ഡെലിവറിക്ക് മുൻപ് തന്നെ റോഡിൽ ക്രാഷ് ടെസ്റ്റ്; കൈലാഖിൻ്റെ അപകട വീഡിയോ വൈറൽ
മലയാളി പേര് നൽകിയ സ്കോഡയുടെ പുതിയ എസ്‌യുവിയാണ് കൈലാഖ്. അവതരിപ്പിച്ച് മണിക്കൂറുകൾ കഴിയുന്നതിന് മുൻപ് തന്നെ പതിനായിരം ബുക്കിങ്ങുകളാണ് ലഭിച്ചത്. എന്നാൽ ഇപ്പോൾ ഇതാ സ്കോഡ കൈലാഖിൻ്റെ ആദ്യ അപകട വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിലെ safecars_india എന്ന വെബ്‌സൈറ്റിൽ നിന്നാണ് വീഡിയേ പങ്കുവച്ചിരിക്കുന്നത്. സ്കോഡ കൈലാഖ് പെട്രോൾ പമ്പിൽ നിന്ന് പുറത്തേക്ക് വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.അതിവേഗം വന്ന ലോറി കൈലാഖിൻ്റെ സൈഡിൽ വന്ന് ഇടിക്കുകയായിരുന്നു എന്നാണ് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത്. വലിയ തോതിലുളള അപകടം അല്ലായിരുന്നു എങ്കിലും വാഹനത്തിൻ്റെ സൈഡിൽ ലോറി ഉരയുകയായിരുന്നു.
സ്കോഡ കൈലാഖ് ഇതു വരെ ഡെലിവറി ആരംഭിക്കുന്നതേ ഉളളു. അത് കൊണ്ട് തന്നെ ഡീലർഷിപ്പിലേക്ക് കൊണ്ട് പോകുന്ന വണ്ടി ആകാനാണ് സാധ്യത. ക്ലാസിക്, സിഗ്നേച്ചർ, സിഗ്നേച്ചർ പ്ലസ്, പ്രസ്റ്റീജ് എന്നിങ്ങനെ നാല് വേരിയൻ്റുകളിൽ വരുന്ന സ്കോഡ കൈലാക് ബ്രില്യൻ്റ് സിൽവർ, കാർബൺ സ്റ്റീൽ, കാൻഡി വൈറ്റ്, ടൊർണാഡോ റെഡ്, ഡീപ് ബ്ലാക്ക്, ലാവ ബ്ലൂ, ഒലിവ് ഗോൾഡ് എന്നീ വൈവിധ്യമാർന്ന നിറങ്ങളിലും സ്വന്തമാക്കാനാവും.

ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡായ സ്കോഡ ഇതുവരെ പുറത്തിറക്കിയിരിക്കുന്നതിൽ വെച്ച് ഏറ്റവും ചെറിയ എസ്‌യുവിയാണ് കൈലാക്. കാഴ്ച്ചയിൽ ബേബി കുഷാഖ് പോലെ തോന്നിക്കുന്നതിനാൽ ആളുകൾ വേഗം ആകൃഷ്‌ടരായിട്ടുമുണ്ട്. സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകൾ, ബോക്‌സി പ്രൊഫൈൽ, ഷോർട്ട് ഓവർഹാങ്ങുകൾ എന്നിവ ഉൾക്കൊള്ളുന്ന സ്കോഡയുടെ മോഡേൺ-സോളിഡ് ഡിസൈൻ ഭാഷ്യമാണ് പുതിയ കൈലാക്കിൽ അവതരിപ്പിക്കുന്നത്.
ബട്ടർഫ്ലൈ ഗ്രില്ലിന്റെ ആധുനിക രൂപമാണ് മുൻവശത്ത് ഉപയോഗിച്ചിരിക്കുന്നതും. എൽഇഡി ഡിആർഎല്ലുകളും ഹെഡ്‌ലാമ്പുകളും എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായിരിക്കും. സ്കോഡയുടെ കുഞ്ഞൻ എസ്‌യുവിയുടെ ടോപ്പ് ട്രിമ്മുകളിൽ 17 ഇഞ്ച് അലോയ് വീലുകളും ലഭിക്കും. ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ ആരേയും നിരാശപ്പെടുത്താത്ത രീതിയിലാണ് വാഹനത്തെ കമ്പനി ഒരുക്കിയിരിക്കുന്നത്.
ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 10.1 ഇഞ്ച് സെൻട്രൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ടോപ്പ് വേരിയന്റുകളിലായിരിക്കും ലഭിക്കുക. അതേസമയം താഴ്ന്ന വേരിയന്റുകളിൽ അഞ്ച് ഇഞ്ച് ടച്ച്‌സ്‌ക്രീനും സെമി-ഡിജിറ്റൽ ക്ലസ്റ്ററുമായിരിക്കും ലഭ്യമാവുക. മുൻ നിരയിൽ വെന്റിലേഷനോടുകൂടിയ ഇലക്ട്രിക്കായി ക്രമീകരിക്കാനാവുന്ന സീറ്റുകളാണ് കൈലാക്കിൽ ഉള്ളത്.
കൂടാതെ തിരഞ്ഞെടുത്ത വകഭേദത്തെ ആശ്രയിച്ച് ക്യാബിനിൽ സിംഗിൾ, ഡ്യുവൽ-ടോൺ ഓപ്ഷനുകൾ ലഭിക്കും. ക്ലാസിക്, സിഗ്നേച്ചർ, സിഗ്നേച്ചർ പ്ലസ് എന്നിവയിൽ വ്യത്യസ്ത തരം ഫാബ്രിക് അപ്ഹോൾസ്റ്ററിയും ടോപ്പ്-സ്പെക്ക് പ്രെസ്റ്റീജിൽ ലെതറെറ്റ് സീറ്റുകളും ലഭിക്കും. കൈലാക്കിന്റെ ബൂട്ട് കപ്പാസിറ്റി 446 ലിറ്ററാണെന്നും സ്കോഡ പറയുന്നു. കൂടാതെ പിന്നിലെ സീറ്റുകൾ മടക്കിവെച്ചാൽ ലഗേജ് സ്പേസ് 1,265 ലിറ്ററായി വികസിപ്പിക്കാനുമാവുമെന്നത് പ്രായോഗികത വർധിപ്പിക്കുന്ന സംഗതിയാണ്.

സെഗ്മെന്റിലെ പ്രധാന എതിരാളികളെല്ലാം പെട്രോൾ, ഡീസൽ, സിഎൻജി, ഇലക്ട്രിക് എന്നിവയുൾപ്പെടെ നിരവധി എഞ്ചിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുമ്പോൾ കൈലാക് ഒരൊറ്റ 1.0 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിനിലാണ് വിപണിയിൽ എത്തുന്നത്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുമായി ജോടിയാക്കിയിരിക്കുന്ന ടിഎസ്ഐ എഞ്ചിന് 113 bhp കരുത്തിൽ പരമാവധി 179 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.



Click it and Unblock the Notifications








