8 കോടിയുടെ കാറിന് കിട്ടിയത് 'എട്ടിൻ്റെ' പണി! മഴവെള്ളത്തിന് എന്ത് റോൾസ് റോയ്സ്
ആഡംബര വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങി പോകുന്ന വീഡിയോകളും ചിത്രങ്ങളും പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. അത്തരത്തിൽ കൊൽക്കത്തയിൽ കനത്ത മഴമൂലം വെള്ളക്കെട്ട് രൂപപ്പെടുകയും അതിൽ കോടികൾ വിലയുള്ള റോൾസ് റോയ്സ് കുടുങ്ങിപ്പോയത് വാഹനപ്രേമികളുടെ ചങ്ക് തകർക്കുന്ന വാർത്തയായിരുന്നു. ഇത് പോലെ അഞ്ച് വർഷം മുൻപ് ആഡംബര രാജാവായ റോൾസ് റോയ്സ് വെള്ളക്കെട്ടിൽ കുടുങ്ങിയിരുന്നു. അന്ന് 5 കോടി വിലിയുളള കാറായിരുന്നു എങ്കിൽ ഇന്ന് 8 കോടി വില വരുന്ന മോഡലാണ് വെള്ളത്തിൽ പെട്ട് പോയത്. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാന മറക്കരുതേ.
ദേബർഘ്യ ദേ എന്ന വ്യക്തിയുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വീഡിയോ മണിക്കൂറുകൾക്കുള്ളിൽ 654,000 പേരാണ് കണ്ടത്. പിന്നീട് മറ്റ് മാധ്യമങ്ങളും കൂടി ഏറ്റെടുത്തപ്പോൾ വെള്ളത്തിൽ അകപ്പെട്ട റോൾസ് റോയ്സ് ഒന്നുകൂടി ഒന്ന് വൈറലായി എന്ന് തന്നെ പറയാം. റോൾസ് റോയ്സ് പോലെയൊരു വാഹനം ഏതൊരാളുടേയും ശ്രദ്ധ പിടിച്ചു പറ്റും.

വൈറലായ റോൾസ് റോയ്സ് ഗോസ്റ്റ് ഇഗ്വാസ് ബ്ലുവിലെത്തുന്ന മോഡലാണ്, വെളളക്കെട്ടിൽ കൂടുങ്ങിയപ്പോൾ വാഹനത്തിൽ ആരുംതന്നെ ഉണ്ടായിരുന്നില്ല എന്നത് ആശ്വാസം ഉളവാക്കി. റോൾസ് റോയ്സ് ഗോസ്റ്റ് മോഡലിനെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുള്ള വെള്ളക്കെട്ടുകളെ പ്രതിരോധിക്കാനുളള സംവിധാനമില്ല എന്നത് പ്രത്യേകം ഓർക്കേണ്ടതാണ്.
വാഹനത്തിന് മികച്ച സീലിംഗും സംരക്ഷണവും ലഭിക്കുന്നുണ്ടെങ്കിലും വെളളക്കെട്ടിലൂടെ ഓടിക്കാൻ പ്രാപ്തമല്ല. വെള്ളത്തിലൂടെ ഇത്തരത്തിലുള്ള ആഡംബര വാഹനങ്ങൾ ഓടിക്കുമ്പോൾ പല കാര്യങ്ങൾ ശ്രദ്ധിക്കണം. ലോകത്തെ സമ്പന്നരായ സെലിബ്രിറ്റികളുടെയും ബിസിനസുകാരുടെയും പ്രിയപ്പെട്ട കാറുകളില്‍ ഒന്നാണ് റോൾസ് റോയ്സ് ഗോസ്റ്റ്. 6.95 കോടി രൂപയാണ് ഈ കാറിൻ്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. കസ്റ്റമൈസേഷനുകള്‍ വരുത്തിയാല്‍ വില പിന്നെയും കൂടും. 6.75 ലിറ്റര്‍ V12 പെട്രോള്‍ എഞ്ചിനാണ് ഈ കാറിന് തുടിപ്പേകുന്നത്.

563 bhp പവറും 900 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. 8 സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നു. വെറും 4.8 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗം മണിക്കൂറില്‍ 205 കിലോമീറ്ററാണ്.
ആഡംബരവും പെര്‍ഫോമന്‍സും സമന്വയിക്കുന്ന ഈ കാറിന് ഇന്ത്യയിലും ഡിമാന്‍ഡാണ്. മുകേഷ് അംബാനിയടക്കമുള്ള കോടീശ്വരന്‍മാരും ഹൃത്വിക് റോഷന്‍ അടക്കമുള്ള സിനിമ താരങ്ങളും ഇന്ത്യയില്‍ റോള്‍സ് റോയ്‌സ് ഗോസ്റ്റിൻ്റെ ഉടമകളായുണ്ട്. ആഡംബരത്തിൻ്റെ അവസാനവാക്ക് എന്ന് റോൾസ് റോയ്സിനെ വിശേഷിപ്പിക്കുന്നത് വെറുതെയല്ല.

വെള്ളക്കെട്ടിൽ വാഹനം അകപ്പെട്ടാൽ ഇൻഷുറൻസുണ്ടെങ്കിൽ പകുതി ആശ്വാസമാണ്. വാഹനങ്ങൾക്ക് ഇൻഷുറൻസ് കവറേജ് ഉറപ്പാക്കേണ്ടത് ഉടമയുടെ കടമയാണ്. കാരണം ഇൻഷുറൻസ് പുതുക്കേണ്ട സമയം ആകുമ്പോൾ ലാഭം നോക്കി തേർഡ് പാർട്ടി ഇൻഷുറൻസ് ആയിരിക്കാം എടുത്തിരിക്കുന്നത്. എന്നാൽ പ്രകൃതിക്ഷോഭങ്ങൾ എന്ന് പറയുന്നത് മനുഷ്യൻ്റെ കണക്കുകൂട്ടലുകളിൽ നിൽക്കുന്ന ഒന്നല്ലല്ലോ. അത് കൊണ്ട് തന്നെ പെട്ടെന്ന് ഒരു മഴ പെയ്ത് വെള്ളം പൊങ്ങിയാൽ നിങ്ങളുടെ വാഹനത്തിന് നാശനഷ്ടമുണ്ടായേക്കാം.
വെള്ളപ്പൊക്കം പോലുള്ള പ്രകൃതിദുരന്തങ്ങളിൽ നിന്ന് നിങ്ങളുടെ വാഹനത്തെ സംരക്ഷിക്കുന്നതിന് സമഗ്രമായ ഒരു ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. കോംപ്രഹൻസീവ് ഇൻഷുറൻസ് പോളിസി വെള്ളപ്പൊക്കം, ഭൂകമ്പം, ചുഴലിക്കാറ്റുകൾ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾ മൂലം നിങ്ങളുടെ കാറിനുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് പരിരക്ഷ നൽകുന്നവയാണ്. അതോടൊപ്പം തന്നെ അപകടങ്ങൾ, തീപിടിത്തം, മനുഷ്യനിർമിത ദുരന്തങ്ങൾ, മോഷണം എന്നിവ മൂലമുള്ള നാശനഷ്ടങ്ങളും ഇത് പരിരക്ഷിക്കുന്നു.


Click it and Unblock the Notifications








