ഫോർച്ച്യൂണറിനിട്ടു മുട്ടാനൊരുങ്ങി സ്കോഡ; എക്സ്പോ വേദിയിൽ തലയൊടുപ്പോടെ പുതിയ 7-സീറ്റർ എസ്‌യുവി
ന്യൂഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025 -ൽ രണ്ടാം തലമുറ സ്കോഡ കൊഡിയാക്ക് ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. നിർമ്മാതാക്കളുടെ MQB EVO ആർക്കിടെക്ചറിന്റെ പുതുക്കിയ പതിപ്പിനെ അടിസ്ഥാനമാക്കിയാണ് ഇത് ഒരുക്കിയിരിക്കുന്നത്. മുൻ തലമുറ മോഡലിനെ അപേക്ഷിച്ച് നൂതന സാങ്കേതികവിദ്യയും പുതിയ സവിശേഷതകളും കാര്യമായ ഫീച്ചർ അപ്പ്ഡേറ്റുകളുമായിട്ടാണ് ഇത് വരുന്നത്. ചെക്ക് ബ്രാൻഡിന്റെ മുൻനിര എസ്‌യുവിയുടെ ഏറ്റവും പുതിയ പതിപ്പ് അടുത്തിടെ ഇന്ത്യൻ നിരത്തുകളിൽ കാര്യമായ പരീക്ഷണ ഓട്ടങ്ങൾ നടത്തുന്നതിനിടെ യാതൊരു മൂടുപടമോ മറവോ ഇല്ലാതെ കണ്ടെത്തിയിരുന്നു.
2025 സ്കോഡ കൊഡിയാക്ക് ഇന്ത്യൻ വിപണിയിൽ ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ, ഹ്യുണ്ടായി ട്യൂസോൺ, ഫോക്‌സ്‌വാഗൺ ടൈഗൂൺ, ജീപ്പ് മെറിഡിയൻ എന്നിവയ്ക്ക് എതിരെ മത്സരിക്കും. കൊഡിയാക്ക് എസ്‌യുവിയുടെ ഈ പുതിയ തലമുറ മോഡൽ അതിന്റെ മുൻഗാമിയേക്കാൾ വലുതാണ് എന്ന് നിസംശയം പറയാം.

2025 സ്കോഡ കൊഡിയാക്കിന്റെ അളവുകൾ പരിശോധിച്ചാൽ ഇത് വ്യക്തമാവും. വാഹനത്തിന് 4,758 mm നീളവും 1,864 mm വീതിയും 1,659 mm ഉയരവും 2,790 mm വീൽബേസും 340 ലിറ്റർ ബൂട്ട് കപ്പാസിറ്റിയും 192 mm ഗ്രൗണ്ട് ക്ലിയറൻസും വാഗ്ദാനം ചെയ്യുന്നു.
സ്കോഡയുടെ 'മോഡേൺ സോളിഡ്' ഡിസൈൻ ശൈലിയിലാണ് ഈ എസ്‌യുവി ഒരുക്കിയിരിക്കുന്നത്. വാഹനത്തിനുള്ളിൽ കൂടുതൽ ഇടം സൃഷ്ടിക്കുന്നതിനായി മൊത്തത്തിലുള്ള നീളം വർധിപ്പിക്കുന്നതിനൊപ്പം സെവൻ സീറ്റർ സജ്ജീകരണത്തിൽ അവതരിപ്പിച്ചിരിക്കുന്നു. സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പ് സെറ്റപും വെർട്ടിക്കൽ സ്ലാറ്റുകളുള്ള വലിയ ഗ്രില്ലും പുതുക്കിയ ഫ്രണ്ട് ഫാസിയിൽ എസ്‌യുവിയ്ക്ക് ലഭിക്കുന്നുണ്ട്. 20 ഇഞ്ച് അലോയി വീലുകളാണ് വശക്കാഴ്ച്ചയിലെ പ്രധാന ആകർഷണം, ഒരു പനോരമിക് സൺറൂഫും ഇത് ഉൾക്കൊള്ളുന്നു.

അത് കൂടാതെ റിയർ പ്രൊഫൈലിൽ പുനർനിർമ്മിച്ച എൽഇഡി ടെയിൽ -ലാമ്പ് ക്ലസ്റ്ററും ബമ്പറും നമുക്ക് കാണാനാവും. ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ചാർജിംഗ്, ആംബിയന്റ് ലൈറ്റിംഗ്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ സപ്പോർട്ട് ചെയ്യുന്ന ഒരു വലിയ ഫ്രീ -സ്റ്റാൻഡിംഗ് 13 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവയുടെ രൂപത്തിൽ ക്യാബിനിൽ നിരവധി അപ്പ്ഡേറ്റുകൾ വാഹനത്തിന് ലഭിക്കുന്നുണ്ട്.
സേഫ്റ്റി ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം, 2025 സ്കോഡ കൊഡിയാക്കിൽ ലെവൽ 2 ADAS ടെക്ക്, 6 എയർബാഗുകൾ, 360 -ഡിഗ്രി ക്യാമറ എന്നിവ നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കുന്നു. ടോപ്പ് -സ്പെക്ക് വേരിയന്റ് പൂർണ്ണമായും ADAS സവിശേഷതകളാൽ പായ്ക്ക് ചെയ്തിരിക്കും എന്ന് പ്രതീക്ഷിക്കുന്നു, അതോടൊപ്പം മുഴുവൻ വേരിയന്റ് ലൈനപ്പിലും 6 -എയർബാഗുകൾ സ്റ്റാൻഡേർഡ് ഫിറ്റ്മെന്റായി ലഭ്യമാണ്.

മെക്കാനിക്കലായി, പുതിയ തലമുറ സ്കോഡ കൊഡിയാക്കിന് അതേ 2.0 ലിറ്റർ 4 -സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ യൂണിറ്റ് പരമാവധി 187 bhp പവറും 320 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു. 7 -സ്പീഡ് DCT ഓട്ടോമാറ്റിക് ഗിയർബോക്സാണ് വീലുകളിലേക്ക് പവർ കൈമാറുന്നത്. കൂടാതെ, ഇന്ത്യയിലെ ന്യൂ -ജെൻ കൊഡിയാക് എസ്‌യുവിയിൽ ഒരു AWD സിസ്റ്റവും കമ്പനി സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു.
ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025 -ൽ സ്കോഡ ഇന്ത്യ കൊഡിയാക്കിനൊപ്പം ഒന്നിലധികം കാറുകൾ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. ഒക്ടാവിയ vRS, എൽറോക്ക് ഇവി, ന്യൂ -ജെൻ സൂപ്പർബ്, അടുത്തിടെ പുറത്തിറക്കിയ പുതിയ കൈലാഖ് എസ്‌യുവി എന്നിവ ഓട്ടോമോട്ടീവ് ഇവന്റിൽ ചെക്ക് നിർമ്മാതാക്കൾ പ്രദർശിപ്പിച്ചിട്ടുണ്ട്.


Click it and Unblock the Notifications








