മറക്കല്ലേ 'അകലം' നല്ലതിനാണ്..! ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ സുരക്ഷിത അകലം പാലിക്കണമെന്ന് പറയാന്‍ കാരണം ഇതാണ്
വെല്ലുവിളികള്‍ നിറഞ്ഞ ഇന്ത്യന്‍ റോഡുകളില്‍ സുരക്ഷിതരീതിയില്‍ വാഹനമോടിക്കാനുള്ള ഏറ്റവും ലളിതവും ഫലപ്രദവുമായ മാര്‍ഗങ്ങളില്‍ ഒന്നാണ് സുരക്ഷിതമായ അകലം പാലിക്കല്‍. റോഡ് സുരക്ഷയില്‍ വലിയ മാറ്റമുണ്ടാക്കുന്ന ഒരു ചെറിയ ശീലമാണിത്. നിങ്ങളുടെ വാഹനത്തിനും മുന്നിലുള്ള വാഹനത്തിനും ഇടയില്‍ മതിയായ സ്‌പെയ്‌സ് നിലനിര്‍ത്തുക എന്നതാണ് സുരക്ഷിതമായ അകലം പാലിക്കല്‍ എന്നത്‌കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഗതാഗതക്കുരുക്കുകള്‍, പെട്ടെന്നുള്ള ബ്രേക്കിംഗ്, കുഴികള്‍, അലഞ്ഞുതിരിയുന്ന മൃഗങ്ങള്‍, റോഡ് മുറിച്ചു കടക്കുന്ന കാല്‍നടയാത്രക്കാര്‍ എന്നിവയെല്ലാം ഇന്ത്യന്‍ നിരത്തുകളിലെ സാധാരണ കാഴ്ചയാണ്.
ഇതിനിടയില്‍ ശരിയായ അകലം പാലിക്കുന്നത് ഡ്രൈവര്‍മാര്‍ക്ക് അപകടങ്ങള്‍ ഒഴിവാക്കാനും, അപ്രതീക്ഷിത സാഹചര്യങ്ങളില്‍ ശാന്തമായ രീതിയില്‍ പ്രതികരിക്കാനും, സുഗമമായ ഗതാഗതം ഉറപ്പാക്കാനും സഹായിക്കുന്നു. ഇന്ത്യയിലെ വെല്ലുവിളി നിറഞ്ഞ ഗതാഗത സാഹചര്യങ്ങളില്‍ സുരക്ഷിതമായ അകലം നിലനിര്‍ത്തുന്നത് ഓരോ ഡ്രൈവറും സ്വീകരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ശീലങ്ങളില്‍ ഒന്നാണ്. അതിനെ കുറിച്ച് വിശദമായി അറിയാം.

ത്രീ-സെക്കന്റ് റൂള്‍: വാഹനമോടിക്കുമ്പോള്‍ സുരക്ഷിതമായ അകലം ഉറപ്പാക്കുന്നതിനുള്ള ഒരു ലളിതമായ രീതിയാണ് ത്രീ-സെക്കന്‍ഡ് റൂള്‍ അതായത് നിങ്ങളുടെ വാഹനത്തിനും മുന്നിലുള്ള വാഹനത്തിനും ഇടയില്‍ എപ്പോഴും മതിയായ അകലം നിലനിര്‍ത്തണം എന്നാതാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. അപ്രതീക്ഷിതമായി എന്തെങ്കിലും അപകടം നടക്കാന്‍ സാധ്യതയുണ്ടായാല്‍ ഡ്രൈവര്‍ക്ക് പ്രതികരിക്കാന്‍ സമയം ലഭിക്കുമെന്നതാണ് ഇതുകൊണ്ടുള്ള ഗുണം. അമേരിക്കന്‍ നാഷണല്‍ റോഡ് സേഫ്റ്റി ഫൗണ്ടേഷന്‍ ഉള്‍പ്പെടെയുള്ള റോഡ് സുരക്ഷാ വിദഗ്ധര്‍ ത്രീ-സെക്കന്‍ഡ് റൂള്‍ പാലിക്കണമെന്ന് ശുപാര്‍ശ ചെയ്യുന്നുണ്ട്.
ഒരു അപകട സാഹചര്യം മുന്നില്‍ കണ്ടാല്‍ പ്രതികരിക്കാനും ഏകദേശം രണ്ട് സെക്കന്‍ഡ് എടുക്കും. അതിനാല്‍ സാധാരണ സാഹചര്യങ്ങളില്‍ ഡ്രൈവര്‍മാര്‍ മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ കുറഞ്ഞത് മൂന്ന് സെക്കന്‍ഡ് ദൂരം നിലനിര്‍ത്തണം. എന്നിരുന്നാലും, മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വേഗതയില്‍ പോകുമ്പോഴോ അല്ലെങ്കില്‍ മഴ പെയ്യുന്ന സമയത്ത് ഡ്രൈവ് ചെയ്യുമ്പോഴും ഇത് നാല് സെക്കന്‍ഡ് ആയി ഉയര്‍ത്തണം.

മലയോര മേഖലകളിലൂടെയും മൂടല്‍ മഞ്ഞുള്ളപ്പോഴും നനവ് കാരണം തെന്നാന്‍ സാധ്യതയുള്ള റോഡുകളിലും ഏഴ് സെക്കന്‍ഡുകളുടെ അകലം പാലിക്കാന്‍ നിഷ്‌കര്‍ഷിക്കുന്നു. ത്രീ-സെക്കന്‍ഡ് നിയമം പാലിക്കുന്നതിലൂടെ ഡ്രൈവര്‍മാര്‍ക്ക് പിന്‍ഭാഗത്തുള്ള വാഹനങ്ങളുമായി കൂട്ടിയിടിക്കാനുള്ള സാധ്യത കുറയ്ക്കാനും പ്രതികരണ സമയം മെച്ചപ്പെടുത്താനും സാധിക്കും. ഇത് മാത്രമല്ല സമാധാനത്തോടെയുള്ള യാത്ര സാധ്യമാക്കുന്നതിനൊപ്പം വാഹനത്തിന് മികച്ച ഇന്ധനക്ഷമത ലഭിക്കുകയും ചെയ്യും.
ടെയില്‍ഗേയ്റ്റിംഗ്: റോഡിലെ അപകടകരമായ ശീലങ്ങളില്‍ ഒന്നാണ് ടെയില്‍ഗേറ്റിംഗ്. മുന്നിലുള്ള വാഹനത്തിന് പുറകില്‍ സുരക്ഷിത അകലം പാലിക്കാതെ വളരെ അടുത്ത് വാഹനമോടിക്കുക എന്നതാണ് ടെയില്‍ഗേറ്റിംഗ്. ഒരു ഡ്രൈവര്‍ ടെയില്‍ഗേറ്റ് ചെയ്യുകയാണെങ്കില്‍ മുന്‍വശത്തെ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യുകയോ, വേഗത കുറയ്ക്കുകയോ ചെയ്താല്‍ ഡ്രൈവറിന് പ്രതികരിക്കാനായി കുറച്ച് സമയമേ കിട്ടുകയുള്ളു. സഡന്‍ ബ്രേക്കിംഗ്, കുഴികള്‍, മൃഗങ്ങളുടെ ക്രോസിംഗ്, കാല്‍നടയാത്രക്കാരുടെ മുറിച്ചുകടക്കം എന്നിവ പ്രവചനാതീതമായ ഇന്ത്യന്‍ റോഡുകളില്‍ ടെയില്‍ഗേറ്റിംഗ് അപകട സാധ്യത കൂട്ടുന്ന സംഗതിയാണ്.
ടെയില്‍ഗേറ്റിംഗിന്റെ പ്രധാനപെട്ട അപകടകരമായ വസ്തുത എന്തെന്നാല്‍ ഇത് ഡ്രൈവറുടെ കാഴ്ചയെ മറയ്ക്കുന്നുവെന്നത് കൂടിയാണ്. ഡ്രൈവര്‍ക്ക് മുന്നില്‍ എന്താണ് സംഭവിക്കുന്നതെന്ന് കാണാന്‍ കഴിയാതെ വരുകയും, നിരന്തരം ബ്രേക്ക് ചെയ്യാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നു. ടെയില്‍ഗേറ്റിംഗ് ഒഴിവാക്കുക വഴി സ്വയം സുരക്ഷിതരാകാമെന്ന് മാത്രമല്ല മറ്റ് ഡ്രൈവര്‍മാരെ ബഹുമാനിക്കാനും ഇന്ത്യന്‍ റോഡുകളില്‍ സുരക്ഷിതവും കൂടുതല്‍ അച്ചടക്കമുള്ളതുമായ ഗതാഗത സംസ്‌കാരം കൊണ്ടുവരുന്നതിനായി തങ്ങളുടേതായ രീതിയില്‍ സംഭാവന ചെയ്യാനും സാധിക്കും.
ഇന്ത്യയിലെ റോഡ് സുരക്ഷ എന്നത് തങ്ങളുടെ വാഹനങ്ങള്‍ക്കും മുന്നിലുള്ള വാഹനങ്ങള്‍ക്കും ഇടയിലുള്ള അകലം ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ത്രീ-സെക്കന്‍ഡ് നിയമം പലിക്കുന്നത് സാധാരണ സാഹചര്യങ്ങളില്‍ നന്നായി പ്രാവര്‍ത്തികമാകുമെങ്കിലും മോശം കാലാവസ്ഥയിലും ഹൈവേകളിലും അധിക സുരക്ഷയ്ക്കായി ദൂരം നാലോ അഞ്ചോ സെക്കന്‍ഡായി വര്‍ധിപ്പിക്കുന്നതാണ് ഉത്തമം.
പിറകുവശത്തെ കൂട്ടിയിടി, ഡ്രൈവിംഗിനിടെയുള്ള പ്രഷര്‍ എന്നിവയ്ക്ക് കാരണമാകുന്ന ടെയില്‍ഗേറ്റിംഗ് സ്വന്തം വാഹനത്തിലുള്ളവരെ മാത്രമല്ല മറ്റ് റോഡ് ഉപയോക്താക്കളെയും അപകടത്തിലാക്കുന്നു. ശരിയായ അകലം നിലനിര്‍ത്തുകയും, ടെയില്‍ഗേറ്റിംഗ് ഒഴിവാക്കുകയും, ക്ഷമ പരിശീലിക്കുകയും ചെയ്യുക വഴി റോഡ് അപകടങ്ങള്‍ തടയുക വഴി സുഗമമായ ഡ്രൈവിംഗ് സാധ്യമാകുന്നതിനൊപ്പം ഇന്ധനക്ഷമതയും വാഹനങ്ങളുടെ ആയുസും കൂട്ടാം.


Click it and Unblock the Notifications








