ബുള്ളറ്റിന്റെ മൊഞ്ച് അങ്ങനൊന്നും പോയ്‌പ്പോകൂല! വില്‍പ്പനയില്‍ കുതിപ്പുമായി RE ക്ലാസിക് 350
ഇന്ത്യയിലെ മിഡില്‍വെയിറ്റ് മോട്ടോര്‍സൈക്കിള്‍ വാഹന വിപണിയിലെ രാജാക്കന്‍മാരാണ് റോയല്‍ എന്‍ഫീല്‍ഡ്. വിഖ്യാത മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ ഉടമകള്‍ ഇപ്പോള്‍ ഐഷര്‍ മോട്ടോര്‍സ് ആണ്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി പുറത്തിറക്കുന്ന ഏറ്റവും ജനപ്രിയ മോട്ടോസൈക്കിളുകളില്‍ ഒന്നാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോഡല്‍. 350 സിസി സെഗ്മെന്റിലെ രാജാവ് എന്നാണ് ഈ മോഡല്‍ അറിയപ്പെടുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മികച്ച വില്‍പ്പനയാണ് നേടുന്നത്. 2025 സെപ്റ്റംബര്‍ മാസത്തിലെ ക്ലാസിക് 350 മോട്ടോര്‍സൈക്കിളിന്റെ വില്‍പ്പന കണക്കുകള്‍ ഇപ്പോള്‍ ഞങ്ങളുടെ പക്കല്‍ ഉണ്ട്. അത് വിശദമായി നോക്കാം.
റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോഡല്‍ 2025 സെപ്റ്റംബര്‍ മാസത്തെ വില്‍പ്പന റിപ്പോര്‍ട്ട് റഷ്‌ലൈന്‍ വെബ്സൈറ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. റോയല്‍ എന്‍ഫീല്‍ഡ് 2025 സെപ്റ്റംബറില്‍ 40,449 ക്ലാസിക് 350 ബൈക്കുകള്‍ വിറ്റഴിച്ചു. 2024 സെപ്റ്റംബറില്‍ ഈ മോഡലിന്റെ വില്‍പ്പന 33,065 യൂണിറ്റ് ആയിരുന്നു. അതായത് 2024 സെപ്റ്റംബറിനെ അപേക്ഷിച്ച് 2025 സെപ്റ്റംബറില്‍ 7,384 യൂണിറ്റ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ബൈക്കുകള്‍ കമ്പനി കൂടുതല്‍ വിറ്റു.

ഇതോടെ, റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 2025 സെപ്റ്റംബറിൽ വില്‍പ്പനയില്‍ 22.33 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. കൂടാതെ, 2025 സെപ്റ്റംബറിലെ ഇന്ത്യന്‍ വിപണിയിലെ മികച്ച 10 ബൈക്കുകളുടെ പട്ടികയില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ബൈക്കിന് എട്ടാം സ്ഥാനത്ത് എത്താനുമായി.
ഹീറോ സ്‌പ്ലെന്‍ഡര്‍, ഹോണ്ട ഷൈന്‍, ബജാജ് പള്‍സര്‍, ഹീറോ എച്ച്എഫ് ഡീലക്‌സ്, ബജാജ് പ്ലാറ്റിന, ടിവിഎസ് അപ്പാച്ചെ, ടിവിഎസ് റൈഡര്‍ എന്നിവയാണ് ഈ പട്ടികയിലെ ടോപ് 7 ബൈക്കുകള്‍. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ബൈക്ക് ഈ പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. ഹോണ്ട സിബി യൂനികോണ്‍ (32361), ഹീറോ ഗ്ലാമര്‍ (30140) എന്നീ മോഡലുകളാണ് ക്ലാസിക്കിന് പിന്നില്‍.

ഇന്ത്യന്‍ വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോട്ടോര്‍സൈക്കിളിന്റെ നിലവിലെ പ്രാരംഭ വില ആരംഭിക്കുന്നത് 1,81,118 രൂപ മുതലാണ്. അതേസമയം, ഈ ബൈക്കിന്റെ ഉയര്‍ന്ന വേരിയന്റിന്റിന്റെ വില 2,15,750 രൂപയാണ്. റോയല്‍ എന്‍ഫീല്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പരാമര്‍ശിച്ചിരിക്കുന്ന എക്സ്ഷോറൂം വിലകളാണ് ഇത്.
എല്‍ഇഡി ഹെഡ്ലൈറ്റ്, യുഎസ്ബി ടൈപ്പ് സി ചാര്‍ജര്‍, ക്രമീകരിക്കാവുന്ന ബ്രേക്ക്, ക്ലച്ച്, ട്രിപ്പര്‍ നാവിഗേഷന്‍ തുടങ്ങിയ സവിശേഷതകളോടെയാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ബൈക്ക് വരുന്നത്. 350 സിസി സിംഗിള്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്റ്റഡ് എയര്‍ ആന്‍ഡ് ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. 20.2 bhp പവറും 27 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്.

350 സിസി സെഗ്മെന്റില്‍ ബൈക്ക് തിരയുന്ന ഉപഭോക്താക്കള്‍ക്ക് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോട്ടോര്‍സൈക്കിള്‍ മികച്ച ചോയ്‌സ് ആണ്. റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350, റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 എന്നിവയ്ക്ക് മികച്ച ഒരു ബദല്‍ ആണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350. റോയല്‍ എന്‍ഫീല്‍ഡുമായി ബന്ധപ്പെട്ട മറ്റ് വാര്‍ത്തകള്‍ നോക്കിയാല്‍ കമ്പനി 350സിസി മോഡലുകളില്‍ നിന്ന് ഒരു ഫീച്ചര്‍ നീക്കം ചെയ്തിരുന്നു.
റെയര്‍ എര്‍ത്ത് മൂലകങ്ങളുടെ (Rare Earth Elements) ക്ഷാമം മൂലം റോയല്‍ എന്‍ഫീല്‍ഡ് അവരുടെ 350 സിസി ജെ-സീരീസ് മോട്ടോര്‍സൈക്കിളുകളില്‍ നിന്ന് ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്റര്‍ ഒഴിവാക്കി. 350 സിസി ശ്രേണിയില്‍ നിന്ന് ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്റര്‍ സ്ഥിരമായി ഒഴിവാക്കിയെന്ന് കരുതി നിരാശപ്പെടേണ്ട കാര്യമില്ല.
ഇതൊരു താല്‍ക്കാലിക നടപടി മാത്രമാണെന്നതാണ് ആശ്വാസകരമായ സംഗതി. ഈ സെന്‍സര്‍ ഇല്ലാതെ വിറ്റഴിച്ച ബൈക്കുകളില്‍ ആവശ്യമായ ഘടകങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് അത് ഘടിപ്പിക്കുമെന്ന് ഡീലര്‍മാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ കമ്പനി വ്യക്തമാക്കി. അതിനാല്‍ പുതിയ റോയല്‍ എന്‍ഫീല്‍ഡ് 350 സിസി ബൈക്ക് വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് കുറച്ച് കാലത്തേക്ക് ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്റര്‍ ഇല്ലാതെ ഓടിക്കേണ്ടി വന്നേക്കാം.


Click it and Unblock the Notifications








