7.54 ലക്ഷത്തിന് 20 കിലോമീറ്ററിനടുത്ത് മൈലേജുള്ള എസ്‌യുവി! 65000 രൂപ ഓഫറില്‍ 5 സ്റ്റാര്‍ വണ്ടി വിറ്റഴിക്കുന്നു
ഒരു മലയാളി പേരു നല്‍കിയ വാഹനം രാജ്യത്ത് മികച്ച വില്‍പ്പന നേടുന്നതിന് സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുകയാണ് നാം. 'നെയിം യുവര്‍ സ്‌കോഡ' ക്യാമ്പയിനിന്റെ ഭാഗമായി കാസര്‍ഗോഡ് സ്വദേശിയായ മുഹമ്മദ് സിയാദ് നിര്‍ദേശിച്ച 'കൈലാക്' എന്ന പേരാണ് ചെക്ക് റിപബ്ലിക്കന്‍ ബ്രാന്‍ഡ് തങ്ങളുടെ ഏറ്റവും പുതിയ സബ് കോംപാക്ട് എസ്‌യുവിക്ക് നല്‍കിയത്. പ്രതീക്ഷിച്ച പോലെ തന്നെ സ്‌കോഡയുടെ രാജ്യത്തെ ഏറ്റവും വലിയ ഹിറ്റ് മോഡലുകളില്‍ ഒന്നായി കൈലാക് മാറി. ഇന്ന് ബ്രാന്‍ഡിന്റെ വില്‍പ്പനയുടെ 60 ശതമാനത്തിലധികവും സംഭാവന ചെയ്യുന്നത് കൈലാക്കാണ്. പൊതുവേ കമ്പനികള്‍ തങ്ങളുടെ മികച്ച വിറ്റുവരവുള്ള കാറുകള്‍ക്ക് ഓഫറുകള്‍ നല്‍കാറില്ല.
എന്നാല്‍ കൈലാക്ക് വാങ്ങാന്‍ പദ്ധതിയിട്ടിരിക്കുന്നവര്‍ക്ക് സന്തോഷം നല്‍കിക്കൊണ്ട് ഈ ഉത്സവകാലത്ത് എസ്‌യുവിക്ക് ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സ്‌കോഡ ഇന്ത്യ. ഈ ഉത്സവകാലത്ത് കൈലാക് എസ്‌യുവിക്ക് 65000 രൂപ വരെയാണ് കിഴിവ് ലഭിക്കുക. സ്‌പെഷ്യല്‍ സ്‌കീമിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ക്യാഷ് ഡിസ്‌കൗണ്ടുകള്‍, ലോയല്‍റ്റി ബോണസുകള്‍, എക്‌സ്‌ചേഞ്ച് ഓഫറുകള്‍ എന്നിവയുടെ രൂപത്തില്‍ 65,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും.ഡീലര്‍ഷിപ്പുകളിലെ സ്റ്റോക്കിന്റെ ലഭ്യത അനുസരിച്ചാണ് കിഴിവുകള്‍ വ്യത്യാസപ്പെടുന്നത്.

പുതിയതും പോക്കറ്റിന് താങ്ങാനാവുന്നതുമായ ഒരു എസ്‌യുവി വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ക്ക് ഇത് വളരെ നല്ല സമയമാണ്. ഇന്ത്യയില്‍ സ്‌കോഡയുടെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള എസ്യുവിയാണ് കൈലാക്. ജിഎസ്ടി പരിഷ്‌കാരങ്ങള്‍ക്ക് ശേഷം കാറിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില 7.54 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. സ്‌കോഡ ഓട്ടോയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള വിലയാണ് ഇത്. കൈലാക്കിനെ കൂടാതെ സ്‌കോഡ ദീപാവലിക്ക് മോഡല്‍ നിരയിലെ മറ്റ് വാഹനങ്ങള്‍ക്കും മികച്ച ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കൊഡിയാക് എസ്‌യുവി വാങ്ങുന്നവര്‍ക്ക് 4.5 ലക്ഷം രൂപ വരെയും കുഷാഖ് വാങ്ങുന്നവര്‍ക്ക് 2.5 ലക്ഷം രൂപ വരെയും സ്ലാവിയ സെഡാന്‍ വാങ്ങുന്നവര്‍ക്ക് 2.25 ലക്ഷം രൂപ വരെയുമാണ് ആനുകൂല്യങ്ങള്‍. സ്‌കോഡ ഫാന്‍ ഫെസ്റ്റ് ഓഫറുകളും കമ്പനി വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ക്ലാസിക്, സിഗ്‌നേച്ചര്‍, സിഗ്‌നേച്ചര്‍+, പ്രസ്റ്റീജ് എന്നിങ്ങനെ നാല് വേരിയന്റുകളില്‍ കൈലാക്ക് ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് അവരുടെ താല്‍പ്പര്യങ്ങള്‍ക്കും ബഡ്ജറ്റിനും അനുസരിച്ച് തിരഞ്ഞെടുക്കാന്‍ ഈ വിശാലമായ വേരിയന്റ് നിര അവസരം നല്‍കുന്നു.

115 bhp പവറും 178 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് കൈലാക്കിന്റെ ഹൃദയം. ഈ മോട്ടോര്‍ 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായി ഇണചേര്‍ക്കുന്നു. സ്‌കോഡ കൈലാക് മാനുവല്‍ ലിറ്ററിന് 19.68 കിലോമീറ്ററും ഓട്ടോമാറ്റിക്ക് ലിറ്ററിന് 19.05 കിലോമീറ്ററുമാണ് മൈലേജ് പറയുന്നത്.
ദൈനംദിന യാത്രകള്‍ക്കും ഹൈവേ ഡ്രൈവുകള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ പറ്റിയ എസ്‌യുവിയാണ് ഇത്. കൈലാക്കിന്റെ മേന്‍മകള്‍ കേവലം ലുക്കിലും പ്രകടനത്തിലും ഒതുങ്ങുന്നില്ല. സൗകര്യം, സുരക്ഷ, കണക്റ്റിവിറ്റി എന്നിവ വര്‍ധിപ്പിക്കുന്നതിനുള്ള ആധുനിക സവിശേഷതകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാല് യാത്രക്കാര്‍ക്ക് ഇരിക്കാന്‍ പറ്റുന്ന വിശാലമായ ഇന്റീരിയര്‍ ഇതിനുണ്ട്.

10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ആറ് തരത്തില്‍ ക്രമീകരിക്കാവാവുന്ന ഇലക്ട്രിക് സീറ്റുകള്‍, ഡ്യുവല്‍-സ്‌പോക്ക് മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഇലക്ട്രിക് സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററി എന്നീ ഫീച്ചറുകള്‍ എസ്‌യുവിയില്‍ നല്‍കിയിരിക്കുന്നു. യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന ബ്രാന്‍ഡ് ആണ് സ്‌കോഡ.
അതുകൊണ്ട് ചേട്ടന്‍മാരെ പോലെ തന്നെ ക്രാഷ് ടെസ്റ്റില്‍ കൈലാക്കും തിളങ്ങിയിരുന്നു. ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ ഈ കോംപാക്ട് എസ്‌യുവി മുതിര്‍ന്നവരുടെയും കുട്ടികളുടെയും സംരക്ഷണത്തില്‍ 5 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയിരുന്നു. സ്റ്റാന്‍ഡേര്‍ഡായി വരുന്ന 6 എയര്‍ബാഗുകള്‍ക്കൊപ്പം എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ശക്തമായ ബോഡി ഘടന എന്നിവയും കുടുംബങ്ങള്‍ക്ക് പൂര്‍ണ സുരക്ഷ ഉറപ്പാക്കുന്നു.
ആകര്‍ഷകമായ വില, ഉത്സവ കിഴിവുകള്‍, മികച്ച ഫീച്ചറുകള്‍ എന്നിവയോടെ ഈ ദീപാവലിക്ക് കോംപാക്റ്റും സ്‌റ്റൈലിഷും പ്രായോഗികവും സുരക്ഷിതവുമായ ഒരു എസ്‌യുവി ആഗ്രഹിക്കുന്നവര്‍ക്ക് സ്‌കോഡ കൈലാക് മികച്ച ഓപ്ഷനാണ്. ഏറ്റവും ഡിമാന്‍ഡുള്ള എസ്‌യുവി സ്വന്തമാക്കുള്ളത് എളുപ്പമാക്കാന്‍ വേണ്ടിയാണ് മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ് എന്നീ അതികായന്‍മാരുമായി ഏറ്റുമുട്ടുന്ന എസ്‌യുവിക്ക് സ്‌കോഡ ഓഫറിട്ടത്.


Click it and Unblock the Notifications








