പെർഫോമൻസ് കാ ബാപ്! സ്കോഡ ഒക്ടാവിയ RS-ൻ്റെ വിശദമായ റിവ്യു വായിക്കാം
തലക്കെട്ടിൽ പറഞ്ഞത് പോലെ തന്നെ പെർഫോമൻസിൻ്റെ അപ്പനായി മാറിയ ബ്രാൻഡാണ് സ്കോഡ. കാല് കൊടുത്താൽ പിന്നെ എല്ലാവരും മൈക്കിൾ ഷൂമാക്കറായി മാറുമെന്ന കാര്യത്തിൽ സംശയമില്ല. ഇന്ത്യൻ വിപണിയിൽ സ്കോഡ ഒക്ടാവിയ RS-ന്റെ വില്പന ആരംഭിച്ചിരിക്കുകയാണ്. 45.00 ലക്ഷം രൂപ ഇതിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ആകർഷകമായ എക്സ്റ്റീരിയർ, കരുത്തുറ്റ ടർബോ-പെട്രോൾ എഞ്ചിൻ, അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ, വിശാലമായ ബൂട്ട് സ്പേസ് എന്നിവ ഈ വാഹനത്തിന്റെ പ്രത്യേകതകളാണ്. പുതിയ തലമുറയിലുള്ള Octavia RS, കാർ പ്രേമികൾക്കിടയിൽ ഇതിനോടകം തന്നെ വലിയ തരംഗം സൃഷ്ടിച്ചിട്ടുണ്ട്.
വിശദമായി തന്നെ വാഹനത്തെ അറിഞ്ഞാലോ.ഒക്ടാവിയ RS-ന് വളരെ ആകർഷകമായ മുൻവശമാണ് നൽകിയിരിക്കുന്നത്. കറുത്ത ഗ്രിൽ, ഗ്ലോസ് ബ്ലാക്ക് സ്പ്ലിറ്റർ, Skoda-യുടെ സിഗ്നേച്ചർ ഹുഡ് ലൈനുകൾ എന്നിവ മുൻവശത്തെ കൂടുതൽ മനോഹരമാക്കുന്ന സംഗതികളാണ്. VRS, Skoda ബാഡ്‌ജുകൾ എന്നിവ പുതിയ കറുത്ത ലോഗോയിൽ നൽകിയിട്ടുണ്ട്, ഇത് വാഹനത്തിന്റെ സ്പോർട്ടി ലുക്ക് വർദ്ധിപ്പിക്കുന്നു.

ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) നായി മുൻവശത്ത് റഡാറും ക്യാമറയും നൽകിയിട്ടുണ്ട്. മാമ്പ ഗ്രീൻ, റേസിംഗ് ബ്ലൂ, കറുപ്പ്, വെള്ള, വെൽവെറ്റ് റെഡ് എന്നിങ്ങനെ അഞ്ച് നിറങ്ങളിലാണ് സ്കോഡയുടെ പെർഫോമൻസ് രാജാവിനെ സ്വന്തമാക്കാൻ സാധിക്കുന്നത്. വശങ്ങളിലേക്ക് നോക്കിയാൽ 19-ഇഞ്ച് അലോയ് വീലുകളാണ് ആദ്യം ആകർഷിക്കുന്നത്.
225/40 R19 ടയറുകളാണ് ഒക്ടാവിയയിൽ ലഭിക്കുന്നത്. 128 mm ഗ്രൗണ്ട് ക്ലിയറൻസുള്ള താഴ്ന്ന സസ്പെൻഷനാണ് നൽകിയിരിക്കുന്നത്. ബോഡി കളർ ഡോർ ഹാൻഡിലുകൾ, ഷാർക്ക്-ഫിൻ ആന്റീന, മിററുകൾക്കും വിൻഡോ ലൈനിനു ചുറ്റുമുള്ള ഗ്ലോസ് ബ്ലാക്ക് ആക്സന്റുകൾ എന്നിവയെല്ലാം തന്നെ വശങ്ങളിൽ വാഹനത്തിൻ്റെ ഭംഗി വർധിപ്പിക്കുന്നുണ്ട്. സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്നത് കൊണ്ട് തന്നെ സൺറൂഫ് ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.

പിൻഭാഗത്തേക്ക് നോക്കിയാൽ, ബൂട്ട്-ലിപ് സ്പോയിലർ, റാപ്പ്-അറൗണ്ട് ടെയിൽ ലാമ്പുകൾ, ഗ്ലോസ് ബ്ലാക്ക് ലോവർ ബമ്പർ എന്നിവയുണ്ട്. 600 ലിറ്റർ ശേഷിയുള്ള ഇലക്ട്രോണിക് ബൂട്ടും 60/40 സ്പ്ലിറ്റ് ഓപ്ഷനും ഉണ്ട്. പിന്നിലെ എല്ലാ ബാഡ്‌ജുകളും കറുപ്പ് നിറത്തിലാണ് നൽകിയിരിക്കുന്നത്, ഇത് സ്പോർട്ടി തീമിന് അനുയോജ്യമാണ് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
ഇനി എല്ലാവർക്കും അറിയേണ്ട വിഷയത്തിലേക്ക് വരാം. ഒക്ടാവിയ RS-ൽ 2.0-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് ലഭിക്കുന്നത്. ഇത് 261 bhp കരുത്തും 370 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. 7 സ്പീഡ് DSG ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായിട്ടാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 6.5 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വേഹത കൈവരിക്കാൻ സാധിക്കും.അതിനൊപ്പം തന്നെ വാഹനത്തിൻ്റെ പരമാവധി വേഗത മണിക്കൂറിൽ 250 കിലോമീറ്ററാണ്.

മികച്ച ട്രാക്ഷന് വേണ്ടി ലിമിറ്റഡ്-സ്ലിപ്പ് ഡിഫറൻഷ്യൽ (limited-slip differential) ഉള്ള, ഫ്രണ്ട് വീൽ ഡ്രൈവ് (front-wheel drive) സംവിധാനമാണ് സ്കോഡ് ഒക്ടാവിയയിൽ ലഭിക്കുന്നത്. അകത്തേക്ക് കടന്നാൽ സ്പോർട്ടി ലുക്കാണ് എവിടേയും കാണാനുളളത്. ആൽകാന്റാര, ലെതർ എന്നിവയോടുകൂടിയ ബക്കറ്റ്-സ്റ്റൈൽ സീറ്റുകൾ, ചുവന്ന സ്റ്റിച്ചിംഗ്, VRS ബാഡ്‌ജിംഗ് എന്നിവയൊക്കെ കാണാൻ സാധിക്കും. സീറ്റുകൾക്ക് ഇലക്ട്രിക്കൽ അഡ്ജസ്റ്റ്മെന്റും മെമ്മറി ഫംഗ്ഷനും ഉണ്ട്.
13-ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും, 13-ഇഞ്ച് ഇൻഫോടൈൻമെൻ്റ് സിസ്റ്റവും ക്യാബിൻ്റെ പ്രധാന ആകർഷണം. ഷിഫ്റ്റ്-ബൈ-വയർ ഗിയർ ലിവർ, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, ആംബിയന്റ് ലൈറ്റിംഗ്, കപ്പ് ഹോൾഡറുകളുള്ള സെൻ്റർ ആം റെസ്റ്റ് എന്നിവയും മറ്റ് ഫീച്ചറുകളാണ്. പിന്നിലെ യാത്രക്കാർക്കായി രണ്ട് AC വെന്റുകളും, ഒരു സെൻ്റർ ടണലും, രണ്ട് USB type-C ചാർജിംഗ് പോർട്ടുകളും നൽകിയിട്ടുണ്ട്.

ഫീച്ചറുകളുടെ കാര്യത്തിലേക്ക് നോക്കിയാൽ ക്വാണ്ടം സറൗണ്ട് സൗണ്ട് സിസ്റ്റം, സോഫ്റ്റ്-ടച്ച് ഡാഷ്‌ബോർഡ് മെറ്റീരിയൽ, കാർബൺ-ഫൈബർ ശൈലിയിലുള്ള ട്രിം എന്നിവയ്ക്കൊപ്പം സ്റ്റീയറിങ്ങ് വീൽ TILT, ടെലിസ്കോപിക്ക് കൂടിയാണ്. ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, ഓട്ടോ-ഡിമ്മിംഗ് റിയർ-വ്യൂ മിറർ, LED ലൈറ്റിംഗ്, ഡോറുകൾ തുറക്കുമ്പോൾ നിറം മാറുന്ന ആംബിയന്റ് ലൈറ്റിംഗ് എന്നിവയെല്ലാം ഉൾവശത്തെ പ്രത്യേകതകളാണ്. ലെവൽ 2 ADAS, ഒന്നിലധികം എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിവ വാഹനത്തിൻ്റെ സുരക്ഷ വർദ്ധിപ്പിക്കുന്നു.
49.99 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് സ്കോഡ ഒക്‌ടാവിയ RS ഇന്ത്യയിൽ പുനരവതരിപ്പിച്ചിരിക്കുന്നത്. ഏറ്റവും അടുത്ത എതിരാളിയായ ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐ ഹാച്ച്ബാക്കിനേക്കാൾ കുറഞ്ഞ വിലയിൽ സെഡാൻ അവതരിപ്പിക്കാൻ കഴിഞ്ഞത് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡിൻ്റെ ബുദ്ധിപരമായ നീക്കം തന്നെയാണ് എന്നത് നിസംശയം പറയാൻ സാധിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








