ മാന്യമായ ഫീച്ചര്‍ പട്ടികയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

7 ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ഡ്രൈവര്‍ സീറ്റില്‍ ഒരു ആംറെസ്റ്റ് എന്നിവയടക്കമുള്ള ഫീച്ചറുകള്‍ ഫ്രഞ്ച് കമ്പനി കാറില്‍ സജ്ജീകരിച്ചിട്ടുണ്ട്. സേഫ്റ്റി കിറ്റിലേക്ക് നോക്കിയാല്‍ 4 എയര്‍ബാഗുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, എബിഎസ്, ഇബിഡി, ഇഎസ്പി എന്നിവ കാണാം.
റെനോ ട്രൈബറിന്റെ വില്‍പ്പന കുറയാനുള്ള കാരണം തപ്പി നമ്മള്‍ അധികമൊന്നും പോകേണ്ട കാര്യമില്ല. റെനോ അധികം വൈകാതെ തന്നെ ട്രൈബറിന്റെ പുതിയ തലമുറ പതിപ്പ് പുറത്തിറക്കാന്‍ പോകുകയാണെന്ന് എല്ലാവര്‍ക്കുമറിയാം. തലമുറമാറ്റത്തിന് തൊട്ടുമുമ്പ് ഉപഭോക്താക്കള്‍ പൊതുവേ കാര്‍ വാങ്ങാന്‍ താല്‍പര്യപ്പെടാറില്ല. ഇതായിരിക്കാം കഴിഞ്ഞ മാസങ്ങളില്‍ ട്രൈബറിന്റെ വില്‍പ്പന കുറഞ്ഞത്. 2025 അവസാനത്തോടെ പുതുതലമുറ റെനോ ട്രൈബര്‍ വില്‍പ്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ന്യൂജെന്‍ മോഡല്‍ പുറത്തിറങ്ങുന്നതോടെ വില്‍പ്പനയും കൂടുമെന്നാണ് ഞങ്ങള്‍ കരുതുന്നത്.


Click it and Unblock the Notifications








