ഫോർച്ച്യൂണറിൻ്റെ സ്ഥാനം തെറിപ്പിക്കാൻ സ്കോഡ! കിടിലൻ പരസ്യവീഡിയോയുമായി ബ്രാൻഡ്
എതിരാളികൾക്ക് ഒന്ന് തൊടാൻ പോലും പറ്റാതെ വിപണിയിൽ അങ്ങനെ വാഴുന്ന ഒരു മോഡലാണ് ടൊയോട്ട ഫോർച്ച്യൂണർ. എന്നാൽ ചെക്ക് റിപ്പബ്ലിക്കൻ നാട്ടിൽ നിന്ന് ടൊയോട്ടയ്ക്ക് ഒരു എതിരാളിയെ കൂടുതൽ ഫീച്ചറുകളും ലുക്കും നൽകി ബ്രാൻഡ് ഇറക്കിയിരിക്കുകയാണ്.അന്യായ ലുക്കും ഫീച്ചറുകളുമെല്ലാമായി എത്തിയ പുത്തൻ സ്കോഡ കൊഡിയാക്കിനായുള്ള ഡെലിവറിയും ആരംഭിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ. 2025 ഏപ്രിലിൽ പുറത്തിറക്കിയ വാഹനം ഒറ്റ മാസത്തിൽ ആളുകളുടെ കൈയിലേക്ക് എത്തിയത് എന്തായാലും വിൽപ്പനയ്ക്ക് മൈലേജാവും. 46.89 ലക്ഷം പ്രാരംഭ വിലയിൽ അവതരിപ്പിച്ച കൊഡിയാക് നിലവിൽ രണ്ട് വേരിയന്റുകളിലായാണ് വിപണിയിൽ എത്തുന്നത്.
സ്കോഡ തങ്ങളുടെ പുതിയ പരസ്യവീഡിയോയിലൂടെ വാഹനത്തിൻ്റെ എക്സ്റ്റീരിയർ ഇൻ്റീരിയർ ഭംഗി എടുത്തു കാണിക്കുകയാണ്. രണ്ട് തേനീച്ചകളെ കാണിച്ചു കൊണ്ടാണ് വീഡിയോ തുടങ്ങുന്നത് അതിന് ശേഷം ഒരു തേനീച്ച വാഹനത്തിൻ്റെ ഉളളിൽപ്പെട്ടു പോകുകയാണ്. കൂടെയുള്ള തേനീച്ച വാഹനത്തെ പിന്തുടരുകയും ഉളളിലുളള തേനീച്ച വാഹനത്തിൻ്റെ അകത്ത് പറന്ന് നടക്കുന്നതും കാണാം.

വളരെ ഭംഗിയായിട്ടാണ് പരസ്യവീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. സ്‌പോർട്‌ലൈൻ, ലോറിൻ ആൻഡ് ക്ലെമെന്റ് എന്നീ രണ്ട് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്ന പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ രണ്ടാമത്തെ മോഡലിന് 48.69 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. മുമ്പത്തെപ്പോലെ പുതിയ കൊഡിയാക് ഇന്ത്യയിൽ തന്നെയാണ് പ്രാദേശികമായി അസംബിൾ ചെയ്യുന്നത് എന്നതും വലിയൊരു നേട്ടമാണ്.
നിസാൻ X-ട്രെയിൽ, ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ, ജീപ്പ് മെറിഡിയൻ തുടങ്ങിയ ഫുൾ-സൈസ് എസ്‌യുവികളോടാണ് മോഡലിന്റെ മത്സരവും. രണ്ടാം തലമുറ ആവർത്തനത്തിലേക്ക് എത്തിയപ്പോൾ സ്കോഡ കൊഡിയാക്കിനെ പൂർണമായും റീഡിസൈൻ ചെയ്തിട്ടുണ്ടെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസിലാവും. കൂടാതെ സ്കോഡയുടെ മോഡേൺ സോളിഡ് ഡിസൈൻ ഭാഷ്യത്തെ അടിസ്ഥാനമാക്കിയാണ് എസ്യുവി പണികഴിപ്പിച്ചിരിക്കുന്നതും.

ബട്ടർഫ്ലൈ ഗ്രിൽ, ആംഗുലർ ഹെഡ്‌ലാമ്പുകൾ, ടെയിൽഗേറ്റിന് കുറുകെയോടുന്ന കണക്റ്റഡ് ലൈറ്റ് സ്ട്രിപ്പ് എന്നിവയെല്ലാം കൊഡിയാക്കിനെ കൂടുതൽ മസ്ക്കുലറാക്കുന്നുണ്ട്. കൊഡിയാക് സ്പോർട്‌ലൈൻ വേരിയന്റിൽ ഗ്രിൽ, വിംഗ് മിററുകൾ, D-പില്ലർ ഗാർണിഷ്, പിൻ ബമ്പർ എന്നിവയ്ക്ക് കറുപ്പ് നിറമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. 18 ഇഞ്ച് അലോയ് വീലുകളിലാണ് സ്കോഡ കൊഡിയാക് ഇത്തവണ നിരത്തിലേക്ക് ഇറങ്ങുന്നത്.
മൊത്തത്തിൽ 4,758 മില്ലിമീറ്റർ നീളമുള്ള പുത്തൻ സ്കോഡ കൊഡിയാക്കിന് അതിന്റെ മുൻഗാമിയെ അപേക്ഷിച്ച് 61 മില്ലിമീറ്റർ നീളം അധികമായുണ്ട്. ഇതുകൂടാതെ 1,864 മില്ലിമീറ്റർ വീതി, 1,659 മില്ലീമീറ്റർ ഉയരം, 2,971 മില്ലീമീറ്റർ വീൽബേസ് എന്നിവയും കൂടിയാവുമ്പോൾ വാഹനം അതിന്റെ പാരമ്യത്തിൽ എത്തുന്നു. എക്സ്റ്റീരിയറിലേത് പോലെ തന്നെ ഇന്റീരിയറും ആഡംബര പൂർണമായാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ ഒരുക്കിയിട്ടുള്ളത്. അതോടൊപ്പം പുതിയ കാലഘട്ടത്തിന് അനുസരിച്ചുള്ള മോഡേൺ ഫീച്ചറുകളും കൂടിയാവുമ്പോൾ സംഗതി കളറാവുന്നുണ്ടേ.

സേഫ്റ്റിയുടെ കാര്യത്തിലും വിട്ടുവീഴ്ച്ചകളൊന്നുമില്ല. ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) സഹിതമാണ് കൊഡിയാക് എസ്‌യുവി വരുന്നത്. ഇതുകൂടാതെ 9 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽ ഡിസന്റ് അസിസ്റ്റ് എന്നിവയും സ്കോഡ സമ്മാനിച്ചിട്ടുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








