റോയല്‍ എന്‍ഫീല്‍ഡ് ഫ്ലയിംഗ് ഫ്ലീ S6; നേരില്‍ കാണുംമുമ്പ് ഈ കാര്യങ്ങള്‍ അറിയാതെ പോകല്ലേ
ഇന്ത്യയിലെ എല്ലാ തലമുറയില്‍ പെട്ട ആളുകളുടെയും വികാരമാണ് റോയല്‍ എന്‍ഫീല്‍ഡ്. കിടിലന്‍ റെട്രോ സ്‌റ്റൈല്‍ ബൈക്കുകള്‍ സമ്മാനിക്കുന്നതില്‍ പേരുകേട്ട കമ്പനി അടുത്തിടെ പുതുമയേറിയ സാങ്കേതികവിദ്യകള്‍ ഒരുമിപ്പിച്ചുള്ള ഇലക്ട്രിക് അധ്യായത്തിന് കൂടി തുടക്കം കുറിച്ചിരുന്നു. ഗോവയില്‍ വെച്ചു നടന്ന 2025 മോട്ടോവേഴ്സില്‍ വെച്ച് റോയല്‍ എന്‍ഫീല്‍ഡ് പുത്തന്‍ മോഡലുകള്‍ വെളിപ്പെടുത്തിയ വാര്‍ത്തകളെല്ലാം നിങ്ങള്‍ ഇതിനോടകം അറിഞ്ഞിരിക്കുമല്ലോ. അതില്‍ ഏറ്റവും ശ്രദ്ധേയമായ മോഡലാണ് ഫ്ലയിംഗ് ഫ്ലീ S6 (Flying Flea S6). മറ്റ് ഇലക്ട്രിക് ബൈക്കുകളില്‍ നിന്ന് എങ്ങനെയെല്ലാമാണ് ഇവന്‍ വേറിട്ട് നില്‍ക്കുന്നതെന്ന് നോക്കിയാലോ?.
2027ന്റെ തുടക്കത്തില്‍ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ഫ്ലയിംഗ് ഫ്ലീ S6 വാഹനപ്രേമികള്‍ക്കിടയില്‍ വലിയ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. ഭാവിലെ ഇവി മോട്ടോര്‍സൈക്കിളുകള്‍ എങ്ങനെ ആയിരിക്കണമെന്നതിനുള്ള ഒരു ഉദാഹരണം കൂടിയായിരിക്കും ഈ മോഡല്‍. മാത്രവുമല്ല ബ്രാന്‍ഡിന്റെ ഫ്ലയിംഗ് ഫ്ലീ ലൈനപ്പിലെ രണ്ടാമത്തെ മോഡല്‍ എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.

പഴയ മോഡലിന്റെ ആത്മാവിനെ പുത്തന്‍ സാങ്കേതികതയിലൂടെ പുനര്‍രൂപകല്‍പ്പന ചെയ്തിരിക്കുകയാണ്. ഈ ഇലക്ട്രിക് സ്‌ക്രാംബ്ലറിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്ന് അതിന്റെ മഗ്‌നീഷ്യം ബാറ്ററി കേസിംഗ് ആണ്. പരമ്പരാഗത അലുമിനിയത്തേക്കാള്‍ ഏറെ കരുത്തുറ്റതാണ് ഈ മെറ്റല്‍. കേസിംഗിന് പുറത്ത് നല്‍കിയിരിക്കുന്ന ആഴത്തിലുള്ള കൂളിംഗ് ഫിനുകള്‍ ബാറ്ററി ചൂടാകുന്നത് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇതുവരെ ബൈക്കിന്റെ പവര്‍ട്രെയിന്‍ സംബന്ധിച്ച വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
എങ്കിലും ബ്രാന്‍ഡിന്റെ പുതിയ ഇവി എന്ന നിലയില്‍ തങ്ങളുടെ ഉപഭോക്താക്കളെ നിരാശപെടുത്താത്ത പെര്‍ഫോമന്‍സ് കാഴ്ച്ചവെക്കാന്‍ ഫ്ലയിംഗ് ഫ്ലീ S6-ന് കഴിഞ്ഞേക്കും. കൂടുതല്‍ ആത്മവിശ്വാസത്തോടെ റൈഡ് ചെയ്യാന്‍ പറ്റുന്ന രീതിയിലുള്ള രൂപകല്‍പ്പനയായിരിക്കും നല്‍കുക. ബൈക്കിലെ വലിയ 19 ഇഞ്ച് ഫ്രണ്ട് വീല്‍ റോഡുകളില്‍ കൂടുതല്‍ സ്റ്റെബിലിറ്റി നല്‍കുന്നതായിരിക്കും. അതോടൊപ്പം പിന്നിലെ 18 ഇഞ്ച് അലുമിനിയം സ്‌പോക്ക്ഡ് വീല്‍ ഫ്രണ്ട് വീലിനേക്കാള്‍ കുറച്ച് ചെറിയതാണെങ്കിലും വളരെ ശക്തമായിരിക്കും.

ബൈക്കിന് നല്‍കിയിരിക്കുന്ന ഫ്‌ലാറ്റ് ഹാന്‍ഡില്‍ബാര്‍ റൈഡിംഗ് കംഫര്‍ട്ടിനും നിയന്ത്രണത്തിനും വലിയ മാറ്റം ഉണ്ടാക്കുന്നതാണ്. സിറ്റി ട്രാഫിക്കിലും ചെറിയ ഓഫ്‌റോഡ് പാതകളിലും ബൈക്ക് തിരിക്കാനും ബാലന്‍സ് ചെയ്യാനും എളുപ്പം സാധിക്കും. കൂടാതെ ഫ്ലയിംഗ് ഫ്ലീ S6-ല്‍ മറ്റ് പല ഇലക്ട്രിക് ബൈക്കുകളില്‍ ഉള്ളതുപോലെ ബെല്‍റ്റ് ഡ്രൈവ് അല്ല ഉപയോഗിക്കുന്നത്. പകരം ഇതില്‍ ചെയിന്‍ ഡ്രൈവാണ് നല്‍കിയിരിക്കുന്നത്.
ഇത് കൂടുതല്‍ കരുത്തുള്ളതും ദീര്‍ഘകാലം ഉപയോഗിക്കാവുന്നതുമായതിനാല്‍ റോഡുകളില്‍ പവര്‍ ലോസ് ഇല്ലാതെ സ്ഥിരതയോടെ പ്രവര്‍ത്തിക്കാന്‍ സഹായിക്കും. റൈഡറിന് സുഖകരമായ യാത്രാനുഭവം നല്‍കുന്ന മറ്റൊരു ഘടകമാണ് ബൈക്കിലെ എന്‍ഡ്യൂറോ സ്‌റ്റൈല്‍ ഫ്‌ലാറ്റ് സീറ്റ്. ദീര്‍ഘനേരം യാത്ര ചെയ്യുന്നവര്‍ക്ക് ഏറ്റവും ഉചിതമായ ഒരു സവിശേഷതയായിരിക്കും ഇത്. കൂടുതല്‍ സുരക്ഷിതത്വം നല്‍കുന്നതിനായി മികച്ച സവിശേഷതകളും ബൈക്കില്‍ നല്‍കിയിട്ടുണ്ട്.

ഫ്ലയിംഗ് ഫ്ലീ S6-ല്‍ ഡെഡിക്കേറ്റഡ് ഓഫ്-റോഡ് മോഡ്, ഡ്യുവല്‍-ചാനല്‍ എബിഎസ് എന്നിവയുള്‍പ്പെടുന്ന 6 വ്യത്യസ്ത റൈഡിംഗ് മോഡുകളും ലഭ്യമാകുന്നതായിരിക്കും. മാത്രവുമല്ല ക്വാല്‍കോം QWM2290 പ്രോസസര്‍ നല്‍കുന്ന സ്മാര്‍ട്ട് കണക്റ്റിവിറ്റിയുള്ള 3.5 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് സ്പീഡ്, ബാറ്ററി നില, ഡ്രൈവിംഗ് മോഡ്, ദൂരം എന്നീ വിവരങ്ങള്‍ എളുപ്പത്തില്‍ ദൃശ്യമാക്കും.
കണക്റ്റിവിറ്റിയുടെ കാര്യത്തില്‍ ഫ്ലയിംഗ് ഫ്ലീ S6 വളരെ മുന്നിലാണ്. 4ജി, ബ്ലൂടൂത്ത്, വൈ-ഫൈ എന്നിവയോടൊപ്പം വോയ്സ് അസിസ്റ്റ് സംവിധാനവും ഇതിലുണ്ട്. ബൈ-ഡയരക്ഷനല്‍ ക്രോള്‍ മോഡും, ക്രൂയിസ് കണ്‍ട്രോളും പ്രധാന സവിശേഷതകളില്‍ പെടുന്നവയാണ്. ഇവയെല്ലാം ഒത്തൊരുമിച്ച് വരാന്‍പോകുന്ന ഫ്ലയിംഗ് ഫ്ലീ S6 സിറ്റി റൈഡുകള്‍ക്കും ചെറിയ സാഹസിക യാത്രകള്‍ക്കും അനുയോജ്യമായ ഇലക്ട്രിക് ബൈക്കുകളില്‍ ഒന്നായി മാറും. മാത്രവുമല്ല ബ്രാന്‍ഡിന്റെ ആദ്യം വരുന്ന ഇവികളില്‍ ഒന്ന് കൂടി ആയതിനാല്‍ ഇതില്‍ വലിയ പ്രതീക്ഷകളുണ്ട്.


Click it and Unblock the Notifications








