ഇത്ര കുറഞ്ഞ വിലയില്‍ സ്‌കോഡ കിട്ടിയാല്‍ ഇന്ത്യക്കാര്‍ വിടുമോ! 61% വില്‍പ്പന സംഭാവന ചെയ്യുന്ന തുറുപ്പുഗുലാന്‍
ചെക്ക് റിപബ്ലിക്കന്‍ വാഹന നിര്‍മാതാക്കളായ സ്‌കോഡയെ (Skoda Auto) സംബന്ധിച്ച് ഏറ്റവും മികച്ച വര്‍ഷമായി മാറിയിരിക്കുകയാണ് 2025. നടപ്പു കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യത്തെ 10 മാസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ സ്‌കോഡ ഒരു സുപ്രധാന വില്‍പ്പന നാഴികക്കല്ല് പിന്നിട്ടു. ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 61,607 യൂണിറ്റുകള്‍ വിറ്റഴിച്ച് ബ്രാന്‍ഡിന്റെ ഏറ്റവും ഉയര്‍ന്ന വില്‍പ്പന നേടിയ വര്‍ഷമായി മാറജയിരിക്കുകയാണ് 2025. കലണ്ടര്‍ വര്‍ഷത്തില്‍ ഇനിയും രണ്ട് മാസം ശേഷിക്കെ, 2022-ല്‍ സ്ഥാപിച്ച 53,721 യൂണിറ്റുകളുടെ ഫുള്‍ വര്‍ഷത്തെ റെക്കോര്‍ഡ് മറികടന്നു.
8252 പുതിയ ഉപഭോക്താക്കളെ നേടി 25 വര്‍ഷം മുമ്പ് വിപണിയില്‍ പ്രവേശിച്ചതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന പ്രകടനവും നടത്താന്‍ കമ്പനിക്കായി. ഈ ഏറ്റവും പുതിയ പ്രതിമാസ റെക്കോര്‍ഡ് കൈവരിക്കുന്നതിന് മുമ്പ് കമ്പനി അതിന്റെ ഏറ്റവും മികച്ച ത്രൈമാസ, അര്‍ധ വാര്‍ഷിക വില്‍പ്പന കണക്കുകളും രേഖപ്പെടുത്തിയിരുന്നു. ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ സ്‌കോഡയുടെ ആദ്യത്തെ സബ്-4 മീറ്റര്‍ എസ്‌യുവിയായ കൈലാക്കാണ് ഈ കുതിപ്പിന് ഇന്ധനമായത്.

സകല റെക്കോഡുകളും കടപുഴകിയ 2025 ഒക്‌ടോബര്‍ മാസം സ്‌കോഡയുടെ തുറുപ്പുഗുലാനായ കൈലാക്കിന്റെ വില്‍പ്പന കണക്കുകള്‍ വിശദമായി ഈ ലേഖനത്തില്‍ നമുക്ക് പരിശോധിക്കാം. പാസഞ്ചര്‍ വാഹന വിപണിയുടെ പകുതിയോളം വരുന്ന ഉയര്‍ന്ന മത്സരക്ഷമതയുള്ള കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിലാണ് കൈലാക് മത്സരിക്കുന്നത്. റഷ്‌ലെയ്ന്‍ പ്രസിദ്ധീകരിച്ച വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരം 2025 ഒക്‌ടോബര്‍ മാസം കൈലാക്കിന്റെ വില്‍പ്പന 5078 യൂണിറ്റ് ആയിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയിട്ടില്ലാത്തതിനാല്‍ വാര്‍ഷിക വളര്‍ച്ച പറയാനില്ല.
കഴിഞ്ഞ മാസം സ്‌കോഡയുടെ വില്‍പ്പനയുടെ 61.54 ശതമാനം സംഭാവന ചെയ്തത് കൈലാക്കാണ്. സ്ലാവിയ, കുഷാഖ് എന്നീ മോഡലുകള്‍ വരെ കൈലാക്കിന് പിറകില്‍ മാത്രമേ വരൂ. 2025 സെപ്റ്റംബര്‍ മാസത്തെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോഴും കൈലാക്കിന്റെ വില്‍പ്പന കൂടിയതാണ്. 4398 യൂണിറ്റ് വില്‍പ്പനയുണ്ടായിരുന്ന സെപ്റ്റംബറിനെ അപേക്ഷിച്ച് ഒക്‌ടോബറില്‍ 15.46 ശതമാനം വളര്‍ച്ചയാണ് കൈലാക് നേടിയത്. അതായത് പോയമാസം 680 യൂണിറ്റുകള്‍ അധികം വിലക്കാന്‍ കമ്പനിക്ക് സാധിച്ചു.

മികച്ച വില്‍പ്പനയുടെ ഫലമായി 2025 ഒക്‌ടോബര്‍ മാസത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയ സബ് 4 മീറ്റര്‍ എസ്‌യുവികളുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനം നേടാനും കൈലാക്കിനായി. ജിഎസ്ടി പരിഷ്‌കാരങ്ങള്‍ക്ക് ശേഷം കാറിന്റെ പ്രാരംഭ എക്സ്ഷോറൂം വില 7.54 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. സ്‌കോഡ ഓട്ടോയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള വിലയാണ് ഇത്.
ദൈനംദിന യാത്രകള്‍ക്കും ഹൈവേ ഡ്രൈവുകള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ പറ്റിയ എസ്‌യുവിയായ കൈലാക്കിന്റെ മേന്‍മകള്‍ കേവലം ലുക്കിലും പ്രകടനത്തിലും ഒതുങ്ങുന്നില്ല. സൗകര്യം, സുരക്ഷ, കണക്റ്റിവിറ്റി എന്നിവ വര്‍ധിപ്പിക്കുന്നതിനുള്ള ആധുനിക സവിശേഷതകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നാല് യാത്രക്കാര്‍ക്ക് ഇരിക്കാന്‍ പറ്റുന്ന വിശാലമായ അകത്തളം ഇതിനുണ്ട്.

10.1 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ആറ് തരത്തില്‍ ക്രമീകരിക്കാവാവുന്ന ഇലക്ട്രിക് സീറ്റുകള്‍, ഡ്യുവല്‍-സ്പോക്ക് മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഇലക്ട്രിക് സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, ലെതറെറ്റ് അപ്ഹോള്‍സ്റ്ററി എന്നീ ഫീച്ചറുകള്‍ എസ്‌യുവിയില്‍ നല്‍കിയിരിക്കുന്നു.
യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന ബ്രാന്‍ഡ് ആണ് സ്‌കോഡ. അതുകൊണ്ട് തന്നെ ക്രാഷ് ടെസ്റ്റില്‍ കൈലാക്കും തിളങ്ങിയിരുന്നു. ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ ഈ കോംപാക്ട് എസ്‌യുവി മുതിര്‍ന്നവരുടെയും കുട്ടികളുടെയും സംരക്ഷണത്തില്‍ 5 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയിരുന്നു. എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ശക്തമായ ബോഡി ഘടന എന്നിവയ്‌ക്കൊപ്പം സ്റ്റാന്‍ഡേര്‍ഡായി വരുന്ന 6 എയര്‍ബാഗുകള്‍ യാത്രക്കാര്‍ക്ക് പൂര്‍ണ സുരക്ഷ ഉറപ്പാക്കുന്നു.
115 bhp പവറും 178 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് കൈലാക്കിന്റെ ഹൃദയം. ഈ മോട്ടോര്‍ 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളുമായി ഇണചേര്‍ക്കുന്നു. സ്‌കോഡ കൈലാക് മാനുവല്‍ ലിറ്ററിന് 19.68 കിലോമീറ്ററും ഓട്ടോമാറ്റിക്ക് ലിറ്ററിന് 19.05 കിലോമീറ്ററുമാണ് മൈലേജ് പറയുന്നത്.


Click it and Unblock the Notifications








