മാരുതിയുടെ തന്ത്രം പ്രയോഗിച്ച സ്‌കോഡക്ക് വെച്ചടിവെച്ചടി കയറ്റം! റെക്കോഡ് വില്‍പ്പന, റാങ്കിംഗില്‍ മുന്നേറ്റം
ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന് കീഴിലുള്ള ചെക്ക് റിപബ്ലിക്കന്‍ കാര്‍ ബ്രാന്‍ഡ് ആണ് സ്‌കോഡ. കള്‍ട്ട് സ്റ്റാറ്റസുള്ള നിരവധി മോഡലുകള്‍ ബ്രാന്‍ഡ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിട്ടുണ്ടെങ്കിലും അവരുടെ രാശി ശരിക്കും തെളിഞ്ഞത് ഇന്ത്യന്‍ വിപണി മുന്നില്‍വെച്ചുള്ള പുതിയ പ്ലാറ്റ്‌ഫോമിന്റെ അവതരണത്തോടെയാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് സ്‌കോഡ് തങ്ങളുടെ ഏറ്റവും കുറഞ്ഞ വിലയുള്ള എസ്‌യുവിയെന്ന വിശേഷണത്തോടെ കൈലാക്ക് പുറത്തിറക്കിയത്. മലയാളിയായ കാസര്‍ഗോഡ് സ്വദേശി സിയാദ് പേരിട്ടിരിക്കുന്ന ഈ കാര്‍ വന്ന ശേഷം സ്‌കോഡക്ക് വെച്ചടി വെച്ചടി കയറ്റമാണ്. കഴിഞ്ഞ 6 മാസത്തിനുള്ളില്‍ സ്‌കോഡ ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റഴിച്ച് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു.
2025 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പകുതി പിന്നിട്ടപ്പോള്‍ ഗംഭീര പ്രകടനമാണ് സ്‌കോഡ നടത്തിയിരിക്കുന്നത്. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ഈ 6 മാസകാലയളവില്‍ മൊത്തം 36,194 വാഹനങ്ങളാണ് സ്‌കോഡ ഓട്ടോ ഇന്ത്യ വിറ്റഴിച്ചത്. 2024 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പകുതിയുമായി തട്ടിച്ച്‌നോക്കുമ്പോള്‍ 134 ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. മുമ്പ് 6 മാസത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ചത് 2022-ലായിരുന്നു.

അന്ന് കലണ്ടര്‍ വര്‍ഷത്തിന്റെ പകുതിയില്‍ 28,899 യൂണിറ്റാണ് വിറ്റിരുന്നത്. ഈ റെക്കോര്‍ഡാണ് ഇപ്പോള്‍ പഴങ്കഥയായിരിക്കുന്നത്. വമ്പന്‍ വില്‍പ്പന നേട്ടം അവിടെ അവസാനിക്കുന്നില്ല. കഴിഞ്ഞ 25 വര്‍ഷമായി ഇന്ത്യയില്‍ വാഹനങ്ങള്‍ നിര്‍മ്മിച്ച് വില്‍ക്കുന്ന സ്‌കോഡ ഓട്ടോ ഇന്‍ഡസ്ട്രി റാങ്കിങ്ങിലും വന്‍ മുന്നേറ്റം നടത്തി. ഈ കാലയളവില്‍ ആദ്യമായി ഇന്ത്യയിലെ മികച്ച 7 കാര്‍ ബ്രാന്‍ഡുകളുടെ പട്ടികയില്‍ സ്‌കോഡ ഇടം നേടി.
കഴിഞ്ഞ 130 വര്‍ഷമായി സ്‌കോഡ അന്താരാഷ്ട്ര തലത്തില്‍ വാഹനങ്ങള്‍ നിര്‍മ്മിച്ച് വില്‍ക്കുന്നുണ്ട്. തുടക്കത്തില്‍ സൂചിപ്പിച്ച പോലെ ഇന്ത്യയില്‍ ഇപ്പോള്‍ സ്‌കോഡക്ക് കൂടുതല്‍ വില്‍പ്പന ലഭിക്കാനുള്ള പ്രധാന കാരണം കൈലാക്കിന്റെ വരവാണ്. ചെക്ക് ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യത്തെ സബ് 4 മീറ്റര്‍ എസ്യുവി യാണ് ഇത്. കുറഞ്ഞ വില മാത്രമായതിനാല്‍ കോംപാക്ട് എസ്‌യുവിക്ക് ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലും മികച്ച വില്‍പ്പന നടക്കുന്നുണ്ട്.

2024 നവംബറിലാണ് ഈ കാര്‍ അവതരിപ്പിച്ചത്. ഈ കാര്‍ ഏകദേശം പൂര്‍ണമായി ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ചതാണെന്ന് പറയാം. അതുകൊണ്ടാണ് പുതിയ കാറിന് പേരിടാന്‍ ഇന്ത്യക്കാര്‍ക്കിടയില്‍ ഒരു മത്സരം തന്നെ കമ്പനി നടത്തിയത്. ഇത് MQB A0 IN എന്ന പ്ലാറ്റ്ഫോമിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ കാറില്‍ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. ഫീച്ചര്‍ റിച്ചായ ഈ കാറിന് നിലവില്‍ 8.25 ലക്ഷം രൂപ മുതലാണ് വില.
മാത്രമല്ല, സ്‌കോഡ കഴിഞ്ഞ ഏപ്രിലില്‍ കൊഡിയാക് എസ്യുവിയുടെ രണ്ടാം തലമുറ മോഡലും പുറത്തിറക്കി. ഈ കാര്‍ സ്‌പോര്‍ട്‌സ് ലൈന്‍, എല്‍ ആന്‍ഡ് കെ എന്നീ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. ഇതില്‍ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഉപയോഗിച്ചിരിക്കുന്നു. 201 bhp പവറും 320 Nm ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള എഞ്ചിന്‍ 7 സ്പീഡ് ഡിസിടി ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ കാറിന് 46.89 ലക്ഷം രൂപയാണ് വില.
കൂടാതെ സ്‌കോഡ സ്ലാവിയ കാറിന്റെ വില്‍പ്പനയും കമ്പനിക്ക് ഗുണം ചെയ്തു. അന്താരാഷ്ട്ര തലത്തില്‍ മികച്ച വിജയം നേടിയ ഒക്ടാവിയ ആര്‍എസ് കാര്‍ ഉടന്‍ തന്നെ ഇന്ത്യയിലേക്ക് വരുന്നുണ്ട്. സ്‌കോഡക്ക് 2021 വരെ ഇന്ത്യയില്‍ 120 ഷോറൂമുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ അത് 295 ആയി ഉയര്‍ന്നു. ഈ വര്‍ഷം അവസാനത്തോടെ എണ്ണം 350 ആയി ഉയര്‍ത്താന്‍ കമ്പനി പദ്ധതിയിടുന്നു.
സ്‌കോഡ അവരുടെ കാറുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് മെയിന്റനന്‍സ് പാക്കേജും നല്‍കുന്നുണ്ട്. അതിനാല്‍ ഈ കമ്പനിയുടെ കാറുകള്‍ വാങ്ങുന്നവര്‍ 30,000 കി.മീ അല്ലെങ്കില്‍ 2 വര്‍ഷത്തിന് ശേഷമാണ് ആദ്യ സര്‍വീസിന് വിടുന്നത്. ഇതുകൂടാതെ എക്‌സ്റ്റന്‍ഡഡ് വാറണ്ടിയും സര്‍വീസ് സ്‌കീമുകളും വാഗ്ദാനം ചെയ്യുന്നതിനാല്‍ ഉപഭോക്താക്കള്‍ ഹാപ്പിയാണ്.

ഇപ്പോള്‍ ഇന്ത്യക്കാര്‍ക്ക് ആവേശം നല്‍കുന്ന മറ്റൊരു റിപ്പോര്‍ട്ട് എന്തെന്നാല്‍ സ്‌കോഡ ഹൈബ്രിഡ് കാറുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നുവെന്നതാണ്. മികച്ച ഇന്ധനക്ഷതയുള്ള ഹൈബ്രിഡ് കാറുകള്‍ കൊണ്ടുവന്നാല്‍ സ്‌കോഡയുടെ വില്‍പ്പന വീണ്ടും കൂടുമെന്ന കാര്യം സുനിശ്ചിതമാണെങ്കിലും വിലനിര്‍ണയത്തിന്റെ കാര്യം കൂടി ശ്രദ്ധിച്ചാല്‍ മതി. കുറഞ്ഞ വിലയില്‍ നിലവാരമുള്ള കാറുകള്‍ നല്‍കുന്ന മാരുതിയുടെ തന്ത്രം പയറ്റിയത് വിജയം കണ്ടിരിക്കുകയാണ്. ഇത് ഇനിയും തുടരാനാണ് സാധ്യത.


Click it and Unblock the Notifications








